കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

പ്രവൃത്തികൾ 13:1-52

13  അന്ത്യൊക്യയിലെ സഭയിൽ, പ്രവാചകന്മാരും ഉപദേഷ്ടാക്കളുമായി ബർന്നബാസ്‌, നീഗർ എന്നു വിളിക്കപ്പെട്ട ശിമ്യോൻ, കുറേനക്കാരനായ ലൂക്യൊസ്‌, ഇടപ്രഭുവായ ഹെരോദാവിനോടൊപ്പം വിദ്യ അഭ്യസിച്ച മനായേൻ, ശൗൽ എന്നിവർ ഉണ്ടായിരുന്നു.  അവർ ഉപവസിച്ചും യഹോവയ്‌ക്കായി ശുശ്രൂഷ ചെയ്‌തും ഇരിക്കവെ, പരിശുദ്ധാത്മാവ്‌ അവരോട്‌, “ബർന്നബാസിനെയും ശൗലിനെയും ഞാൻ അവരെ വിളിച്ചിരിക്കുന്ന വേലയ്‌ക്കുവേണ്ടി എനിക്കായി വേർതിരിക്കുക” എന്നു പറഞ്ഞു.  അങ്ങനെ, അവർ ഉപവസിക്കുകയും പ്രാർഥിക്കുകയും അവരുടെമേൽ കൈവെപ്പു നടത്തുകയും ചെയ്‌തശേഷം അവരെ പറഞ്ഞയച്ചു.  അനന്തരം പരിശുദ്ധാത്മാവിനാൽ അയയ്‌ക്കപ്പെട്ട ഈ പുരുഷന്മാർ സെലൂക്യയിൽ ചെന്നു. അവിടെനിന്നു കപ്പൽകയറി അവർ സൈപ്രസിലേക്കു പോയി.  അവിടെ സലമീസിൽ എത്തിയ അവർ യഹൂദന്മാരുടെ സിനഗോഗുകളിൽ ദൈവവചനം അറിയിക്കാൻതുടങ്ങി. അവർക്കു സഹായിയായി യോഹന്നാനും ഉണ്ടായിരുന്നു.  അവർ ദ്വീപിൽ എല്ലായിടത്തും സഞ്ചരിച്ച് പാഫൊസുവരെ എത്തി. അവിടെ അവർ ബർ-യേശു എന്നു പേരുള്ള കള്ളപ്രവാചകനായ ഒരു യഹൂദമന്ത്രവാദിയെ കണ്ടുമുട്ടി.  അവൻ സെർഗ്യൊസ്‌ പൗലോസ്‌ എന്ന ബുദ്ധിമാനായ പ്രവിശ്യാധിപതിയോടൊപ്പം ആയിരുന്നു. സെർഗ്യൊസ്‌ പൗലോസ്‌ ബർന്നബാസിനെയും ശൗലിനെയും വിളിച്ചുവരുത്തി ദൈവവചനം കേൾക്കാൻ അതിയായ ആഗ്രഹം പ്രകടിപ്പിച്ചു.  എന്നാൽ എലീമാസ്‌ എന്ന ആ മന്ത്രവാദി (എലീമാസ്‌ എന്ന പേരിന്‍റെ അർഥം മന്ത്രവാദി എന്നാണ്‌) അവരെ വിശ്വസിക്കുന്നതിൽനിന്നു പ്രവിശ്യാധിപതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അവരോട്‌ എതിർത്തുനിന്നു.  എന്നാൽ പൗലോസ്‌ എന്നും പേരുള്ള ശൗൽ പരിശുദ്ധാത്മാവ്‌ നിറഞ്ഞവനായി അവനെ ഉറ്റുനോക്കിക്കൊണ്ട് 10  അവനോടു പറഞ്ഞത്‌: “ഹേ, സകലവിധ വഞ്ചനയും ദുഷ്ടതയും നിറഞ്ഞവനേ, പിശാചിന്‍റെ സന്തതിയേ, സർവ നീതിയുടെയും ശത്രുവേ, യഹോവയുടെ നേർവഴികളെ കോട്ടിക്കളയുന്നതു നീ മതിയാക്കുകയില്ലേ? 11  ഇതാ, യഹോവയുടെ കൈ നിനക്കു വിരോധമായിരിക്കുന്നു; ഒരു സമയത്തേക്ക് സൂര്യപ്രകാശം കാണാതെ നീ അന്ധനായിരിക്കും.” തത്‌ക്ഷണം കനത്ത മൂടലും ഇരുട്ടും അവന്‍റെമേൽ വീണു. തന്നെ കൈപിടിച്ചു നടത്താനായി ആളുകളെ തിരഞ്ഞ് അവൻ തപ്പിനടന്നു. 12  യഹോവയുടെ ഉപദേശത്തിൽ വിസ്‌മയിച്ചിരുന്ന പ്രവിശ്യാധിപതി ഇതുകൂടെ കണ്ടപ്പോൾ ഒരു വിശ്വാസിയായിത്തീർന്നു. 13  അനന്തരം പൗലോസും കൂടെയുള്ളവരും പാഫൊസിൽനിന്നു കപ്പൽകയറി പംഫുല്യയിലെ പെർഗയിലെത്തി. എന്നാൽ യോഹന്നാൻ അവരെ വിട്ട് യെരുശലേമിലേക്കു മടങ്ങിപ്പോയി. 14  അവരോ പെർഗയിൽനിന്നു പിസിദ്യയിലെ അന്ത്യൊക്യയിലെത്തി. ശബത്തുദിവസം അവർ സിനഗോഗിൽ ചെന്ന് അവിടെയിരുന്നു. 15  ന്യായപ്രമാണത്തിൽനിന്നും പ്രവാചകപുസ്‌തകങ്ങളിൽനിന്നുമുള്ള വായനയ്‌ക്കുശേഷം സിനഗോഗിലെ പ്രമാണിമാർ ആളയച്ച് അവരോട്‌, “സഹോദരന്മാരായ പുരുഷന്മാരേ, ജനത്തിനായി നിങ്ങൾക്ക് എന്തെങ്കിലും പ്രോത്സാഹനവാക്കുകൾ ഉണ്ടെങ്കിൽ പറയുക” എന്നു പറഞ്ഞു. 16  അപ്പോൾ പൗലോസ്‌ എഴുന്നേറ്റ്‌ അവരോട്‌ നിശ്ശബ്ദരാകാൻ ആംഗ്യം കാണിച്ചിട്ടു പറഞ്ഞുതുടങ്ങിയത്‌: “ഇസ്രായേൽപുരുഷന്മാരേ, ദൈവത്തെ ഭയപ്പെടുന്ന മറ്റ്‌ ഏവരുമേ, കേൾക്കുക. 17  ഈ ഇസ്രായേൽജനത്തിന്‍റെ ദൈവം നമ്മുടെ പൂർവപിതാക്കന്മാരെ തിരഞ്ഞെടുത്തു. ജനം ഈജിപ്‌റ്റുദേശത്ത്‌ പരദേശികളായി പാർത്തിരുന്ന കാലത്ത്‌ അവൻ അവരെ ഉയർത്തി, തന്‍റെ ബലമുള്ള കൈയാൽ അവരെ അവിടെനിന്നു കൊണ്ടുവന്നു. 18  മരുഭൂമിയിൽ നാൽപ്പതുവർഷത്തോളം അവൻ അവരുടെ പെരുമാറ്റം സഹിച്ചു. 19  അവൻ കനാൻദേശത്തെ ഏഴുജനതകളെ നശിപ്പിച്ചശേഷം അവരുടെ ദേശം അവർക്കു ഭാഗിച്ചുകൊടുത്തു: 20  ഏകദേശം നാനൂറ്റി അൻപതു വർഷംകൊണ്ട് ഇതെല്ലാം സംഭവിച്ചു. “ഈ സംഭവങ്ങൾക്കുശേഷം അവൻ അവർക്ക് ശമുവേൽ പ്രവാചകന്‍റെ നാൾവരെ ന്യായാധിപന്മാരെ നൽകി. 21  പിന്നെ അവർ ഒരു രാജാവിനെ ആവശ്യപ്പെട്ടു. അപ്പോൾ കീശിന്‍റെ മകനും ബെന്യാമീൻഗോത്രക്കാരനുമായ ശൗലിനെ നാൽപ്പതുവർഷത്തേക്ക് ദൈവം അവർക്കു നൽകി. 