കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

പ്രവൃത്തികൾ 15:1-41

15  യെഹൂദ്യയിൽനിന്നു ചിലർ വന്ന്, “മോശയുടെ ചട്ടമനുസരിച്ചു പരിച്ഛേദനയേൽക്കാത്തപക്ഷം നിങ്ങൾ രക്ഷിക്കപ്പെടുകയില്ല” എന്നു സഹോദരന്മാരെ പഠിപ്പിക്കാൻതുടങ്ങി.  പൗലോസിനും ബർന്നബാസിനും ഇതിൽ കടുത്ത വിയോജിപ്പുണ്ടായിട്ട് അവരോടു ദീർഘമായി തർക്കിച്ചു. പൗലോസും ബർന്നബാസും തങ്ങളിൽ ചിലരും ഈ പ്രശ്‌നവുമായി യെരുശലേമിൽ അപ്പൊസ്‌തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ പോകണമെന്ന് അവർ നിശ്ചയിച്ചു.  അങ്ങനെ അവർ പുറപ്പെട്ടപ്പോൾ, സഭയിലുള്ളവർ അവരുടെകൂടെ അൽപ്പദൂരം ചെന്ന് അവരെ യാത്രയാക്കി. ഫൊയ്‌നീക്യയിലൂടെയും ശമര്യയിലൂടെയും പോകവെ, ഈ പുരുഷന്മാർ അവിടെയുള്ള സഹോദരന്മാരോട്‌ വിജാതീയരുടെ പരിവർത്തനത്തെക്കുറിച്ചു വിവരിച്ചു; എല്ലാവർക്കും വലിയ സന്തോഷം ഉണ്ടായി.  അവർ യെരുശലേമിൽ എത്തിയപ്പോൾ സഭയും അപ്പൊസ്‌തലന്മാരും മൂപ്പന്മാരും അവരെ സന്തോഷത്തോടെ സ്വീകരിച്ചു. ദൈവം തങ്ങൾ മുഖാന്തരം ചെയ്‌ത കാര്യങ്ങളൊക്കെയും അവർ അവരെ അറിയിച്ചു.  എന്നാൽ പരീശഗണത്തിൽനിന്നുള്ള വിശ്വാസികളായ ചിലർ എഴുന്നേറ്റ്‌, “അവരെ പരിച്ഛേദന കഴിപ്പിക്കുകയും മോശയുടെ ന്യായപ്രമാണം ആചരിക്കാൻ അവരോടു കൽപ്പിക്കുകയും ചെയ്യേണ്ടത്‌ ആവശ്യമാണ്‌” എന്നു പറഞ്ഞു.  ഇക്കാര്യം പരിഗണിക്കാൻ അപ്പൊസ്‌തലന്മാരും മൂപ്പന്മാരും കൂടിവന്നു.  ഏറെ വാദപ്രതിവാദങ്ങൾക്കുശേഷം പത്രോസ്‌ എഴുന്നേറ്റ്‌ അവരോട്‌, “സഹോദരന്മാരായ പുരുഷന്മാരേ, എന്‍റെ അധരങ്ങളിൽനിന്നു വിജാതീയർ സുവിശേഷത്തിന്‍റെ വചനം കേട്ടു വിശ്വസിക്കേണ്ടതിന്‌ കുറെനാൾമുമ്പ് ദൈവം എന്നെ നിങ്ങളുടെ ഇടയിൽനിന്നു തിരഞ്ഞെടുത്ത കാര്യം നിങ്ങൾക്ക് അറിവുള്ളതാണല്ലോ.  ഹൃദയങ്ങളെ അറിയുന്ന ദൈവം, നമുക്കു നൽകിയതുപോലെതന്നെ അവർക്കും പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് അവരെ അംഗീകരിച്ചതായി സാക്ഷ്യപ്പെടുത്തി.  നമുക്കും അവർക്കും തമ്മിൽ അവൻ ഒരു വ്യത്യാസവും കൽപ്പിച്ചിട്ടില്ല; അവരുടെ വിശ്വാസം ഹേതുവായി അവരുടെ ഹൃദയങ്ങളെയും അവൻ ശുദ്ധീകരിച്ചിരിക്കുന്നു. 