1 ദിനവൃത്താന്തം 11:1-47

11  പിന്നീട്‌ ഇസ്രാ​യേ​ല്യ​രെ​ല്ലാം ഹെബ്രോനിൽ+ ദാവീ​ദി​ന്റെ അടുത്ത്‌ ഒന്നിച്ചു​കൂ​ടി. അവർ പറഞ്ഞു: “ഞങ്ങൾ അങ്ങയുടെ സ്വന്തം അസ്ഥിയും മാംസവും* ആണല്ലോ.+  മുമ്പ്‌ ശൗൽ രാജാ​വാ​യി​രു​ന്ന​പ്പോ​ഴും അങ്ങായി​രു​ന്ന​ല്ലോ ഇസ്രാ​യേ​ലി​ന്റെ സൈന്യ​ത്തെ നയിച്ചി​രു​ന്നത്‌.*+ മാത്രമല്ല അങ്ങയുടെ ദൈവ​മായ യഹോവ അങ്ങയോ​ട്‌, ‘എന്റെ ജനമായ ഇസ്രാ​യേ​ലി​നെ നീ മേയ്‌ക്കും. നീ എന്റെ ജനമായ ഇസ്രാ​യേ​ലി​ന്റെ നേതാ​വാ​കും’ എന്നു പറയു​ക​യും ചെയ്‌തി​ട്ടുണ്ട്‌.”+  അങ്ങനെ ഇസ്രാ​യേ​ലി​ലെ മൂപ്പന്മാരെല്ലാം* ഹെ​ബ്രോ​നിൽ രാജാ​വി​ന്റെ അടുത്ത്‌ വന്നു. ദാവീദ്‌ ഹെ​ബ്രോ​നിൽവെച്ച്‌ യഹോ​വയെ സാക്ഷി​യാ​ക്കി അവരു​മാ​യി ഒരു ഉടമ്പടി ചെയ്‌തു. അതിനു ശേഷം, ശമു​വേ​ലി​ലൂ​ടെ യഹോവ പറഞ്ഞതുപോലെ+ അവർ ദാവീ​ദി​നെ ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​യി അഭി​ഷേകം ചെയ്‌തു.+  പിന്നെ ദാവീ​ദും എല്ലാ ഇസ്രാ​യേ​ലും കൂടി യരുശ​ലേ​മി​ലേക്ക്‌, അതായത്‌ യബൂസി​ലേക്ക്‌,+ പുറ​പ്പെട്ടു. യബൂസ്യരാണ്‌+ അക്കാലത്ത്‌ അവിടെ താമസി​ച്ചി​രു​ന്നത്‌.  “നിനക്ക്‌ ഒരു കാലത്തും ഇവിടെ കാൽ കുത്താ​നാ​കില്ല!”+ എന്നു പറഞ്ഞ്‌ യബൂസിൽ താമസി​ക്കു​ന്നവർ ദാവീ​ദി​നെ കളിയാ​ക്കി. എന്നാൽ ദാവീദ്‌ സീയോൻ+ കോട്ട പിടി​ച്ചെ​ടു​ത്തു. അതു ദാവീ​ദി​ന്റെ നഗരം+ എന്ന പേരിൽ ഇപ്പോൾ അറിയ​പ്പെ​ടു​ന്നു.  ദാവീദ്‌ പറഞ്ഞു: “യബൂസ്യ​രെ ആദ്യം ആക്രമി​ക്കു​ന്നവൻ തലവനും* പ്രഭു​വും ആയിത്തീ​രും.” അങ്ങനെ സെരൂ​യ​യു​ടെ മകനായ യോവാബ്‌+ ആദ്യം പുറ​പ്പെട്ടു; യോവാ​ബ്‌ തലവനാ​യി​ത്തീർന്നു.  ദാവീദ്‌ ആ കോട്ട​യിൽ താമസം​തു​ടങ്ങി. അതു​കൊ​ണ്ടാണ്‌ അവർ അതിനെ ദാവീ​ദി​ന്റെ നഗരം എന്നു വിളി​ച്ചത്‌.  