കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

തീത്തൊസ്‌ 3:1-15

3  വാഴ്‌ചകൾക്കും അധികാരങ്ങൾക്കും കീഴ്‌പെട്ടിരുന്നുകൊണ്ട് അനുസരണം കാണിക്കാനും സകല സത്‌പ്രവൃത്തിക്കും ഒരുങ്ങിയിരിക്കാനും അവരെ ഓർമപ്പെടുത്തുക;  ആരെക്കുറിച്ചും അപവാദം പറയാതെയും കലഹിക്കാതെയും ന്യായബോധമുള്ളവരായി സകല മനുഷ്യരോടും പൂർണസൗമ്യത കാണിക്കാനുംതന്നെ.  ഒരുകാലത്ത്‌ നാമും ബുദ്ധിഹീനരും അനുസരണംകെട്ടവരും വഴിതെറ്റിക്കപ്പെട്ടവരും പലവിധ മോഹങ്ങൾക്കും സുഖഭോഗങ്ങൾക്കും അധീനരും വെറുത്തും വെറുക്കപ്പെട്ടുംകൊണ്ട് വഷളത്തത്തിലും അസൂയയിലും കാലംകഴിച്ചവരും ആയിരുന്നുവല്ലോ.  എന്നാൽ തന്‍റെ ദയയും സ്‌നേഹവും മനുഷ്യർക്കായി വെളിപ്പെട്ടപ്പോൾ നമ്മുടെ രക്ഷകനായ ദൈവം നമുക്കു രക്ഷ നൽകി;  അതു നാം ചെയ്‌ത നീതിപ്രവൃത്തികൾനിമിത്തമായിരുന്നില്ല; പിന്നെയോ തന്‍റെ കരുണയ്‌ക്കൊത്തവിധം പുതുജീവന്‍റെ സ്‌നാനത്താലും പരിശുദ്ധാത്മാവിനാലുള്ള* നവീകരണത്താലുമായിരുന്നു.  നമ്മുടെ രക്ഷകനായ യേശുക്രിസ്‌തുവിലൂടെ അവൻ ഈ ആത്മാവിനെ നമ്മുടെമേൽ സമൃദ്ധമായി പകർന്നിരിക്കുന്നു;  അവന്‍റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ട് നിത്യജീവന്‍റെ പ്രത്യാശയ്‌ക്ക് അനുസൃതമായി നാം അവകാശികൾ ആയിത്തീരേണ്ടതിനുതന്നെ.  ഇതു വിശ്വാസയോഗ്യമായ വചനമാകുന്നു. ദൈവത്തിൽ വിശ്വസിച്ചിരിക്കുന്നവർ സത്‌പ്രവൃത്തികൾ ചെയ്യുന്നതിൽ മനസ്സർപ്പിക്കേണ്ടതിനായി നീ ഇക്കാര്യങ്ങൾ കൂടെക്കൂടെ ഊന്നിപ്പറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇവയെല്ലാം ഉത്തമവും മനുഷ്യർക്കു പ്രയോജനകരവുമായ കാര്യങ്ങളത്രേ.  മൗഢ്യതർക്കങ്ങളും വംശാവലികളെക്കുറിച്ചുള്ള അനാവശ്യ വിശകലനങ്ങളും കലഹങ്ങളും ന്യായപ്രമാണത്തെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങളും ഒഴിവാക്കുക. ഇവയെല്ലാം പ്രയോജനരഹിതവും വ്യർഥവുമത്രേ. 10  വിരുദ്ധോപദേശം പ്രചരിപ്പിച്ചുകൊണ്ട് സഭയിൽ ഭിന്നപക്ഷം ഉണ്ടാക്കുന്നവന്‌ രണ്ടുപ്രാവശ്യം താക്കീതു നൽകുക; എന്നിട്ടും കൂട്ടാക്കുന്നില്ലെങ്കിൽ അവനുമായി മേലാൽ ഒരു ഇടപാടും അരുത്‌. 11  അവൻ നേർവഴി വിട്ട് പാപത്തിൽ നടക്കുന്നവനും അങ്ങനെ തനിക്കുതന്നെ ശിക്ഷ വിധിച്ചവനും ആണല്ലോ. 12  ഞാൻ അർത്തെമാസിനെയോ തിഹിക്കൊസിനെയോ നിന്‍റെ അടുക്കൽ അയയ്‌ക്കുമ്പോൾ നിക്കൊപ്പൊലിയിൽ എന്‍റെ അടുത്തെത്താൻ നീ ഉത്സാഹിക്കണം. ഞാൻ ശീതകാലം ചെലവഴിക്കുന്നത്‌ അവിടെയായിരിക്കും. 13  ന്യായപ്രമാണപണ്ഡിതനായ സേനാസിനും അപ്പൊല്ലോസിനും യാത്രയിൽ ഒന്നിനും കുറവു വരാത്തവിധം വേണ്ട സഹായങ്ങൾ നീ ചെയ്‌തുകൊടുക്കണം. 14  നമ്മുടെ ആളുകളും അതുപോലെ സത്‌പ്രവൃത്തികളിൽ വ്യാപരിക്കാൻ പഠിക്കട്ടെ; അങ്ങനെ, സഹായം വേണ്ടവർക്കെല്ലാം സഹായംചെയ്‌തുകൊണ്ട് അവർ ദൈവസേവനത്തിൽ ഫലം കായ്‌ക്കുന്നവരായിരിക്കട്ടെ. 15  എന്നോടൊപ്പമുള്ള സകലരും നിന്നെ സ്‌നേഹാന്വേഷണങ്ങൾ അറിയിക്കുന്നു. വിശ്വാസത്തിൽ ഞങ്ങളെ സ്‌നേഹിക്കുന്ന എല്ലാവരെയും എന്‍റെ അന്വേഷണം അറിയിക്കുക. ദൈവത്തിന്‍റെ കൃപ നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ.

അടിക്കുറിപ്പുകള്‍

തീത്തൊ 3:5* അനുബന്ധം 8 കാണുക.