കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

പ്രവൃത്തികൾ 16:1-40

16  അങ്ങനെ, അവൻ ദെർബയിലും പിന്നെ ലുസ്‌ത്രയിലും എത്തി. അവിടെ തിമൊഥെയൊസ്‌ എന്നു പേരുള്ള ഒരു ശിഷ്യനുണ്ടായിരുന്നു. അവന്‍റെ അമ്മ വിശ്വാസിനിയായ ഒരു യഹൂദസ്‌ത്രീയും അപ്പൻ ഗ്രീക്കുകാരനും ആയിരുന്നു.  ലുസ്‌ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാർക്ക് തിമൊഥെയൊസിനെക്കുറിച്ചു വളരെ നല്ല അഭിപ്രായമായിരുന്നു.  അവനെ കൂടെക്കൊണ്ടുപോകാൻ പൗലോസ്‌ ആഗ്രഹിച്ചു; അവന്‍റെ അപ്പൻ ഒരു ഗ്രീക്കുകാരനാണെന്ന് അവിടങ്ങളിലുള്ള യഹൂദന്മാർക്കെല്ലാം അറിയാമായിരുന്നതിനാൽ അവർനിമിത്തം പൗലോസ്‌ അവനെ കൊണ്ടുപോയി പരിച്ഛേദന കഴിപ്പിച്ചു.  അവർ പട്ടണന്തോറും സഞ്ചരിക്കവെ, യെരുശലേമിലുള്ള അപ്പൊസ്‌തലന്മാരും മൂപ്പന്മാരും കൈക്കൊണ്ട തീർപ്പുകൾ പിൻപറ്റേണ്ടതിന്‌ അവ അവിടെയുള്ളവരെ അറിയിച്ചുപോന്നു.  തന്നിമിത്തം സഭകൾ വിശ്വാസത്തിൽ ഉറച്ചു; അംഗസംഖ്യ ദിനമ്പ്രതി വർധിക്കുകയും ചെയ്‌തു.  എന്നാൽ ഏഷ്യാപ്രവിശ്യയിൽ വചനം പ്രസംഗിക്കുന്നത്‌ പരിശുദ്ധാത്മാവ്‌ വിലക്കിയതിനാൽ അവർ ഫ്രുഗ്യയിലൂടെയും ഗലാത്യദേശത്തുകൂടെയും സഞ്ചരിച്ചു.  പിന്നെ മുസ്യയിലെത്തിയ അവർ ബിഥുന്യക്കു പോകാൻ ശ്രമിച്ചു. എന്നാൽ യേശുവിന്‍റെ ആത്മാവ്‌ അവരെ തടഞ്ഞു.  അതുകൊണ്ട് അവർ മുസ്യയിൽനിന്ന് ത്രോവാസിലേക്കു പോയി.  രാത്രിയിൽ പൗലോസിന്‌ ഒരു ദർശനമുണ്ടായി; മാസിഡോണിയക്കാരനായ ഒരു മനുഷ്യൻ അരികെനിന്ന്, “മാസിഡോണിയയിലേക്കു കടന്നുവന്നു ഞങ്ങളെ സഹായിക്കേണമേ” എന്നു തന്നോട്‌ അപേക്ഷിക്കുന്നതായി അവൻ കണ്ടു. 10  അവന്‌ ഈ ദർശനം ഉണ്ടായ ഉടനെ, മാസിഡോണിയക്കാരോടു സുവിശേഷം ഘോഷിക്കാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു മനസ്സിലാക്കി ഞങ്ങൾ അവിടേക്കു പുറപ്പെട്ടു. 11  അങ്ങനെ, ഞങ്ങൾ ത്രോവാസിൽനിന്നു കപ്പൽകയറി നേരെ സമൊത്രാക്കയിലും പിറ്റേന്ന് നവപൊലിയിലും എത്തി; 12  അവിടെനിന്നു മാസിഡോണിയപ്രദേശത്തെ പ്രധാന പട്ടണവും ഒരു അധിനിവേശമേഖലയുമായ ഫിലിപ്പിയിലെത്തി. ഈ പട്ടണത്തിൽ ഞങ്ങൾ കുറച്ചുദിവസം ചെലവഴിച്ചു. 13  പട്ടണകവാടത്തിനു വെളിയിൽ നദിക്കരികെ ഒരു പ്രാർഥനാസ്ഥലമുണ്ടെന്നു കരുതിയതിനാൽ ശബത്തുദിവസം ഞങ്ങൾ അവിടേക്കുപോയി. ഞങ്ങൾ അവിടെയിരുന്ന് കൂടിവന്ന സ്‌ത്രീകളോടു സംസാരിച്ചുകൊണ്ടിരുന്നു. 