ദാവീദ്‌ മില്ലോ* മുതൽ ചുറ്റോ​ടു​ചു​റ്റും നഗരം പണിതു​റ​പ്പി​ച്ചു. നഗരത്തി​ന്റെ ബാക്കി ഭാഗം യോവാ​ബ്‌ പുതു​ക്കി​പ്പ​ണി​തു.  അങ്ങനെ ദാവീദ്‌ കൂടു​തൽക്കൂ​ടു​തൽ ശക്തനായി.+ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ ദാവീ​ദി​ന്റെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. 10  യഹോവ ഇസ്രാ​യേ​ലി​നോ​ടു വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ ദാവീ​ദി​നെ രാജാവാക്കുന്നതിൽ+ ദാവീ​ദി​ന്റെ വീര​യോ​ദ്ധാ​ക്ക​ളു​ടെ തലവന്മാർ ഇസ്രാ​യേൽ ജനത്തോ​ടൊ​പ്പം ശക്തമായ പിന്തുണ നൽകി. 11  ഇവരാണു ദാവീ​ദി​ന്റെ ആ വീര​യോ​ദ്ധാ​ക്കൾ: ഒരു ഹഖ്‌മോ​ന്യ​ന്റെ മകനായ യാശോ​ബെ​യാം.+ യാശോ​ബെ​യാ​മാ​യി​രു​ന്നു മൂവരിൽ തലവൻ.+ യാശോ​ബെ​യാം ഒരിക്കൽ കുന്തം​കൊണ്ട്‌ 300 പേരെ കൊന്നു!+ 12  അടുത്തത്‌ അഹോഹ്യനായ+ ദോ​ദൊ​യു​ടെ മകൻ എലെയാ​സർ.+ എലെയാ​സ​രും ആ മൂന്നു വീര​യോ​ദ്ധാ​ക്ക​ളിൽ ഒരാളാ​യി​രു​ന്നു. 13  ഫെലിസ്‌ത്യർ പസ്‌-ദമ്മീമിൽ+ യുദ്ധത്തി​ന്‌ ഒന്നിച്ചു​കൂ​ടി​യ​പ്പോൾ അവിടെ ദാവീ​ദി​നോ​ടൊ​പ്പം എലെയാ​സ​രു​മു​ണ്ടാ​യി​രു​ന്നു. പസ്‌-ദമ്മീമിൽ ഒരു ബാർളി​വ​യ​ലു​ണ്ടാ​യി​രു​ന്നു. ഫെലി​സ്‌ത്യ​രെ പേടിച്ച്‌ ജനം ഓടി​പ്പോ​യി. 14  പക്ഷേ എലെയാ​സർ ആ വയലിന്റെ നടുവിൽ നിന്ന്‌ പൊരു​തി അതു സംരക്ഷി​ച്ച്‌ ഫെലി​സ്‌ത്യ​രെ വെട്ടി​വീ​ഴ്‌ത്തി​ക്കൊ​ണ്ടി​രു​ന്നു. അങ്ങനെ യഹോവ അവർക്കു വലി​യൊ​രു വിജയം കൊടു​ത്തു.+ 15  ഫെലിസ്‌ത്യരുടെ ഒരു സൈന്യം രഫായീം താഴ്‌വ​ര​യിൽ പാളയ​മ​ടി​ച്ചി​രി​ക്കു​മ്പോൾ 30 തലവന്മാ​രിൽ 3 പേർ ദാവീ​ദി​ന്റെ അടുത്ത്‌ പാറയി​ലേക്ക്‌,+ അതായത്‌ അദുല്ലാം ഗുഹയി​ലേക്ക്‌,+ ചെന്നു. 