10  ആകയാൽ നമ്മുടെ പൂർവപിതാക്കന്മാർക്കോ നമുക്കോ ചുമക്കാൻ കഴിയാതിരുന്ന ഒരു നുകം ശിഷ്യന്മാരുടെ കഴുത്തിൽ വെച്ചുകെട്ടി നിങ്ങൾ ദൈവത്തെ പരീക്ഷിക്കുന്നത്‌ എന്തിന്‌? 11  രക്ഷ വരുന്നത്‌ കർത്താവായ യേശുവിന്‍റെ കൃപയാലാണെന്ന് നാം വിശ്വസിക്കുന്നതുപോലെതന്നെ അവരും വിശ്വസിക്കുന്നു” എന്നു പറഞ്ഞു. 12  അപ്പോൾ കൂടിവന്നവരെല്ലാം നിശ്ശബ്ദരായി. ബർന്നബാസും പൗലോസും ദൈവം തങ്ങളിലൂടെ വിജാതീയരുടെ ഇടയിൽ ചെയ്‌ത അനേകം അടയാളങ്ങളെയും അത്ഭുതങ്ങളെയുംകുറിച്ചു വിവരിക്കുന്നത്‌ അവർ ശ്രദ്ധിച്ചുകേട്ടുകൊണ്ടിരുന്നു. 13  അവർ സംസാരം നിറുത്തിയപ്പോൾ മറുപടിയായി യാക്കോബ്‌ പറഞ്ഞുതുടങ്ങിയത്‌: “സഹോദരന്മാരായ പുരുഷന്മാരേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക. 14  ദൈവം തന്‍റെ നാമത്തിനായി വിജാതീയരിൽനിന്ന് ഒരു ജനത്തെ എടുക്കാനായി അവരിലേക്ക് ആദ്യമായി ശ്രദ്ധതിരിച്ചതിനെക്കുറിച്ച് ശിമ്യോൻ* നന്നായി വിവരിച്ചുവല്ലോ. 15  പ്രവാചക പുസ്‌തകങ്ങളിൽ എഴുതപ്പെട്ടിരിക്കുന്ന വചനങ്ങളും ഇതിനോടു യോജിക്കുന്നു: 16  ‘ഇതിനുശേഷം ഞാൻ മടങ്ങിവന്നു ദാവീദിന്‍റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; ശൂന്യശിഷ്ടങ്ങളിൽനിന്ന് അതിനെ പുതുക്കിപ്പണിത്‌ ഞാൻ അതിനെ വീണ്ടും നിവർത്തും; 17  അങ്ങനെ, ജനത്തിൽ ശേഷിക്കുന്നവർ, സകല ജനതകളിലുംനിന്നുള്ളവരായി എന്‍റെ നാമം വഹിക്കുന്നവരോടൊപ്പം യഹോവയെ ആത്മാർഥമായി അന്വേഷിക്കും 18  എന്ന് പൂർവകാലത്തുതന്നെ താൻ നിശ്ചയിച്ചിട്ടുള്ളതൊക്കെയും നിവർത്തിക്കുന്നവനായ യഹോവ അരുളിച്ചെയ്യുന്നു.’ 19  അതുകൊണ്ട് വിജാതീയരിൽനിന്നു ദൈവത്തിലേക്കു തിരിയുന്നവരെ ബുദ്ധിമുട്ടിക്കരുതെന്നാണ്‌ എന്‍റെ അഭിപ്രായം. 20  എന്നാൽ വിഗ്രഹങ്ങളാൽ മലിനമാക്കപ്പെട്ടത്‌, പരസംഗം, ശ്വാസംമുട്ടി ചത്തത്‌, രക്തം എന്നിവ വർജിക്കാൻ നാം അവർക്ക് എഴുതണം. 21  കാലങ്ങളായി മോശയുടെ ലിഖിതങ്ങൾ ശബത്തുതോറും സിനഗോഗുകളിൽ വായിച്ചുവരുകയും പട്ടണന്തോറും പ്രസംഗിക്കപ്പെടുകയും ചെയ്യുന്നുവല്ലോ.” 