കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

എബ്രായർ 1:1-14

1  പൂർവകാലത്തു ദൈവം നമ്മുടെ പിതാക്കന്മാരോട്‌ പലപ്പോഴായും പല വിധങ്ങളിലും തന്‍റെ പ്രവാചകന്മാർ മുഖാന്തരം സംസാരിച്ചു.  എന്നാൽ ഈ അന്ത്യനാളുകളിൽ അവൻ നമ്മോട്‌ തന്‍റെ പുത്രൻ മുഖാന്തരം സംസാരിച്ചിരിക്കുന്നു. അവനെ ദൈവം സകലത്തിനും അവകാശിയായി നിയമിച്ചു; അവൻ മുഖാന്തരമാണ്‌ ദൈവം പ്രപഞ്ചത്തെ* സൃഷ്ടിച്ചത്‌.  ഈ പുത്രൻ ദൈവതേജസ്സിന്‍റെ പ്രതിഫലനവും ദൈവസത്തയുടെ സാക്ഷാൽ പ്രതിരൂപവുമാകുന്നു. അവൻ ശക്തിയുള്ള വചനത്താൽ സകലത്തെയും നിലനിറുത്തുന്നു. നമ്മുടെ പാപങ്ങൾക്കു ശുദ്ധീകരണം വരുത്തിയശേഷം അവൻ ഉന്നതങ്ങളിൽ മഹിമയുടെ വലത്തുഭാഗത്ത്‌ ഇരുന്നു.  അങ്ങനെ, അവൻ ദൈവദൂതന്മാരുടേതിനെക്കാൾ ഉത്‌കൃഷ്ടമായ ഒരു നാമത്തിന്‌ അവകാശിയായിക്കൊണ്ട് അവരെക്കാൾ ശ്രേഷ്‌ഠനായിത്തീർന്നു.  “നീ എന്‍റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനും ആയിത്തീരും” എന്നും ഏതെങ്കിലും ഒരു ദൂതനോട്‌ ദൈവം എപ്പോഴെങ്കിലും അരുളിച്ചെയ്‌തിട്ടുണ്ടോ?  തന്‍റെ ആദ്യജാതനെ വീണ്ടും ഭൂമിയിലേക്ക് അയയ്‌ക്കവെ, “ദൈവത്തിന്‍റെ സകല ദൂതന്മാരും അവനെ വണങ്ങട്ടെ” എന്ന് അവൻ അരുളിച്ചെയ്യുന്നു.  “അവൻ ദൂതന്മാരെ ആത്മസൈന്യവും തന്‍റെ സേവകരെ അഗ്നിജ്വാലയും ആക്കുന്നു” എന്നും തന്‍റെ ദൂതന്മാരെക്കുറിച്ചു പറയുന്നു.  പുത്രനെക്കുറിച്ചോ, “ദൈവം എന്നുമെന്നേക്കും നിന്‍റെ സിംഹാസനം! നിന്‍റെ രാജത്വത്തിന്‍റെ ചെങ്കോൽ നീതിയുടെ ചെങ്കോൽ!  നീ നീതിയെ സ്‌നേഹിക്കുകയും അധർമത്തെ ദ്വേഷിക്കുകയും ചെയ്‌തിരിക്കയാൽ ദൈവം, നിന്‍റെ ദൈവംതന്നെ, നിന്‍റെ കൂട്ടാളികളിൽപ്പരമായി നിന്നെ ആനന്ദതൈലത്താൽ അഭിഷേകം ചെയ്‌തിരിക്കുന്നു” എന്നും 10  “കർത്താവേ, നീ ആദിയിൽ ഭൂമിക്ക് അടിസ്ഥാനമിട്ടു; ആകാശം നിന്‍റെ കരവേലയാകുന്നു. 11  അവ നശിക്കും; നീയോ എന്നേക്കും നിലനിൽക്കും; വസ്‌ത്രംപോലെ അവയെല്ലാം പഴകിപ്പോകും; 12  നീ അവയെ മേലങ്കിപോലെ ചുരുട്ടും; പുറങ്കുപ്പായംപോലെ അവ മാറ്റപ്പെടും. എന്നാൽ നിനക്കു മാറ്റമില്ല; നിന്‍റെ സംവത്സരങ്ങൾക്ക് അവസാനമുണ്ടാകുകയുമില്ല” എന്നും അവൻ അരുളിച്ചെയ്‌തിരിക്കുന്നു. 13  എന്നാൽ ഏതെങ്കിലും ദൂതനോട്‌, “ഞാൻ നിന്‍റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്‍റെ വലത്തുഭാഗത്ത്‌ ഇരിക്കുക” എന്ന് ദൈവം എപ്പോഴെങ്കിലും അരുളിച്ചെയ്‌തിട്ടുണ്ടോ? 14  അവരെല്ലാവരും രക്ഷ പ്രാപിക്കാനുള്ളവരുടെ ശുശ്രൂഷയ്‌ക്കായി അയയ്‌ക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?

അടിക്കുറിപ്പുകള്‍

എബ്രാ 1:2* അല്ലെങ്കിൽ, സാമൂഹിക വ്യവസ്ഥിതികൾ; ഗ്രീക്കിൽ, എയോണാസ്‌