കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

ഗലാത്യർ 5:1-26

5  ആ സ്വാതന്ത്ര്യത്തിനായിട്ടത്രേ ക്രിസ്‌തു നമ്മെ മോചിപ്പിച്ചത്‌; ആകയാൽ അതിൽ ഉറച്ചുനിൽക്കുവിൻ; വീണ്ടും നിങ്ങൾ അടിമനുകത്തിൻകീഴിലാകാൻ ഇടവരരുത്‌.  നിങ്ങൾ പരിച്ഛേദനയേൽക്കുന്നെങ്കിൽ ക്രിസ്‌തുവിനെക്കൊണ്ടു നിങ്ങൾക്ക് ഒരു പ്രയോജനവുമില്ലെന്ന് പൗലോസ്‌ എന്ന ഞാൻ നിങ്ങളോടു പറയുന്നു.  പരിച്ഛേദനയേൽക്കുന്ന ഏതൊരുവനോടും ഞാൻ വീണ്ടും പറയുന്നു: അവൻ ന്യായപ്രമാണം മുഴുവൻ പാലിക്കാൻ കടപ്പെട്ടവനാണ്‌.  ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ശ്രമിക്കുന്ന നിങ്ങൾ ക്രിസ്‌തുവിൽനിന്ന് അകന്നുപോയിരിക്കുന്നു; അവന്‍റെ കൃപയിൽനിന്നു വീണുപോയിരിക്കുന്നു.  ഞങ്ങളോ ആത്മാവിന്‍റെ സഹായത്താൽ, വിശ്വാസത്തിലൂടെയുള്ള നീതീകരണത്തിനായി പ്രത്യാശയോടെ കാത്തിരിക്കുന്നു.  പരിച്ഛേദന ഏൽക്കുന്നതോ ഏൽക്കാതിരിക്കുന്നതോ അല്ല, സ്‌നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ ക്രിസ്‌തുയേശുവിൽ പ്രധാനം.  നിങ്ങൾ നന്നായി ഓടിയിരുന്നു. സത്യം അനുസരിക്കുന്നതിൽനിന്നു നിങ്ങളെ തടഞ്ഞത്‌ ആർ?  ഇത്തരമൊരു പ്രേരണ നിങ്ങളെ വിളിച്ചവനിൽനിന്ന് ഉണ്ടായതല്ല.  അൽപ്പം പുളിമാവ്‌ പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു. 10  കർത്താവിനോട്‌ ഏകീഭവിച്ചവരായ നിങ്ങൾക്ക് മറ്റൊരു കാഴ്‌ചപ്പാട്‌ ഉണ്ടാകുകയില്ലെന്ന് എനിക്കുറപ്പുണ്ട്. നിങ്ങളുടെ ഇടയിൽ കുഴപ്പമുണ്ടാക്കുന്നവൻ ആരുതന്നെയായാലും അവനു ശിക്ഷാവിധി ഉണ്ടാകും. 11  സഹോദരന്മാരേ, ഞാനിപ്പോഴും പരിച്ഛേദനയാണു പ്രസംഗിക്കുന്നതെങ്കിൽ ഞാൻ എന്തിനു പീഡിപ്പിക്കപ്പെടണം? ഞാൻ അതാണു പ്രസംഗിച്ചിരുന്നതെങ്കിൽ ദണ്ഡനസ്‌തംഭംനിമിത്തമുള്ള ഇടർച്ച ഉണ്ടാകുമായിരുന്നില്ലല്ലോ. 12  പരിച്ഛേദനയുടെ പേരിൽ നിങ്ങളെ തിരിച്ചുകളയാൻ നോക്കുന്നവർക്ക് ആ അംഗംതന്നെയങ്ങു ഛേദിച്ചുകളയരുതോ? 13  സഹോദരന്മാരേ, സ്വാതന്ത്ര്യത്തിലേക്കാണു നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്‌; എന്നാൽ ഈ സ്വാതന്ത്ര്യം ജഡാഭിലാഷങ്ങൾക്കു പ്രചോദനമാകാൻ ഇടവരുത്തരുത്‌; പ്രത്യുത, സ്‌നേഹത്തോടെ അന്യോന്യം ദാസരായി വർത്തിക്കുവിൻ. 14  “നിന്‍റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം” എന്ന ഏക കൽപ്പനയിൽ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു. 15  എന്നാൽ നിങ്ങൾ പരസ്‌പരം കടിച്ചുകീറുകയും വിഴുങ്ങിക്കളയുകയും ചെയ്യുന്നെങ്കിലോ? ഇങ്ങനെ, ഒരുവനാൽ ഒരുവൻ നശിച്ചുപോകാൻ ഇടവരാതെ സൂക്ഷിച്ചുകൊള്ളുവിൻ. 16  ആത്മാവിനെ അനുസരിച്ചു നടക്കുവിൻ; അപ്പോൾ ജഡാഭിലാഷങ്ങൾ തൃപ്‌തിപ്പെടുത്താൻ നിങ്ങൾ മുതിരുകയില്ല. 17  ജഡാഭിലാഷം ആത്മാവിനും ആത്മാഭിലാഷം ജഡത്തിനും എതിരാണ്‌; ഇവ പരസ്‌പരവിരുദ്ധങ്ങളാകയാൽ നിങ്ങൾ ആഗ്രഹിക്കുന്നതു ചെയ്യാൻ നിങ്ങൾക്കു കഴിയുന്നില്ല. 18  ആത്മാവിനാൽ നയിക്കപ്പെടുന്നവരാണെങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിന്‌ അധീനരല്ല. 19  ജഡത്തിന്‍റെ പ്രവൃത്തികൾ പരസംഗം, അശുദ്ധി, ദുർന്നടപ്പ്,* 20  വിഗ്രഹാരാധന, ഭൂതവിദ്യ, ശത്രുത, ശണ്‌ഠ, സ്‌പർധ, ക്രോധം, കലഹം, ഭിന്നത, ഭിന്നപക്ഷങ്ങൾ, 21  അസൂയ, മദ്യപാനം,* വെറിക്കൂത്ത്‌ തുടങ്ങിയവ ആകുന്നു. ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് മുമ്പത്തെപ്പോലെതന്നെ ഞാൻ വീണ്ടും നിങ്ങൾക്കു മുന്നറിയിപ്പു തരുന്നു. 22  എന്നാൽ ആത്മാവിന്‍റെ ഫലമോ സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നന്മ,* വിശ്വാസം, 23  സൗമ്യത, ആത്മനിയന്ത്രണം എന്നിവയാകുന്നു. ഇവയ്‌ക്കെതിരായി ഒരു ന്യായപ്രമാണവുമില്ല. 24  ക്രിസ്‌തുയേശുവിനുള്ളവർ തങ്ങളുടെ ജഡത്തെ അതിന്‍റെ സകല രാഗമോഹങ്ങളോടുംകൂടെ സ്‌തംഭത്തിൽ തറച്ചിരിക്കുന്നു. 25  നാം ആത്മാവിനാൽ ജീവിക്കുന്നെങ്കിൽ നമുക്ക് ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്യാം. 26  അന്യോന്യം വെല്ലുവിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ട് നമുക്ക് ദുരഭിമാനികൾ ആകാതിരിക്കാം.

അടിക്കുറിപ്പുകള്‍

ഗലാ 5:19* ഗ്രീക്കിൽ, അസെൽജിയ. ഈ പദം, ഒരുവൻ ധിക്കാരത്തോടെയും പുച്ഛത്തോടെയും ദൈവിക നിയമങ്ങൾ ലംഘിക്കുന്നതിനെ കുറിക്കുന്നു.
ഗലാ 5:21* ഗ്രീക്ക് പദം, ഉന്മത്തനാകാൻ നിയന്ത്രണം വിട്ട് മദ്യപിക്കുന്നതിനെ കുറിക്കുന്നു.
ഗലാ 5:22റോമർ 15:14-ന്‍റെ അടിക്കുറിപ്പു കാണുക.