കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

എബ്രായർ 12:1-29

12  ആകയാൽ സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം* ചുറ്റും നിൽക്കുന്നതിനാൽ നമുക്കും, സർവഭാരവും മുറുകെച്ചുറ്റുന്ന പാപവും വിട്ട് മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സഹിഷ്‌ണുതയോടെ ഓടിത്തീർക്കാം;  നമ്മുടെ വിശ്വാസത്തിന്‍റെ ശ്രേഷ്‌ഠനായകനും അതിനു പൂർണത വരുത്തുന്നവനുമായ യേശുവിൽ ദൃഷ്ടി ഉറപ്പിച്ചുകൊണ്ടുതന്നെ നമുക്ക് ഓടാം. തന്‍റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്ത്‌ അവൻ അപമാനം വകവെക്കാതെ ക്ഷമയോടെ ദണ്ഡനസ്‌തംഭത്തിലെ മരണം ഏറ്റുവാങ്ങുകയും ദൈവസിംഹാസനത്തിന്‍റെ വലത്തുഭാഗത്ത്‌ ഉപവിഷ്ടനാകുകയും ചെയ്‌തു.  അതുകൊണ്ട് നിങ്ങൾ മനസ്സുമടുത്ത്‌ തളർന്നുപോകാതിരിക്കേണ്ടതിന്‌, തങ്ങൾക്കുതന്നെ ദ്രോഹം വരുത്തിവെച്ച പാപികളാൽ ഇത്രയേറെ നിന്ദ സഹിച്ചവനെ ഓർത്തുകൊള്ളുവിൻ.  പാപത്തോടുള്ള പോരാട്ടത്തിൽ നിങ്ങൾക്ക് ഇതുവരെ രക്തം ചൊരിയുവോളം എതിർത്തുനിൽക്കേണ്ടിവന്നിട്ടില്ല.  “മകനേ, യഹോവയുടെ ശിക്ഷണം നിസ്സാരമാക്കരുത്‌; അവൻ തിരുത്തുമ്പോൾ മടുത്തുപോകുകയുമരുത്‌;  കാരണം, താൻ സ്‌നേഹിക്കുന്നവരെ യഹോവ ശിക്ഷിക്കുന്നു; താൻ മകനായി കൈക്കൊള്ളുന്ന ഏവനെയും അവൻ അടിക്കുന്നു” എന്നിങ്ങനെ മക്കളെയെന്നപോലെ നിങ്ങളെ സംബോധന ചെയ്‌തുകൊണ്ടുള്ള ആ ഉപദേശം നിങ്ങൾ പാടേ മറന്നുകളഞ്ഞുവല്ലോ.  നിങ്ങളുടെ സഹനം ശിക്ഷണമായി ഭവിക്കുന്നു. മക്കളോടെന്നപോലെയത്രേ ദൈവം നിങ്ങളോടു പെരുമാറുന്നത്‌. അപ്പൻ ശിക്ഷിക്കാത്ത ഏതു മകനാണുള്ളത്‌?  എല്ലാവർക്കും ലഭിക്കുന്ന ശിക്ഷണം നിങ്ങൾക്കു ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ മക്കളല്ല, ജാരസന്തതികളത്രേ.  നമ്മുടെ ജഡികപിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോൾ നാം അവരെ ബഹുമാനിച്ചുപോന്നുവല്ലോ. അങ്ങനെയെങ്കിൽ, നാം ജീവിച്ചിരിക്കേണ്ടതിനായി, നമ്മുടെ ആത്മജീവന്‍റെ പിതാവിന്‌ എത്രയധികം കീഴ്‌പെടേണ്ടതാകുന്നു! 10  അവർ ശിക്ഷണം നൽകിയത്‌ അൽപ്പകാലത്തേക്കും ഉത്തമമെന്നു തങ്ങൾക്കു തോന്നിയ വിധത്തിലുമായിരുന്നു. എന്നാൽ അവനോ നാം അവന്‍റെ വിശുദ്ധിയിൽ പങ്കുകാരാകേണ്ടതിന്‌ നമ്മുടെ നന്മയ്‌ക്കായി ശിക്ഷണം നൽകുന്നു. 11  ഒരു ശിക്ഷയും തത്‌കാലത്തേക്കു സന്തോഷകരമല്ല, ദുഃഖകരംതന്നെയാണ്‌. എന്നാൽ അതിനാൽ പരിശീലനം നേടിക്കഴിഞ്ഞവർക്ക് അതു പിന്നീട്‌ നീതി എന്ന സമാധാനഫലം നൽകുന്നു. 