കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

എഫെസ്യർ 4:1-32

4  ആകയാൽ കർത്താവിനെപ്രതി തടവുകാരനായിരിക്കുന്ന ഞാൻ നിങ്ങളോട്‌ അപേക്ഷിക്കുന്നു: നിങ്ങൾക്കു ലഭിച്ച വിളിക്കു യോഗ്യമാംവിധം നടക്കുവിൻ.  തികഞ്ഞ വിനയവും സൗമ്യതയും ദീർഘക്ഷമയും ഉള്ളവരായി, സ്‌നേഹപൂർവം അന്യോന്യം ക്ഷമിക്കുകയും  സമാധാനബന്ധം കാത്തുകൊണ്ട് ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ യത്‌നിക്കുകയും ചെയ്യുവിൻ.  ഏകപ്രത്യാശയ്‌ക്കായിട്ടല്ലോ നിങ്ങൾ വിളിക്കപ്പെട്ടത്‌; അങ്ങനെതന്നെ, ശരീരം ഒന്ന്; ആത്മാവ്‌ ഒന്ന്;  കർത്താവ്‌ ഒരുവൻ; വിശ്വാസം ഒന്ന്; സ്‌നാനം ഒന്ന്;  എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും എല്ലാവരിലൂടെയും വർത്തിക്കുന്നവനുമായി എല്ലാവരുടെയും ദൈവവും പിതാവുമായവനും ഒരുവൻമാത്രം.  നമ്മിൽ ഓരോരുത്തർക്കും അവനിൽനിന്നു കൃപ ലഭിച്ചിരിക്കുന്നു; ക്രിസ്‌തു നൽകിയ ദാനത്തിന്‍റെ അളവിന്‌ അനുസൃതമായിത്തന്നെ.  “അവൻ ഉന്നതങ്ങളിലേക്കു കയറിയപ്പോൾ തടവുകാരെ പിടിച്ചുകൊണ്ടുപോയി; അവൻ മനുഷ്യരാകുന്ന ദാനങ്ങളെ നൽകി” എന്നു പറഞ്ഞിരിക്കുന്നുവല്ലോ.  ‘അവൻ കയറി’ എന്നതുകൊണ്ട് അവൻ താഴെ ഭൂമിയിലേക്ക് ഇറങ്ങി എന്നും വരുന്നില്ലയോ? 10  ഇറങ്ങിയവൻതന്നെയാണ്‌ സകലവും തികവുറ്റതാക്കാൻ സ്വർഗാധിസ്വർഗങ്ങൾക്കു മീതെ കയറിയതും. 11  അവൻ ചിലരെ അപ്പൊസ്‌തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ചിലരെ ഉപദേഷ്ടാക്കന്മാരായും നൽകിയിരിക്കുന്നു. 12  അത്‌ വിശുദ്ധന്മാരെ യഥാസ്ഥാനപ്പെടുത്തേണ്ടതിനും ശുശ്രൂഷ നിർവഹിക്കേണ്ടതിനും ക്രിസ്‌തുവിന്‍റെ ശരീരത്തെ പണിതുയർത്തേണ്ടതിനുംവേണ്ടിയത്രേ. 13  അങ്ങനെ, നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലും ഐക്യം പ്രാപിച്ച് ക്രിസ്‌തുവിന്‍റെ പരിപൂർണതയ്‌ക്കൊത്തവിധം തികഞ്ഞ പുരുഷത്വത്തിലേക്കു വളരാൻ ഇടയാകും. 14  അതുകൊണ്ട് നാം ഇനി ശിശുക്കളായിരിക്കരുത്‌; അതായത്‌, മനുഷ്യരുടെ കൗശലങ്ങളിലും വഴിതെറ്റിക്കുന്ന ഉപായങ്ങളിലും കുടുങ്ങി ഉപദേശങ്ങളുടെ ഓരോ കാറ്റിനാലും അലഞ്ഞുഴലുന്നവരും തിരകളിൽപ്പെട്ടെന്നപോലെ ആടിയുലയുന്നവരും ആയിരിക്കരുത്‌; 15  പ്രത്യുത, സത്യം സംസാരിച്ചുകൊണ്ട് നമുക്ക് സ്‌നേഹത്തിൽ ക്രിസ്‌തു എന്ന ശിരസ്സിൻകീഴിൽ സകലത്തിലും വളർന്നുവരാം. 16  അവൻ മുഖേന ശരീരം മുഴുവനും വളർച്ച പ്രാപിക്കുന്നു; ശരീരം സകല സന്ധിബന്ധങ്ങളാലും വേണ്ടവിധം സംയോജിതമായിട്ട് അവയവങ്ങൾ അതതിന്‍റെ ധർമം യഥോചിതം നിർവഹിച്ചുകൊണ്ട് സ്‌നേഹത്തിൽ അഭിവൃദ്ധിപ്പെടുന്നു. 