കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

എബ്രായർ 11:1-40

11  വിശ്വാസം എന്നതോ പ്രത്യാശിക്കുന്ന കാര്യങ്ങൾ സംഭവിക്കുമെന്ന ഉറച്ചബോധ്യവും കാണപ്പെടാത്ത കാര്യങ്ങളെക്കുറിച്ചുള്ള, തെളിവിലധിഷ്‌ഠിതമായ നിശ്ചയവുമാകുന്നു.  അതിനാലല്ലോ പൂർവികർക്ക് ദൈവപ്രീതിയുടെ സാക്ഷ്യം ലഭിച്ചത്‌.  പ്രപഞ്ചത്തിലുള്ളവയൊക്കെയും* ദൈവത്തിന്‍റെ വചനത്താൽ നിർമിക്കപ്പെട്ടുവെന്നും അങ്ങനെ, ഈ കാണുന്നവയെല്ലാം അദൃശ്യമായവയിൽനിന്ന് ഉളവായി എന്നും വിശ്വാസത്താൽ നാം ഗ്രഹിക്കുന്നു.  വിശ്വാസത്താൽ ഹാബേൽ, ദൈവത്തിന്‌ കയീന്‍റേതിനെക്കാൾ ഏറെ ശ്രേഷ്‌ഠമായ യാഗം അർപ്പിച്ചു. ആ വിശ്വാസത്താൽ അവന്‌ നീതിമാൻ എന്നു സാക്ഷ്യം ലഭിച്ചു. അവൻ അർപ്പിച്ച കാഴ്‌ചകളെക്കുറിച്ച് ദൈവംതന്നെയും സാക്ഷ്യം നൽകുന്നു. അവൻ മരിച്ചെങ്കിലും തന്‍റെ വിശ്വാസത്തിലൂടെ ഇന്നും സംസാരിക്കുന്നു.  വിശ്വാസത്താൽ ഹാനോക്ക് മരണം കാണാതെ എടുക്കപ്പെട്ടു. ദൈവം അവനെ എടുത്തതുകൊണ്ട് ആരും പിന്നെ അവനെ കണ്ടില്ല. അപ്രകാരം എടുക്കപ്പെടുന്നതിനുമുമ്പ് താൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്ന് അവനു സാക്ഷ്യം ലഭിച്ചു.  വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാനാവില്ല. ദൈവത്തെ സമീപിക്കുന്നവൻ ദൈവമുണ്ടെന്നും തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്ക് അവൻ പ്രതിഫലം നൽകുന്നുവെന്നും വിശ്വസിക്കേണ്ടതാകുന്നു.  വിശ്വാസത്താൽ നോഹ അതുവരെ കണ്ടിട്ടില്ലാതിരുന്നവയെപ്പറ്റി ദൈവത്തിൽനിന്നു മുന്നറിയിപ്പു ലഭിച്ചിട്ട് ഭയഭക്തിയോടെ തന്‍റെ കുടുംബത്തിന്‍റെ രക്ഷയ്‌ക്കായി ഒരു പെട്ടകം പണിതു. ഈ വിശ്വാസത്താൽ അവൻ ലോകത്തെ കുറ്റംവിധിച്ച് വിശ്വാസത്താലുണ്ടാകുന്ന നീതിക്ക് അവകാശിയായി.  വിശ്വാസത്താൽ അബ്രാഹാം തനിക്ക് അവകാശമായി ലഭിക്കാനിരുന്ന ദേശത്തേക്കു യാത്രയാകാൻ വിളിക്കപ്പെട്ടപ്പോൾ എവിടേക്കു പോകുന്നുവെന്ന് അറിയില്ലായിരുന്നിട്ടും അനുസരണത്തോടെ ഇറങ്ങിപ്പുറപ്പെട്ടു.  