കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

കൊലൊസ്സ്യർ 1:1-29

1  ദൈവേഷ്ടത്താൽ ക്രിസ്‌തുയേശുവിന്‍റെ അപ്പൊസ്‌തലനായിരിക്കുന്ന പൗലോസും സഹോദരനായ തിമൊഥെയൊസും  കൊലോസ്യയിലുള്ള വിശുദ്ധരും ക്രിസ്‌തുയേശുവിൽ വിശ്വസ്‌തരുമായ സഹോദരന്മാർക്ക് എഴുതുന്നത്‌: നമ്മുടെ പിതാവായ ദൈവത്തിൽനിന്ന് നിങ്ങൾക്ക് കൃപയും* സമാധാനവും ഉണ്ടാകുമാറാകട്ടെ.  നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുമ്പോഴെല്ലാം നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്‍റെ പിതാവായ ദൈവത്തിനു ഞങ്ങൾ നന്ദിയർപ്പിക്കുന്നു;  എന്തെന്നാൽ സ്വർഗത്തിൽ നിങ്ങൾക്കായി കരുതിയിരിക്കുന്ന പ്രത്യാശനിമിത്തം ക്രിസ്‌തുയേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടും നിങ്ങൾക്കുള്ള സ്‌നേഹത്തെയുംകുറിച്ച് ഞങ്ങൾ കേട്ടിരിക്കുന്നു.  നിങ്ങളോട്‌ അറിയിച്ച സുവിശേഷത്തിന്‍റെ സത്യവചനത്തിൽനിന്ന് ഈ പ്രത്യാശയെക്കുറിച്ചു നിങ്ങൾ മുമ്പുതന്നെ കേട്ടിട്ടുണ്ടല്ലോ.  സുവിശേഷം നിങ്ങളുടെ അടുക്കലെത്തിയിട്ട് ദൈവത്തിന്‍റെ കൃപയെക്കുറിച്ചുള്ള സത്യം നിങ്ങൾ കേൾക്കുകയും അതു പൂർണമായി ഗ്രഹിക്കുകയും ചെയ്‌ത നാൾമുതൽ സർവലോകത്തിലുമെന്നപോലെ അതു നിങ്ങളുടെ ഇടയിലും വളർന്നും ഫലം കായ്‌ച്ചും വരുന്നു.  ഞങ്ങൾക്കുവേണ്ടിയുള്ള ക്രിസ്‌തുവിന്‍റെ വിശ്വസ്‌ത ശുശ്രൂഷകനും ഞങ്ങളുടെ പ്രിയ സഹഭൃത്യനുമായ എപ്പഫ്രാസിൽനിന്നല്ലോ നിങ്ങൾ അതു പഠിച്ചത്‌.  അവൻ നിങ്ങളുടെ ആത്മീയസ്‌നേഹം ഞങ്ങളോട്‌ അറിയിച്ചിരിക്കുന്നു.  അതിനാൽ അതു കേട്ടനാൾമുതൽ ഞങ്ങൾ നിങ്ങൾക്കുവേണ്ടി ഇടവിടാതെ പ്രാർഥിക്കുന്നു; നിങ്ങൾ സകലജ്ഞാനവും ആത്മീയഗ്രാഹ്യവും ഉള്ളവരായി ദൈവഹിതത്തിന്‍റെ പരിജ്ഞാനംകൊണ്ട് നിറയണമെന്നുതന്നെ. 10  അങ്ങനെ, ദൈവപരിജ്ഞാനത്തിൽ വളരുകയും സകല സത്‌പ്രവൃത്തിയിലും ഫലം കായ്‌ക്കുകയും ചെയ്‌തുകൊണ്ട് യഹോവയെ പൂർണമായി പ്രസാദിപ്പിക്കുമാറ്‌ അവനു യോഗ്യമാംവിധം നടക്കാൻ നിങ്ങൾക്കു കഴിയട്ടെ. 11  അതോടൊപ്പം സന്തോഷത്തോടെ സകല സഹിഷ്‌ണുതയും ദീർഘക്ഷമയും കാണിക്കേണ്ടതിന്‌ അവന്‍റെ മഹത്ത്വത്തിന്‍റെ വല്ലഭത്വത്തിനൊത്തവിധം പൂർണശക്തിയോടെ നിങ്ങൾ ബലപ്പെടുമാറാകട്ടെ. 12  വെളിച്ചത്തിലുള്ള വിശുദ്ധന്മാരുടെ അവകാശത്തിൽ പങ്കുകാരാകാൻ നിങ്ങളെ യോഗ്യരാക്കിയ പിതാവിനു നന്ദിയർപ്പിക്കുവിൻ. 13  അവൻ നമ്മെ അന്ധകാരത്തിന്‍റെ അധികാരത്തിൽനിന്നു വിടുവിച്ച് തന്‍റെ അരുമപുത്രന്‍റെ രാജ്യത്തിലാക്കിവെച്ചു. 14  അവനിലൂടെ നമുക്ക് മറുവിലയാലുള്ള വിടുതൽ കൈവന്നിരിക്കുന്നു; നമ്മുടെ പാപങ്ങളുടെ മോചനംതന്നെ. 15  അവൻ അദൃശ്യനായ ദൈവത്തിന്‍റെ പ്രതിരൂപവും സകല സൃഷ്ടികൾക്കും ആദ്യജാതനും ആകുന്നു; 16  എന്തെന്നാൽ സ്വർഗത്തിലും ഭൂമിയിലുമുള്ള മറ്റെല്ലാം അവൻ മുഖാന്തരമത്രേ സൃഷ്ടിക്കപ്പെട്ടത്‌; ദൃശ്യമായതും അദൃശ്യമായതും, സിംഹാസനങ്ങളാകട്ടെ കർത്തൃത്വങ്ങളാകട്ടെ വാഴ്‌ചകളാകട്ടെ അധികാരങ്ങളാകട്ടെ എല്ലാം, അവനിലൂടെയും അവനായിട്ടും സൃഷ്ടിക്കപ്പെട്ടു. 17  അവൻ മറ്റെല്ലാറ്റിനും മുമ്പേയുള്ളവൻ; അവയെല്ലാം അവൻ മുഖാന്തരം ഉളവാക്കപ്പെട്ടു. 18  അവൻ സഭയെന്ന ശരീരത്തിന്‍റെ ശിരസ്സാകുന്നു. അവൻ മരിച്ചവരിൽനിന്നുള്ള ആദ്യജാതനും ആരംഭവും ആകുന്നു; ഇങ്ങനെ, അവൻ സകലത്തിലും ആദ്യനായിരിക്കുന്നു. 19  അവനിൽ സകലതും അതിന്‍റെ സമ്പൂർണതയിൽ കുടികൊള്ളണമെന്ന് ദൈവം തിരുമനസ്സായി. 20  ദണ്ഡനസ്‌തംഭത്തിൽ അവൻ ചൊരിഞ്ഞ രക്തത്താൽ സമാധാനം വരുത്തി ഭൂമിയിലും സ്വർഗത്തിലുമുള്ള എല്ലാറ്റിനെയും താനുമായി വീണ്ടും അനുരഞ്‌ജിപ്പിക്കാനും ദൈവത്തിനു പ്രസാദം തോന്നി. 21  ഒരുകാലത്തു നിങ്ങൾ ദുഷ്‌പ്രവൃത്തികളിൽ മനസ്സുപതിപ്പിച്ചവരായി ദൈവത്തിൽനിന്ന് അകന്നവരും അവന്‍റെ ശത്രുക്കളും ആയിരുന്നു. 22  ഇപ്പോഴാകട്ടെ, ദൈവം നിങ്ങളെ തന്‍റെ മുമ്പാകെ വിശുദ്ധരും കളങ്കമില്ലാത്തവരും അനിന്ദ്യരുമായി നിറുത്തേണ്ടതിന്‌, മരണം വരിച്ചവന്‍റെ ജഡത്താൽ അനുരഞ്‌ജിപ്പിച്ചിരിക്കുന്നു. 23  നിങ്ങളോ, കേട്ട സുവിശേഷത്തിന്‍റെ പ്രത്യാശയിൽനിന്നു വ്യതിചലിക്കാതെ അചഞ്ചലരും സുസ്ഥിരരുമായി വിശ്വാസത്തിൽ നിലനിൽക്കേണ്ടതാകുന്നു. ആകാശത്തിൻകീഴിലുള്ള സകല സൃഷ്ടികൾക്കുമിടയിൽ ഘോഷിക്കപ്പെട്ട ഈ സുവിശേഷത്തിന്‌ പൗലോസ്‌ എന്ന ഞാൻ ശുശ്രൂഷകനായിരിക്കുന്നു. 24  നിങ്ങൾക്കുവേണ്ടി കഷ്ടങ്ങൾ സഹിക്കേണ്ടിവരുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ക്രിസ്‌തുവിന്‍റെ ശരീരമാകുന്ന സഭയിലെ അംഗമെന്നനിലയിൽ ഞാൻ സഹിക്കേണ്ട കഷ്ടങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. 25  നിങ്ങൾക്കുവേണ്ടി ദൈവം എന്നെ ഭരമേൽപ്പിച്ച കാര്യവിചാരണയ്‌ക്ക് ഒത്തവണ്ണം, ദൈവവചനഘോഷണം പൂർണമായി നിർവഹിക്കേണ്ടതിന്‌ ഞാൻ സഭയുടെ ശുശ്രൂഷകനായി. 26  ഈ വചനം, പോയയുഗങ്ങൾക്കും* തലമുറകൾക്കും മറഞ്ഞിരുന്ന ഒരു പാവനരഹസ്യം ആയിരുന്നെങ്കിലും ഇപ്പോൾ അത്‌ അവന്‍റെ വിശുദ്ധന്മാർക്കു വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. 27  വിജാതീയരുടെ ഇടയിൽ ഈ പാവനരഹസ്യത്തിന്‍റെ മഹിമാതിരേകം എത്രയെന്ന് അറിയിക്കേണ്ടതിന്‌ അതു വിശുദ്ധന്മാർക്കു വെളിപ്പെടുത്താൻ ദൈവത്തിനു പ്രസാദം തോന്നി. പാവനരഹസ്യമോ, നിങ്ങളുടെ മഹത്ത്വത്തിന്‍റെ പ്രത്യാശയ്‌ക്ക് ആധാരമായി ക്രിസ്‌തു നിങ്ങളിലിരിക്കുന്നു എന്നതാകുന്നു. 28  അവനെക്കുറിച്ചാകുന്നു ഞങ്ങൾ ഘോഷിക്കുന്നത്‌. ഏതു മനുഷ്യനെയും ക്രിസ്‌തുവിൽ തികഞ്ഞവനായി നിറുത്താനാകേണ്ടതിന്‌ ഓരോരുത്തരെയും ഞങ്ങൾ ഉദ്‌ബോധിപ്പിക്കുകയും സകല ജ്ഞാനത്തോടുംകൂടെ പഠിപ്പിക്കുകയും ചെയ്യുന്നു. 29  ഈ ലക്ഷ്യം പ്രാപിക്കുന്നതിനുവേണ്ടിയത്രേ ഞാൻ കഠിനമായി അധ്വാനിക്കുന്നത്‌; എന്നിൽ വ്യാപരിക്കുന്ന അവന്‍റെ ശക്തിക്കൊത്തവണ്ണം യത്‌നിച്ചുകൊണ്ടുതന്നെ.

അടിക്കുറിപ്പുകള്‍

കൊലോ 1:2യോഹന്നാൻ 1:14-ന്‍റെ അടിക്കുറിപ്പു കാണുക.
കൊലോ 1:26* അല്ലെങ്കിൽ, വ്യവസ്ഥാപിതക്രമങ്ങൾക്കും