കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

എഫെസ്യർ 5:1-33

5  ആകയാൽ പ്രിയമക്കളായി ദൈവത്തെ അനുകരിക്കുവിൻ.  ക്രിസ്‌തു നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും സ്‌നേഹത്തിൽ ജീവിക്കുവിൻ; അവൻ നിങ്ങൾക്കുവേണ്ടി ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്തുവല്ലോ.  പരസംഗത്തെയോ ഏതെങ്കിലും അശുദ്ധിയെയോ അത്യാഗ്രഹത്തെയോ കുറിച്ചുള്ള സംസാരംപോലും നിങ്ങളുടെ ഇടയിൽ ഉണ്ടാകരുത്‌; അവ ദൈവദാസന്മാർക്കു യോജിച്ചതല്ല.  അധമവൃത്തികൾ, മൗഢ്യഭാഷണം, അശ്ലീലഫലിതം ഇങ്ങനെ അയോഗ്യമായ യാതൊന്നും അരുത്‌; കൃതജ്ഞതാസ്‌തോത്രമത്രേ വേണ്ടത്‌.  പരസംഗി, അശുദ്ധൻ, അത്യാഗ്രഹിയായിരുന്നുകൊണ്ട് തന്നെത്തന്നെ വിഗ്രഹാരാധിയാക്കുന്നവൻ ഇവർക്കൊന്നും ക്രിസ്‌തുവിന്‍റെയും ദൈവത്തിന്‍റെയും രാജ്യത്തിൽ ഒരു അവകാശവുമില്ല എന്ന് നിങ്ങൾ അറിയുകയും ഗ്രഹിക്കുകയും ചെയ്യുന്നുവല്ലോ.  വ്യർഥവാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. മുൻപറഞ്ഞ കാര്യങ്ങളാൽ ദൈവക്രോധം അനുസരണംകെട്ടവരുടെമേൽ വരാനിരിക്കുന്നു.  അതുകൊണ്ട് നിങ്ങൾ അവരുടെ പങ്കാളികൾ ആകരുത്‌.  മുമ്പു നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ നിങ്ങൾ കർത്താവിൽ വെളിച്ചമാകുന്നു. വെളിച്ചത്തിന്‍റെ മക്കളായി നടക്കുവിൻ.  വെളിച്ചത്തിന്‍റെ ഫലം സകലവിധ നന്മയും* നീതിയും സത്യവും ആകുന്നുവല്ലോ. 10  കർത്താവിനു പ്രസാദകരമായത്‌ എന്തെന്ന് സദാ പരിശോധിച്ച് ഉറപ്പാക്കുവിൻ. 11  ഇരുട്ടിന്‍റെ നിഷ്‌ഫലപ്രവൃത്തികളിൽ അവരുമായി പങ്കുചേരരുത്‌; അവയെ അപലപിക്കുകയത്രേ വേണ്ടത്‌. 12  അവർ രഹസ്യത്തിൽ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചു പറയാൻപോലും ലജ്ജ തോന്നുന്നു. 13  വെളിവാക്കപ്പെട്ടതൊക്കെയും വെളിച്ചത്താലാണു വെളിപ്പെട്ടിരിക്കുന്നത്‌. വെളിവാക്കപ്പെടുന്നതെല്ലാം വെളിച്ചമാകുന്നുവല്ലോ. 14  അതിനാൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ഉറങ്ങുന്നവനേ, ഉണരുക; മരിച്ചവരിൽനിന്ന് എഴുന്നേൽക്കുക; അപ്പോൾ ക്രിസ്‌തു നിന്‍റെമേൽ പ്രകാശിക്കും.” 15  അതുകൊണ്ട് നിങ്ങൾ എങ്ങനെ നടക്കുന്നുവെന്നതിനു സൂക്ഷ്മശ്രദ്ധ നൽകുവിൻ; ഭോഷന്മാരായിട്ടല്ല, ജ്ഞാനികളായിട്ടുതന്നെ നടക്കുവിൻ. 16  ഇതു ദുഷ്‌കാലമാകയാൽ സമയം പൂർണമായി പ്രയോജനപ്പെടുത്തിക്കൊള്ളുവിൻ.