വിശ്വാസത്താൽ അവൻ തനിക്കു വാഗ്‌ദാനം ചെയ്യപ്പെട്ടിരുന്ന ദേശത്ത്‌ ഒരു പരദേശിയായി കഴിഞ്ഞു. അവിടെ അവൻ അതേ വാഗ്‌ദാനത്തിന്‍റെ അവകാശികളായ യിസ്‌ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തു; 10  എന്തെന്നാൽ ദൈവംതന്നെ ശിൽപ്പിയും നിർമാതാവും ആയിരിക്കുന്ന, യഥാർഥ അടിസ്ഥാനങ്ങളുള്ള നഗരത്തിനായി അവൻ കാത്തിരിക്കുകയായിരുന്നു. 11  വിശ്വാസത്താൽ സാറായും, വാഗ്‌ദാനം ചെയ്‌തവൻ വിശ്വസ്‌തൻ എന്നു ഗണിച്ചതുകൊണ്ട് പ്രായം കഴിഞ്ഞിട്ടും സന്താനോത്‌പാദനത്തിനു ശക്തി പ്രാപിച്ചു. 12  അങ്ങനെ, ഒരുവനിൽനിന്ന്, മൃതപ്രായനായ ഒരുവനിൽനിന്നുതന്നെ, ആകാശത്തിലെ അനവധിയായ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ എണ്ണമറ്റ മണൽത്തരികൾപോലെയും സന്തതികൾ ജനിച്ചു. 13  ഇവരെല്ലാവരും വിശ്വാസമുള്ളവരായിത്തന്നെ മരിച്ചു. തങ്ങളുടെ ജീവിതകാലത്ത്‌ അവർ വാഗ്‌ദാനനിവൃത്തി പ്രാപിച്ചില്ലെങ്കിലും ദൂരത്തുനിന്ന് അവ കണ്ട് സന്തോഷിച്ചു; ദേശത്തു തങ്ങൾ അന്യരും പ്രവാസികളും മാത്രമാണെന്ന് സമ്മതിച്ചുപറയുകയും ചെയ്‌തു. 14  അതുവഴി അവർ തങ്ങൾ സ്വന്തമായ ഒരു ദേശം അന്വേഷിക്കുകയാണെന്നു വ്യക്തമാക്കി. 15  തങ്ങൾ വിട്ടുപോന്ന ദേശത്തെക്കുറിച്ചായിരുന്നു അവരുടെ ചിന്തയെങ്കിൽ അവിടേക്കു മടങ്ങിപ്പോകാൻ അവർക്ക് അവസരമുണ്ടായിരുന്നു. 16  എന്നാൽ അവരോ കൂടുതൽ ശ്രേഷ്‌ഠമായതിനെ, സ്വർഗീയമായതിനെത്തന്നെ കാംക്ഷിച്ചിരിക്കുന്നു. അതിനാൽ അവരുടെ ദൈവം എന്നു വിളിക്കപ്പെടാൻ ദൈവം ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരംതന്നെ ഒരുക്കിയിരിക്കുന്നുവല്ലോ. 17  വിശ്വാസത്താൽ അബ്രാഹാം, “യിസ്‌ഹാക്കിൽനിന്നു ജനിക്കുന്നവൻ ‘നിന്‍റെ സന്തതി’ എന്നു വിളിക്കപ്പെടും” എന്ന അരുളപ്പാടു ലഭിച്ചിട്ട് ആ വാഗ്‌ദാനങ്ങളിൽ സന്തോഷിച്ചവൻതന്നെ, 18  പരീക്ഷിക്കപ്പെട്ടപ്പോൾ തന്‍റെ ഏകജാതപുത്രനെ യാഗം കഴിക്കാൻ തയ്യാറായി. ഇത്‌ അവൻ യിസ്‌ഹാക്കിനെ യാഗം കഴിച്ചതിനു തുല്യമായിത്തന്നെ ഗണിക്കപ്പെട്ടു. 