22  അനന്തരം തങ്ങളുടെ ഇടയിൽനിന്നു ചില പുരുഷന്മാരെ തിരഞ്ഞെടുത്ത്‌ പൗലോസിനോടും ബർന്നബാസിനോടുമൊപ്പം അന്ത്യൊക്യയിലേക്ക് അയയ്‌ക്കണമെന്ന് അപ്പൊസ്‌തലന്മാരും മൂപ്പന്മാരും മുഴുസഭയും തീരുമാനിച്ചു. അങ്ങനെ, അവർ സഹോദരങ്ങൾക്കിടയിൽ നേതൃത്വംവഹിച്ചിരുന്ന ബർശബാസ്‌ എന്നു വിളിക്കപ്പെട്ട യൂദാ, ശീലാസ്‌ എന്നിവരെ തിരഞ്ഞെടുത്തു. 23  അവർ ഇങ്ങനെ ഒരു എഴുത്തും അവരുടെ കൈവശം കൊടുത്തയച്ചു: “അപ്പൊസ്‌തലന്മാരും മൂപ്പന്മാരുമായ സഹോദരന്മാർ, അന്ത്യൊക്യയിലെയും സിറിയയിലെയും കിലിക്യയിലെയും വിജാതീയരിൽനിന്നുള്ള സഹോദരന്മാർക്ക് എഴുതുന്നത്‌: നിങ്ങൾക്കു വന്ദനം! 24  ഞങ്ങളുടെ ഇടയിൽനിന്നുള്ള ചിലർ നിങ്ങളെ വാക്കുകളാൽ വിഷമിപ്പിച്ച് നിങ്ങളുടെ മനസ്സുകളെ തിരിച്ചുകളയാൻ ശ്രമിച്ചതായി ഞങ്ങൾ കേട്ടിരിക്കുന്നു; അവരെ ഞങ്ങൾ അധികാരപ്പെടുത്തിയതല്ല. 25  അതുകൊണ്ട് ചിലരെ തിരഞ്ഞെടുത്ത്‌, നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്‍റെ നാമത്തിനായി തങ്ങളുടെ ജീവനെ* വിട്ടുകൊടുത്തവരായ 26  പ്രിയ ബർന്നബാസിനോടും പൗലോസിനോടുംകൂടെ നിങ്ങളുടെ അടുത്തേക്ക് അയയ്‌ക്കണമെന്ന് ഞങ്ങൾ ഏകമനസ്സോടെ തീരുമാനിച്ചിരിക്കുന്നു. 27  ആകയാൽ ഞങ്ങൾ യൂദായെയും ശീലാസിനെയും അയയ്‌ക്കുന്നു; അവരും ഇതേ കാര്യങ്ങൾതന്നെ വാമൊഴിയായി നിങ്ങളെ അറിയിക്കും. 28  പിൻവരുന്ന അവശ്യകാര്യങ്ങളല്ലാതെ, കൂടുതലായ ഭാരമൊന്നും നിങ്ങളുടെമേൽ ചുമത്തരുതെന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു: 29  വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടി ചത്തത്‌, പരസംഗം എന്നിവ വർജിക്കുക. ഈ കാര്യങ്ങളിൽനിന്ന് അകന്നിരുന്നാൽ നിങ്ങൾക്ക് സുസ്ഥിതിയുണ്ടാകും. ശുഭാശംസകൾ!” 30  അങ്ങനെ, ഈ പുരുഷന്മാർ വിടവാങ്ങി അന്ത്യൊക്യയിലേക്കു പോയി; അവിടെ ചെന്ന് ശിഷ്യന്മാരെയൊക്കെയും കൂട്ടിവരുത്തി അവർക്ക് എഴുത്തു കൈമാറി. 31  അതു വായിച്ച അവർ, തങ്ങൾക്കു ലഭിച്ച പ്രോത്സാഹനംനിമിത്തം അതിയായി സന്തോഷിച്ചു. 