* 17  ബുദ്ധിഹീനരാകാതെ യഹോവയുടെ ഹിതം എന്തെന്നു ഗ്രഹിച്ചുകൊള്ളുവിൻ. 18  വീഞ്ഞു കുടിച്ചു മത്തരാകുകയുമരുത്‌; അതു ദുർമാർഗത്തിലേക്കു നയിക്കും; 19  പകരം, ആത്മാവു നിറഞ്ഞവരായി ഒന്നുചേർന്ന് സങ്കീർത്തനങ്ങളും സ്‌തുതികളും ആത്മീയഗീതങ്ങളും ആലപിക്കുവിൻ; നിങ്ങളുടെ ഹൃദയങ്ങളിൽനിന്ന് യഹോവയ്‌ക്കായി ഗാനവും സംഗീതവും ഉയരട്ടെ. 20  ഇങ്ങനെ, നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്‍റെ നാമത്തിൽ നമ്മുടെ പിതാവും ദൈവവുമായവന്‌ എല്ലായ്‌പോഴും എല്ലാറ്റിനുവേണ്ടിയും കൃതജ്ഞതാസ്‌തോത്രം അർപ്പിക്കുവിൻ. 21  ക്രിസ്‌തുഭയത്തിൽ അന്യോന്യം കീഴ്‌പെട്ടിരിക്കുവിൻ. 22  ഭാര്യമാർ കർത്താവിന്‌ എന്നപോലെ തങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്‌പെട്ടിരിക്കട്ടെ; 23  എന്തെന്നാൽ ക്രിസ്‌തു ശരീരത്തിന്‍റെ രക്ഷകനാകയാൽ സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ ഭർത്താവ്‌ ഭാര്യയുടെ ശിരസ്സ് ആകുന്നു. 24  സഭ ക്രിസ്‌തുവിനു കീഴ്‌പെട്ടിരിക്കുന്നതുപോലെ ഭാര്യമാരും തങ്ങളുടെ ഭർത്താക്കന്മാർക്കു സകലത്തിലും കീഴ്‌പെട്ടിരിക്കട്ടെ. 25  ഭർത്താക്കന്മാരേ, ക്രിസ്‌തു സഭയെ സ്‌നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിക്കുവിൻ. 26  അവൻ സഭയെ വചനത്തിന്‍റെ ജലംകൊണ്ടു കഴുകിവെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിനും 27  കറയോ ചുളിവോ മറ്റു കുറവുകളോ ഇല്ലാതെ വിശുദ്ധയും നിർമലയുമായി തേജസ്സോടെ തനിക്കായി നിറുത്തേണ്ടതിനും സഭയ്‌ക്കുവേണ്ടി തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്തു. 28  അങ്ങനെതന്നെ, ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്തം ശരീരത്തെപ്പോലെ സ്‌നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്‌നേഹിക്കുന്നവൻ തന്നെത്തന്നെ സ്‌നേഹിക്കുന്നു; 29  ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുകയില്ലല്ലോ; ക്രിസ്‌തു സഭയെ എന്നതുപോലെ അതിനെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയുമത്രേ ചെയ്യുന്നത്‌; 30  നാം അവന്‍റെ ശരീരത്തിലെ അവയവങ്ങളല്ലോ. 31  “ഇക്കാരണത്താൽ ഒരു പുരുഷൻ തന്‍റെ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും; അവർ ഇരുവരും ഏകശരീരമായിത്തീരും.” 32  ഈ പാവനരഹസ്യം വലിയത്‌; ഇതു ഞാൻ പറഞ്ഞത്‌ ക്രിസ്‌തുവിനെയും സഭയെയുംകുറിച്ച് ആകുന്നു. 33  ചുരുക്കത്തിൽ, നിങ്ങളിൽ ഓരോരുത്തനും തന്‍റെ ഭാര്യയെ തന്നെപ്പോലെതന്നെ സ്‌നേഹിക്കണം; ഭാര്യയോ ഭർത്താവിനെ ആഴമായി ബഹുമാനിക്കേണ്ടതുമാകുന്നു.

അടിക്കുറിപ്പുകള്‍

എഫെ 5:9റോമർ 15:14-ന്‍റെ അടിക്കുറിപ്പു കാണുക.
എഫെ 5:16* അക്ഷരാർഥം, സമയം വിലയ്‌ക്കുവാങ്ങുക.