കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

പ്രവൃത്തികൾ 19:1-41

19  അങ്ങനെ, അപ്പൊല്ലോസ്‌ കൊരിന്തിലായിരിക്കുമ്പോൾ പൗലോസ്‌ ഉൾപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് എഫെസൊസിൽ എത്തി. അവിടെ അവൻ ചില ശിഷ്യന്മാരെ കണ്ടു.  അവൻ അവരോട്‌, “വിശ്വാസികളായിത്തീർന്നപ്പോൾ നിങ്ങൾക്കു പരിശുദ്ധാത്മാവ്‌ ലഭിച്ചുവോ?” എന്നു ചോദിച്ചതിന്‌ അവർ, “പരിശുദ്ധാത്മാവിനെക്കുറിച്ചു ഞങ്ങൾ കേട്ടിട്ടുപോലുമില്ല” എന്നു പറഞ്ഞു. 3   അപ്പോൾ അവൻ, “എങ്കിൽപ്പിന്നെ ഏതു സ്‌നാനമാണു നിങ്ങൾ സ്വീകരിച്ചത്‌?” എന്നു ചോദിച്ചതിന്‌, “യോഹന്നാന്‍റെ സ്‌നാനം” എന്ന് അവർ പറഞ്ഞു.  അതിനു പൗലോസ്‌, “തനിക്കു പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കാൻ ജനത്തോടു പറഞ്ഞുകൊണ്ട് യോഹന്നാൻ മാനസാന്തരത്തിന്‍റെ അടയാളമായ സ്‌നാനമത്രേ കഴിപ്പിച്ചത്‌” എന്നു പറഞ്ഞു.  ഇതുകേട്ട് അവർ കർത്താവായ യേശുവിന്‍റെ നാമത്തിൽ സ്‌നാനമേറ്റു.  പൗലോസ്‌ അവരുടെമേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവ്‌ അവരുടെമേൽ വന്നു. അവർ അന്യഭാഷകളിൽ സംസാരിക്കാനും പ്രവചിക്കാനുംതുടങ്ങി.  അവർ പന്ത്രണ്ടോളം പുരുഷന്മാർ ഉണ്ടായിരുന്നു.  സിനഗോഗിൽ ചെന്ന് മൂന്നുമാസം അവൻ ധൈര്യത്തോടെ സംസാരിച്ചു. അവൻ ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിക്കുകയും ബോധ്യംവരുത്തുമാറ്‌ സംവദിക്കുകയും ചെയ്‌തു.  എന്നാൽ ചിലർ കഠിനഹൃദയരായി വിശ്വസിക്കാതെ ജനമുമ്പാകെ ഈ മാർഗത്തെ* ദുഷിച്ചപ്പോൾ അവൻ അവരെ വിട്ട് ശിഷ്യന്മാരെയും കൂട്ടിക്കൊണ്ട് തുറന്നൊസിന്‍റെ പാഠശാലയുടെ മണ്ഡപത്തിൽ ചെന്ന് ദിവസവും പ്രസംഗങ്ങൾ നടത്തിപ്പോന്നു. 10  ഇതു രണ്ടുവർഷം തുടർന്നു. തത്‌ഫലമായി, ഏഷ്യാപ്രവിശ്യയിൽ വസിച്ചിരുന്ന യഹൂദന്മാരും ഗ്രീക്കുകാരുമെല്ലാം കർത്താവിന്‍റെ വചനം കേട്ടു. 11  ദൈവം പൗലോസിന്‍റെ കൈകളാൽ അസാധാരണമായ വീര്യപ്രവൃത്തികൾ ചെയ്‌തുകൊണ്ടിരുന്നു; 12  അവന്‍റെ തൂവാലകളും മേൽവസ്‌ത്രങ്ങളും രോഗികളുടെമേൽ കൊണ്ടുവന്നിട്ടാൽത്തന്നെ അവരുടെ രോഗങ്ങൾ സുഖപ്പെടുകയും ദുഷ്ടാത്മാക്കൾ പുറത്തുപോകുകയും ചെയ്യുമായിരുന്നു. 13  ഭൂതങ്ങളെ പുറത്താക്കിക്കൊണ്ടു ചുറ്റിസഞ്ചരിച്ചിരുന്ന യഹൂദന്മാരിൽ ചിലരും, “പൗലോസ്‌ പ്രസംഗിക്കുന്ന യേശുവിന്‍റെ നാമത്തിൽ ഞാൻ നിന്നോടു കൽപ്പിക്കുന്നു” എന്നു പറഞ്ഞ് ദുരാത്മാക്കളുള്ളവരെ കർത്താവായ യേശുവിന്‍റെ നാമത്തിൽ സൗഖ്യമാക്കാൻ ശ്രമിച്ചു. 14  മുഖ്യപുരോഹിതനായ സ്‌കേവ എന്നു പേരുള്ള ഒരു യഹൂദന്‍റെ ഏഴുപുത്രന്മാരാണ്‌ ഇതു ചെയ്‌തത്‌. 15  എന്നാൽ ദുഷ്ടാത്മാവ്‌ അവരോട്‌, “യേശുവിനെ എനിക്കറിയാം; പൗലോസിനെയും അറിയാം; എന്നാൽ നിങ്ങളാരാണ്‌?” എന്നു ചോദിച്ചു. 16  എന്നിട്ട് ദുഷ്ടാത്മാവുള്ള മനുഷ്യൻ അവരുടെമേൽ ചാടിവീണ്‌ ഓരോരുത്തരെയായി കീഴ്‌പെടുത്തി. അവർ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടിൽനിന്ന് ഓടിപ്പോയി. 17  ഇത്‌ എഫെസൊസിൽ പാർത്തിരുന്ന സകല യഹൂദന്മാരും ഗ്രീക്കുകാരും അറിയാനിടയായി. എല്ലാവരിലും ഭയം നിറഞ്ഞു. കർത്താവായ യേശുവിന്‍റെ നാമം മഹിമപ്പെട്ടുകൊണ്ടിരുന്നു. 18  വിശ്വാസികളായിത്തീർന്നവരിൽ പലരും വന്ന് തങ്ങളുടെ ചെയ്‌തികൾ പരസ്യമായി ഏറ്റുപറയുമായിരുന്നു. 19  മന്ത്രപ്രയോഗങ്ങൾ നടത്തിയിരുന്ന നിരവധിപേർ തങ്ങളുടെ ഗ്രന്ഥങ്ങളെല്ലാം കൊണ്ടുവന്ന് എല്ലാവരുടെയും മുമ്പിൽവെച്ചു ചുട്ടുകളഞ്ഞു. അവർ അവയുടെ വില കണക്കുകൂട്ടി, അൻപതിനായിരംവെള്ളിനാണയം വരുമെന്നു കണ്ടു. 20  ഇങ്ങനെ, യഹോവയുടെ വചനം ശക്തിയോടെ പ്രചരിച്ച് പ്രബലപ്പെട്ടു. 21  ഈ സംഭവങ്ങൾക്കുശേഷം പൗലോസ്‌, മാസിഡോണിയയിലും അഖായയിലും ചെന്നിട്ട് യെരുശലേമിലേക്കു പോകാൻ മനസ്സിൽ നിശ്ചയിച്ചു; “അവിടെ എത്തിയിട്ട് എനിക്കു റോമും സന്ദർശിക്കണം” എന്ന് അവൻ പറഞ്ഞു. 22  തനിക്കു ശുശ്രൂഷ ചെയ്‌തവരിൽ തിമൊഥെയൊസ്‌, എരസ്‌തൊസ്‌ എന്നീ രണ്ടുപേരെ അവൻ മാസിഡോണിയയിലേക്ക് അയച്ചു; അവനോ കുറച്ചുകാലംകൂടെ ഏഷ്യാപ്രവിശ്യയിൽ താമസിച്ചു. 