32  യൂദായും ശീലാസും പ്രവാചകന്മാർകൂടെ ആയിരുന്നതിനാൽ അനേകം വാക്കുകളാൽ സഹോദരന്മാരെ പ്രോത്സാഹിപ്പിച്ചു ബലപ്പെടുത്തി. 33  കുറച്ചുനാൾ അവർ അവിടെ ചെലവഴിച്ചു. പിന്നെ സഹോദരന്മാർ അവർക്കു സമാധാനം ആശംസിച്ച് അവരെ അയച്ചവരുടെ അടുത്തേക്ക് അവരെ യാത്രയാക്കി. 34  *—— 35  എന്നാൽ പൗലോസും ബർന്നബാസും അന്ത്യൊക്യയിൽ യഹോവയുടെ വചനം സുവിശേഷിക്കുകയും പഠിപ്പിക്കുകയും മറ്റു പലരോടുമൊപ്പം അതു ഘോഷിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. 36  കുറച്ചുദിവസങ്ങൾക്കുശേഷം പൗലോസ്‌ ബർന്നബാസിനോട്‌, “വരുക, നമ്മൾ യഹോവയുടെ വചനം ഘോഷിച്ച പട്ടണങ്ങളിലെല്ലാം മടങ്ങിച്ചെന്ന് സഹോദരന്മാർ എങ്ങനെയിരിക്കുന്നുവെന്നു നോക്കാം” എന്നു പറഞ്ഞു. 37  എന്നാൽ മർക്കോസ്‌ എന്നു വിളിക്കപ്പെട്ടിരുന്ന യോഹന്നാനെയുംകൂടെ തങ്ങളോടൊപ്പം കൊണ്ടുപോകണമെന്ന് ബർന്നബാസ്‌ ശഠിച്ചു; 38  പക്ഷേ, പംഫുല്യയിൽവെച്ച് തങ്ങളെ വിട്ട് പോകുകയും തങ്ങളോടൊപ്പം വേലയ്‌ക്കു വരാതിരിക്കുകയും ചെയ്‌ത അവനെ കൂടെക്കൊണ്ടുപോകുന്നത്‌ ഉചിതമാണെന്ന് പൗലോസിനു തോന്നിയില്ല. 39  ഇതേച്ചൊല്ലി അവർ കോപിച്ച് തമ്മിൽ ഉഗ്രമായ തർക്കമുണ്ടായി വേർപിരിഞ്ഞു. ബർന്നബാസ്‌ മർക്കോസിനെയും കൂട്ടി സൈപ്രസിലേക്കു കപ്പൽകയറി. 40  പൗലോസാകട്ടെ ശീലാസിനെയും കൂട്ടി യാത്രതിരിച്ചു; സഹോദരന്മാർ അവനെ യഹോവയുടെ കൃപയിൽ ഭരമേൽപ്പിച്ചു. 41  സഭകളെ ശക്തിപ്പെടുത്തിക്കൊണ്ട് അവൻ സിറിയയിലൂടെയും കിലിക്യയിലൂടെയും സഞ്ചരിച്ചു.

അടിക്കുറിപ്പുകള്‍

പ്രവൃ 15:14* ശിമോൻ (പത്രോസ്‌) എന്ന പേരിന്‍റെ ഒരു എബ്രായരൂപം
പ്രവൃ 15:25* ഗ്രീക്കിൽ, സൈക്കി
പ്രവൃ 15:34* ഈ വാക്യം ഏറ്റവും പഴയ ഗ്രീക്ക് കയ്യെഴുത്തുപ്രതികളോട്‌ പറ്റിനിൽക്കുന്ന, വെസ്റ്റ്കോട്ടിന്‍റെയും ഹോർട്ടിന്‍റെയും ഗ്രീക്കുപാഠത്തിൽ കാണുന്നില്ല. എന്നാൽ ചില ബൈബിൾ ഭാഷാന്തരങ്ങളിൽ അത്‌ ഇങ്ങനെ കാണുന്നു: “എന്നാൽ താൻ അവിടെ താമസിക്കുന്നതു നല്ലത്‌ എന്നു ശീലാസിനു തോന്നി; യൂദായാകട്ടെ തനിച്ച് യെരുശലേമിലേക്കു പോയി.”