17  ആകയാൽ കർത്താവിന്‍റെ മുമ്പാകെ ഞാൻ നിങ്ങളോടു നിഷ്‌കർഷിച്ചു പറയുന്നത്‌: ജനതകൾ തങ്ങളുടെ വ്യർഥചിന്തകളനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുത്‌. 18  ഹൃദയകാഠിന്യംനിമിത്തമുള്ള അജ്ഞതയാൽ അവരുടെ മനസ്സ് ഇരുളടഞ്ഞതായിത്തീർന്നിട്ട് അവർ ദൈവികജീവനിൽനിന്ന് അകന്നുപോയിരിക്കുന്നു. 19  അവർ മനം തഴമ്പിച്ചവരായി അടങ്ങാത്ത ആവേശത്തോടെ സകലവിധ അശുദ്ധിയും പ്രവർത്തിക്കേണ്ടതിന്‌ തങ്ങളെത്തന്നെ ദുർന്നടപ്പിനു* വിട്ടുകൊടുത്തു. 20  എന്നാൽ ഇതല്ല നിങ്ങൾ ക്രിസ്‌തുവിനെക്കുറിച്ചു പഠിച്ചത്‌; 21  നിങ്ങൾ യേശുവിനെ ശ്രവിക്കുകയും അവനിലുള്ള സത്യത്തിനു ചേർച്ചയിൽ പഠിപ്പിക്കപ്പെടുകയും ചെയ്‌തിട്ടുള്ളവരാണല്ലോ. 22  മുൻകാല ജീവിതഗതിക്കൊത്തതും വഞ്ചനയുടെ മോഹങ്ങളാൽ ജീർണിച്ചുകൊണ്ടിരിക്കുന്നതുമായ പഴയ വ്യക്തിത്വം ഉരിഞ്ഞുകളഞ്ഞ് 23  നിങ്ങളുടെ മനസ്സുകളെ ഭരിക്കുന്ന ശക്തിസംബന്ധമായി പുതുക്കം പ്രാപിച്ച് 24  ശരിയായ നീതിയിലും വിശ്വസ്‌തതയിലും ദൈവഹിതപ്രകാരം സൃഷ്ടിക്കപ്പെട്ട പുതിയ വ്യക്തിത്വം ധരിച്ചുകൊള്ളണം എന്നത്രേ നിങ്ങൾ പഠിച്ചത്‌. 25  ആകയാൽ നിങ്ങളിപ്പോൾ വ്യാജം ഉപേക്ഷിച്ചിരിക്കെ, ഓരോരുത്തനും താന്താന്‍റെ അയൽക്കാരനോട്‌ സത്യം സംസാരിക്കണം; നാം ഒരേ ശരീരത്തിലെ അവയവങ്ങളല്ലോ. 26  കോപം വന്നാലും പാപം ചെയ്യരുത്‌; സൂര്യൻ അസ്‌തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുത്‌; 27  പിശാചിന്‌ ഇടംകൊടുക്കുകയുമരുത്‌. 28  മോഷ്ടാവ്‌ ഇനി മോഷ്ടിക്കാതെ ഞെരുക്കത്തിലായിരിക്കുന്നവർക്കു ദാനം ചെയ്യാൻ വക ഉണ്ടാകേണ്ടതിന്‌ സ്വന്തകൈകൊണ്ട് മാന്യമായ വേലചെയ്‌ത്‌ അധ്വാനിക്കട്ടെ. 29  കേൾക്കുന്നവർക്കു ഗുണം ചെയ്യേണ്ടതിന്‌, ആത്മീയവർധനയ്‌ക്ക് ഉതകുന്നതും സന്ദർഭോചിതവുമായ നല്ല വാക്കുകളല്ലാതെ ദുഷിച്ചതൊന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്‌. 30  ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുകയുമരുത്‌; അതിനാലല്ലോ മറുവിലയാൽ വിടുവിക്കപ്പെടുന്ന നാളിലേക്കു നിങ്ങളെ മുദ്രയിട്ടിരിക്കുന്നത്‌. 31  സകല വിദ്വേഷവും കോപവും ക്രോധവും ആക്രോശവും ദൂഷണവും എല്ലാവിധ ദുർഗുണങ്ങളോടുംകൂടെ നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകട്ടെ. 32  തമ്മിൽ ദയയും ആർദ്രാനുകമ്പയും ഉള്ളവരായി ദൈവം ക്രിസ്‌തുമൂലം നിങ്ങളോട്‌ ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും അന്യോന്യം ഉദാരമായി ക്ഷമിക്കുവിൻ.

അടിക്കുറിപ്പുകള്‍

എഫെ 4:19ഗലാത്യർ 5:19-ന്‍റെ അടിക്കുറിപ്പു കാണുക.