22  ശൗലിനെ നീക്കിയശേഷം അവർക്കു രാജാവായി അവൻ ദാവീദിനെ എഴുന്നേൽപ്പിച്ചു; അവനെക്കുറിച്ച്, ‘ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ, എന്‍റെ ഹൃദയത്തിനു ബോധിച്ച ഒരുവനെത്തന്നെ, കണ്ടെത്തിയിരിക്കുന്നു; അവൻ എന്‍റെ ഹിതമൊക്കെയും നിറവേറ്റും’ എന്ന് അവൻ സാക്ഷ്യപ്പെടുത്തി. 23  ഈ മനുഷ്യന്‍റെ സന്തതിയിൽനിന്ന് ദൈവം തന്‍റെ വാഗ്‌ദാനപ്രകാരം ഇസ്രായേലിന്‌ യേശു എന്ന രക്ഷകനെ നൽകിയിരിക്കുന്നു. 24  അവന്‍റെ വരവിനു മുന്നമേതന്നെ യോഹന്നാൻ ഇസ്രായേലിലെ സകല ജനത്തോടും മാനസാന്തരത്തിന്‍റെ അടയാളമായ സ്‌നാനത്തെക്കുറിച്ചു പ്രസംഗിച്ചിരുന്നു. 25  തന്‍റെ നിയോഗം പൂർത്തിയാക്കവെ, യോഹന്നാൻ പറയുമായിരുന്നു: ‘ഞാൻ ആരാണെന്നാണു നിങ്ങൾ കരുതുന്നത്‌? ഞാൻ അവനല്ല. ഇതാ, ഒരുവൻ എന്‍റെ പിന്നാലെ വരുന്നു. അവന്‍റെ കാലിലെ ചെരിപ്പഴിക്കാൻപോലും ഞാൻ യോഗ്യനല്ല.’ 26  “സഹോദരന്മാരായ പുരുഷന്മാരേ, അബ്രാഹാമിന്‍റെ വംശജരേ, ദൈവത്തെ ഭയപ്പെടുന്നവരായി നിങ്ങളുടെ ഇടയിലുള്ള മറ്റ്‌ ഏവരുമേ, ഈ രക്ഷാവചനം നമ്മുടെ അടുത്തേക്ക് അയയ്‌ക്കപ്പെട്ടിരിക്കുന്നു. 27  യെരുശലേം നിവാസികളും അവരുടെ പ്രമാണിമാരും അവനെ തിരിച്ചറിഞ്ഞില്ല. തങ്ങളുടെ വിധിതീർപ്പുകളിലൂടെ അവർ ശബത്തുതോറും വായിച്ചുപോരുന്ന പ്രവാചകവചനങ്ങൾ നിവർത്തിച്ചിരിക്കുന്നു. 28  മരണാർഹമായതൊന്നും അവനിൽ കാണാതിരുന്നിട്ടും അവനെ വധിക്കണമെന്ന് അവർ പീലാത്തൊസിനോട്‌ ആവശ്യപ്പെട്ടു. 29  അവനെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെല്ലാം നിവർത്തിച്ചശേഷം അവർ അവനെ സ്‌തംഭത്തിൽനിന്നിറക്കി കല്ലറയിൽ വെച്ചു. 30  ദൈവമോ അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. 31  അവനോടൊപ്പം ഗലീലയിൽനിന്നു യെരുശലേമിലേക്കു പോയവർക്ക് പല ദിവസം അവൻ പ്രത്യക്ഷനായി. അവർ ഇപ്പോൾ ജനത്തിനു മുമ്പാകെ അവന്‍റെ സാക്ഷികളാകുന്നു. 