16  ദാവീദ്‌ അപ്പോൾ ഒളിസ​ങ്കേ​ത​ത്തിൽ കഴിയു​ക​യാ​യി​രു​ന്നു. ഫെലി​സ്‌ത്യ​രു​ടെ ഒരു കാവൽസേ​നാ​കേ​ന്ദ്രം ബേത്ത്‌ലെ​ഹെ​മി​ലു​ണ്ടാ​യി​രു​ന്നു. 17  ദാവീദ്‌ വലി​യൊ​രു ആഗ്രഹം പറഞ്ഞു: “ബേത്ത്‌ലെഹെംകവാടത്തിന്‌+ അടുത്തുള്ള ജലസംഭരണിയിൽനിന്ന്‌* കുറച്ച്‌ വെള്ളം കുടി​ക്കാൻ കിട്ടി​യി​രു​ന്നെ​ങ്കിൽ!” 18  അപ്പോൾ ആ മൂന്നു പേർ ഫെലി​സ്‌ത്യ​പാ​ള​യ​ത്തി​ലേക്കു ബലം പ്രയോ​ഗിച്ച്‌ കടന്നു​ചെന്ന്‌ ബേത്ത്‌ലെ​ഹെം​ക​വാ​ട​ത്തിന്‌ അടുത്തുള്ള ജലസം​ഭ​ര​ണി​യിൽനിന്ന്‌ വെള്ളം കോരി ദാവീ​ദി​നു കൊണ്ടു​വന്ന്‌ കൊടു​ത്തു. പക്ഷേ ദാവീദ്‌ അതു കുടി​ക്കാൻ കൂട്ടാ​ക്കാ​തെ യഹോ​വ​യു​ടെ സന്നിധി​യിൽ നിലത്ത്‌ ഒഴിച്ചു. 19  ദാവീദ്‌ പറഞ്ഞു: “ഞാൻ എന്റെ ദൈവത്തെ ഭയപ്പെ​ടു​ന്നു. അതു​കൊണ്ട്‌ ഇതു കുടി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ എനിക്കു ചിന്തി​ക്കാ​നേ കഴിയില്ല. സ്വന്തം ജീവൻ പണയം​വെ​ച്ചാണ്‌ ഇവർ ഇതു കൊണ്ടു​വ​ന്നത്‌. ജീവൻ അപകട​പ്പെ​ടു​ത്തി അവി​ടേക്കു പോയ ഇവരുടെ രക്തം ഞാൻ കുടി​ക്കാ​നോ!”+ ദാവീദ്‌ അതു കുടി​ക്കാൻ വിസമ്മ​തി​ച്ചു. ഇതെല്ലാ​മാ​ണു ദാവീ​ദി​ന്റെ മൂന്നു യോദ്ധാ​ക്ക​ളു​ടെ വീരകൃ​ത്യ​ങ്ങൾ. 20  യോവാബിന്റെ+ സഹോ​ദ​ര​നായ അബീശായി+ വേറെ മൂന്നു പേരിൽ തലവനാ​യി​ത്തീർന്നു. അബീശാ​യി കുന്തം​കൊണ്ട്‌ 300 പേരെ കൊന്നു. ആദ്യത്തെ മൂന്നു പേരെ​പ്പോ​ലെ അയാളും കീർത്തി നേടി.