കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

എബ്രായർ 10:1-39

10  ന്യായപ്രമാണത്തിലുള്ളത്‌ വരുവാനുള്ള നന്മകളുടെ വെറും നിഴലാണ്‌, സാക്ഷാൽ രൂപമല്ല. അതിനാൽ പുരോഹിതന്മാർ ആണ്ടുതോറും മുടങ്ങാതെ അർപ്പിച്ചുവരുന്ന അതേ യാഗങ്ങൾകൊണ്ട്, ദൈവത്തോട്‌ അടുത്തു ചെല്ലുന്നവരെ പരിപൂർണരാക്കാൻ ഒരിക്കലും കഴിയുന്നതല്ല.  കഴിയുമായിരുന്നെങ്കിൽ യാഗാർപ്പണം നിന്നുപോകുമായിരുന്നു. ആരാധകർ* ഒരിക്കൽ ശുദ്ധീകരണം പ്രാപിച്ചാൽ പിന്നെ അവർക്കു പാപബോധം ഉണ്ടായിരിക്കുകയില്ലല്ലോ.  എന്നാൽ ഈ യാഗങ്ങൾ ആണ്ടുതോറും പാപങ്ങളെ അനുസ്‌മരിപ്പിക്കുകയത്രേ ചെയ്യുന്നത്‌;  കാരണം, കാളകളുടെയും കോലാടുകളുടെയും രക്തത്തിന്‌ പാപങ്ങൾ നീക്കിക്കളയാനാവില്ല.  ആകയാൽ ലോകത്തിലേക്കു വരുമ്പോൾ അവൻ ഇങ്ങനെ പറയുന്നു: “ ‘യാഗവും വഴിപാടും നീ ആഗ്രഹിച്ചില്ല; എന്നാൽ നീ എനിക്കായി ഒരു ശരീരം ഒരുക്കി.  സർവാംഗഹോമങ്ങളിലും പാപയാഗത്തിലും നീ പ്രസാദിച്ചില്ല.’  അപ്പോൾ ഞാൻ പറഞ്ഞു: ‘ഇതാ, ഞാൻ വന്നിരിക്കുന്നു; പുസ്‌തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ, ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്യാൻ ഞാൻ വന്നിരിക്കുന്നു.’ ”  ന്യായപ്രമാണപ്രകാരം അർപ്പിച്ചുപോന്ന, “യാഗങ്ങളും വഴിപാടുകളും സർവാംഗഹോമങ്ങളും പാപയാഗങ്ങളും നീ ആഗ്രഹിച്ചില്ല; അവയിൽ നീ പ്രസാദിച്ചതുമില്ല” എന്നിങ്ങനെ പ്രസ്‌താവിച്ചശേഷം,  “ഇതാ, ഞാൻ നിന്‍റെ ഇഷ്ടം ചെയ്യാൻ വന്നിരിക്കുന്നു” എന്ന് അവൻ പറയുന്നു. രണ്ടാമത്തേതു സ്ഥാപിക്കാൻ അവൻ ഒന്നാമത്തേതു നീക്കിക്കളയുന്നു. 10  ആ ‘ഇഷ്ടത്താൽ’ യേശുക്രിസ്‌തു ഒരിക്കലായിട്ട് അർപ്പിച്ച ശരീരയാഗത്തിലൂടെ നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. 11  ഓരോ പുരോഹിതനും ദിവസേന ജനത്തിനായി ശുശ്രൂഷ ചെയ്‌തും ഒരിക്കലും പാപങ്ങൾ നീക്കിക്കളയാൻ കഴിയാത്ത അതേ യാഗങ്ങൾ വീണ്ടുംവീണ്ടും അർപ്പിച്ചുംകൊണ്ട് നിൽക്കുന്നു. 12  എന്നാൽ ഇവനോ, പാപങ്ങൾക്കുവേണ്ടി എന്നേക്കുമായി ഏകയാഗം അർപ്പിച്ചിട്ട് ദൈവത്തിന്‍റെ വലത്തുഭാഗത്ത്‌ ഉപവിഷ്ടനായി, 13  തന്‍റെ ശത്രുക്കളെ തന്‍റെ പാദപീഠമാക്കുവോളം കാത്തിരിക്കുന്നു. 