2 ശമുവേൽ 18:1-33

18  പിന്നീട്‌, ദാവീദ്‌ കൂടെ​യുള്ള ആളുക​ളു​ടെ എണ്ണമെ​ടു​ത്തു. അവർക്കു സഹസ്രാധിപന്മാരെയും* ശതാധിപന്മാരെയും*+ നിയമി​ച്ചു.  ദാവീദ്‌ ആളുക​ളിൽ മൂന്നിലൊ​ന്നി​നെ യോവാബിന്റെ+ കീഴി​ലും മൂന്നിലൊ​ന്നി​നെ യോവാ​ബി​ന്റെ സഹോ​ദ​ര​നും സെരൂയയുടെ+ മകനും ആയ അബീശായിയുടെ+ കീഴി​ലും മൂന്നിലൊ​ന്നി​നെ ഗിത്ത്യ​നായ ഇഥായിയുടെ+ കീഴി​ലും ആക്കി അയച്ചു. രാജാവ്‌ അവരോ​ട്‌, “ഞാനും നിങ്ങളുടെ​കൂ​ടെ വരുന്നു” എന്നു പറഞ്ഞു.  പക്ഷേ, അവർ പറഞ്ഞു: “അങ്ങ്‌ വരേണ്ടാ.+ കാരണം, ഞങ്ങൾ തോ​റ്റോ​ടി​യാ​ലും ഞങ്ങളിൽ പകുതിപ്പേരോ​ളം മരിച്ചു​വീ​ണാ​ലും അവർക്ക്‌ അതൊരു വലിയ കാര്യമല്ല.* പക്ഷേ, അങ്ങയുടെ ജീവൻ ഞങ്ങളിൽ 10,000 പേരുടെ ജീവ​നെ​ക്കാൾ വില​യേ​റി​യ​താണ്‌.+ അതു​കൊണ്ട്‌ അങ്ങ്‌, നഗരത്തി​ലി​രുന്ന്‌ ഞങ്ങൾക്കു വേണ്ട സഹായം എത്തിച്ചു​ത​രു​ന്ന​താ​യി​രി​ക്കും നല്ലത്‌.”  അപ്പോൾ, രാജാവ്‌ അവരോ​ടു പറഞ്ഞു: “അതാണു നല്ലതെന്നു നിങ്ങൾക്കു തോന്നുന്നെ​ങ്കിൽ ഞാൻ അങ്ങനെ ചെയ്യാം.” എന്നിട്ട്‌, രാജാവ്‌ നഗരക​വാ​ട​ത്തി​ന്റെ അടുത്ത്‌ നിന്നു. ദാവീ​ദി​ന്റെ ആളുകളെ​ല്ലാം നൂറു​നൂ​റാ​യും ആയിര​മാ​യി​ര​മാ​യും പുറ​പ്പെട്ടു.  പിന്നെ, രാജാവ്‌ യോവാ​ബിനോ​ടും അബീശാ​യിയോ​ടും ഇഥായിയോ​ടും ഇങ്ങനെ കല്‌പി​ച്ചു: “എന്നെ ഓർത്ത്‌ അബ്‌ശാ​ലോം കുമാ​രനോ​ടു ദയ കാണി​ക്കണം.”+ രാജാവ്‌ തലവന്മാരോടെ​ല്ലാം അബ്‌ശാലോ​മിനെ​ക്കു​റിച്ച്‌ ഇങ്ങനെ കല്‌പി​ക്കു​ന്നത്‌ എല്ലാ ആളുക​ളും കേട്ടു.  ദാവീദിന്റെ ആളുകൾ ഇസ്രായേ​ലി​നെ നേരി​ടാ​നാ​യി പടക്കള​ത്തിലേക്കു പോയി. എഫ്രയീംവനത്തിൽവെച്ച്‌+ അവർ ഏറ്റുമു​ട്ടി.  ദാവീദിന്റെ ആളുകൾ ഇസ്രായേലിനെ+ തോൽപ്പി​ച്ചു.+ ഒരു വലിയ സംഹാ​രം​തന്നെ അന്നു നടന്നു. 20,000 പേരാണു മരിച്ചു​വീ​ണത്‌.  