23  അക്കാലത്ത്‌ ഈ മാർഗത്തെച്ചൊല്ലി* വലിയ കലഹമുണ്ടായി. 24  വെള്ളികൊണ്ട് അർത്തെമിസിന്‍റെ ക്ഷേത്രരൂപങ്ങൾ നിർമിച്ചിരുന്ന ദെമേത്രിയൊസ്‌ എന്നു പേരുള്ള ഒരു വെള്ളിപ്പണിക്കാരൻ ശിൽപ്പവേലക്കാർക്കു വലിയ ആദായമുണ്ടാക്കിക്കൊടുത്തിരുന്നു. 25  അവരെയും ആ പണിയിൽ ഏർപ്പെട്ടിരുന്ന മറ്റുള്ളവരെയും വിളിച്ചുകൂട്ടി അവൻ ഇങ്ങനെ പറഞ്ഞു: “പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ വ്യാപാരത്തിൽനിന്നുള്ളതാണെന്ന് നിങ്ങൾക്കു നന്നായി അറിയാമല്ലോ. 26  എന്നാൽ കൈകൊണ്ടു തീർത്ത ദൈവങ്ങളൊന്നും ദൈവങ്ങളല്ല എന്നു പറഞ്ഞ് ഈ പൗലോസ്‌ എഫെസൊസിൽ മാത്രമല്ല, ഏഷ്യാപ്രവിശ്യയിലുടനീളം ഗണ്യമായ ഒരു ജനവിഭാഗത്തെ വഴിതെറ്റിച്ചിരിക്കുന്നത്‌ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്‌തിരിക്കുന്നുവല്ലോ. 27  ഇങ്ങനെയായാൽ നമ്മുടെ ഈ തൊഴിലിന്‌ ആക്ഷേപം ഉണ്ടാകുമെന്നുതന്നെയല്ല, അർത്തെമിസ്‌ മഹാദേവിയുടെ ക്ഷേത്രം ഒന്നുമല്ലാതാകുകയും ഏഷ്യാപ്രവിശ്യ ഒട്ടാകെയും ഭൂലോകം മുഴുവനും ഭജിച്ചുപോരുന്ന അവളുടെ പ്രതാപം അസ്‌തമിക്കുകയും ചെയ്യും എന്ന അപകടവുമുണ്ട്.” 28  ഇതുകേട്ട് അവർ കോപാക്രാന്തരായി, “എഫെസ്യരുടെ അർത്തെമിസ്‌, മഹോന്നത!” എന്ന് ആർത്തുവിളിക്കാൻതുടങ്ങി. 29  പട്ടണത്തിലാകെ ബഹളമായി. അവർ എല്ലാവരും ചേർന്ന് പൗലോസിന്‍റെ സഹയാത്രികരായ ഗായൊസ്‌, അരിസ്‌തർഹൊസ്‌ എന്നീ മാസിഡോണിയക്കാരെ പിടിച്ചുവലിച്ചുകൊണ്ട് പ്രദർശനശാലയിലേക്കു പാഞ്ഞുകയറി. 30  പൗലോസ്‌ ജനക്കൂട്ടത്തിനിടയിലേക്കു പോകാൻ തുനിഞ്ഞെങ്കിലും ശിഷ്യന്മാർ അവനെ അനുവദിച്ചില്ല. 31  ഉത്സവങ്ങളുടെയും കളികളുടെയും സംഘാടകരിൽ പൗലോസുമായി സൗഹൃദത്തിലായിരുന്ന ചിലരും ആളയച്ച്, പ്രദർശനശാലയിലേക്കു ചെന്ന് അപകടത്തിലാകരുതെന്ന് അവനോട്‌ അപേക്ഷിച്ചു. 32  ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും ആർത്തുവിളിച്ചു; എന്തെന്നാൽ ജനക്കൂട്ടം ആകെ കലക്കത്തിലായിരുന്നു. അവരിൽ മിക്കവർക്കും തങ്ങൾ എന്തിനാണ്‌ അവിടെ വന്നുകൂടിയതെന്നുതന്നെ അറിയില്ലായിരുന്നു. 33  യഹൂദന്മാർ മുമ്പിലേക്കു തള്ളിവിട്ട അലക്‌സന്തറിനെ ജനക്കൂട്ടത്തിൽ ചിലർ സംസാരിക്കാൻ ഉത്സാഹിപ്പിച്ചു. അലക്‌സന്തർ കൈകൊണ്ട് ആംഗ്യം കാണിച്ചിട്ട് ജനത്തോടു പ്രതിവാദം നടത്താൻ തുനിഞ്ഞു. 34  എന്നാൽ അവൻ ഒരു യഹൂദനാണെന്നു തിരിച്ചറിഞ്ഞപ്പോൾ അവരെല്ലാം ഒരേ സ്വരത്തിൽ, “എഫെസ്യരുടെ അർത്തെമിസ്‌, മഹോന്നത!” എന്ന് ആർത്തുവിളിച്ചു. രണ്ടുമണിക്കൂറോളം അവർ അതു തുടർന്നു. 35  ഒടുവിൽ പട്ടണമേധാവി ജനക്കൂട്ടത്തെ ശാന്തരാക്കിയിട്ട് അവരോടു പറഞ്ഞു: “എഫെസൊസിലെ പുരുഷന്മാരേ, അർത്തെമിസ്‌ മഹാദേവിയുടെയും ആകാശത്തുനിന്നു വീണ പ്രതിമയുടെയും ക്ഷേത്രപാലകയാണ്‌ എഫെസൊസ്‌ പട്ടണം എന്ന് അറിയാത്തവരായി ആരാണുള്ളത്‌? 36  ഈ കാര്യങ്ങൾ അനിഷേധ്യമായതിനാൽ നിങ്ങൾ ശാന്തരായിരിക്കണം; തിടുക്കത്തിൽ ഒന്നും പ്രവർത്തിക്കരുത്‌. 37  നിങ്ങൾ പിടിച്ചുകൊണ്ടുവന്നിരിക്കുന്ന ഈ പുരുഷന്മാർ ക്ഷേത്രങ്ങൾ കവർച്ച ചെയ്യുന്നവരോ നമ്മുടെ ദേവിയെ ദുഷിക്കുന്നവരോ അല്ല. 38  അതുകൊണ്ട് ദെമേത്രിയൊസിനും അവന്‍റെ കൂടെയുള്ള ശിൽപ്പവേലക്കാർക്കും വല്ല പരാതിയുമുണ്ടെങ്കിൽ കോടതി കൂടുന്ന ദിവസങ്ങളുണ്ട്, പ്രവിശ്യാധിപതികളുമുണ്ട്. പരാതികൾ അവർ അവിടെ കൊണ്ടുവരട്ടെ. 39  എന്നാൽ ഇതിലുപരിയായി എന്തെങ്കിലുമാണ്‌ നിങ്ങൾ ആവശ്യപ്പെടുന്നതെങ്കിൽ, ഒരു നിയമാനുസൃതസഭയിൽവെച്ചാണ്‌ അതിനു തീരുമാനമുണ്ടാക്കേണ്ടത്‌. 40  ജനക്കൂട്ടം ഇങ്ങനെ ലഹളയുണ്ടാക്കിയതിനെ ന്യായീകരിക്കാൻ ഒരു കാരണവും നമുക്കു നൽകാനില്ല. അതുകൊണ്ട് ഇന്നത്തെ സംഭവങ്ങൾനിമിത്തം നമ്മുടെമേൽ കലാപത്തിനു കുറ്റംചുമത്താൻ സകല സാധ്യതയുമുണ്ട്.” 41  ഇങ്ങനെ പറഞ്ഞിട്ട് അവൻ കൂട്ടത്തെ പിരിച്ചുവിട്ടു.

അടിക്കുറിപ്പുകള്‍

പ്രവൃ 19:9* അതായത്‌, ക്രിസ്‌തീയ മാർഗത്തെ
പ്രവൃ 19:23* അതായത്‌, ക്രിസ്‌തീയ മാർഗത്തെ