14  ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെട്ടവരെ എന്നേക്കുമായി പരിപൂർണരാക്കിയിരിക്കുന്നു. 15  ഇതേക്കുറിച്ച് പരിശുദ്ധാത്മാവും നമ്മോടു സാക്ഷീകരിക്കുന്നു; 16  എന്തെന്നാൽ അത്‌, “ ‘ആ കാലത്തിനുശേഷം ഞാൻ അവരോടു ചെയ്യാനിരിക്കുന്ന ഉടമ്പടി ഇതാകുന്നു; ഞാൻ എന്‍റെ നിയമങ്ങൾ അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ അവ എഴുതും’ എന്ന് യഹോവയുടെ അരുളപ്പാട്‌” 17  എന്നിങ്ങനെ പറഞ്ഞശേഷം, “അവരുടെ പാപങ്ങളും അകൃത്യങ്ങളും ഞാൻ ഇനി ഓർക്കുകയില്ല” എന്നു പറയുന്നു. 18  ഇവയുടെ മോചനം ഉള്ളിടത്ത്‌ ഇനിമേൽ പാപങ്ങൾക്കുവേണ്ടി ഒരു യാഗവും ആവശ്യമില്ല. 19  ആകയാൽ സഹോദരന്മാരേ, യേശുവിന്‍റെ രക്തം ഹേതുവായി നമുക്ക് അതിവിശുദ്ധത്തിലേക്കു പ്രവേശിക്കാനുള്ള ധൈര്യം കൈവന്നിരിക്കുന്നു; 20  എന്തെന്നാൽ തന്‍റെ ശരീരമാകുന്ന തിരശ്ശീലയിലൂടെ അവൻ നമുക്ക് ജീവനിലേക്കുള്ള പുതുവഴി തുറന്നുതന്നിരിക്കുന്നു. 21  അങ്ങനെ, ദൈവഭവനത്തിന്മേൽ അധികാരമുള്ള ഒരു ശ്രേഷ്‌ഠപുരോഹിതൻ നമുക്കുണ്ട്. 22  അതിനാൽ ദുർമനസ്സാക്ഷി നീങ്ങുവാൻ തക്കവിധം ഹൃദയം തളിച്ച് ശുദ്ധീകരിക്കപ്പെട്ടും ശരീരം ശുദ്ധജലത്താൽ കഴുകിവെടിപ്പാക്കപ്പെട്ടുമിരിക്കുന്ന നമുക്ക് വിശ്വാസത്തിന്‍റെ പൂർണനിശ്ചയത്തോടും പരമാർഥഹൃദയത്തോടുംകൂടെ ദൈവത്തോട്‌ അടുത്തു ചെല്ലാം. 23  നമ്മുടെ പ്രത്യാശ പരസ്യമായി ഘോഷിക്കുന്നതിൽ നമുക്ക് ചാഞ്ചല്യമില്ലാതെ ഉറ്റിരിക്കാം; വാഗ്‌ദാനം ചെയ്‌തവൻ വിശ്വസ്‌തനല്ലോ. 24  സ്‌നേഹത്തിനും സത്‌പ്രവൃത്തികൾക്കും ഉത്സാഹിപ്പിക്കാൻ തക്കവിധം നമുക്കു പരസ്‌പരം കരുതൽ കാണിക്കാം. 25  ചിലർ ശീലമാക്കിയിരിക്കുന്നതുപോലെ നാം സഭായോഗങ്ങൾ ഉപേക്ഷിക്കരുത്‌; പകരം, ഒരുമിച്ചുകൂടിവന്നുകൊണ്ട് നമുക്ക് അന്യോന്യം പ്രോത്സാഹിപ്പിക്കാം; നാൾ സമീപിക്കുന്നു എന്നു കാണുന്തോറും നാം ഇത്‌ അധികമധികം ചെയ്യേണ്ടതാകുന്നു. 