യുദ്ധം ആ പ്രദേശം മുഴുവൻ വ്യാപി​ച്ചു. പക്ഷേ, വാളിന്‌ ഇരയാ​യ​വരെ​ക്കാൾ കൂടുതൽ പേരെ അന്നു വനം വിഴു​ങ്ങി​ക്ക​ളഞ്ഞു.  അബ്‌ശാലോം ദാവീ​ദി​ന്റെ ആളുക​ളു​ടെ മുന്നിൽ വന്നു​പെട്ടു. ഒരു കോവർക​ഴു​ത​പ്പു​റ​ത്താ​യി​രു​ന്നു അബ്‌ശാ​ലോം സഞ്ചരി​ച്ചി​രു​ന്നത്‌. കഴുത ഒരു വലിയ വൃക്ഷത്തി​ന്റെ തിങ്ങി​നിൽക്കുന്ന ശാഖക​ളു​ടെ അടിയിൽക്കൂ​ടെ പോയ​പ്പോൾ അബ്‌ശാലോ​മി​ന്റെ മുടി ആ വൃക്ഷത്തിൽ കുടുങ്ങി അബ്‌ശാ​ലോം അതിൽ തൂങ്ങി​ക്കി​ടന്നു.* പക്ഷേ, കഴുത നിൽക്കാ​തെ മുന്നോ​ട്ടു പോയി. 10  അതു കണ്ട ആരോ യോവാ​ബിനോട്‌,+ “അബ്‌ശാ​ലോം ഒരു വലിയ വൃക്ഷത്തിൽ തൂങ്ങി​ക്കി​ട​ക്കു​ന്നതു ഞാൻ കണ്ടു” എന്നു പറഞ്ഞു. 11  യോവാബ്‌ അയാ​ളോ​ടു പറഞ്ഞു: “നീ അതു കണ്ടിട്ട്‌ എന്താണ്‌ അപ്പോൾത്തന്നെ അയാളെ വെട്ടി​വീ​ഴ്‌ത്താ​തി​രു​ന്നത്‌? അതു ചെയ്‌തി​രുന്നെ​ങ്കിൽ ഞാൻ നിനക്കു പത്തു വെള്ളി​ക്കാ​ശും ഒരു അരപ്പട്ട​യും സന്തോ​ഷത്തോ​ടെ തന്നേനേ.” 12  പക്ഷേ, അയാൾ യോവാ​ബിനോ​ടു പറഞ്ഞു: “1,000 വെള്ളി​ക്കാ​ശു തന്നാലും ഞാൻ രാജകു​മാ​രനു നേരെ കൈ ഉയർത്തില്ല. കാരണം, ‘അബ്‌ശാ​ലോം കുമാ​രനു കുഴപ്പമൊ​ന്നും വരാതെ നോക്ക​ണമെന്നു ഞാൻ എല്ലാവരോ​ടു​മാ​യി പറയു​ക​യാണ്‌’ എന്നു രാജാവ്‌ അങ്ങയോ​ടും അബീശാ​യിയോ​ടും ഇഥായിയോ​ടും കല്‌പി​ക്കു​ന്നതു ഞങ്ങൾ കേട്ടതാ​ണ്‌.+ 13  അത്‌ അനുസ​രി​ക്കാ​തെ ഞാൻ അദ്ദേഹത്തെ കൊന്നി​രുന്നെ​ങ്കിൽ എന്തായാ​ലും രാജാവ്‌ അത്‌ അറിയും. അങ്ങാ​ണെ​ങ്കിൽ എന്നെ സംരക്ഷി​ക്കു​ക​യു​മില്ല.” 14  അപ്പോൾ, യോവാ​ബ്‌ പറഞ്ഞു: “നിന്നോ​ടു സംസാ​രിച്ച്‌ സമയം കളയാൻ ഞാനില്ല!” എന്നിട്ട്‌, യോവാ​ബ്‌ മൂന്നു ശൂലം* എടുത്ത്‌ വൃക്ഷത്തിൽ തൂങ്ങി​ക്കി​ട​ക്കുന്ന അബ്‌ശാലോ​മി​ന്റെ അടുത്ത്‌ എത്തി. അബ്‌ശാലോ​മിന്‌ അപ്പോ​ഴും ജീവനു​ണ്ടാ​യി​രു​ന്നു. യോവാ​ബ്‌ ആ ശൂലങ്ങൾ അബ്‌ശാലോ​മി​ന്റെ ചങ്കിൽ കുത്തി​യി​റക്കി. 