കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

ഗലാത്യർ 6:1-18

6  സഹോദരന്മാരേ, ഒരുവൻ അറിയാതെയാണ്‌ ഒരു തെറ്റു ചെയ്യുന്നതെങ്കിൽപ്പോലും ആത്മീയരായ നിങ്ങൾ അവനെ യഥാസ്ഥാനപ്പെടുത്താൻ നോക്കേണ്ടതാണ്‌; എന്നാൽ അത്‌ സൗമ്യതയുടെ ആത്മാവിലായിരിക്കണം; ഒപ്പം നിങ്ങളും പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ.  തമ്മിൽത്തമ്മിൽ ഭാരങ്ങൾ ചുമക്കുവിൻ; അങ്ങനെ, ക്രിസ്‌തുവിന്‍റെ പ്രമാണം നിവർത്തിക്കുവിൻ.  താൻ ഒന്നുമല്ലാതിരിക്കെ, മഹാനാണെന്നു നടിക്കുന്നവൻ തന്നെത്തന്നെ വഞ്ചിക്കുന്നു.  ഓരോരുത്തനും താന്താന്‍റെ പ്രവൃത്തി ശോധനചെയ്യട്ടെ. അപ്പോൾ, തന്നെ മറ്റാരുമായും താരതമ്യപ്പെടുത്താതെ അവനു തന്നിൽത്തന്നെ അഭിമാനിക്കാൻ വകയുണ്ടാകും.  ഓരോരുത്തനും താന്താന്‍റെ ചുമടു ചുമക്കണമല്ലോ.  വചനം പഠിക്കുന്ന ഏതൊരുവനും പഠിപ്പിക്കുന്നവന്‌ എല്ലാ നന്മയിലും പങ്കു നൽകട്ടെ.  വഞ്ചിക്കപ്പെടരുത്‌: ദൈവത്തെ കബളിപ്പിക്കാനാവില്ല. ഒരുവൻ വിതയ്‌ക്കുന്നതുതന്നെ കൊയ്യും;  ജഡത്തിനുവേണ്ടി വിതയ്‌ക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിനുവേണ്ടി വിതയ്‌ക്കുന്നവനോ ആത്മാവിൽനിന്നു നിത്യജീവൻ കൊയ്യും.  അതുകൊണ്ട് നന്മ ചെയ്യുന്നതിൽ മടുത്തുപോകരുത്‌. തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും. 10  ആകയാൽ സമയം അനുകൂലമായിരിക്കുന്നിടത്തോളം നമുക്ക് സകലർക്കും നന്മ ചെയ്യാം; വിശേഷാൽ സഹവിശ്വാസികളായവർക്ക്.* 11  സ്വന്തം കൈപ്പടയിൽ എത്ര വലിയ അക്ഷരത്തിലാണു ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നതെന്നു നോക്കുക! 12  പരിച്ഛേദനയേൽക്കാൻ നിങ്ങളെ നിർബന്ധിക്കുന്നത്‌ ജഡത്തിൽ മാന്യത പ്രദർശിപ്പിക്കാൻ നോക്കുന്നവരത്രേ. ക്രിസ്‌തുയേശുവിന്‍റെ ദണ്ഡനസ്‌തംഭംനിമിത്തം പീഡനമേൽക്കാൻ ഒരുക്കമല്ലാത്തതുകൊണ്ടുമാത്രമാണ്‌ അവർ അങ്ങനെ ചെയ്യുന്നത്‌. 13  പരിച്ഛേദനയേൽക്കുന്ന അവർതന്നെയും ന്യായപ്രമാണം പാലിക്കുന്നില്ല; എന്നാൽ നിങ്ങളുടെ ശരീരത്തെച്ചൊല്ലി വമ്പുപറയാൻ കഴിയേണ്ടതിന്‌ നിങ്ങൾ പരിച്ഛേദനയേൽക്കാൻ അവർ ആഗ്രഹിക്കുകയും ചെയ്യുന്നു. 14  എനിക്കോ, നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്‍റെ ദണ്ഡനസ്‌തംഭത്തിലല്ലാതെ പ്രശംസിക്കാൻ ഇടവരാതിരിക്കട്ടെ; അവനാൽ ലോകം എന്‍റെ ദൃഷ്ടിയിലും ഞാൻ ലോകത്തിന്‍റെ ദൃഷ്ടിയിലും സ്‌തംഭത്തിൽ തറയ്‌ക്കപ്പെട്ടിരിക്കുന്നു. 15  പരിച്ഛേദനയല്ല, അഗ്രചർമവുമല്ല, ഒരു പുതിയ സൃഷ്ടിയാകുന്നതത്രേ പ്രധാനം. 16  ഈ പ്രമാണമനുസരിച്ചു നടക്കുന്ന ഏവർക്കും ദൈവത്തിന്‍റെ ഇസ്രായേലിനും സമാധാനവും കരുണയും ലഭിക്കുമാറാകട്ടെ. 17  ഇനി ആരും എന്നെ ബുദ്ധിമുട്ടിക്കരുത്‌; എന്തെന്നാൽ യേശുവിന്‍റെ അടിമയാണെന്നു കാണിക്കുന്ന ചൂടടയാളങ്ങൾ ഞാൻ എന്‍റെ ശരീരത്തിൽ വഹിക്കുന്നു. 18  സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്‍റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ* ഇരിക്കുമാറാകട്ടെ. ആമേൻ.

അടിക്കുറിപ്പുകള്‍

ഗലാ 6:10* അല്ലെങ്കിൽ, വിശ്വാസത്താൽ നമ്മുടെ കുടുംബാംഗങ്ങളായിത്തീർന്നവർക്ക്
ഗലാ 6:18* അല്ലെങ്കിൽ, നിങ്ങൾ കാണിക്കുന്ന മനോഭാവം