26  ആകയാൽ സത്യത്തിന്‍റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവം പാപം ചെയ്‌തുകൊണ്ടിരുന്നാൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കുന്നില്ല; 27  ന്യായവിധിക്കായുള്ള ഭീതിദമായ കാത്തിരിപ്പും എതിരാളികളെ ദഹിപ്പിക്കുന്ന ക്രോധാഗ്നിയും മാത്രമേ പിന്നെയുള്ളൂ. 28  മോശയുടെ ന്യായപ്രമാണം ലംഘിക്കുന്നവന്‌ രണ്ടോ മൂന്നോ സാക്ഷികൾ ഉള്ളപക്ഷം, കാരുണ്യം കൂടാതെ മരണശിക്ഷ നൽകിയിരുന്നു. 29  അങ്ങനെയെങ്കിൽ, ദൈവപുത്രനെ ചവിട്ടിമെതിക്കുകയും തന്നെ വിശുദ്ധീകരിച്ച ഉടമ്പടിരക്തത്തെ വെറും സാധാരണ രക്തംപോലെ കണക്കാക്കുകയും കൃപയുടെ ആത്മാവിനെ നിന്ദിച്ച് അപമാനിക്കുകയും ചെയ്‌തവൻ എത്ര കഠോരമായ ശിക്ഷയ്‌ക്കു പാത്രമാകുമെന്നു ചിന്തിച്ചുകൊള്ളുവിൻ! 30  “പ്രതികാരം എനിക്കുള്ളത്‌; ഞാൻ പകരം ചെയ്യും” എന്നും “യഹോവ തന്‍റെ ജനത്തെ ന്യായംവിധിക്കും” എന്നും അരുളിച്ചെയ്‌തവനെ നാം അറിയുന്നുവല്ലോ. 31  ജീവനുള്ള ദൈവത്തിന്‍റെ കൈകളിൽ വീഴുന്നത്‌ എത്ര ഭയങ്കരം! 32  നിങ്ങളോ സത്യത്തിന്‍റെ പ്രകാശനം ലഭിച്ചശേഷം യാതനകളോടു പൊരുതി സഹിച്ചുനിന്ന ആ പൂർവകാലം ഓർത്തുകൊള്ളുവിൻ. 33  ചിലപ്പോൾ നിങ്ങൾ നിന്ദകളും കഷ്ടങ്ങളും സഹിച്ചുകൊണ്ട് ഒരു കൂത്തുകാഴ്‌ചയായി; മറ്റു ചിലപ്പോൾ ആ വക അനുഭവിക്കുന്നവർക്കു തുണയായി. 34  തടവുകാരോടു നിങ്ങൾ സഹതാപം കാണിച്ചു. നിങ്ങളുടെ സ്വത്തുക്കൾ അപഹരിക്കപ്പെട്ടപ്പോൾ ശാശ്വതമായ ഒരു ഉത്തമ സമ്പത്ത്‌ നിങ്ങൾക്ക് ഉണ്ടെന്നറിഞ്ഞ് സന്തോഷത്തോടെ നിങ്ങൾ അതു സഹിച്ചു. 35  അതുകൊണ്ട് സംസാരിക്കാനുള്ള ധൈര്യം നിങ്ങൾ കൈവിടരുത്‌; അതിനു വലിയ പ്രതിഫലമുണ്ട്. 36  ദൈവേഷ്ടംചെയ്‌ത്‌ വാഗ്‌ദാനനിവൃത്തി പ്രാപിക്കാൻ നിങ്ങൾക്കു സഹിഷ്‌ണുത ആവശ്യം. 37  ഇനി, “അൽപ്പസമയമേ ഉള്ളൂ;” “വരുവാനുള്ളവൻ വരും; താമസിക്കുകയുമില്ല.” 38  “എന്‍റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും;” “പിന്മാറുന്നുവെങ്കിൽ എന്‍റെ ഉള്ളത്തിന്‌* അവനിൽ പ്രസാദമില്ല.” 39  നാമോ നാശത്തിലേക്കു പിന്മാറുന്ന കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്ന കൂട്ടത്തിലത്രേ.

അടിക്കുറിപ്പുകള്‍

എബ്രാ 10:2* അല്ലെങ്കിൽ, വിശുദ്ധസേവനം അനുഷ്‌ഠിക്കുന്നവർ
എബ്രാ 10:38* ഗ്രീക്കിൽ, സൈക്കി