15  പിന്നെ, യോവാ​ബി​ന്റെ ആയുധ​വാ​ഹ​ക​രായ പത്തു പരിചാ​രകർ വന്ന്‌ അബ്‌ശാലോ​മി​നെ അടിച്ചുകൊ​ന്നു.+ 16  തുടർന്ന്‌, ജനം ഇസ്രായേ​ലി​നെ പിന്തു​ട​രു​ന്നതു നിറു​ത്താൻ യോവാ​ബ്‌ കൊമ്പു വിളിച്ചു; അവർ മടങ്ങിപ്പോ​ന്നു. 17  അവർ അബ്‌ശാലോ​മി​നെ എടുത്ത്‌ വനത്തിലെ ഒരു വലിയ കുഴി​യിൽ ഇട്ടു. എന്നിട്ട്‌, മുകളിൽ ഒരു വലിയ കൽക്കൂ​മ്പാ​രം കൂട്ടി.+ ഇസ്രാ​യേൽ മുഴു​വ​നും അവരവ​രു​ടെ വീടു​ക​ളിലേക്ക്‌ ഓടിപ്പോ​യി. 18  അബ്‌ശാലോം ജീവ​നോ​ടി​രുന്ന സമയത്ത്‌, “എന്റെ പേര്‌ നിലനി​റു​ത്താൻ എനിക്ക്‌ ഒരു മകനില്ല”+ എന്നു പറഞ്ഞ്‌ തനിക്കു​വേണ്ടി രാജതാഴ്‌വരയിൽ+ ഒരു തൂൺ നാട്ടി അതിനു തന്റെ പേരിട്ടു. അത്‌ ഇന്നുവരെ അബ്‌ശാലോ​മി​ന്റെ സ്‌മാ​രകം എന്ന്‌ അറിയപ്പെ​ടു​ന്നു. 19  സാദോക്കിന്റെ മകനായ അഹീമാസ്‌+ പറഞ്ഞു: “ഞാൻ ഓടി​ച്ചെന്ന്‌ രാജാ​വി​നെ ഈ വാർത്ത അറിയി​ക്കട്ടേ? യഹോവ രാജാ​വി​നെ ശത്രു​ക്ക​ളിൽനിന്ന്‌ വിടു​വിച്ച്‌ അദ്ദേഹ​ത്തി​നു നീതി നടത്തിക്കൊ​ടു​ത്ത​ല്ലോ.”+ 20  പക്ഷേ, യോവാ​ബ്‌ പറഞ്ഞു: “നീ ഇന്നു വാർത്ത അറിയി​ക്കാൻ പോ​കേണ്ടാ. മറ്റൊരു ദിവസ​മാ​കാം. മരിച്ചതു രാജാ​വി​ന്റെ മകനാ​യ​തുകൊണ്ട്‌ എന്തായാ​ലും ഇന്നു വേണ്ടാ.”+ 21  എന്നിട്ട്‌, യോവാ​ബ്‌ ഒരു കൂശ്യനോടു+ പറഞ്ഞു: “കണ്ട കാര്യങ്ങൾ നീ ചെന്ന്‌ രാജാ​വി​നെ അറിയി​ക്കുക.” അപ്പോൾ, ആ കൂശ്യൻ യോവാ​ബി​നെ വണങ്ങി​യിട്ട്‌ ഓടി. 22  സാദോക്കിന്റെ മകനായ അഹീമാ​സ്‌ ഒരിക്കൽക്കൂ​ടെ യോവാ​ബിനോ​ടു ചോദി​ച്ചു: “എന്തു വന്നാലും കുഴപ്പ​മില്ല, ആ കൂശ്യന്റെ പിന്നാലെ ഞാനും ഓടട്ടേ?” പക്ഷേ, യോവാ​ബ്‌ പറഞ്ഞു: “മോനേ, അറിയി​ക്കാൻ നിന്റെ പക്കൽ വാർത്ത ഒന്നുമി​ല്ലാത്ത സ്ഥിതിക്കു നീ എന്തിനു വെറുതേ ഓടണം?” 