കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

പ്രവൃത്തികൾ 11:1-30

11  വിജാതീയരും ദൈവവചനം കൈക്കൊണ്ടുവെന്ന് യെഹൂദ്യയിലുണ്ടായിരുന്ന അപ്പൊസ്‌തലന്മാരും സഹോദരന്മാരും കേട്ടു.  അതുകൊണ്ട് പത്രോസ്‌ യെരുശലേമിൽ വന്നപ്പോൾ പരിച്ഛേദനാവാദികൾ  അവൻ പരിച്ഛേദനയേൽക്കാത്തവരുടെ വീട്ടിൽ പോകുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്‌തു എന്നാരോപിച്ച് അവനെ വിമർശിച്ചു.  അപ്പോൾ പത്രോസ്‌ അവരോടു കാര്യങ്ങൾ വിവരിച്ചുകൊണ്ടു പറഞ്ഞത്‌:  “ഞാൻ യോപ്പ പട്ടണത്തിൽ പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഒരു ദർശനത്തിൽ, വലിയ വിരിപ്പുപോലുള്ള ഒരുതരം പാത്രം നാലുകോണിലും പിടിച്ച് ആകാശത്തുനിന്നു താഴേക്കിറക്കുന്നത്‌ ഞാൻ കണ്ടു. അത്‌ എന്‍റെ അടുക്കലോളം വന്നു.  അതിലേക്കു സൂക്ഷിച്ചുനോക്കിയപ്പോൾ, ഭൂമിയിലെ നാൽക്കാലികളെയും കാട്ടുമൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പക്ഷികളെയും ഞാൻ കണ്ടു.  ‘പത്രോസേ, എഴുന്നേറ്റ്‌ അറുത്തു ഭക്ഷിക്കുക’ എന്നു പറയുന്ന ഒരു ശബ്ദവും ഞാൻ കേട്ടു.  എന്നാൽ ഞാൻ, ‘ഇല്ല കർത്താവേ, മലിനമോ അശുദ്ധമോ ആയ ഒന്നും ഒരിക്കലും എന്‍റെ വായിൽ ചെന്നിട്ടില്ലല്ലോ’ എന്നു പറഞ്ഞു.  അപ്പോൾ ആകാശത്തുനിന്നുള്ള ആ ശബ്ദം രണ്ടാമതും എന്നോട്‌, ‘ദൈവം ശുദ്ധീകരിച്ചവയെ നീ ഇനി മലിനമെന്നു വിളിക്കരുത്‌’ എന്നു പറഞ്ഞു. 10  മൂന്നാമതും ഇപ്രകാരം സംഭവിച്ചു; പിന്നെ എല്ലാം ആകാശത്തിലേക്കു തിരികെ എടുക്കപ്പെടുകയും ചെയ്‌തു. 11  ആ സമയത്തുതന്നെ, കൈസര്യയിൽനിന്ന് എന്‍റെ അടുത്തേക്ക് അയയ്‌ക്കപ്പെട്ട മൂന്നുപുരുഷന്മാർ ഞങ്ങൾ പാർത്തിരുന്ന വീട്ടിലെത്തി. 12  ഒട്ടും സംശയിക്കാതെ അവരോടുകൂടെ പോകാൻ ആത്മാവ്‌ എന്നോടു പറഞ്ഞു. ഈ ആറുസഹോദരന്മാരും എന്നോടൊപ്പം പോന്നു. ഞങ്ങൾ ആ മനുഷ്യന്‍റെ വീട്ടിലെത്തി. 13  “തന്‍റെ ഭവനത്തിൽ ഒരു ദൈവദൂതൻ നിൽക്കുന്നതു കണ്ടതും ‘യോപ്പയിലേക്ക് ആളയച്ച് പത്രോസ്‌ എന്നു മറുപേരുള്ള ശിമോനെ വരുത്തുക; 14  നീയും നിന്‍റെ മുഴുകുടുംബവും രക്ഷിക്കപ്പെടേണ്ടതിനുള്ള കാര്യങ്ങൾ അവൻ നിന്നോടു സംസാരിക്കും’ എന്ന് ദൂതൻ തന്നോടു പറഞ്ഞതും അവൻ ഞങ്ങളെ അറിയിച്ചു. 15  ഞാൻ സംസാരിച്ചുതുടങ്ങിയപ്പോൾ, മുമ്പ് പരിശുദ്ധാത്മാവ്‌ നമ്മുടെമേൽ വന്നതുപോലെതന്നെ അവരുടെമേലും വന്നു. 16  ‘യോഹന്നാൻ ജലത്താൽ സ്‌നാനം കഴിപ്പിച്ചു; നിങ്ങളോ പരിശുദ്ധാത്മാവിനാൽ സ്‌നാനം കഴിപ്പിക്കപ്പെടും’ എന്നു കർത്താവ്‌ പറയാറുണ്ടായിരുന്നത്‌ അപ്പോൾ ഞാൻ ഓർത്തു. 17  അതുകൊണ്ട് കർത്താവായ യേശുക്രിസ്‌തുവിൽ വിശ്വസിച്ചവരായ നമുക്കു ദൈവം നൽകിയ അതേ ദാനം അവൻ അവർക്കും നൽകിയെങ്കിൽ, അവനെ തടയാൻ ഞാൻ ആരാണ്‌?” 18  ഈ കാര്യങ്ങൾ കേട്ടപ്പോൾ അവർ അതിനോടു യോജിച്ചു; “വിജാതീയർക്കും ജീവൻ ലഭിക്കേണ്ടതിന്‌ മാനസാന്തരപ്പെടാനുള്ള അവസരം ദൈവം അവർക്കും നൽകിയിരിക്കുന്നു” എന്നു പറഞ്ഞ് ദൈവത്തെ മഹത്ത്വപ്പെടുത്തി. 19  സ്‌തെഫാനൊസിന്‍റെ മരണത്തെത്തുടർന്നുണ്ടായ പീഡനത്താൽ ചിതറിപ്പോയവർ അങ്ങു ഫൊയ്‌നീക്യ, സൈപ്രസ്‌, അന്ത്യൊക്യ എന്നീ പ്രദേശങ്ങൾവരെയും സഞ്ചരിച്ചു; എന്നാൽ യഹൂദന്മാരോടല്ലാതെ ആരോടും അവർ വചനം പ്രസംഗിച്ചില്ല. 20  എന്നിരുന്നാലും അവരിൽപ്പെട്ട, സൈപ്രസിൽനിന്നും കുറേനയിൽനിന്നുമുള്ള ചില പുരുഷന്മാർ അന്ത്യൊക്യയിലെത്തി ഗ്രീക്കുഭാഷ സംസാരിക്കുന്നവരോടു കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കാൻതുടങ്ങി. 21  യഹോവയുടെ കരം അവരോടുകൂടെ ഉണ്ടായിരുന്നു; വളരെപ്പേർ വിശ്വസിച്ച് കർത്താവിലേക്കു തിരിഞ്ഞു. 22  അവരെക്കുറിച്ചുള്ള വാർത്ത യെരുശലേമിലെ സഭയിലെത്തി. അവർ ബർന്നബാസിനെ അന്ത്യൊക്യയിലേക്ക് അയച്ചു. 23  അവൻ അവിടെ എത്തിയപ്പോൾ ദൈവകൃപ കണ്ട് ആഹ്ലാദിച്ചു; ഹൃദയത്തിൽ ദൃഢനിശ്ചയത്തോടെ തുടർന്നും കർത്താവിനോടു പറ്റിനിൽക്കാൻ അവൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചു. 24  ബർന്നബാസോ, പരിശുദ്ധാത്മാവു നിറഞ്ഞവനും ഉറച്ച വിശ്വാസമുള്ളവനുമായ ഒരു നല്ല മനുഷ്യനായിരുന്നു. ഒരു വലിയ കൂട്ടം കർത്താവിലേക്കു ചേർക്കപ്പെട്ടു. 25  അനന്തരം അവൻ ശൗലിനെ തിരഞ്ഞ് തർസൊസിലേക്കു പോയി; 26  കണ്ടെത്തിയപ്പോൾ അവനെയും അന്ത്യൊക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു. അങ്ങനെ, ഒരു വർഷം മുഴുവനും അവർ അവരോടൊപ്പം സഭയിൽ കൂടിവരുകയും അനേകരെ പഠിപ്പിക്കുകയും ചെയ്‌തു. അന്ത്യൊക്യയിൽവെച്ചാണ്‌ ദിവ്യനിർണയപ്രകാരം ശിഷ്യന്മാർ ആദ്യമായി ക്രിസ്‌ത്യാനികൾ എന്നു വിളിക്കപ്പെട്ടത്‌. 27  ഈ കാലത്ത്‌ യെരുശലേമിൽനിന്നു ചില പ്രവാചകന്മാർ അന്ത്യൊക്യയിൽ വന്നു. 28  അവരിൽ അഗബൊസ്‌ എന്നൊരാൾ എഴുന്നേറ്റ്‌ ഭൂലോകത്തിലെങ്ങും വലിയൊരു ക്ഷാമം വരാനിരിക്കുന്നുവെന്ന് ആത്മാവിനാൽ പ്രചോദിതനായി പ്രവചിച്ചു; ക്ലൗദ്യൊസിന്‍റെ കാലത്ത്‌ അപ്രകാരം സംഭവിക്കുകയും ചെയ്‌തു. 29  അപ്പോൾ ശിഷ്യന്മാർ ഓരോരുത്തരും അവരവരുടെ കഴിവനുസരിച്ച് യെഹൂദ്യയിൽ വസിക്കുന്ന സഹോദരങ്ങൾക്കു സഹായം എത്തിച്ചുകൊടുക്കാൻ തീരുമാനിച്ചു; 30  അവർ ബർന്നബാസിന്‍റെയും ശൗലിന്‍റെയും കൈവശം അത്‌ മൂപ്പന്മാർക്കു കൊടുത്തയയ്‌ക്കുകയും ചെയ്‌തു.

അടിക്കുറിപ്പുകള്‍