32  “അതിൻപ്രകാരം നമ്മുടെ പൂർവപിതാക്കന്മാർക്കു നൽകപ്പെട്ട വാഗ്‌ദാനത്തെക്കുറിച്ചുള്ള സദ്വാർത്ത ഞങ്ങൾ നിങ്ങളോട്‌ അറിയിക്കുന്നു. 33  അവരുടെ മക്കളായ നമുക്ക് യേശുവിനെ ഉയിർപ്പിച്ചുകൊണ്ട് ദൈവം ആ വാഗ്‌ദാനം പൂർണമായി നിറവേറ്റിത്തന്നിരിക്കുന്നു. ‘നീ എന്‍റെ പുത്രൻ; ഇന്നു ഞാൻ നിനക്കു പിതാവായിത്തീർന്നിരിക്കുന്നു’ എന്ന് രണ്ടാം സങ്കീർത്തനത്തിൽ എഴുതപ്പെട്ടിരിക്കുന്നുവല്ലോ. 34  ഇനിയൊരിക്കലും ജീർണതയിലേക്കു മടങ്ങാത്തവണ്ണം അവൻ അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചുവെന്ന വസ്‌തുതയെക്കുറിച്ച് അവൻ ഇങ്ങനെ അരുളിച്ചെയ്‌തിരിക്കുന്നു: ‘ദാവീദിനോടു കാണിച്ച വിശ്വസ്‌തവും സ്‌നേഹനിർഭരവുമായ ദയാപ്രവൃത്തികൾ ഞാൻ നിങ്ങളോടു കാണിക്കും.’ 35  മറ്റൊരു സങ്കീർത്തനത്തിൽ അവൻ ഇങ്ങനെയും പറയുന്നു: ‘നീ നിന്‍റെ വിശ്വസ്‌തനെ ജീർണത കാണാൻ അനുവദിക്കുകയില്ല.’ 36  ദാവീദ്‌ തന്‍റെ തലമുറയിൽ ദൈവത്തിന്‍റെ പ്രഖ്യാപിതഹിതം നിറവേറ്റിയശേഷം മരണനിദ്ര പ്രാപിച്ചു. അവൻ പിതാക്കന്മാരോടൊപ്പം അടക്കപ്പെടുകയും അവന്‍റെ ശരീരം ജീർണിക്കുകയും ചെയ്‌തു. 37  എന്നാൽ ദൈവം ഉയിർപ്പിച്ചവനാകട്ടെ ജീർണത കണ്ടില്ല. 38  “ആകയാൽ സഹോദരന്മാരേ, ഇത്‌ അറിഞ്ഞുകൊള്ളുക; ഇവൻ മുഖാന്തരമുള്ള പാപമോചനമത്രേ നിങ്ങളോടു ഘോഷിക്കുന്നത്‌. 39  വിശ്വസിക്കുന്ന ഏവർക്കും, മോശയുടെ ന്യായപ്രമാണത്താൽ നീതീകരണം സാധ്യമല്ലാത്ത കാര്യങ്ങളിൽ ഇവൻ മുഖാന്തരം നീതീകരണം ലഭിക്കും. 40  അതുകൊണ്ട്, പ്രവാചകപുസ്‌തകങ്ങളിൽ പറഞ്ഞിരിക്കുന്നതു നിങ്ങൾക്കു ഭവിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ: 41  ‘നിന്ദകരേ, കാണുവിൻ. ഇതിൽ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ; നിങ്ങളുടെ നാളിൽ ഞാൻ ഒരു പ്രവൃത്തി ചെയ്യും; ആരെങ്കിലും നിങ്ങൾക്കു വിവരിച്ചുതന്നാലും ഒരുപ്രകാരത്തിലും നിങ്ങൾ വിശ്വസിക്കുകയില്ലാത്ത ഒരു പ്രവൃത്തിതന്നെ.’ ” 42  അനന്തരം അവർ പുറത്തേക്കു പോകുമ്പോൾ അടുത്ത ശബത്തിലും ഈ കാര്യങ്ങൾ തങ്ങളോടു പറയേണം എന്നു ജനം അവരോട്‌ അപേക്ഷിച്ചു. 43  അങ്ങനെ, സിനഗോഗിലെ കൂട്ടം പിരിഞ്ഞപ്പോൾ, യഹൂദന്മാരും യഹൂദ മതത്തിലേക്കു പരിവർത്തനംചെയ്‌ത്‌ ദൈവത്തെ ആരാധിച്ചിരുന്നവരുമായ അനേകർ പൗലോസിനെയും ബർന്നബാസിനെയും അനുഗമിച്ചു. അവരോടു സംസാരിക്കവെ, ദൈവകൃപയിൽ നിലനിൽക്കാൻ അവർ അവരെ പ്രോത്സാഹിപ്പിച്ചു. 44  പിറ്റേ ശബത്തിൽ നഗരത്തിലെ എല്ലാവരുംതന്നെ യഹോവയുടെ വചനം കേൾക്കാനായി വന്നുകൂടി. 45  യഹൂദന്മാർ ജനക്കൂട്ടത്തെ കണ്ട് അസൂയ നിറഞ്ഞവരായി പൗലോസ്‌ പറയുന്ന കാര്യങ്ങളെ എതിർത്തുകൊണ്ട് ദൈവദൂഷണപരമായി സംസാരിക്കാൻതുടങ്ങി. 46  അപ്പോൾ, പൗലോസും ബർന്നബാസും സധൈര്യം ഇങ്ങനെ പറഞ്ഞു: “ദൈവവചനം ആദ്യം നിങ്ങളോടു പ്രസംഗിക്കുക ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതു തള്ളിക്കളഞ്ഞ് നിത്യജീവനു യോഗ്യരല്ലെന്നു സ്വയം വിധിച്ചിരിക്കുന്നതിനാൽ ഇതാ, ഞങ്ങൾ വിജാതീയരിലേക്കു തിരിയുന്നു. 47  ‘ഭൂമിയുടെ അറ്റത്തോളം നീ ഒരു രക്ഷ ആയിരിക്കേണ്ടതിന്‌ ഞാൻ നിന്നെ വിജാതീയർക്ക് ഒരു വെളിച്ചമാക്കിവെച്ചിരിക്കുന്നു’ എന്നു പറഞ്ഞതിലൂടെ യഹോവ ഞങ്ങൾക്ക് ഒരു കൽപ്പന നൽകിയിരിക്കുന്നു.” 48  വിജാതീയർ ഇതുകേട്ട് അത്യധികം സന്തോഷിച്ച് യഹോവയുടെ വചനത്തെ പ്രകീർത്തിച്ചു. നിത്യജീവനുവേണ്ട ഹൃദയനില ഉണ്ടായിരുന്നവരൊക്കെയും വിശ്വാസികളായി. 49  യഹോവയുടെ വചനം ദേശമെങ്ങും വ്യാപിച്ചുകൊണ്ടിരുന്നു. 50  എന്നാൽ യഹൂദന്മാർ, ദൈവത്തെ ആരാധിച്ചിരുന്ന ബഹുമാന്യരായ സ്‌ത്രീജനങ്ങളെയും നഗരത്തിലെ പ്രമാണികളെയും ഇളക്കി. അവർ പൗലോസിനും ബർന്നബാസിനും നേരെ പീഡനം അഴിച്ചുവിട്ട് അവരെ തങ്ങളുടെ നാട്ടിൽനിന്നു പുറത്താക്കിക്കളഞ്ഞു. 51  എന്നാൽ അവർ തങ്ങളുടെ കാലിലെ പൊടി അവർക്കെതിരെ കുടഞ്ഞുകളഞ്ഞിട്ട് ഇക്കോന്യയിലേക്കു പോയി. 52  ശിഷ്യന്മാരാകട്ടെ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.

അടിക്കുറിപ്പുകള്‍