23  എന്നിട്ടും അഹീമാ​സ്‌, “എന്തു വന്നാലും കുഴപ്പ​മില്ല. ഞാൻ ഓടട്ടേ” എന്നു ചോദി​ച്ചു. അപ്പോൾ യോവാ​ബ്‌, “ശരി, അങ്ങനെ​യാ​കട്ടെ!” എന്നു പറഞ്ഞു. അങ്ങനെ, അഹീമാ​സ്‌ യോർദാൻ പ്രദേ​ശ​ത്തു​കൂടെ​യുള്ള വഴിയേ ഓടി കൂശ്യനെ മറിക​ടന്ന്‌ പോയി. 24  ഈ സമയം ദാവീദ്‌ രണ്ടു നഗരകവാടങ്ങൾക്കു+ മധ്യേ ഇരിക്കു​ക​യാ​യി​രു​ന്നു. അപ്പോൾ, കാവൽക്കാരൻ+ മതിലി​ലെ കവാട​ത്തി​ന്റെ മേൽക്കൂ​ര​യിലേക്കു കയറി​ച്ചെന്നു. അയാൾ തല ഉയർത്തി നോക്കി​യപ്പോൾ ഒരു മനുഷ്യൻ ഒറ്റയ്‌ക്ക്‌ ഓടി​വ​രു​ന്നതു കണ്ടു. 25  ഉടനെ, കാവൽക്കാ​രൻ അക്കാര്യം രാജാ​വിനോട്‌ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു. രാജാവ്‌ പറഞ്ഞു: “അയാൾ ഒറ്റയ്‌ക്കാ​ണു വരുന്നതെ​ങ്കിൽ അയാൾക്ക്‌ എന്തോ വാർത്ത അറിയി​ക്കാ​നുണ്ട്‌.” അയാൾ അടുത്ത​ടുത്ത്‌ വന്നു​കൊ​ണ്ടി​രി​ക്കെ 26  മറ്റൊരാളും ഓടി​വ​രു​ന്നതു കാവൽക്കാ​രൻ കണ്ടു. അപ്പോൾ, അയാൾ കവാടം​സൂ​ക്ഷി​പ്പു​കാ​രനോട്‌, “അതാ, മറ്റൊ​രാ​ളും ഒറ്റയ്‌ക്ക്‌ ഓടി​വ​രു​ന്നുണ്ട്‌!” എന്നു വിളി​ച്ചു​പ​റഞ്ഞു. ഇതു കേട്ട രാജാവ്‌, “അയാളും എന്തോ വാർത്ത അറിയി​ക്കാൻ വരുന്ന​താണ്‌” എന്നു പറഞ്ഞു. 27  “ആദ്യത്തെ ആളുടെ ഓട്ടം കണ്ടിട്ട്‌ സാദോ​ക്കി​ന്റെ മകനായ അഹീമാ​സിനെപ്പോലെ​യുണ്ട്‌”+ എന്നു കാവൽക്കാ​രൻ പറഞ്ഞ​പ്പോൾ രാജാവ്‌ പറഞ്ഞു: “അയാൾ ഒരു നല്ല മനുഷ്യ​നാണ്‌. അയാൾ കൊണ്ടു​വ​രു​ന്നതു നല്ല വാർത്ത​യാ​യി​രി​ക്കും.” 28  അഹീമാസ്‌ രാജാ​വിനോട്‌, “എല്ലാം ശുഭം!” എന്നു വിളി​ച്ചു​പ​റഞ്ഞു. എന്നിട്ട്‌, രാജാ​വി​ന്റെ മുന്നിൽ മുട്ടു​കു​ത്തി നമസ്‌ക​രി​ച്ചിട്ട്‌ സാഷ്ടാം​ഗം വീണ്‌ ഇങ്ങനെ പറഞ്ഞു: “എന്റെ യജമാ​ന​നായ രാജാ​വിനോ​ടു മത്സരിച്ചവരെ* മുട്ടു​കു​ത്തിച്ച അങ്ങയുടെ ദൈവ​മായ യഹോവ വാഴ്‌ത്തപ്പെ​ടട്ടെ!”