കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

പ്രവൃത്തികൾ 12:1-25

12  അക്കാലത്ത്‌ ഹെരോദാരാജാവ്‌ സഭയിലുള്ള ചിലരെ ദ്രോഹിക്കാൻതുടങ്ങി.  അവൻ യോഹന്നാന്‍റെ സഹോദരനായ യാക്കോബിനെ വാളുകൊണ്ടു കൊന്നു.  അത്‌ യഹൂദന്മാരെ പ്രീതിപ്പെടുത്തിയെന്നു കണ്ടപ്പോൾ അവൻ പത്രോസിനെയും പിടികൂടി. (അപ്പോൾ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാൾ ആയിരുന്നു.)  അവനെ പിടികൂടിയിട്ട് പെസഹായ്‌ക്കുശേഷം ജനത്തിന്‍റെ മുമ്പാകെ കൊണ്ടുവരേണ്ടതിന്‌ ഹെരോദാവ്‌ അവനെ തടവിലാക്കി; നാലുഭടന്മാർ വീതമുള്ള നാലുഗണങ്ങളെ നാലുനേരങ്ങളിലായി ഊഴമനുസരിച്ചു കാവൽനിറുത്തുകയും ചെയ്‌തു.  അങ്ങനെ, പത്രോസ്‌ തടവിൽ കഴിയവെ, സഭ ഒന്നടങ്കം അവനുവേണ്ടി ദൈവത്തോടു മുട്ടിപ്പായി പ്രാർഥിച്ചുകൊണ്ടിരുന്നു.  ഹെരോദാവ്‌ അവനെ ജനത്തിന്‍റെ മുമ്പാകെ കൊണ്ടുവരേണ്ടിയിരുന്നതിന്‍റെ തലേരാത്രി പത്രോസ്‌ രണ്ടുഭടന്മാർക്കു നടുവിൽ രണ്ടുചങ്ങലയാൽ ബന്ധിതനായി ഉറങ്ങുകയായിരുന്നു; തടവറ കാത്തുകൊണ്ട് കാവൽക്കാർ വാതിൽക്കലും നിന്നിരുന്നു.  പെട്ടെന്ന് യഹോവയുടെ ഒരു ദൂതൻ അവിടെ പ്രത്യക്ഷനായി; തടവറയിൽ ഒരു വെളിച്ചം പ്രകാശിച്ചു. അവൻ പത്രോസിന്‍റെ വശത്തു തട്ടി, “വേഗം എഴുന്നേൽക്കൂ” എന്നു പറഞ്ഞ് അവനെ ഉണർത്തി. അവന്‍റെ കൈകളിലെ ചങ്ങലകൾ താഴെവീണു.  ദൂതൻ അവനോട്‌, “നീ അര മുറുക്കി, ചെരിപ്പ് കെട്ടുക” എന്നു പറഞ്ഞു. അവൻ അങ്ങനെചെയ്‌തു. പിന്നെ അവൻ അവനോട്‌, “നീ നിന്‍റെ മേലങ്കി ധരിച്ച് എന്‍റെ പിന്നാലെ വരുക” എന്നു പറഞ്ഞു.  അവൻ കാരാഗൃഹത്തിൽനിന്നിറങ്ങി അവന്‍റെ പിന്നാലെ ചെന്നു. എന്നാൽ ദൂതൻ മുഖാന്തരം സംഭവിച്ചുകൊണ്ടിരുന്നത്‌ യാഥാർഥ്യമാണെന്ന് അവൻ അറിഞ്ഞില്ല; താൻ ഒരു ദർശനം കാണുകയാണെന്നത്രേ അവൻ കരുതിയത്‌. 10  അവർ ഒന്നാം കാവലും രണ്ടാം കാവലും കടന്ന് പട്ടണത്തിലേക്കുള്ള ഇരുമ്പുകവാടത്തിങ്കലെത്തി; അത്‌ അവർക്കായി തനിയെ തുറന്നു. അവർ പുറത്തുവന്ന് ഒരു തെരുവിലൂടെ മുന്നോട്ടു നടന്നു. പെട്ടെന്ന് ദൂതൻ അവനെ വിട്ട് പോയി. 11  പരിസരബോധം വീണ്ടുകിട്ടിയ പത്രോസ്‌, “യഹോവ തന്‍റെ ദൂതനെ അയച്ച് എന്നെ ഹെരോദാവിന്‍റെ കൈയിൽനിന്നു വിടുവിക്കുകയും യഹൂദജനത്തിന്‍റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകളയുകയും ചെയ്‌തിരിക്കുന്നുവെന്ന് ഇപ്പോൾ എനിക്കു തീർച്ചയായി” എന്നു പറഞ്ഞു. 12  ഇക്കാര്യം ബോധ്യമായപ്പോൾ അവൻ മർക്കോസ്‌ എന്നു മറുപേരുള്ള യോഹന്നാന്‍റെ അമ്മയായ മറിയയുടെ വീട്ടിൽ ചെന്നു. അവിടെ കുറെപ്പേർ കൂടിവന്നു പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. 13  അവൻ പടിപ്പുരവാതിൽക്കൽ മുട്ടിവിളിച്ചപ്പോൾ രോദാ എന്നു പേരുള്ള ദാസിപ്പെൺകുട്ടി അത്‌ ആരാണെന്നറിയാനായി വന്നു. 14  പത്രോസിന്‍റെ ശബ്ദം തിരിച്ചറിഞ്ഞ അവൾ, സന്തോഷത്താൽ മതിമറന്ന് പടിവാതിൽ തുറക്കുന്നതിനുപകരം അകത്തേക്ക് ഓടിച്ചെന്ന് പത്രോസ്‌ പടിപ്പുരവാതിൽക്കൽ നിൽക്കുന്നുവെന്ന് അറിയിച്ചു. 15  അവർ അവളോട്‌, “നിനക്കു ഭ്രാന്താണ്‌” എന്നു പറഞ്ഞു. അവളോ, താൻ പറഞ്ഞതു വാസ്‌തവമാണെന്നു തറപ്പിച്ചുപറഞ്ഞുകൊണ്ടിരുന്നു. അപ്പോൾ അവർ, “എങ്കിൽ അത്‌ അവന്‍റെ ദൂതനായിരിക്കും” എന്നു പറഞ്ഞു. 16  പത്രോസാകട്ടെ വാതിൽക്കൽ മുട്ടിക്കൊണ്ടിരുന്നു. അവർ വാതിൽ തുറന്നപ്പോൾ അവനെ കണ്ട് ആശ്ചര്യപ്പെട്ടു. 17  എന്നാൽ നിശ്ശബ്ദരായിരിക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചശേഷം, യഹോവ തന്നെ തടവിൽനിന്നു പുറത്തുകൊണ്ടുവന്നത്‌ എങ്ങനെയെന്ന് അവൻ അവരോടു വിവരിച്ചു. “ഈ കാര്യങ്ങൾ യാക്കോബിനെയും സഹോദരന്മാരെയും അറിയിക്കുക” എന്നും അവൻ അവരോടു പറഞ്ഞു. എന്നിട്ട് അവൻ അവിടെനിന്നിറങ്ങി മറ്റൊരു സ്ഥലത്തേക്കു പോയി. 18  നേരം വെളുത്തപ്പോൾ, പത്രോസിന്‌ എന്തു സംഭവിച്ചിരിക്കും എന്നതിനെച്ചൊല്ലി ഭടന്മാർക്കിടയിൽ വലിയ പരിഭ്രാന്തിയുണ്ടായി. 19  അവനുവേണ്ടി ഹെരോദാവ്‌ സമഗ്രമായ അന്വേഷണം നടത്തി; കണ്ടെത്താതെ വന്നപ്പോൾ അവൻ കാവൽക്കാരെ വിസ്‌തരിച്ച് അവർക്കു ശിക്ഷ നടപ്പാക്കാൻ കൽപ്പിച്ചു. പിന്നെ ഹെരോദാവ്‌ യെഹൂദ്യയിൽനിന്നു കൈസര്യയിലേക്കു പോയി കുറച്ചുകാലം അവിടെ ചെലവഴിച്ചു. 20  സോരിലെയും സീദോനിലെയും ജനങ്ങളോട്‌ ഹെരോദാവ്‌ കോപിച്ചിരിക്കുകയായിരുന്നു. തങ്ങളുടെ ദേശത്തിന്‌ ആഹാരസാധനങ്ങൾ കിട്ടിയിരുന്നത്‌ രാജാവിന്‍റെ ദേശത്തുനിന്നായിരുന്നതിനാൽ അവർ എല്ലാവരുംകൂടെ അവന്‍റെ അടുക്കൽ ചെന്ന് അവന്‍റെ പള്ളിയറവിചാരകനായ ബ്ലസ്‌തൊസിനെ സ്വാധീനിച്ച് സമാധാനസന്ധിക്കായി അപേക്ഷിച്ചു. 21  അങ്ങനെ, ഒരു നിശ്ചിതദിവസം ഹെരോദാവ്‌ രാജകീയ വസ്‌ത്രമണിഞ്ഞു ന്യായാസനത്തിൽ ഉപവിഷ്ടനായി അവരോടു പ്രസംഗിക്കാൻതുടങ്ങി. 22  കൂടിവന്നിരുന്ന ജനം, “ഇത്‌ മനുഷ്യന്‍റെ ശബ്ദമല്ല, ഒരു ദേവന്‍റേതത്രേ” എന്ന് ആർത്തുവിളിച്ചു. 23  തത്‌ക്ഷണം യഹോവയുടെ ദൂതൻ അവനെ പ്രഹരിച്ചു; അവൻ കൃമികൾക്ക് ഇരയായി പ്രാണനെ വിട്ടു; അവൻ ദൈവത്തിനു മഹത്ത്വം കൊടുക്കാഞ്ഞതിനാലത്രേ ഇതു സംഭവിച്ചത്‌. 24  എന്നാൽ യഹോവയുടെ വചനം അധികമധികം പ്രചരിച്ചുകൊണ്ടിരുന്നു. 25  ബർന്നബാസും ശൗലും യെരുശലേമിലെ തങ്ങളുടെ ദുരിതാശ്വാസപ്രവർത്തനങ്ങൾ പൂർത്തിയാക്കിയശേഷം മർക്കോസ്‌ എന്നു മറുപേരുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ടു മടങ്ങിപ്പോയി.

അടിക്കുറിപ്പുകള്‍