യിരെമ്യ 15:1-21

15  അപ്പോൾ, യഹോവ എന്നോടു പറഞ്ഞു: “മോശ​യും ശമു​വേ​ലും എന്റെ മുന്നിൽ നിന്നാൽപ്പോലും+ ഞാൻ ഈ ജനത്തോ​ടു പ്രീതി കാണി​ക്കില്ല. എന്റെ കൺമു​ന്നിൽനിന്ന്‌ ഇവരെ ഓടി​ച്ചു​ക​ളയൂ. അവർ പോകട്ടെ.  അവർ നിന്നോ​ട്‌, ‘ഞങ്ങൾ എവി​ടെ​പ്പോ​കും’ എന്നു ചോദി​ച്ചാൽ നീ അവരോ​ടു പറയണം: ‘യഹോവ പറയു​ന്നത്‌ ഇതാണ്‌: “മാരക​രോ​ഗ​ത്തി​നു​ള്ളവർ മാരക​രോ​ഗ​ത്തി​ലേക്ക്‌! വാളി​നു​ള്ള​വർ വാളി​ലേക്ക്‌!+ ക്ഷാമത്തി​നു​ള്ള​വർ ക്ഷാമത്തി​ലേക്ക്‌! അടിമ​ത്ത​ത്തി​നു​ള്ളവർ അടിമ​ത്ത​ത്തി​ലേക്ക്‌!”’+  “യഹോവ പ്രഖ്യാ​പി​ക്കു​ന്നു: ‘ഞാൻ അവരുടെ മേൽ നാലു ദുരന്തം* വരുത്തും:+ വാൾ അവരെ കൊല്ലും; നായ്‌ക്കൾ അവരെ വലിച്ചി​ഴ​യ്‌ക്കും; ആകാശ​ത്തി​ലെ പക്ഷികൾ അവരെ തിന്നു​മു​ടി​ക്കും; ഭൂമി​യി​ലെ മൃഗങ്ങൾ അവരെ വിഴു​ങ്ങി​ക്ക​ള​യും.+  യഹൂദാരാജാവായ ഹിസ്‌കി​യ​യു​ടെ മകൻ മനശ്ശെ യരുശ​ലേ​മിൽ ചെയ്‌തു​കൂ​ട്ടിയ കാര്യങ്ങൾ നിമിത്തം+ ഭൂമി​യി​ലുള്ള എല്ലാ രാജ്യ​ങ്ങൾക്കും ഞാൻ അവരെ ഭീതി​കാ​ര​ണ​മാ​ക്കും.+   യരുശലേമേ, ആരു നിന്നോ​ട്‌ അനുകമ്പ കാട്ടും?ആർക്കു നിന്നോ​ടു സഹതാപം തോന്നും?നിന്റെ ക്ഷേമം അന്വേ​ഷി​ക്കാൻ ആരു നിന്റെ അടുത്ത്‌ വരും?’   ‘നീ എന്നെ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.+ ‘നീ വീണ്ടും​വീ​ണ്ടും എനിക്കു പുറം​തി​രി​യു​ന്നു.*+ അതു​കൊണ്ട്‌, നിനക്ക്‌ എതിരെ കൈ നീട്ടി ഞാൻ നിന്നെ സംഹരി​ക്കും.+ നിന്നോട്‌ അലിവ്‌ കാണിച്ചുകാണിച്ച്‌* ഞാൻ മടുത്തു.   ദേശത്തിന്റെ കവാട​ങ്ങ​ളിൽവെച്ച്‌ ഞാൻ അവരെ മുൾക്ക​ര​ണ്ടി​കൊണ്ട്‌ പാറ്റി​ക്ക​ള​യും. ഞാൻ അവരുടെ മക്കളുടെ ജീവ​നെ​ടു​ക്കും.+ എന്റെ ജനം അവരുടെ വഴിക​ളിൽനിന്ന്‌ പിന്തി​രി​യാൻ കൂട്ടാക്കാത്തതുകൊണ്ട്‌+ഞാൻ അവരെ സംഹരി​ക്കും.   എന്റെ മുന്നിൽ അവരുടെ വിധവ​മാർ കടലിലെ മണൽത്ത​രി​ക​ളെ​ക്കാൾ അധിക​മാ​കും. നട്ടുച്ച​യ്‌ക്കു ഞാൻ അവരുടെ നേരെ ഒരു സംഹാ​ര​കനെ വരുത്തും; അമ്മമാ​രെ​യും യുവാ​ക്ക​ളെ​യും അവൻ നിഗ്ര​ഹി​ക്കും. ഉത്‌ക​ണ്‌ഠ​യും ഭീതി​യും അവരെ പെട്ടെന്നു പിടി​കൂ​ടാൻ ഞാൻ ഇടയാ​ക്കും.   ഏഴു പ്രസവി​ച്ചവൾ ക്ഷീണിച്ച്‌ തളർന്നി​രി​ക്കു​ന്നു;അവൾ ശ്വാസ​മെ​ടു​ക്കാൻ കഷ്ടപ്പെ​ടു​ന്നു. പകൽ തീരും​മു​മ്പേ അവളുടെ സൂര്യൻ അസ്‌ത​മി​ച്ചി​രി​ക്കു​ന്നു;അവൾ ലജ്ജിത​യും അപമാ​നി​ത​യും ആയിരി​ക്കു​ന്നു.’* ‘അവരിൽ ബാക്കി​യുള്ള കുറച്ച്‌ പേരെഞാൻ ശത്രു​ക്ക​ളു​ടെ വാളിന്‌ ഇരയാ​ക്കും’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”+ 10  എന്റെ അമ്മേ,എന്തിന്‌ എനിക്ക്‌ ഇങ്ങനെ​യൊ​രു ജന്മം തന്നു?+ ഞാൻ കാരണം നാട്ടി​ലെ​ങ്ങും വഴക്കും വക്കാണ​വും ആണല്ലോ. കഷ്ടം!ഞാൻ കടം കൊടു​ക്കു​ക​യോ കടം വാങ്ങു​ക​യോ ചെയ്‌തി​ട്ടില്ല; എന്നിട്ടും അവരെ​ല്ലാം എന്നെ ശപിക്കു​ന്നു. 11  യഹോവ പറഞ്ഞു: “ഞാൻ നിന്നെ ശുശ്രൂ​ഷിച്ച്‌ നിനക്കു നല്ലതു വരുത്തും.ആപത്തു​കാ​ലത്ത്‌ ഞാൻ തീർച്ച​യാ​യും നിനക്കു​വേണ്ടി മധ്യസ്ഥത വഹിക്കും;കഷ്ടകാ​ലത്ത്‌ നിനക്കു​വേണ്ടി ശത്രു​ക്ക​ളോ​ടു വാദി​ക്കും. 12  ആർക്കെങ്കിലും ഇരുമ്പി​നെ കഷണങ്ങ​ളാ​ക്കാ​നാ​കു​മോ?വടക്കു​നി​ന്നു​ള്ള ഇരുമ്പും ചെമ്പും തകർക്കാ​നാ​കു​മോ? 13  നിന്റെ നാട്ടി​ലെ​ല്ലാം നീ ചെയ്‌തു​കൂ​ട്ടിയ പാപങ്ങൾ കാരണംനിന്റെ വസ്‌തു​വ​ക​ക​ളും സമ്പാദ്യ​ങ്ങ​ളും വില വാങ്ങാതെ കൊള്ള​വ​സ്‌തു​ക്കൾപോ​ലെ ഞാൻ നൽകും.+ 14  നിനക്ക്‌ അപരി​ചി​ത​മായ ഒരു ദേശ​ത്തേക്കു കൊണ്ടു​പോ​കാൻഅവയെ​ല്ലാം ഞാൻ നിന്റെ ശത്രു​ക്കൾക്കു കൊടു​ക്കും.+ കാരണം എന്റെ കോപ​ത്താൽ ഒരു തീ ജ്വലി​ച്ചി​രി​ക്കു​ന്നു;+അതു നിന്റെ നേരെ വരുന്നു.” 15  യഹോവേ, അങ്ങയ്‌ക്ക്‌ എല്ലാം അറിയാ​മ​ല്ലോ;എന്നെ ഓർക്കേ​ണമേ; എന്നി​ലേക്കു ശ്രദ്ധ തിരി​ക്കേ​ണമേ. എന്നെ ഉപദ്ര​വി​ക്കു​ന്ന​വ​രോട്‌ എനിക്കു​വേണ്ടി പ്രതി​കാ​രം ചെയ്യേ​ണമേ.+ അങ്ങ്‌ കോപം ചൊരി​യാൻ താമസി​ച്ചിട്ട്‌ ഞാൻ നശിച്ചു​പോ​കാൻ ഇടയാ​ക​രു​തേ.* അങ്ങയ്‌ക്കു​വേ​ണ്ടി​യാ​ണ​ല്ലോ ഞാൻ ഈ നിന്ദ​യെ​ല്ലാം സഹിക്കു​ന്നത്‌.+ 16  അങ്ങയുടെ വാക്കുകൾ എനിക്കു കിട്ടി, ഞാൻ അവ കഴിച്ചു;+അവ എനിക്ക്‌ ആഹ്ലാദ​വും ഹൃദയാ​ന​ന്ദ​വും തന്നു;സൈന്യ​ങ്ങ​ളു​ടെ ദൈവ​മായ യഹോവേ, ഞാൻ അങ്ങയുടെ പേരി​ലാ​ണ​ല്ലോ അറിയ​പ്പെ​ടു​ന്നത്‌. 17  ഞാൻ ഉല്ലാസ​പ്രി​യ​രോ​ടു കൂട്ടു​കൂ​ടി ആനന്ദി​ക്കു​ന്നില്ല.+ അങ്ങയുടെ കൈ എന്റെ മേലു​ള്ള​തു​കൊണ്ട്‌ ഞാൻ തനിച്ചാ​ണ്‌ ഇരിക്കു​ന്നത്‌;ധാർമികരോഷംകൊണ്ട്‌* അങ്ങ്‌ എന്നെ നിറച്ചി​രി​ക്കു​ന്ന​ല്ലോ.+ 18  എന്താണ്‌ എന്റെ വേദന വിട്ടു​മാ​റാ​ത്തത്‌, എന്റെ മുറിവ്‌ ഉണങ്ങാ​ത്തത്‌? അത്‌ ഉണങ്ങാൻ കൂട്ടാ​ക്കു​ന്നില്ല.പെട്ടെന്നു വറ്റി​പ്പോ​കുന്ന ഉറവ​പോ​ലെ അങ്ങ്‌ എന്നെ വഞ്ചിക്കു​മോ? 19  അതുകൊണ്ട്‌, യഹോവ പറയു​ന്നത്‌ ഇതാണ്‌: “നീ മടങ്ങി​വ​ന്നാൽ ഞാൻ നിന്നെ പഴയപ​ടി​യാ​ക്കും;നീ എന്റെ മുന്നിൽ നിൽക്കും. ഒരു ഗുണവു​മി​ല്ലാ​ത്ത​തും അമൂല്യ​മാ​യ​തും തമ്മിൽ നീ വേർതി​രി​ച്ചാൽനീ എന്റെ വായ്‌പോ​ലെ​യാ​കും.* അവർക്കു നിന്നി​ലേക്കു തിരി​യേ​ണ്ടി​വ​രും;പക്ഷേ നിനക്ക്‌ അവരി​ലേക്കു തിരി​യേ​ണ്ടി​വ​രില്ല.” 20  “ഞാൻ നിന്നെ ഈ ജനത്തിനു മുന്നിൽ ഉറപ്പുള്ള ഒരു ചെമ്പു​മ​തി​ലാ​ക്കു​ന്നു.+ അവർ നിന്നോ​ടു പോരാ​ടു​മെന്ന കാര്യം ഉറപ്പാണ്‌;പക്ഷേ വിജയി​ക്കില്ല.+കാരണം, നിന്നെ രക്ഷിക്കാ​നും വിടു​വി​ക്കാ​നും ഞാൻ നിന്നോ​ടൊ​പ്പ​മുണ്ട്‌” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 21  “ദുഷ്ടന്മാ​രു​ടെ കൈയിൽനി​ന്ന്‌ ഞാൻ നിന്നെ രക്ഷിക്കും;ക്രൂര​ന്മാ​രു​ടെ പിടി​യിൽനിന്ന്‌ നിന്നെ മോചി​പ്പി​ക്കും.”*

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “നാലു തരം ന്യായ​വി​ധി.” അക്ഷ. “നാലു കുടും​ബത്തെ.”
മറ്റൊരു സാധ്യത “പുറ​കോ​ട്ടു നടക്കുന്നു.”
അഥവാ “ഖേദം തോന്നി.”
മറ്റൊരു സാധ്യത “അതു നാണം​കെട്ട്‌ ലജ്ജിച്ചു​പോ​യി​രി​ക്കു​ന്നു.”
അക്ഷ. “എന്നെ എടുത്തു​ക​ള​യ​രു​തേ.”
അഥവാ “കുറ്റാ​രോ​പ​ണ​ത്തി​ന്റെ സന്ദേശം​കൊ​ണ്ട്‌.”
അഥവാ “വക്താവാ​കും.”
അക്ഷ. “വീണ്ടെ​ടു​ക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം