കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

കൊലൊസ്സ്യർ 4:1-18

4  യജമാനന്മാരേ, സ്വർഗത്തിൽ നിങ്ങൾക്കും ഒരു യജമാനൻ ഉണ്ടെന്നോർത്ത്‌ നിങ്ങളുടെ ദാസന്മാരോട്‌ നീതിയും ന്യായവും പ്രവർത്തിക്കുവിൻ.  പ്രാർഥനയിൽ ഉറ്റിരിക്കുവിൻ; കൃതജ്ഞതാസ്‌തോത്രങ്ങളോടെ ഉണർന്നിരുന്നു പ്രാർഥിക്കുവിൻ.  ഞങ്ങൾക്കുവേണ്ടിയും പ്രാർഥിക്കുവിൻ; എന്‍റെ ബന്ധനത്തിനു കാരണമായ ക്രിസ്‌തുവിന്‍റെ പാവനരഹസ്യം പ്രസ്‌താവിക്കാൻ ദൈവം ഞങ്ങൾക്കു വചനത്തിന്‍റെ വാതിൽ തുറന്നുതരേണ്ടതിനും  എന്‍റെ കടമയ്‌ക്കൊത്തവിധം അതു വ്യക്തമാക്കിക്കൊടുക്കാൻ എനിക്കു കഴിയേണ്ടതിനുംതന്നെ.  പുറത്തുള്ളവരോടു ജ്ഞാനത്തോടെ വർത്തിക്കുവിൻ. സമയം പൂർണമായി പ്രയോജനപ്പെടുത്തിക്കൊള്ളുവിൻ.*  നിങ്ങളുടെ സംസാരം ഉപ്പിനാൽ രുചിവരുത്തിയതുപോലെ ഹൃദ്യമായിരിക്കട്ടെ; അങ്ങനെ, ഓരോരുത്തരോടും യഥോചിതം സംസാരിക്കാൻ അറിയുന്നവരായിരിക്കുക.  എന്‍റെ പ്രിയ സഹോദരനും കർത്താവിൽ വിശ്വസ്‌ത ശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ്‌ എന്‍റെ വിശേഷങ്ങളെല്ലാം നിങ്ങളെ അറിയിക്കും.  ഞങ്ങളുടെ വിവരങ്ങൾ നിങ്ങളെ അറിയിക്കാനും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കാനുമത്രേ ഞാൻ അവനെ അയയ്‌ക്കുന്നത്‌.  നിങ്ങളിലൊരുവനും എന്‍റെ പ്രിയപ്പെട്ട വിശ്വസ്‌ത സഹോദരനുമായ ഒനേസിമൊസിനോടൊപ്പമാണ്‌ അവൻ വരുന്നത്‌. ഇവിടത്തെ കാര്യങ്ങളെല്ലാം അവർ നിങ്ങളെ അറിയിക്കും. 10  എന്‍റെ സഹതടവുകാരനായ അരിസ്‌തർഹൊസും ബർന്നബാസിന്‍റെ ബന്ധുവായ മർക്കോസും നിങ്ങളെ സ്‌നേഹം അറിയിക്കുന്നു. (മർക്കോസിനെപ്പറ്റി, അവൻ നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ സ്വാഗതം ചെയ്യാൻ നിങ്ങൾക്കു നിർദേശം ലഭിച്ചിട്ടുണ്ടല്ലോ.) 11  യുസ്‌തൊസ്‌ എന്നു വിളിക്കപ്പെടുന്ന യേശുവും നിങ്ങളെ സ്‌നേഹം അറിയിക്കുന്നു. പരിച്ഛേദനക്കാരിൽനിന്ന് ഇവർ മാത്രമാണ്‌ ദൈവരാജ്യത്തിനുവേണ്ടി എനിക്കിവിടെ കൂട്ടുവേലക്കാരായുള്ളത്‌. ഇവർ എനിക്ക് ബലപ്പെടുത്തുന്ന സഹായമായിത്തീർന്നു. 12  നിങ്ങളിലൊരുവനും ക്രിസ്‌തുയേശുവിന്‍റെ അടിമയുമായ എപ്പഫ്രാസ്‌ നിങ്ങൾക്ക് ആശംസകൾ അയയ്‌ക്കുന്നു. ഒടുവിൽ നിങ്ങൾ തികഞ്ഞവരും ദൈവഹിതത്തിലൊക്കെയും പൂർണനിശ്ചയമുള്ളവരുമായി നിലകൊള്ളേണ്ടതിന്‌ അവൻ നിങ്ങൾക്കുവേണ്ടി പ്രാർഥനയിൽ നിരന്തരം പോരാടിക്കൊണ്ടിരിക്കുന്നു. 13  നിങ്ങൾക്കും ലവൊദിക്യയിലും ഹിയരപൊലിയിലും ഉള്ളവർക്കുംവേണ്ടി അവൻ കഠിനമായി അധ്വാനിച്ചിരിക്കുന്നുവെന്നതിനു ഞാൻ സാക്ഷി. 14  വൈദ്യനായ പ്രിയ ലൂക്കോസും ദേമാസും നിങ്ങളെ സ്‌നേഹം അറിയിക്കുന്നു. 15  ലവൊദിക്യയിലുള്ള സഹോദരന്മാരെയും നുംഫയെയും അവളുടെ ഭവനത്തിലെ സഭയെയും എന്‍റെ അഭിവാദനം അറിയിക്കുക. 16  ഈ ലേഖനം നിങ്ങളുടെ ഇടയിൽ വായിച്ചു തീർന്നശേഷം ലവൊദിക്യസഭയിലും വായിക്കാൻ ഏർപ്പാടാക്കുക. ലവൊദിക്യയിൽനിന്നുള്ളതു നിങ്ങളും വായിക്കണം. 17  “കർത്താവിൽ നീ സ്വീകരിച്ച ശുശ്രൂഷ യോഗ്യമാംവണ്ണം നിറവേറ്റാൻ ശ്രദ്ധിക്കണം” എന്ന് അർഹിപ്പൊസിനോടു പറയുക. 18  ഇനി, പൗലോസ്‌ എന്ന ഞാൻ സ്വന്തകൈയാൽ എന്‍റെ ആശംസ എഴുതിയറിയിക്കുന്നു. എന്‍റെ ബന്ധനങ്ങളെ സദാ ഓർത്തുകൊള്ളുവിൻ. ദൈവകൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

അടിക്കുറിപ്പുകള്‍

കൊലോ 4:5* അക്ഷരാർഥം, സമയം വിലയ്‌ക്കുവാങ്ങുക.