14  തുയഥൈര പട്ടണത്തിൽനിന്നുള്ളവളും രക്താംബരം വിൽക്കുന്നവളുമായ ലുദിയ എന്നുപേരുള്ള ദൈവഭക്തയായ ഒരു സ്‌ത്രീ എല്ലാം കേട്ടുകൊണ്ട് അവിടെ ഇരിപ്പുണ്ടായിരുന്നു. പൗലോസിന്‍റെ വാക്കുകൾക്കു ചെവികൊടുക്കേണ്ടതിന്‌ യഹോവ അവളുടെ ഹൃദയം തുറന്നു. 15  അവളും ഭവനത്തിലുള്ളവരും സ്‌നാനമേറ്റു. അനന്തരം അവൾ, “നിങ്ങൾ എന്നെ യഹോവയോടു വിശ്വസ്‌തയായവളെന്നു ഗണിക്കുന്നെങ്കിൽ എന്‍റെ വീട്ടിൽവന്നു പാർക്കുക” എന്ന് അപേക്ഷിച്ചു. അവൾ ഇങ്ങനെ നിർബന്ധിച്ച് ഞങ്ങളെക്കൊണ്ടു സമ്മതിപ്പിച്ചു. 16  ഞങ്ങൾ പ്രാർഥനാസ്ഥലത്തേക്കു പോകുമ്പോൾ ഭൂതാത്മാവുള്ള, വെളിച്ചപ്പാടത്തിയായ ഒരു ദാസിപ്പെൺകുട്ടി ഞങ്ങൾക്കെതിരെ വന്നു. ഭാവികഥനവിദ്യകൊണ്ട് അവൾ തന്‍റെ യജമാനന്മാർക്കു വളരെ ആദായം ഉണ്ടാക്കിക്കൊടുത്തിരുന്നു. 17  അവൾ പൗലോസിന്‍റെയും ഞങ്ങളുടെയും പിന്നാലെ വന്ന്, “ഈ പുരുഷന്മാർ അത്യുന്നതനായ ദൈവത്തിന്‍റെ ദാസന്മാർ; രക്ഷാമാർഗം നിങ്ങളോട്‌ അറിയിക്കുന്നവർ” എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. 18  ദിവസങ്ങളോളം അവൾ ഇതു തുടർന്നു. ഒടുവിൽ പൗലോസ്‌ സഹികെട്ട് തിരിഞ്ഞു ഭൂതത്തോട്‌, “അവളിൽനിന്നു പുറത്തുവരാൻ ഞാൻ യേശുക്രിസ്‌തുവിന്‍റെ നാമത്തിൽ നിന്നോടു കൽപ്പിക്കുന്നു” എന്നു പറഞ്ഞു. തത്‌ക്ഷണം അത്‌ അവളിൽനിന്നു പുറത്തുപോയി. 19  തങ്ങളുടെ ആദായമാർഗം നഷ്ടപ്പെട്ടതുകണ്ട് അവളുടെ യജമാനന്മാർ പൗലോസിനെയും ശീലാസിനെയും പിടിച്ച് ചന്തസ്ഥലത്ത്‌ പ്രമാണികളുടെ അടുത്തേക്കു ബലാത്‌കാരമായി കൊണ്ടുപോയി. 20  അവർ അവരെ അധികാരികളുടെ മുമ്പിൽ കൊണ്ടുവന്നിട്ട്, “യഹൂദന്മാരായ ഈ മനുഷ്യർ നമ്മുടെ പട്ടണത്തിൽ കലക്കമുണ്ടാക്കുന്നു; 21  റോമാക്കാരായ നാം അംഗീകരിക്കുകയോ പിൻപറ്റുകയോ ചെയ്യരുതാത്ത സമ്പ്രദായങ്ങൾ ഇവർ പ്രചരിപ്പിച്ചു നടക്കുന്നു” എന്നു പറഞ്ഞു. 22  ജനം ഒന്നടങ്കം അവർക്കെതിരെ ഇളകി. അധികാരികൾ അവരുടെ മേലങ്കികൾ കീറി ഉരിഞ്ഞുകളഞ്ഞു; അവരെ വടികൊണ്ട് അടിക്കാൻ കൽപ്പിച്ചു. 23  വളരെ പ്രഹരിച്ചിട്ട് അവർ അവരെ കാരാഗൃഹത്തിലടയ്‌ക്കുകയും അവർക്കു ശക്തമായ കാവൽ ഏർപ്പെടുത്താൻ കാരാഗൃഹപ്രമാണിയോടു കൽപ്പിക്കുകയും ചെയ്‌തു. 24  ഇത്തരമൊരു കൽപ്പന ലഭിച്ചതിനാൽ അവൻ അവരെ കാരാഗൃഹത്തിന്‍റെ ഉള്ളറയിലാക്കി അവരുടെ കാലുകൾ ആമത്തിലിട്ടു പൂട്ടി. 25  പാതിരാവാകാറായപ്പോൾ പൗലോസും ശീലാസും പ്രാർഥിക്കുകയും ദൈവത്തെ പാടിസ്‌തുതിക്കുകയും ചെയ്‌തുകൊണ്ടിരിക്കുകയായിരുന്നു; തടവുകാർക്ക് അതു കേൾക്കാമായിരുന്നു. 