19  ഇങ്ങനെ അബ്രാഹാം, മരിച്ചവരിൽനിന്ന് തന്‍റെ പുത്രനെ ഉയിർപ്പിക്കാൻ ദൈവം പ്രാപ്‌തനെന്നു ഗണിച്ചു; ഒരു പ്രതീകാർഥത്തിൽ അബ്രാഹാമിന്‌ അവനെ മരണത്തിൽനിന്നു തിരികെ ലഭിക്കുകയും ചെയ്‌തു. 20  വിശ്വാസത്താൽ യിസ്‌ഹാക്ക് യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ച് അനുഗ്രഹിച്ചു. 21  വിശ്വാസത്താൽ യാക്കോബ്‌ മരണസമയത്ത്‌ യോസേഫിന്‍റെ പുത്രന്മാർ ഇരുവരെയും അനുഗ്രഹിക്കുകയും തന്‍റെ വടിയുടെ അഗ്രത്തിൽ ഊന്നി ആരാധനയർപ്പിക്കുകയും ചെയ്‌തു. 22  വിശ്വാസത്താൽ യോസേഫ്‌ തന്‍റെ ജീവിതാന്ത്യത്തിൽ ഇസ്രായേൽമക്കളുടെ പുറപ്പാടിനെക്കുറിച്ചു സൂചിപ്പിക്കുകയും തന്‍റെ അസ്ഥികൾ എന്തു ചെയ്യണമെന്നു നിർദേശിക്കുകയും ചെയ്‌തു. 23  വിശ്വാസത്താൽ മോശയുടെ അമ്മയപ്പന്മാർ അവനെ മൂന്നുമാസം ഒളിപ്പിച്ചുവെച്ചു; ശിശു സുന്ദരനെന്ന് അവർ കണ്ടു; അവർ രാജകൽപ്പന ഭയപ്പെട്ടില്ല. 24  വിശ്വാസത്താൽ മോശ താൻ വളർന്നപ്പോൾ ഫറവോന്‍റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടാൻ വിസമ്മതിച്ചു. 25  പാപത്തിന്‍റെ ക്ഷണികസുഖത്തെക്കാൾ ദൈവജനത്തോടൊപ്പമുള്ള കഷ്ടാനുഭവം അവൻ തിരഞ്ഞെടുത്തു. 26  ദൈവത്തിന്‍റെ അഭിഷിക്തനെന്ന* നിലയിൽ സഹിക്കേണ്ടിയിരുന്ന നിന്ദയെ ഈജിപ്‌റ്റിലെ നിക്ഷേപങ്ങളെക്കാൾ മഹത്തരമായ ധനമായി അവൻ കണക്കാക്കി; എന്തെന്നാൽ ലഭിക്കാനിരുന്ന പ്രതിഫലത്തിലത്രേ അവൻ ദൃഷ്ടിപതിപ്പിച്ചത്‌. 27  വിശ്വാസത്താൽ അവൻ ഈജിപ്‌റ്റിൽനിന്നു പുറപ്പെട്ടുപോയി. രാജകോപം ഭയന്നിട്ടല്ല, വിശ്വാസത്താൽത്തന്നെ ദേശം വിട്ട അവൻ അദൃശ്യനായവനെ കണ്ടാലെന്നപോലെ ഉറച്ചുനിന്നു. 28  വിശ്വാസത്താൽ അവൻ, സംഹാരകൻ തങ്ങളുടെ കടിഞ്ഞൂലുകളെ തൊടാതിരിക്കേണ്ടതിന്‌ പെസഹാ ആചരിക്കുകയും രക്തം തളിക്കുകയും ചെയ്‌തു. 29  വിശ്വാസത്താൽ അവർ ഉണങ്ങിയ നിലത്തുകൂടെ എന്നപോലെ ചെങ്കടൽ കടന്നു. അങ്ങനെചെയ്യാൻ ഒരുമ്പെട്ട ഈജിപ്‌റ്റുകാരോ മുങ്ങിപ്പോയി. 30  വിശ്വാസത്താൽ അവർ ഏഴുദിവസം യെരീഹോ മതിലിനെ വലംവെച്ചപ്പോൾ അതു നിലംപതിച്ചു. 31  വിശ്വാസത്താൽ രാഹാബ്‌ എന്ന വേശ്യ ചാരന്മാരെ സമാധാനത്തിൽ കൈക്കൊണ്ടതിനാൽ അനുസരണംകെട്ടവരോടൊപ്പം നശിക്കാതിരുന്നു. 32  ഇതിലധികമായി ഞാൻ എന്തു പറയേണ്ടു? ഗിദെയോൻ, ബാരാക്ക്, ശിംശോൻ, യിഫ്‌താഹ്‌, ദാവീദ്‌ എന്നിവരെയും ശമുവേൽ മുതലായ പ്രവാചകന്മാരെയുംകുറിച്ചു വിവരിക്കാൻ സമയം പോരാ. 33  വിശ്വാസത്താൽ അവർ രാജ്യങ്ങൾ പിടിച്ചടക്കി; നീതി നടപ്പാക്കി; വാഗ്‌ദാനങ്ങൾ ഏറ്റുവാങ്ങി; സിംഹങ്ങളുടെ വായ്‌ അടച്ചു; 34  തീയുടെ ബലം കെടുത്തി; വാളിന്‍റെ വായ്‌ത്തലയിൽനിന്നു രക്ഷപ്പെട്ടു; ബലഹീനതയിൽ ശക്തി പ്രാപിച്ചു; യുദ്ധത്തിൽ വീരന്മാരായി; വിദേശസൈന്യങ്ങളെ തുരത്തി. 35  സ്‌ത്രീകൾക്ക് തങ്ങളുടെ മരിച്ചവരെ പുനരുത്ഥാനത്താൽ തിരിച്ചുകിട്ടി. മറ്റു ചിലർ ശ്രേഷ്‌ഠമായ പുനരുത്ഥാനം പ്രാപിക്കേണ്ടതിന്‌ തങ്ങൾക്കു വെച്ചുനീട്ടിയ വിടുതൽ കൈക്കൊള്ളാൻ മനസ്സാകാതെ പീഡനം ഏറ്റുവാങ്ങി. 36  വേറെ ചിലർ പരിഹാസവും ചമ്മട്ടിയടിയും സഹിച്ചു; ബന്ധനവും കാരാഗൃഹവാസവും അനുഭവിച്ചു. 37  അവർ കല്ലേറേറ്റു; പരീക്ഷിക്കപ്പെട്ടു; ഈർച്ചവാളാൽ അറുക്കപ്പെട്ടു; വാളിനിരയായി; അവർ ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു; ഞെരുക്കവും കഷ്ടതയും ഉപദ്രവും സഹിച്ചു; 38  അവർ നിർജനപ്രദേശങ്ങളിലും മലകളിലും ഗുഹകളിലും കുഴികളിലും അലഞ്ഞുഴന്നു. അവർക്ക് ഇടമേകാനുള്ള യോഗ്യത ലോകത്തിന്‌ ഇല്ലായിരുന്നു. 39  വിശ്വാസംനിമിത്തം അവരെല്ലാവരും നല്ല സാക്ഷ്യം കൊണ്ടവരായിരുന്നെങ്കിലും അവരിൽ ആരും വാഗ്‌ദാനനിവൃത്തി പ്രാപിച്ചില്ല; 40  എന്തെന്നാൽ നമ്മെ കൂടാതെ അവർ പൂർണത പ്രാപിക്കാതിരിക്കേണ്ടതിന്‌ ദൈവം നമുക്കുവേണ്ടി കൂടുതൽ ശ്രേഷ്‌ഠമായതു മുൻകരുതിയിരുന്നു.

അടിക്കുറിപ്പുകള്‍

എബ്രാ 11:3* അല്ലെങ്കിൽ, സാമൂഹിക വ്യവസ്ഥിതികൾ; ഗ്രീക്കിൽ, എയോണാസ്‌
എബ്രാ 11:26* ഗ്രീക്കിൽ, ക്രിസ്‌തുവെന്ന