+ 21  മറ്റേ മൂവരിൽ അബീശാ​യി​യാ​യി​രു​ന്നു മികച്ചു​നി​ന്നത്‌; അയാൾ അവരുടെ തലവനു​മാ​യി​രു​ന്നു. എന്നിട്ടും ആദ്യത്തെ മൂവരു​ടെ നിരയി​ലേക്ക്‌ അയാൾ എത്തിയില്ല. 22  യഹോയാദയുടെ മകനായ ബനയ+ ധീരനാ​യി​രു​ന്നു;* ബനയ കെബ്‌സെയേലിൽ+ കുറെ വീരകൃ​ത്യ​ങ്ങൾ ചെയ്‌തു. മോവാ​ബു​കാ​ര​നായ അരി​യേ​ലി​ന്റെ രണ്ട്‌ ആൺമക്കളെ ബനയ വെട്ടി​വീ​ഴ്‌ത്തി; മഞ്ഞുവീ​ഴ്‌ച​യുള്ള ഒരു ദിവസം ഒരു കുഴി​യി​ലേക്ക്‌ ഇറങ്ങി​ച്ചെന്ന്‌ ഒരു സിംഹത്തെ കൊന്നു.+ 23  അഞ്ചു മുഴം* ഉയരമുള്ള ഭീമാ​കാ​ര​നായ ഒരു ഈജിപ്‌തുകാരനെയും+ ബനയ കൊന്നു. ആ ഈജി​പ്‌തു​കാ​രന്റെ കൈയിൽ നെയ്‌ത്തു​കാ​രു​ടെ ഉരുളൻത​ടി​പോ​ലുള്ള ഒരു കുന്തമുണ്ടായിരുന്നെങ്കിലും+ ബനയ വെറു​മൊ​രു വടിയു​മാ​യി അയാളു​ടെ നേരെ ചെന്ന്‌ ആ കുന്തം പിടി​ച്ചു​വാ​ങ്ങി അതു​കൊ​ണ്ടു​തന്നെ അയാളെ കൊന്നു.+ 24  ഇതെല്ലാമാണ്‌ യഹോ​യാ​ദ​യു​ടെ മകനായ ബനയ ചെയ്‌തത്‌. ആ മൂന്നു വീര​യോ​ദ്ധാ​ക്ക​ളെ​പ്പോ​ലെ ഇയാളും കീർത്തി നേടി. 25  ബനയ ആ മുപ്പതു പേരെ​ക്കാൾ മികച്ചു​നി​ന്നെ​ങ്കി​ലും ആ മൂന്നു പേരുടെ+ നിരയി​ലേക്ക്‌ ഉയർന്നില്ല. എന്നാൽ ദാവീദ്‌ ബനയയെ തന്റെ അംഗര​ക്ഷ​ക​രു​ടെ തലവനാ​യി നിയമി​ച്ചു. 26  സൈന്യത്തിലെ വീര​യോ​ദ്ധാ​ക്കൾ ഇവരാ​യി​രു​ന്നു: യോവാ​ബി​ന്റെ സഹോ​ദ​ര​നായ അസാഹേൽ,+ ബേത്ത്‌ലെ​ഹെ​മി​ലെ ദോ​ദൊ​യു​ടെ മകൻ എൽഹാ​നാൻ,+ 27  ഹരോര്യനായ ശമ്മോത്ത്‌, പെലോ​ന്യ​നായ ഹേലെസ്‌, 28  തെക്കോവ്യനായ ഇക്കേശി​ന്റെ മകൻ ഈര,+ അനാ​ഥോ​ത്യ​നായ അബി​യേസർ,+ 29  ഹൂശത്യനായ സിബ്ബെ​ഖാ​യി,+ അഹോ​ഹ്യ​നായ ഈലായി, 30  നെതോഫത്യനായ മഹരായി,+ നെതോ​ഫ​ത്യ​നായ ബാനെ​യു​ടെ മകൻ ഹേലെദ്‌,+ 31  ബന്യാമീന്യരുടെ+ ഗിബെ​യ​യി​ലെ രീബാ​യി​യു​ടെ മകൻ ഈഥായി, പിരാ​ഥോ​ന്യ​നായ ബനയ, 32  ഗായശ്‌നീർച്ചാലുകളുടെ*+ അടുത്തു​നി​ന്നുള്ള ഹൂരായി, അർബാ​ത്യ​നായ അബിയേൽ, 33  ബഹൂരീമ്യനായ അസ്‌മാ​വെത്ത്‌, ശാൽബോ​ന്യ​നായ എല്യഹ്‌ബ, 34  ഗിസോന്യനായ ഹശേമി​ന്റെ ആൺമക്കൾ, ഹരാര്യ​നായ ശാഗേ​യു​ടെ മകൻ യോനാ​ഥാൻ, 35  ഹരാര്യനായ സാഖാ​രി​ന്റെ മകൻ അഹീയാം, ഊരിന്റെ മകൻ എലീഫാൽ, 36  മെഖേരാത്യനായ ഹേഫെർ, പെലോ​ന്യ​നായ അഹീയ, 37  കർമേല്യനായ ഹെസ്രൊ, എസ്‌ബാ​യി​യു​ടെ മകൻ നയരായി, 38  നാഥാന്റെ സഹോ​ദരൻ യോവേൽ, ഹഗ്രി​യു​ടെ മകൻ മിബ്‌ഹാർ, 39  അമ്മോന്യനായ സേലെക്ക്‌, സെരൂ​യ​യു​ടെ മകനായ യോവാ​ബി​ന്റെ ആയുധ​വാ​ഹകൻ ബരോ​ത്യ​നായ നഹരായി, 40  യിത്രിയനായ ഈര, യിത്രി​യ​നായ ഗാരേബ്‌, 41  ഹിത്യനായ ഊരി​യാവ്‌,+ അഹ്ലായി​യു​ടെ മകൻ സാബാദ്‌, 42  രൂബേന്യരുടെ ഒരു തലവനും രൂബേ​ന്യ​നായ ശീസയു​ടെ മകനും ആയ അദീന, അദീന​യോ​ടു​കൂ​ടെ​യുള്ള 30 പേർ, 43  മാഖയുടെ മകൻ ഹാനാൻ, മിത്‌ന്യ​നായ യോശാ​ഫാത്ത്‌, 44  അസ്‌താരോത്യനായ ഉസ്സിയ, അരോ​വേ​ര്യ​നായ ഹോഥാ​മി​ന്റെ ആൺമക്ക​ളായ ശാമയും യയീ​യേ​ലും, 45  ശിമ്രിയുടെ മകനായ യദിയ​യേൽ, യദിയ​യേ​ലി​ന്റെ സഹോ​ദരൻ തീസ്യ​നായ യോഹ, 46  മഹവ്യനായ എലീയേൽ, എൽനാ​മി​ന്റെ ആൺമക്ക​ളായ യരീബാ​യി​യും യോശ​വ്യ​യും, മോവാ​ബ്യ​നായ യിത്മ, 47  എലീയേൽ, ഓബേദ്‌, മെസോ​ബ്യ​നായ യാസി​യേൽ.

അടിക്കുറിപ്പുകള്‍

അഥവാ “അങ്ങയുടെ രക്തബന്ധ​ത്തി​ലു​ള്ളവർ.”
അക്ഷ. “ഇസ്രാ​യേ​ലി​നെ പുറ​ത്തേക്കു കൊണ്ടു​പോ​കു​ക​യും അകത്തേക്കു കൊണ്ടു​വ​രു​ക​യും ചെയ്‌തി​രു​ന്നത്‌.”
പദാവലി കാണുക.
അക്ഷ. “തലയും.”
അർഥം: “(മണ്ണിട്ട്‌) നിറച്ചത്‌.” സാധ്യ​ത​യ​നു​സ​രി​ച്ച്‌, കോട്ട​പോ​ലെ​യുള്ള ഒരു നിർമി​തി.
പദാവലി കാണുക.
അക്ഷ. “ഒരു വീരപു​രു​ഷന്റെ മകനാ​യി​രു​ന്നു.”
അതായത്‌, ഏകദേശം 2.23 മീ. (7.3 അടി). അനു. ബി14 കാണുക.
പദാവലിയിൽ “നീർച്ചാൽ” കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം