സംഖ്യ 9:1-23

9  അവർ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ പുറ​പ്പെ​ട്ടു​പോ​ന്ന​തി​ന്റെ രണ്ടാം വർഷം ഒന്നാം മാസം+ സീനായ്‌ വിജന​ഭൂ​മി​യിൽവെച്ച്‌ യഹോവ മോശ​യോ​ടു സംസാ​രി​ച്ചു. ദൈവം പറഞ്ഞു:  “നിശ്ചയിച്ച സമയത്തുതന്നെ+ ഇസ്രാ​യേ​ല്യർ പെസഹാബലി+ ഒരുക്കണം.  ഈ മാസം 14-ാം ദിവസം സന്ധ്യാ​സ​മ​യത്ത്‌,* അതിനു നിശ്ചയിച്ച സമയത്ത്‌, നിങ്ങൾ അത്‌ ഒരുക്കണം. അതിന്റെ എല്ലാ നിയമ​ങ്ങ​ളും പതിവ്‌ നടപടി​ക്ര​മ​ങ്ങ​ളും അനുസ​രിച്ച്‌ വേണം നിങ്ങൾ അത്‌ ഒരുക്കാൻ.”+  പെസഹാബലി ഒരുക്കാൻ മോശ ഇസ്രാ​യേ​ല്യ​രോ​ടു പറഞ്ഞു.  അങ്ങനെ, സീനായ്‌ വിജന​ഭൂ​മി​യിൽവെച്ച്‌ ഒന്നാം മാസം 14-ാം ദിവസം സന്ധ്യാ​സ​മ​യത്ത്‌ അവർ പെസഹാ​ബലി ഒരുക്കി. യഹോവ മോശ​യോ​ടു കല്‌പി​ച്ച​തൊ​ക്കെ ഇസ്രാ​യേ​ല്യർ ചെയ്‌തു.  എന്നാൽ ഒരു ശവശരീ​ര​ത്തിൽ തൊട്ട്‌* അശുദ്ധരായതിനാൽ+ അവി​ടെ​യു​ണ്ടാ​യി​രുന്ന ചിലർക്ക്‌ അന്നേ ദിവസം പെസഹാ​ബലി ഒരുക്കാൻ സാധി​ച്ചില്ല. അതു​കൊണ്ട്‌ അവർ അന്നു മോശ​യു​ടെ​യും അഹരോ​ന്റെ​യും മുമ്പാകെ ചെന്ന്‌+  അദ്ദേഹത്തോടു പറഞ്ഞു: “ഞങ്ങൾ ശവത്തിൽ തൊട്ട്‌ അശുദ്ധ​രാ​യി​രി​ക്കു​ന്നു. ഇസ്രാ​യേ​ല്യ​രെ​ല്ലാം യഹോ​വ​യ്‌ക്കു നിശ്ചി​ത​സ​മ​യത്ത്‌ യാഗം അർപ്പി​ക്കു​മ്പോൾ ഞങ്ങൾ മാറി നിൽക്ക​ണോ?”+  മോശ അവരോ​ടു പറഞ്ഞു: “നിങ്ങൾ ഇവിടെ നിൽക്കൂ, യഹോവ നിങ്ങ​ളെ​ക്കു​റിച്ച്‌ കല്‌പി​ക്കു​ന്നത്‌ എന്താ​ണെന്നു ഞാൻ കേൾക്കട്ടെ.”+  അപ്പോൾ യഹോവ മോശ​യോട്‌: 10  “ഇസ്രാ​യേ​ല്യ​രോട്‌ ഇങ്ങനെ പറയുക: ‘നിങ്ങളു​ടെ ഇടയി​ലോ വരും​ത​ല​മു​റ​യി​ലോ ഉള്ള ആരെങ്കി​ലും ശവത്തിൽ തൊട്ട്‌ അശുദ്ധനായാലും+ ഒരു ദൂരയാ​ത്ര​യി​ലാ​യാ​ലും അയാൾ യഹോ​വ​യ്‌ക്കു പെസഹാ​ബലി ഒരു​ക്കേ​ണ്ട​താണ്‌. 11  രണ്ടാം മാസം+ 14-ാം ദിവസം സന്ധ്യാ​സ​മ​യത്ത്‌ അവർ അത്‌ ഒരുക്കണം. പുളി​പ്പി​ല്ലാത്ത അപ്പത്തോ​ടും കയ്‌പു​ചീ​ര​യോ​ടും കൂടെ അവർ അതു തിന്നണം.+ 12  അതൊന്നും അവർ രാവി​ലെ​വരെ ബാക്കി വെക്കരു​ത്‌.+ അതിന്റെ അസ്ഥിക​ളൊ​ന്നും ഒടിക്കു​ക​യു​മ​രുത്‌.+ പെസഹ​യു​ടെ എല്ലാ നിയമ​ങ്ങ​ളു​മ​നു​സ​രിച്ച്‌ അവർ അത്‌ ഒരുക്കണം. 13  എന്നാൽ ശുദ്ധി​യു​ള്ള​വ​നാ​യി​രി​ക്കു​ക​യോ ദൂരയാ​ത്ര​യി​ല​ല്ലാ​തി​രി​ക്കു​ക​യോ ചെയ്‌തി​ട്ടും ഒരാൾ പെസഹാ​ബലി ഒരുക്കാൻ തയ്യാറ​ല്ലെ​ങ്കിൽ അയാളെ അയാളു​ടെ ജനത്തിന്റെ ഇടയിൽനി​ന്ന്‌ ഛേദി​ച്ചു​ക​ള​യണം.*+ കാരണം നിശ്ചയിച്ച സമയത്ത്‌ അയാൾ യഹോ​വ​യ്‌ക്കു യാഗം അർപ്പി​ച്ചില്ല. അയാൾ തന്റെ പാപത്തി​നു കണക്കു ബോധി​പ്പി​ക്കേ​ണ്ടി​വ​രും. 