കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

തീത്തൊസ്‌ 2:1-15

2  നീയോ എപ്പോഴും സത്യോപദേശത്തിനു* ചേർന്ന കാര്യങ്ങൾ പ്രസ്‌താവിക്കുക.  പ്രായംചെന്ന പുരുഷന്മാർ മിതശീലരും കാര്യഗൗരവമുള്ളവരും സുബോധമുള്ളവരും വിശ്വാസം, സ്‌നേഹം, സഹിഷ്‌ണുത എന്നിവ സംബന്ധമായി ഇളകാത്തവരും* ആയിരിക്കട്ടെ.  അങ്ങനെതന്നെ, പ്രായംചെന്ന സ്‌ത്രീകളും ദൈവഭക്തർക്കൊത്ത പെരുമാറ്റശീലമുള്ളവരും ഏഷണി പറയാത്തവരും വീഞ്ഞിന്‌ അടിമപ്പെടാത്തവരും നന്മ ഉപദേശിക്കുന്നവരും ആയിരിക്കട്ടെ.  അപ്പോൾ യൗവനക്കാരികളെ, ഭർത്താക്കന്മാരെയും മക്കളെയും സ്‌നേഹിക്കുന്നവരും  സുബോധമുള്ളവരും പാതിവ്രത്യമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും നന്മയുള്ളവരും ഭർത്താക്കന്മാർക്കു കീഴ്‌പെട്ടിരിക്കുന്നവരും ആയിരിക്കാൻ ഉപദേശിക്കുന്നതിന്‌ അവർക്കു കഴിയും. അങ്ങനെയായാൽ, ദൈവത്തിന്‍റെ വചനം ദുഷിക്കപ്പെടാൻ ഇടവരുകയില്ല.  അതുപോലെ, സുബോധമുള്ളവരായിരിക്കാൻ യുവാക്കന്മാരെയും ഉദ്‌ബോധിപ്പിക്കുക.  സകലത്തിലും നിന്നെത്തന്നെ സത്‌പ്രവൃത്തികൾക്ക് ഒരു മാതൃകയാക്കി കാണിക്കുക; നിന്‍റെ പ്രബോധനങ്ങൾ നിർമലമായിരിക്കട്ടെ; ഗൗരവബോധമുള്ളവനും  ആർക്കും കുറ്റംപറയാനാകാത്തവിധം സംസാരത്തിൽ ഔചിത്യം പാലിക്കുന്നവനും ആയിരിക്കുക; അങ്ങനെയായാൽ, നമ്മെക്കുറിച്ച് ഒരു ദോഷവും പറയാൻ വക കാണാതെ എതിരാളി ലജ്ജിച്ചുപോകും.  ദാസന്മാർ തങ്ങളുടെ യജമാനന്മാർക്കു സകലത്തിലും കീഴടങ്ങിയിരുന്നുകൊണ്ട് അവരെ പ്രസാദിപ്പിക്കേണ്ടതാകുന്നു; അവരോട്‌ ഒന്നും മറുത്തുപറയുകയും അരുത്‌. 10  അവർ ഒന്നും അപഹരിച്ചെടുക്കാതെ പൂർണവിശ്വസ്‌തത കാണിക്കട്ടെ. അങ്ങനെ, സകലത്തിലും നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെ പ്രബോധനത്തെ അലങ്കരിക്കാൻ അവർക്കു കഴിയും. 11  സകലതരം മനുഷ്യർക്കും രക്ഷ പ്രദാനം ചെയ്യുന്ന ദൈവകൃപ വെളിപ്പെട്ടിരിക്കുന്നുവല്ലോ. 12  മഹത്തായ പ്രത്യാശയുടെ സാക്ഷാത്‌കാരത്തിനും മഹാദൈവത്തിന്‍റെയും നമ്മുടെ രക്ഷകനായ ക്രിസ്‌തുയേശുവിന്‍റെയും തേജോമയമായ പ്രത്യക്ഷതയ്‌ക്കുമായി കാത്തിരിക്കവെ, 13  ഭക്തിവിരുദ്ധമായ ജീവിതരീതികളും ലൗകികമോഹങ്ങളും വർജിച്ച് ഈ ലോകത്തിൽ സുബോധമുള്ളവരും നീതിനിഷ്‌ഠരും ദൈവഭക്തിയുള്ളവരുമായി ജീവിക്കാൻ അതു നമ്മെ പ്രബോധിപ്പിക്കുന്നു. 14  സകല അധർമത്തിൽനിന്നും നമ്മെ വീണ്ടെടുത്ത്‌ സത്‌പ്രവൃത്തികളിൽ ശുഷ്‌കാന്തിയുള്ള സ്വന്തജനമായി ശുദ്ധീകരിച്ചെടുക്കേണ്ടതിന്‌ ക്രിസ്‌തു നമുക്കുവേണ്ടി തന്നെത്തന്നെ അർപ്പിച്ചുവല്ലോ. 15  പൂർണ അധികാരത്തോടെ ഈ കാര്യങ്ങളെല്ലാം ഉദ്‌ഘോഷിക്കുക; പ്രബോധിപ്പിക്കുക; ശാസിക്കുക. ആരും നിന്നെ തുച്ഛീകരിക്കാതിരിക്കട്ടെ.

അടിക്കുറിപ്പുകള്‍

തീത്തൊ 2:1* അക്ഷരാർഥം, ആരോഗ്യദായകമായ ഉപദേശത്തിന്‌
തീത്തൊ 2:2* അക്ഷരാർഥം, ആരോഗ്യമുള്ളവരും