കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

കൊലൊസ്സ്യർ 2:1-23

2  നിങ്ങൾക്കും ലവൊദിക്യയിലുള്ളവർക്കും എന്നെ നേരിൽ കണ്ടിട്ടില്ലാത്ത എല്ലാവർക്കുംവേണ്ടി ഞാൻ എത്രയധികം പോരാടുന്നുവെന്നു നിങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.  സുവ്യക്തവും സുനിശ്ചിതവുമായ ഗ്രാഹ്യത്തിന്‍റെ പൂർണസമ്പത്തും ദൈവത്തിന്‍റെ പാവനരഹസ്യമായ ക്രിസ്‌തുവിനെക്കുറിച്ചുള്ള പരിജ്ഞാനവും പ്രാപിക്കാൻ തക്കവണ്ണം അവരുടെ ഹൃദയങ്ങൾക്ക് ആശ്വാസം ലഭിക്കണമെന്നും അവർ സ്‌നേഹത്തിൽ ഒന്നായിത്തീരണമെന്നുമത്രേ എന്‍റെ താത്‌പര്യം.  ക്രിസ്‌തുവിലല്ലോ ജ്ഞാനത്തിന്‍റെയും പരിജ്ഞാനത്തിന്‍റെയും നിക്ഷേപങ്ങളൊക്കെയും ഗുപ്‌തമായിരിക്കുന്നത്‌.  വശ്യമായ വാദമുഖങ്ങളാൽ ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാനാണ്‌ ഞാൻ ഇതു പറയുന്നത്‌.  ശരീരംകൊണ്ടു ഞാൻ അകലെയാണെങ്കിലും മനസ്സുകൊണ്ട് നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ നല്ല ചിട്ടയും ക്രിസ്‌തുവിലുള്ള അടിയുറച്ച വിശ്വാസവും കണ്ട് ഞാൻ സന്തോഷിക്കുന്നു.  ആകയാൽ കർത്താവായ ക്രിസ്‌തുയേശുവിനെ സ്വീകരിച്ചിരിക്കുന്ന നിങ്ങൾ സദാ അവനോടുള്ള ഐക്യത്തിൽ നടക്കുവിൻ;  അവനിൽ വേരൂന്നിയും പണിതുയർത്തപ്പെട്ടും നിങ്ങളെ പഠിപ്പിച്ചതിനൊത്തവണ്ണം വിശ്വാസത്തിൽ സ്ഥിരചിത്തരായുമിരുന്ന് നിറഞ്ഞുകവിയുന്ന വിശ്വാസത്തോടെ കൃതജ്ഞതയർപ്പിച്ചുകൊണ്ടുതന്നെ.  സൂക്ഷിക്കുവിൻ! തത്ത്വജ്ഞാനത്താലും വഞ്ചകവും കഴമ്പില്ലാത്തതുമായ ആശയഗതികളാലും ആരും നിങ്ങളെ വശീകരിച്ച് കുടുക്കിലാക്കരുത്‌. അവയ്‌ക്ക് ആധാരം മാനുഷികപാരമ്പര്യങ്ങളും ലോകത്തിന്‍റെ ആദിപാഠങ്ങളുമാണ്‌; ക്രിസ്‌തുവിന്‍റെ ഉപദേശങ്ങളല്ല.  ക്രിസ്‌തുവിലല്ലോ ദിവ്യത്വത്തിന്‍റെ സർവസമ്പൂർണതയും മൂർത്തീഭവിച്ചിരിക്കുന്നത്‌. 10  എല്ലാ വാഴ്‌ചയ്‌ക്കും അധികാരത്തിനും ശിരസ്സായ അവനിലൂടെ നിങ്ങളും തികഞ്ഞവരായിരിക്കുന്നു. 11  ക്രിസ്‌തുവുമായുള്ള ബന്ധത്താൽ നിങ്ങൾ പരിച്ഛേദനയേൽക്കുകയും ചെയ്‌തിരിക്കുന്നു; കൈകളാൽ നിർവഹിക്കപ്പെടുന്ന പരിച്ഛേദനയല്ല; പാപശരീരത്തെ ഉരിഞ്ഞുകളയുന്ന ക്രിസ്‌തുവിന്‍റെ പരിച്ഛേദനതന്നെ. 12  നിങ്ങൾ ക്രിസ്‌തുവിന്‍റെ സ്‌നാനത്തിൽ അവനോടുകൂടെ അടക്കപ്പെട്ടു; അവനുമായുള്ള ബന്ധത്താൽ മരിച്ചവരിൽനിന്ന് അവനെ ഉയിർപ്പിച്ച ദൈവത്തിന്‍റെ പ്രവൃത്തിയിലുള്ള വിശ്വാസംമൂലം അവനോടുകൂടെ ഉയിർപ്പിക്കപ്പെടുകയും ചെയ്‌തു. 13  നിങ്ങൾ അതിക്രമങ്ങളാൽ മരിച്ചവരും അഗ്രചർമികളും ആയിരുന്നെങ്കിലും ദൈവം നിങ്ങളെ അവനോടുകൂടെ ജീവിപ്പിച്ചു. നമ്മുടെ അതിക്രമങ്ങളൊക്കെയും ക്ഷമിക്കാൻ ദൈവത്തിനു ദയതോന്നി; 14  നമുക്ക് എതിരായി നിലവിലിരുന്ന ലിഖിതനിയമത്തെ അവൻ മായ്‌ച്ചുകളഞ്ഞു; ചട്ടങ്ങളാൽ നമുക്കു പ്രതികൂലമായി നിലകൊണ്ട അതിനെ ദണ്ഡനസ്‌തംഭത്തിൽ തറച്ച് നമ്മുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു. 15  ദണ്ഡനസ്‌തംഭത്താൽ അവൻ വാഴ്‌ചകളെയും അധികാരങ്ങളെയും ആയുധംവെപ്പിച്ച് അധീനപ്പെടുത്തി ജയഘോഷയാത്രയിൽ അവയെ പരസ്യമായി അവഹേളനാപാത്രങ്ങളാക്കി. 16  ആകയാൽ ഭക്ഷണപാനീയങ്ങൾ സംബന്ധിച്ചോ പെരുന്നാൾ, അമാവാസി, ശബത്ത്‌ എന്നിവയുടെ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കാതിരിക്കട്ടെ. 17  അവ വരാനിരിക്കുന്നവയുടെ വെറും നിഴലത്രേ; പൊരുളോ ക്രിസ്‌തുവിനുള്ളത്‌. 18  കപടവിനയത്തിലും ദൂതന്മാരുടെ ആരാധനയിലും രസിക്കുന്ന ആരും നിങ്ങളെ സമ്മാനത്തിന്‌ അയോഗ്യരാക്കാതിരിക്കട്ടെ. അവർ, തങ്ങൾ ദർശിക്കുന്ന കാര്യങ്ങളിൽ ശാഠ്യംപൂണ്ട് ജഡികചിന്തയോടെ വെറുതെ ചീർക്കുന്നവരത്രേ. 19  ശിരസ്സാകുന്ന ക്രിസ്‌തുവിൽനിന്നു ബന്ധമറ്റവരാണ്‌ ഇവർ; ശിരസ്സായവനിൽനിന്നല്ലോ സന്ധിബന്ധങ്ങളാലും നാഡീഞരമ്പുകളാലും ഏകീഭവിച്ചും പോഷണം ലഭിച്ചുമിരിക്കുന്ന ശരീരം മുഴുവൻ ദൈവഹിതപ്രകാരം വളർച്ച പ്രാപിക്കുന്നത്‌. 20  നിങ്ങൾ ലോകത്തിന്‍റെ ആദിപാഠങ്ങൾ സംബന്ധിച്ച് ക്രിസ്‌തുവിനോടുകൂടെ മരിച്ചെങ്കിൽ, പിന്നെ ലോകത്തിൽ ജീവിക്കുന്നവരെപ്പോലെ, 21  “തൊടരുത്‌, പിടിക്കരുത്‌, രുചിക്കരുത്‌” എന്നിങ്ങനെയുള്ള ചട്ടങ്ങൾക്കു കീഴ്‌പെട്ട് ജീവിക്കുന്നതെന്തിന്‌? 22  ഈ മാനുഷ കൽപ്പനകളും ഉപദേശങ്ങളും ഉപയോഗത്താൽ നശിച്ചുപോകുന്നവയെക്കുറിച്ചുള്ളതല്ലോ. 23  അവ സ്വഹിതപ്രകാരമുള്ള ഭക്തിപ്രകടനങ്ങളാലും വിനയചേഷ്ടകളാലും ദേഹപീഡനത്താലും ജ്ഞാനത്തിന്‍റെ പ്രതീതി ജനിപ്പിക്കുന്നെങ്കിലും ജഡാഭിലാഷങ്ങളെ അടക്കിനിറുത്തുന്നതിന്‌ ഉപകരിക്കുന്നില്ല.

അടിക്കുറിപ്പുകള്‍