കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

പ്രവൃത്തികൾ 14:1-28

14  ഇക്കോന്യയിൽ അവർ യഹൂദന്മാരുടെ സിനഗോഗിൽ ചെന്നു. യഹൂദന്മാരുടെയും ഗ്രീക്കുകാരുടെയും വലിയൊരു സമൂഹം വിശ്വാസികളായിത്തീരത്തക്കവിധം അവർ പ്രസംഗിച്ചു.  എന്നാൽ വിശ്വസിക്കാതിരുന്ന യഹൂദന്മാർ സഹോദരന്മാർക്കു വിരോധമായി വിജാതീയരുടെ മനസ്സിൽ വിദ്വേഷം ജനിപ്പിച്ച് അവരെ ഇളക്കിവിട്ടു.  അതിനാൽ അവർ ഏറെനാൾ അവിടെത്തന്നെ താമസിച്ച് യഹോവയിൽനിന്നുള്ള അധികാരത്താൽ സധൈര്യം പ്രസംഗിച്ചു. അവരുടെ കൈയാൽ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കാൻ ഇടയാക്കിക്കൊണ്ട് ദൈവം തന്‍റെ കൃപയുടെ വചനത്തെ ഉറപ്പിച്ചു.  എന്നാൽ നഗരത്തിലെ ജനം ഭിന്നിച്ചു. ചിലർ യഹൂദന്മാരുടെ പക്ഷംപിടിച്ചു; മറ്റുള്ളവരാകട്ടെ അപ്പൊസ്‌തലന്മാരുടെയും.  അനന്തരം വിജാതീയരും തങ്ങളുടെ പ്രമാണിമാരോടൊപ്പം യഹൂദന്മാരും അവരെ അപമാനിക്കാനും കല്ലെറിയാനും ദ്രോഹകരമായ ഒരു പദ്ധതിയിട്ടു.  ഇതേക്കുറിച്ച് അറിവു ലഭിച്ചപ്പോൾ അവർ അവിടെനിന്നു പലായനംചെയ്‌ത്‌ ലുക്കവോന്യ പട്ടണങ്ങളായ ലുസ്‌ത്രയിലും ദെർബയിലും സമീപദേശത്തും ചെന്നു.  അവിടെ അവർ സുവിശേഷം പ്രസംഗിച്ചുപോന്നു.  കാലിനു സ്വാധീനമില്ലാത്ത ഒരു മനുഷ്യൻ ലുസ്‌ത്രയിലുണ്ടായിരുന്നു. ജന്മനാ വൈകല്യമുണ്ടായിരുന്ന അവന്‌ നടക്കാൻ കഴിഞ്ഞിരുന്നില്ല.  അവൻ പൗലോസ്‌ സംസാരിക്കുന്നതു കേട്ടുകൊണ്ട് അവിടെ ഇരിക്കുകയായിരുന്നു. സൗഖ്യം പ്രാപിക്കാൻ അവനു വിശ്വാസം ഉണ്ടെന്നു കണ്ട് പൗലോസ്‌ അവനെ ഉറ്റുനോക്കിക്കൊണ്ട് 10  ഉറക്കെ അവനോട്‌, “കാലൂന്നി നിവർന്നു നിൽക്കുക” എന്നു പറഞ്ഞു. അവൻ ചാടിയെഴുന്നേറ്റ്‌ നടക്കാൻതുടങ്ങി. 11  പൗലോസ്‌ ഇതു ചെയ്‌തതു കണ്ടിട്ട് ജനക്കൂട്ടം, “ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുത്തേക്ക് ഇറങ്ങിവന്നിരിക്കുന്നു” എന്ന് ലുക്കവോന്യഭാഷയിൽ ആർത്തുവിളിച്ചു. 12  അവർ ബർന്നബാസിനെ സിയൂസ്‌ എന്നും പ്രധാനമായി സംസാരിച്ചിരുന്നത്‌ പൗലോസ്‌ ആയിരുന്നതിനാൽ അവനെ ഹെർമിസ്‌ എന്നും വിളിച്ചു. 13  പട്ടണത്തിനു മുമ്പിലുള്ള സിയൂസിന്‍റെ ക്ഷേത്രത്തിലെ പുരോഹിതൻ, ജനക്കൂട്ടത്തോടൊപ്പം ബലിയർപ്പിക്കാൻ ആഗ്രഹിച്ച് കാളകൾ, ഇലക്കിരീടങ്ങൾ എന്നിവയുമായി പട്ടണവാതിൽക്കലേക്കു വന്നു. 14  എന്നാൽ അപ്പൊസ്‌തലന്മാരായ ബർന്നബാസും പൗലോസും ഇതേക്കുറിച്ചു കേട്ടപ്പോൾ തങ്ങളുടെ മേലങ്കികൾ കീറിക്കൊണ്ട് ജനക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചെന്ന് 15  ഇങ്ങനെ വിളിച്ചുപറഞ്ഞു: “പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നതെന്ത്? ഞങ്ങളും നിങ്ങളെപ്പോലെതന്നെയുള്ള മനുഷ്യരാണ്‌. നിങ്ങൾ ഈ വ്യർഥകാര്യങ്ങളെ വിട്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും സൃഷ്ടിച്ചവനായ ജീവനുള്ള ദൈവത്തിലേക്കു തിരിയുന്നതിനത്രേ ഞങ്ങൾ നിങ്ങളോടു സുവിശേഷം അറിയിക്കുന്നത്‌. 16  കഴിഞ്ഞ കാലങ്ങളിൽ അവൻ എല്ലാ ജനതകളെയും സ്വന്തവഴിയിൽ നടക്കാൻ അനുവദിച്ചു; 17  എന്നുവരികിലും അവൻ തന്നെക്കുറിച്ചു സാക്ഷ്യം നൽകാതിരുന്നിട്ടില്ല. ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരുകയും ആഹാരവും ആനന്ദവും നൽകി നിങ്ങളുടെ ഹൃദയങ്ങളെ നിറയ്‌ക്കുകയും ചെയ്‌തുകൊണ്ട് അവൻ നന്മ കാണിച്ചിരിക്കുന്നുവല്ലോ.” 18  ഇങ്ങനെ പറഞ്ഞുകൊണ്ട് തങ്ങൾക്കു ബലിയർപ്പിക്കുന്നതിൽനിന്ന് അവർ ജനക്കൂട്ടത്തെ ഒരുവിധത്തിൽ പിന്തിരിപ്പിച്ചു. 19  എന്നാൽ അന്ത്യൊക്യയിൽനിന്നും ഇക്കോന്യയിൽനിന്നും യഹൂദന്മാർ വന്നുകൂടി ജനക്കൂട്ടത്തെ ഇളക്കി. അവർ പൗലോസിനെ കല്ലെറിയുകയും അവൻ മരിച്ചെന്നു കരുതി അവനെ പട്ടണത്തിനു പുറത്തേക്കു വലിച്ചുകൊണ്ടുപോകുകയും ചെയ്‌തു; 20  എന്നാൽ ശിഷ്യന്മാർ അവനു ചുറ്റും കൂടിയപ്പോൾ അവൻ എഴുന്നേറ്റ്‌ പട്ടണത്തിൽ ചെന്നു. പിറ്റേന്ന് അവൻ ബർന്നബാസിനോടൊപ്പം ദെർബയിലേക്കു പോയി. 21  ആ പട്ടണത്തിൽ സുവിശേഷം പ്രസംഗിക്കുകയും പലരെയും ശിഷ്യരാക്കുകയും ചെയ്‌തശേഷം അവർ ലുസ്‌ത്ര, ഇക്കോന്യ, അന്ത്യൊക്യ എന്നിവിടങ്ങളിലേക്കു മടങ്ങിച്ചെന്ന്, 22  “അനേകം കഷ്ടതകളിലൂടെയാണു നാം ദൈവരാജ്യത്തിൽ കടക്കേണ്ടത്‌” എന്നു പറഞ്ഞുകൊണ്ട് വിശ്വാസത്തിൽ നിലനിൽക്കാൻ ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ച് അവരെ ബലപ്പെടുത്തി. 23  കൂടാതെ അവർക്കുവേണ്ടി സഭതോറും അവർ മൂപ്പന്മാരെ നിയമിക്കുകയും ഉപവസിച്ചും പ്രാർഥിച്ചുംകൊണ്ട്, അവർ വിശ്വസിച്ച യഹോവയിങ്കൽ അവരെ ഭരമേൽപ്പിക്കുകയും ചെയ്‌തു. 24  പിന്നെ അവർ പിസിദ്യയിലൂടെ സഞ്ചരിച്ചു പംഫുല്യയിലെത്തി. 25  പെർഗയിൽ വചനം പ്രസംഗിച്ചശേഷം അവർ അത്തല്യയിലേക്കു പോയി. 26  അവിടെനിന്ന് അവർ അന്ത്യൊക്യയിലേക്കു കപ്പൽ കയറി; അവർ പൂർത്തിയാക്കിയ വേലയ്‌ക്കായി അവരെ ദൈവകൃപയിൽ ഭരമേൽപ്പിച്ചയച്ചത്‌ അവിടെനിന്നായിരുന്നല്ലോ. 27  അവിടെയെത്തിയപ്പോൾ അവർ സഭയെ വിളിച്ചുകൂട്ടി തങ്ങൾ മുഖാന്തരം ദൈവം ചെയ്‌ത അനേകം കാര്യങ്ങളും അവൻ വിജാതീയർക്കു വിശ്വാസത്തിന്‍റെ വാതിൽ തുറന്നുകൊടുത്തതും വിവരിച്ചു. 28  പിന്നെ അവർ അവിടെ ശിഷ്യന്മാരോടുകൂടെ കുറെനാൾ പാർത്തു.

അടിക്കുറിപ്പുകള്‍