26  പെട്ടെന്ന് വലിയ ഒരു ഭൂകമ്പമുണ്ടായി; കാരാഗൃഹത്തിന്‍റെ അടിസ്ഥാനം ഇളകി. ഉടൻതന്നെ വാതിലുകളെല്ലാം മലർക്കെ തുറന്നു; എല്ലാവരുടെയും ചങ്ങലകൾ അഴിഞ്ഞുവീണു. 27  ഉറക്കമുണർന്ന കാരാഗൃഹപ്രമാണി, കാരാഗൃഹത്തിന്‍റെ വാതിലുകൾ തുറന്നിരിക്കുന്നതു കണ്ട് തടവുകാർ രക്ഷപ്പെട്ടെന്നു കരുതി തന്‍റെ വാൾ ഊരി തന്നെത്താൻ കൊല്ലുവാൻ തുനിഞ്ഞു. 28  എന്നാൽ പൗലോസ്‌, “അരുത്‌, സാഹസമൊന്നും കാണിക്കരുത്‌; ഞങ്ങളെല്ലാവരും ഇവിടെത്തന്നെ ഉണ്ട്” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. 29  അവൻ വെളിച്ചം കൊണ്ടുവരാൻ ആവശ്യപ്പെട്ടു; അകത്തേക്ക് ഓടിച്ചെന്ന അവൻ ഭയന്നുവിറച്ച് പൗലോസിന്‍റെയും ശീലാസിന്‍റെയും മുമ്പാകെ വീണു. 30  അനന്തരം അവൻ അവരെ പുറത്തുകൊണ്ടുവന്നിട്ട്, “യജമാനന്മാരേ, രക്ഷിക്കപ്പെടാൻ ഞാൻ എന്തുചെയ്യണം?” എന്നു ചോദിച്ചു. 31  അതിന്‌ അവർ, “കർത്താവായ യേശുവിൽ വിശ്വസിക്കുക; എങ്കിൽ നീയും നിന്‍റെ ഭവനത്തിലുള്ളവരും രക്ഷ പ്രാപിക്കും” എന്നു പറഞ്ഞു. 32  അവർ യഹോവയുടെ വചനം അവനോടും അവന്‍റെ ഭവനത്തിലുള്ള എല്ലാവരോടും പ്രസംഗിച്ചു. 33  അവൻ അപ്പോൾത്തന്നെ അവരെ കൊണ്ടുപോയി അവരുടെ മുറിവുകൾ കഴുകി. ഒട്ടുംതാമസിയാതെ അവനും അവന്‍റെ ഭവനത്തിലുള്ള എല്ലാവരും സ്‌നാനമേറ്റു. 34  അവൻ അവരെ വീട്ടിലേക്കു കൊണ്ടുവന്ന് അവർക്കു ഭക്ഷണമൊരുക്കി. ദൈവത്തിൽ വിശ്വസിക്കാൻ ഇടയായതിൽ അവൻ വീട്ടുകാരോടൊപ്പം അത്യന്തം ആനന്ദിച്ചു. 35  നേരം പുലർന്നപ്പോൾ അധികാരികൾ ഭടന്മാരെ അയച്ച്, “ആ പുരുഷന്മാരെ വിട്ടയയ്‌ക്കുക” എന്നു പറയിച്ചു. 36  അപ്പോൾ കാരാഗൃഹപ്രമാണി വന്ന് പൗലോസിനോട്‌, “നിങ്ങൾ ഇരുവരെയും വിട്ടയയ്‌ക്കാൻ അധികാരികൾ ആളയച്ചിരിക്കുന്നു; സമാധാനത്തോടെ പൊയ്‌ക്കൊള്ളുക” എന്ന് അറിയിച്ചു. 37  എന്നാൽ പൗലോസ്‌ അവരോട്‌, “റോമാക്കാരായ ഞങ്ങളെ അവർ വിചാരണ ചെയ്യാതെ പരസ്യമായി അടിപ്പിച്ച് തടവിലാക്കി; എന്നിട്ടിപ്പോൾ രഹസ്യമായി വിട്ടയയ്‌ക്കുന്നുവോ? അതുപറ്റില്ല, അവർതന്നെ വന്ന് ഞങ്ങളെ പുറത്തുകൊണ്ടുപോകട്ടെ” എന്നു പറഞ്ഞു. 38  ഭടന്മാർ ഈ വിവരം അധികാരികളെ അറിയിച്ചു. ഈ പുരുഷന്മാർ റോമാക്കാരാണെന്നു കേട്ടപ്പോൾ അവർ ഭയപ്പെട്ടു. 39  അങ്ങനെ, അധികാരികൾ വന്ന് അവരോടു നല്ലവാക്കു പറഞ്ഞ് അവരെ പുറത്തുകൊണ്ടുവന്ന് പട്ടണം വിട്ട് പോകാൻ അപേക്ഷിച്ചു. 40  അവർ കാരാഗൃഹം വിട്ട് ലുദിയയുടെ ഭവനത്തിൽ ചെന്നു; അവിടെ സഹോദരന്മാരെ കണ്ടപ്പോൾ അവരെ പ്രോത്സാഹിപ്പിച്ചു; പിന്നെ അവിടെനിന്നു പോയി.

അടിക്കുറിപ്പുകള്‍