കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

ഗലാത്യർ 3:1-29

3  ഹേ, ബുദ്ധിയില്ലാത്ത ഗലാത്യരേ, സ്‌തംഭത്തിൽ തറയ്‌ക്കപ്പെട്ടവനായി യേശുക്രിസ്‌തുവിനെ നിങ്ങളുടെ കൺമുമ്പിൽ സ്‌പഷ്ടമായി വരച്ചുകാട്ടിയിരിക്കെ, നിങ്ങളെ ക്ഷുദ്രംചെയ്‌തു വശീകരിച്ചതാർ?  നിങ്ങളിൽനിന്ന് ഇതൊന്നുമാത്രം എനിക്കറിഞ്ഞാൽ മതി: നിങ്ങൾക്ക് ആത്മാവിനെ* ലഭിച്ചത്‌ നിങ്ങൾ ന്യായപ്രമാണം അനുഷ്‌ഠിച്ചതിനാലോ, അതോ ഘോഷിക്കപ്പെട്ട വചനം കേട്ടു വിശ്വസിച്ചതിനാലോ?  ആത്മാവിൽ ആരംഭിച്ചിട്ട് ജഡത്തിൽ അവസാനിപ്പിക്കാൻമാത്രം നിങ്ങൾ ഇത്ര ബുദ്ധിഹീനരോ?  നിങ്ങൾ ഇത്രയേറെ കഷ്ടം സഹിച്ചത്‌ വെറുതെയോ? വെറുതെയെന്ന് എനിക്കു വിശ്വസിക്കാനാകുന്നില്ല!  നിങ്ങൾക്ക് ആത്മാവിനെ നൽകി നിങ്ങളുടെ ഇടയിൽ വീര്യപ്രവൃത്തികൾ ചെയ്യുന്നവൻ അതെല്ലാം ചെയ്യുന്നത്‌ ന്യായപ്രമാണത്തിന്‍റെ അനുഷ്‌ഠാനംനിമിത്തമോ വചനം കേട്ടു വിശ്വസിച്ചതിനാലോ?  അബ്രാഹാം “യഹോവയിൽ വിശ്വസിച്ചു; അത്‌ അവനു നീതിയായി കണക്കിട്ടു” എന്നുണ്ടല്ലോ.  ആകയാൽ വിശ്വാസം മുറുകെപ്പിടിക്കുന്നവരത്രേ അബ്രാഹാമിന്‍റെ മക്കൾ എന്നു നിങ്ങൾ അറിയുന്നുവല്ലോ.  വിജാതീയരെ ദൈവം വിശ്വാസത്താൽ നീതീകരിക്കുമെന്നത്‌ തിരുവെഴുത്തു മുൻകണ്ടിട്ട്, “നീ മുഖാന്തരം സകല ജനതകളും അനുഗ്രഹിക്കപ്പെടും” എന്ന സദ്വാർത്ത അബ്രാഹാമിനോടു മുൻകൂട്ടി അറിയിച്ചു.  അങ്ങനെ, വിശ്വാസം മുറുകെപ്പിടിക്കുന്നവർ വിശ്വസ്‌തനായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു. 10  ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻകീഴിലാണ്‌; കാരണം, “ന്യായപ്രമാണപുസ്‌തകത്തിൽ എഴുതിയിരിക്കുന്ന സകലതും പാലിച്ച് അതിൽ നിലനിൽക്കാത്തവൻ ശപിക്കപ്പെട്ടവൻ” എന്ന് എഴുതിയിരിക്കുന്നു. 11  ആരും ന്യായപ്രമാണത്താൽ ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതും സ്‌പഷ്ടമാണ്‌; എന്തെന്നാൽ, “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നാണ്‌ എഴുതിയിരിക്കുന്നത്‌. 12  ഇനി, ന്യായപ്രമാണത്തിന്‌ ആധാരമായിരിക്കുന്നതു വിശ്വാസമല്ല; “അതു പാലിക്കുന്നവൻ അതിനാൽ ജീവിക്കും” എന്നല്ലോ പറഞ്ഞിരിക്കുന്നത്‌. 13  “മരത്തിൽ* തൂക്കപ്പെട്ട ഏവനും ശപിക്കപ്പെട്ടവൻ” എന്ന് എഴുതിയിരിക്കുന്നപ്രകാരം ക്രിസ്‌തു നമുക്കുവേണ്ടി ശാപമായിത്തീർന്ന് നമ്മെ വിലയ്‌ക്കുവാങ്ങി ന്യായപ്രമാണത്തിന്‍റെ ശാപത്തിൽനിന്നു നമ്മെ വിടുവിച്ചു; 14  അബ്രാഹാമിനു നൽകപ്പെട്ട അനുഗ്രഹം യേശുക്രിസ്‌തു മുഖാന്തരം സകല ജനതകൾക്കും ലഭിക്കേണ്ടതിനും അങ്ങനെ നാം ആത്മാവെന്ന വാഗ്‌ദാനം വിശ്വാസത്താൽ പ്രാപിക്കേണ്ടതിനുംതന്നെ. 15  സഹോദരന്മാരേ, മനുഷ്യരുടെ ഇടയിൽ നടപ്പുള്ള ഒരു കാര്യം ഞാൻ ദൃഷ്ടാന്തമായി പറയാം: മനുഷ്യർ ചെയ്യുന്ന ഉടമ്പടിപോലും ഒരിക്കൽ ഉറപ്പിച്ചുകഴിഞ്ഞാൽ പിന്നെ ആരും അത്‌ അസാധുവാക്കുകയോ അതിനോട്‌ എന്തെങ്കിലും കൂട്ടിച്ചേർക്കുകയോ ചെയ്യുകയില്ലല്ലോ. 16  വാഗ്‌ദാനം ലഭിച്ചത്‌ അബ്രാഹാമിനും അവന്‍റെ സന്തതിക്കുമാണ്‌. പലരെ സൂചിപ്പിക്കുംവിധം, “സന്തതികൾക്കും” എന്നല്ല, ഒരുവനെമാത്രം ഉദ്ദേശിച്ച്, “നിന്‍റെ സന്തതിക്കും” എന്നാണു പറയുന്നത്‌; അതു ക്രിസ്‌തുതന്നെ. 17  ഞാൻ പറയുന്നത്‌ ഇതാണ്‌: ദൈവം ഉടമ്പടി ഉറപ്പിച്ച് നാനൂറ്റി മുപ്പതു വർഷത്തിനുശേഷം നിലവിൽവന്ന ന്യായപ്രമാണം ആ ഉടമ്പടിയെ അസാധുവാക്കുന്നില്ല; അതുകൊണ്ട് ന്യായപ്രമാണം വാഗ്‌ദാനത്തെ നീക്കിക്കളയുന്നില്ല. 18  അവകാശം ലഭിക്കുന്നത്‌ ന്യായപ്രമാണത്താൽ ആണെങ്കിൽ പിന്നെ അതു വാഗ്‌ദാനത്താൽ എന്നു വരുകയില്ലല്ലോ. എന്നാൽ അബ്രാഹാമിന്‌ അതു വാഗ്‌ദാനത്തിലൂടെ നൽകാനത്രേ ദൈവം കനിഞ്ഞത്‌. 19  അങ്ങനെയെങ്കിൽ, ന്യായപ്രമാണം എന്തിനായിരുന്നു? വാഗ്‌ദത്തസന്തതി* വരുവോളം ലംഘനങ്ങളെ വെളിപ്പെടുത്തേണ്ടതിനത്രേ അതു കൂട്ടിച്ചേർക്കപ്പെട്ടത്‌. ദൂതന്മാർവഴി ഒരു മധ്യസ്ഥൻ മുഖാന്തരം അതു നൽകപ്പെട്ടു. 20  ഒന്നിലധികം പേരുള്ളപ്പോഴാണല്ലോ മധ്യസ്ഥന്‍റെ ആവശ്യം; വാഗ്‌ദാനത്തിന്‍റെ കാര്യത്തിൽ അങ്ങനെയല്ല; ഇവിടെ ദൈവം ഒരുവനേയുള്ളൂ. 21  അപ്പോൾ ന്യായപ്രമാണം ദൈവത്തിന്‍റെ വാഗ്‌ദാനങ്ങൾക്കു വിരുദ്ധമോ? ഒരിക്കലുമല്ല! നൽകപ്പെട്ട നിയമസംഹിത ജീവൻ നൽകാൻ പര്യാപ്‌തമായിരുന്നെങ്കിൽ നീതീകരണവും അതിലൂടെ സാധ്യമാകുമായിരുന്നു. 22  എന്നാൽ വിശ്വസിക്കുന്നവർക്ക് യേശുക്രിസ്‌തുവിലുള്ള വിശ്വാസംമൂലം വാഗ്‌ദാനം ലഭിക്കേണ്ടതിന്‌ തിരുവെഴുത്ത്‌ സകലരെയും പാപത്തിന്‍റെ അധീനതയിലേക്കു വിട്ടുകൊടുത്തു. 23  വിശ്വാസം വന്നെത്തുന്നതിനുമുമ്പ്, ന്യായപ്രമാണത്തിന്‍റെ ബന്ധനത്തിൽ ഏൽപ്പിക്കപ്പെട്ടിരുന്ന നാം വെളിപ്പെടാനിരുന്ന വിശ്വാസത്തിനായി കാത്തുകൊണ്ട് ആ കാവലിൽ കഴിഞ്ഞു. 24  അങ്ങനെ, വിശ്വാസത്താൽ നാം നീതീകരിക്കപ്പെടേണ്ടതിന്‌ ന്യായപ്രമാണം നമ്മെ ക്രിസ്‌തുവിലേക്കു നയിക്കുന്ന ശിശുപാലകനായിത്തീർന്നു.* 25  എന്നാൽ വിശ്വാസം വന്നെത്തിയ നിലയ്‌ക്ക് നാം ഇനി ശിശുപാലകന്‍റെ കീഴിലല്ല. 26  ക്രിസ്‌തുയേശുവിലുള്ള വിശ്വാസത്താൽ നിങ്ങളേവരും ദൈവമക്കളാകുന്നു.* 27  സ്‌നാനമേറ്റു ക്രിസ്‌തുവിനോടു ചേർന്ന നിങ്ങളേവരും ക്രിസ്‌തുവിനെ ധരിച്ചിരിക്കുന്നുവല്ലോ. 28  അതിൽ യഹൂദനോ ഗ്രീക്കുകാരനോ എന്നില്ല; അടിമയോ സ്വതന്ത്രനോ എന്നില്ല; സ്‌ത്രീയോ പുരുഷനോ എന്നുമില്ല; ക്രിസ്‌തുയേശുവിൽ നിങ്ങൾ ഏവരും ഒന്നത്രേ. 29  ക്രിസ്‌തുവിനുള്ളവരെങ്കിലോ നിങ്ങൾ അബ്രാഹാമിന്‍റെ സന്തതിയും വാഗ്‌ദാനപ്രകാരമുള്ള അവകാശികളും ആകുന്നു.

അടിക്കുറിപ്പുകള്‍

ഗലാ 3:2* അനുബന്ധം 8 കാണുക.
ഗലാ 3:13* മരത്തൂണിനെ കുറിക്കുന്നു.
ഗലാ 3:19* അക്ഷരാർഥം, വാഗ്‌ദാനം ലഭിച്ച സന്തതി
ഗലാ 3:24* കുട്ടികളുടെ രക്ഷിതാവോ സംരക്ഷകനോ ആയി പ്രവർത്തിച്ചിരുന്നയാളെ സൂചിപ്പിക്കുന്ന പദം.
ഗലാ 3:26* അക്ഷരാർഥം, ദൈവത്തിന്‍റെ പുത്രന്മാരാകുന്നു.