14  “‘നിങ്ങൾക്കി​ട​യിൽ ഒരു വിദേശി താമസി​ക്കു​ന്നു​ണ്ടെ​ങ്കിൽ അയാളും യഹോ​വ​യ്‌ക്കു പെസഹാ​ബലി ഒരുക്കണം.+ പെസഹ​യു​ടെ എല്ലാ നിയമ​ങ്ങ​ളും പതിവ്‌ നടപടി​ക്ര​മ​ങ്ങ​ളും അനുസ​രിച്ച്‌ അയാൾ അതു ചെയ്യണം.+ സ്വദേ​ശി​യാ​യാ​ലും വിദേ​ശി​യാ​യാ​ലും നിങ്ങൾക്ക്‌ എല്ലാവർക്കും ഒരേ നിയമ​മാ​യി​രി​ക്കണം.’”+ 15  വിശുദ്ധകൂടാരം സ്ഥാപിച്ച ദിവസം+ മേഘം വിശു​ദ്ധ​കൂ​ടാ​രത്തെ—സാക്ഷ്യ​കൂ​ടാ​രത്തെ—മൂടി. എന്നാൽ വൈകു​ന്നേ​രം​മു​തൽ രാവി​ലെ​വരെ അതു വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു മുകളിൽ തീപോ​ലെ കാണ​പ്പെട്ടു.+ 16  അങ്ങനെതന്നെ തുടർന്നും സംഭവി​ച്ചു: പകൽ മേഘവും രാത്രി അഗ്നി​പ്ര​ഭ​യും അതിനെ മൂടും.+ 17  മേഘം കൂടാ​ര​ത്തിൽനിന്ന്‌ ഉയർന്നാൽ ഉടൻ ഇസ്രാ​യേ​ല്യർ പുറ​പ്പെ​ടും;+ മേഘം നിൽക്കു​ന്നി​ടത്ത്‌ ഇസ്രാ​യേ​ല്യർ പാളയ​മ​ടി​ക്കും.+ 18  യഹോവയുടെ ആജ്ഞ കിട്ടു​മ്പോൾ ഇസ്രാ​യേ​ല്യർ പുറ​പ്പെ​ടും, യഹോ​വ​യു​ടെ ആജ്ഞ കിട്ടു​മ്പോൾ ഇസ്രാ​യേ​ല്യർ പാളയ​മ​ടി​ക്കും.+ മേഘം വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു മുകളിൽ നിൽക്കു​ന്നി​ട​ത്തോ​ളം അവർ പാളയ​ത്തിൽത്തന്നെ കഴിയും. 19  ചിലപ്പോൾ, മേഘം വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു മുകളിൽ പല ദിവസ​ത്തേക്കു നിൽക്കും. ഇസ്രാ​യേ​ല്യർ യഹോ​വയെ അനുസ​രി​ക്കും, അവർ പുറ​പ്പെ​ടില്ല.+ 20  മറ്റു ചില​പ്പോൾ, കുറച്ച്‌ ദിവസമേ മേഘം വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു മുകളിൽ നിൽക്കൂ. യഹോ​വ​യു​ടെ ആജ്ഞയനു​സ​രിച്ച്‌ അവർ പാളയ​ത്തിൽ താമസി​ക്കു​ക​യും യഹോ​വ​യു​ടെ ആജ്ഞയനു​സ​രിച്ച്‌ അവർ പുറ​പ്പെ​ടു​ക​യും ചെയ്യും. 21  ചിലപ്പോൾ, മേഘം വൈകു​ന്നേ​രം​മു​തൽ രാവി​ലെ​വരെ മാത്രം നിൽക്കും. രാവിലെ മേഘം ഉയരു​മ്പോൾ അവർ പുറ​പ്പെ​ടും. പകലാ​യാ​ലും രാത്രി​യാ​യാ​ലും, മേഘം ഉയർന്നാൽ അവർ പുറ​പ്പെ​ടും.+ 22  രണ്ടു ദിവസ​മോ ഒരു മാസമോ അതി​ലേറെ കാലമോ ആയാലും, മേഘം വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു മുകളിൽ നിൽക്കു​ന്നി​ട​ത്തോ​ളം ഇസ്രാ​യേ​ല്യർ പാളയ​ത്തിൽത്തന്നെ താമസി​ക്കും; അവർ പുറ​പ്പെ​ടില്ല. എന്നാൽ അത്‌ ഉയരു​മ്പോൾ അവർ പുറ​പ്പെ​ടും. 23  യഹോവയുടെ ആജ്ഞ കിട്ടു​മ്പോൾ അവർ പാളയ​മ​ടി​ക്കും, യഹോ​വ​യു​ടെ ആജ്ഞ കിട്ടു​മ്പോൾ അവർ പുറ​പ്പെ​ടും. മോശ​യി​ലൂ​ടെ യഹോവ നൽകിയ ആജ്ഞപോ​ലെ അവർ യഹോ​വയെ അനുസ​രി​ച്ചു.

അടിക്കുറിപ്പുകള്‍

അക്ഷ. “രണ്ടു സന്ധ്യകൾക്കി​ട​യിൽ.”
അഥവാ “ഒരു മനുഷ്യ​ദേ​ഹി​യാൽ.”
അഥവാ “കൊന്നു​ക​ള​യണം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം