കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

എബ്രായർ 3:1-19

3  ആകയാൽ സ്വർഗീയ വിളിക്ക് ഓഹരിക്കാരായ വിശുദ്ധ സഹോദരന്മാരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്‌തലനും മഹാപുരോഹിതനുമായ യേശുവിനെക്കുറിച്ചു ചിന്തിക്കുവിൻ.  മോശ ദൈവഭവനത്തിലൊക്കെയും വിശ്വസ്‌തനായിരുന്നതുപോലെ അവനും, തന്നെ ആ വിധത്തിൽ നിയോഗിച്ചവനോട്‌ വിശ്വസ്‌തനായിരുന്നു.  എന്നാൽ യേശു മോശയെക്കാൾ ഏറെ മഹത്ത്വത്തിനു യോഗ്യനായി എണ്ണപ്പെടുന്നു; ഭവനം നിർമിക്കുന്നവന്‌ ഭവനത്തെക്കാൾ മഹത്ത്വമുണ്ടല്ലോ.  ഏതു ഭവനവും നിർമിക്കാൻ ഒരാൾ വേണം; സകലവും നിർമിച്ചവനോ ദൈവംതന്നെ.  ഒരു ഭൃത്യനെന്ന നിലയിൽ മോശ ദൈവഭവനത്തിലൊക്കെയും വിശ്വസ്‌തനായിരുന്നു; അവൻ ചെയ്‌ത സേവനമെല്ലാം, പിന്നീടു വെളിപ്പെടാനിരുന്നതിന്‌ ഒരു സാക്ഷ്യമായി.  ക്രിസ്‌തുവോ, ദൈവഭവനത്തിന്‍റെ അധികാരിയായ പുത്രനെന്ന നിലയിൽ വിശ്വസ്‌തനായിരുന്നു. നമ്മുടെ ധൈര്യവും പ്രത്യാശയിലുള്ള അഭിമാനവും നാം അവസാനത്തോളം മുറുകെപ്പിടിക്കുമെങ്കിൽ നാംതന്നെയാണ്‌ അവന്‍റെ ഭവനം.  ആകയാൽ പരിശുദ്ധാത്മാവിനാൽ* എഴുതപ്പെട്ടതുപോലെ, “ഇന്ന് നിങ്ങൾ എന്‍റെ* സ്വരം ശ്രവിക്കുന്നെങ്കിൽ  മരുഭൂമിയിലെ പരീക്ഷാനാളിൽ നിങ്ങളുടെ പിതാക്കന്മാർ എന്നെ പ്രകോപിപ്പിച്ചപ്പോൾ ചെയ്‌തതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്‌;  അവിടെ അവർ നാൽപ്പതുവർഷം എന്‍റെ പ്രവൃത്തികൾ കണ്ടിട്ടും എന്നെ പരീക്ഷിച്ചു. 10  അതുകൊണ്ട് ആ തലമുറയോട്‌ എനിക്കു കടുത്ത നീരസമുണ്ടായി; ‘അവരുടെ ഹൃദയം എപ്പോഴും വഴിപിഴച്ചുപോകുന്നു; അവർ എന്‍റെ വഴികൾ അറിഞ്ഞിട്ടില്ല’ എന്നു ഞാൻ അരുളിച്ചെയ്‌തു. 11  അങ്ങനെ, ‘അവർ എന്‍റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല’ എന്നു ഞാൻ എന്‍റെ ക്രോധത്തിൽ ആണയിട്ടു.” 12  സഹോദരന്മാരേ, നിങ്ങൾ ജീവനുള്ള ദൈവത്തിൽനിന്നു വിട്ടുമാറിയിട്ട് വിശ്വാസമില്ലാത്ത ഒരു ദുഷ്ടഹൃദയം നിങ്ങളിൽ ആരിലും രൂപപ്പെടാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ. 13  പാപത്തിന്‍റെ വഞ്ചകശക്തിയാൽ നിങ്ങളിൽ ആരും കഠിനഹൃദയരാകാതിരിക്കാൻ, “ഇന്ന്” എന്നു പറയാവുന്ന ഒരു ദിവസം ഉള്ളിടത്തോളം ദിനന്തോറും അന്യോന്യം ഉദ്‌ബോധിപ്പിച്ചുകൊള്ളുക. 14  നമുക്ക് ആദ്യമുണ്ടായിരുന്ന ആ ബോധ്യം അവസാനത്തോളം മുറുകെപ്പിടിക്കുന്നെങ്കിൽ മാത്രമേ നാം ക്രിസ്‌തുവിൽ ഓഹരിക്കാരാകൂ. 15  “ഇന്ന് നിങ്ങൾ എന്‍റെ സ്വരം ശ്രവിക്കുന്നെങ്കിൽ നിങ്ങളുടെ പിതാക്കന്മാർ എന്നെ പ്രകോപിപ്പിച്ചപ്പോൾ ചെയ്‌തതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്‌” എന്നു പറഞ്ഞിരിക്കുന്നുവല്ലോ. 16  ഇവിടെ, ആരാണ്‌ ദൈവത്തിന്‍റെ സ്വരം ശ്രവിച്ചിട്ടും അവനെ പ്രകോപിപ്പിച്ചത്‌? ഈജിപ്‌റ്റിൽനിന്നു മോശയുടെ നേതൃത്വത്തിൽ പുറപ്പെട്ടുപോന്ന സകലരും അങ്ങനെ ചെയ്‌തില്ലയോ? 17  അതുപോലെ, നാൽപ്പതുവർഷം ദൈവം കഠിനമായി നീരസപ്പെട്ടത്‌ ആരോടായിരുന്നു? പാപം ചെയ്‌തവരോടല്ലയോ? അവരുടെ ശവങ്ങൾ മരുഭൂമിയിൽ വീണു. 18  വാസ്‌തവത്തിൽ, അവർ തന്‍റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല എന്ന് അവൻ ആണയിട്ടത്‌ അനുസരണംകെട്ടവരോടല്ലാതെ മറ്റാരോടാണ്‌? 19  ഇങ്ങനെ, അവിശ്വാസംനിമിത്തമാണ്‌ അവർക്കു പ്രവേശിക്കാൻ കഴിയാതെവന്നതെന്നു നാം കാണുന്നു.

അടിക്കുറിപ്പുകള്‍

എബ്രാ 3:7* അനുബന്ധം 8 കാണുക.
എബ്രാ 3:7* അക്ഷരാർഥം, അവന്‍റെ