12  അതുകൊണ്ട് തളർന്ന കൈകളും കുഴഞ്ഞ കാൽമുട്ടുകളും നിവർക്കുവിൻ. 13  അങ്ങനെ, മുടന്തുള്ളത്‌ ഉളുക്കിപ്പോകാതെ സുഖപ്പെടാൻ തക്കവിധം നിങ്ങളുടെ പാദങ്ങൾക്ക് നേരായ പാത ഒരുക്കുവിൻ. 14  എല്ലാവരോടും സമാധാനത്തിൽ വർത്തിച്ച് വിശുദ്ധീകരണത്തിനായി ഉത്സാഹിക്കുവിൻ. വിശുദ്ധീകരണം കൂടാതെ ഒരു മനുഷ്യനും കർത്താവിനെ ദർശിക്കുകയില്ല. 15  ആർക്കും ദൈവകൃപ നഷ്ടമാകാതിരിക്കാനും വല്ല വിഷവേരും വളർന്ന് അതിനാൽ കലക്കമുണ്ടായി അനേകർ മലിനപ്പെടാതിരിക്കാനും ശ്രദ്ധിച്ചുകൊള്ളുവിൻ. 16  ആരും ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി ജ്യേഷ്‌ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ പരസംഗിയോ വിശുദ്ധകാര്യങ്ങളെ മാനിക്കാത്തവനോ ആകാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. 17  പിന്നീട്‌ അനുഗ്രഹം പ്രാപിക്കാൻ ആഗ്രഹിച്ചപ്പോൾ അവൻ തിരസ്‌കരിക്കപ്പെട്ടുവെന്നും മനസ്സുമാറ്റാൻ കണ്ണീരോടെ അവൻ അപ്പനോടു യാചിച്ചെങ്കിലും അവന്‌ അതിനു കഴിഞ്ഞില്ലെന്നും നിങ്ങൾ അറിയുന്നുവല്ലോ. 18  നിങ്ങൾ സമീപിച്ചിരിക്കുന്നത്‌ സ്‌പർശിച്ചറിയാവുന്നതും തീ കത്തുന്നതുമായ പർവതത്തെയോ, മേഘതമസ്സ്, കൂരിരുട്ട്, കൊടുങ്കാറ്റ്‌, 19  കാഹളധ്വനി, വാക്കുകളുടെ മുഴക്കം എന്നിവയെയോ അല്ല; ആ മുഴക്കം കേട്ടവർ, ‘ഇനി ഒരു വാക്കും ഞങ്ങളോടു പറയരുതേ’ എന്ന് അപേക്ഷിച്ചു; 20  “പർവതത്തെ തൊടുന്നത്‌ ഒരു മൃഗമാണെങ്കിൽപ്പോലും അതിനെ കല്ലെറിഞ്ഞുകൊല്ലണം” എന്ന കൽപ്പനയാൽത്തന്നെ അവർ ഭയന്നുപോയിരുന്നു. 21  “ഞാൻ ഭയംകൊണ്ട് വിറയ്‌ക്കുന്നു” എന്ന് മോശപോലും പറയത്തക്കവിധം ആ കാഴ്‌ച അത്ര ഭയങ്കരമായിരുന്നു. 22  എന്നാൽ നിങ്ങൾ സമീപിച്ചിരിക്കുന്നത്‌ സീയോൻമലയെയും ജീവനുള്ള ദൈവത്തിന്‍റെ നഗരമായ സ്വർഗീയ യെരുശലേമിനെയും ആയിരമായിരം ദൂതന്മാരുടെ മഹാസദസ്സിനെയും 23  സ്വർഗത്തിൽ പേരുചാർത്തപ്പെട്ടിരിക്കുന്ന ആദ്യജാതന്മാരുടെ സഭയെയും സകലരുടെയും ന്യായാധിപതിയായ ദൈവത്തെയും പൂർണരാക്കപ്പെട്ടിരിക്കുന്ന നീതിമാന്മാരുടെ ആത്മജീവനെയും 24  പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശുവിനെയും ഹാബേലിന്‍റെ രക്തത്തെക്കാൾ ശ്രേഷ്‌ഠമായി സംസാരിക്കുന്ന, തളിക്കപ്പെട്ട രക്തത്തെയുമത്രേ. 25  അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ. ഭൂമിയിൽ തങ്ങൾക്കു ദിവ്യമുന്നറിയിപ്പു നൽകിയവനെ നിരസിച്ചവർ ശിക്ഷയിൽനിന്നു രക്ഷപ്പെട്ടില്ലെങ്കിൽ സ്വർഗത്തിൽനിന്ന് അരുളിച്ചെയ്യുന്നവനെ നിരസിച്ചാൽ രക്ഷപ്പെടുക എത്ര പ്രയാസം! 26  അന്ന് അവന്‍റെ ശബ്ദം ഭൂമിയെ ഇളക്കി. ഇപ്പോഴോ അവൻ, “ഞാൻ ഇനി ഒരിക്കൽക്കൂടി, ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. 27  “ഇനി ഒരിക്കൽക്കൂടി” എന്നത്‌ ഇളക്കമില്ലാത്തത്‌ നിലനിൽക്കേണ്ടതിന്‌ ഇളക്കമുള്ളവ, അഥവാ നിർമിതമായവ നീങ്ങിപ്പോകുമെന്നു സൂചിപ്പിക്കുന്നു. 28  ആകയാൽ നാം, ഇളക്കാനാകാത്ത ഒരു രാജ്യം പ്രാപിക്കാനിരിക്കുന്നതിനാൽ നമുക്ക് ദൈവകൃപയിൽ നിലനിൽക്കാം; അതിനാൽ നമുക്ക് ദൈവത്തിനു പ്രസാദമാകുംവിധം ഭയഭക്തിയോടെ അവനെ സേവിക്കാം.*  29  നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയുമാണല്ലോ.

അടിക്കുറിപ്പുകള്‍

എബ്രാ 12:1* അക്ഷരാർഥം, മേഘം
എബ്രാ 12:28* അഥവാ, അവന്‌ വിശുദ്ധസേവനം അനുഷ്‌ഠിക്കാം.