+ 29  പക്ഷേ രാജാവ്‌, “അബ്‌ശാ​ലോം കുമാ​രനു കുഴപ്പമൊ​ന്നു​മി​ല്ല​ല്ലോ, അല്ലേ” എന്നു ചോദി​ച്ചു. അപ്പോൾ, അഹീമാ​സ്‌ പറഞ്ഞു: “യോവാ​ബ്‌ ആ രാജഭൃ​ത്യനെ​യും അടിയനെ​യും അയയ്‌ക്കുന്ന സമയത്ത്‌ അവിടെ ഒരു വലിയ ബഹളം നടക്കു​ന്നു​ണ്ടാ​യി​രു​ന്നു. പക്ഷേ, സംഗതി എന്താ​ണെന്ന്‌ എനിക്കു മനസ്സി​ലാ​യില്ല.”+ 30  അപ്പോൾ, രാജാവ്‌, “നീ അവിടെ മാറി​നിൽക്കൂ” എന്നു പറഞ്ഞു. അയാൾ മാറി​നി​ന്നു. 31  പിന്നാലെ കൂശ്യ​നും അവിടെ എത്തി.+ അയാൾ പറഞ്ഞു: “എന്റെ യജമാ​ന​നായ രാജാവ്‌ ഈ വാർത്ത കേട്ടാ​ലും: അങ്ങയ്‌ക്കെ​തി​രെ മത്സരിച്ച എല്ലാവ​രിൽനി​ന്നും അങ്ങയെ മോചി​പ്പി​ച്ചുകൊണ്ട്‌ യഹോവ ഇന്നു നീതി നടപ്പാ​ക്കി​യി​രി​ക്കു​ന്നു.”+ 32  പക്ഷേ രാജാവ്‌ കൂശ്യ​നോ​ട്‌, “അബ്‌ശാ​ലോം കുമാ​രനു കുഴപ്പമൊ​ന്നു​മി​ല്ല​ല്ലോ, അല്ലേ” എന്നു ചോദി​ച്ചു. അപ്പോൾ കൂശ്യൻ, “എന്റെ യജമാ​ന​നായ രാജാ​വി​ന്റെ എല്ലാ ശത്രു​ക്കൾക്കും, അങ്ങയോ​ടു മത്സരിച്ച്‌ അങ്ങയെ ദ്രോ​ഹിച്ച എല്ലാവർക്കും ആ കുമാ​രന്റെ ഗതി വരട്ടെ!”+ എന്നു പറഞ്ഞു. 33  ഇതു കേട്ട്‌ ആകെ അസ്വസ്ഥ​നായ രാജാവ്‌ പ്രവേ​ശ​ന​ക​വാ​ട​ത്തി​നു മുകളി​ലുള്ള മുറി​യിലേക്കു പോയി. രാജാവ്‌, “എന്റെ മോനേ, അബ്‌ശാലോ​മേ! എന്റെ മോനേ! എന്റെ മോനേ, അബ്‌ശാലോ​മേ! നിനക്കു പകരം ഈ ഞാൻ മരിച്ചി​രുന്നെ​ങ്കിൽ! അബ്‌ശാലോ​മേ, എന്റെ മോനേ! എന്റെ മോനേ!”+ എന്നു പറഞ്ഞ്‌ കരഞ്ഞു​കൊ​ണ്ട്‌ നടന്നു.

അടിക്കുറിപ്പുകള്‍

അതായത്‌, ആയിരം പേരുടെ അധിപ​ന്മാർ.
അതായത്‌, നൂറു പേരുടെ അധിപ​ന്മാർ.
അക്ഷ. “അവർ അതി​ലേക്കു ഹൃദയം തിരി​ക്കില്ല.”
അക്ഷ. “ആകാശ​ത്തി​നും ഭൂമി​ക്കും മധ്യേ തൂങ്ങി​ക്കി​ടന്നു.”
മറ്റൊരു സാധ്യത “ചാട്ടുളി; കുന്തം.” അക്ഷ. “വടി.”
അക്ഷ. “രാജാ​വി​നു നേരെ കൈ ഉയർത്തി​യ​വരെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം