യഹസ്‌കേൽ 13:1-23

13  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി:  “മനുഷ്യ​പു​ത്രാ, ഇസ്രാ​യേ​ലി​ലെ പ്രവാ​ച​ക​ന്മാർക്കെ​തി​രെ പ്രവചി​ക്കൂ!+ സ്വന്തമാ​യി പ്രവച​നങ്ങൾ കെട്ടിച്ചമയ്‌ക്കുന്നവരോട്‌*+ ഇങ്ങനെ പറയുക: ‘യഹോ​വ​യു​ടെ സന്ദേശം കേൾക്കൂ.  പരമാധികാരിയായ യഹോവ പറയുന്നു: “ദർശന​മൊ​ന്നും കാണാ​തെ​തന്നെ സ്വന്തം ഹൃദയ​ത്തിൽനിന്ന്‌ പ്രവചി​ക്കുന്ന വിഡ്‌ഢി​ക​ളായ പ്രവാ​ച​ക​ന്മാ​രേ, നിങ്ങളു​ടെ കാര്യം കഷ്ടംതന്നെ!+  ഇസ്രായേലേ, നിന്റെ പ്രവാ​ച​ക​ന്മാർ നാശകൂ​മ്പാ​ര​ങ്ങൾക്കി​ട​യിൽ കഴിയുന്ന കുറു​ക്ക​ന്മാ​രെ​പ്പോ​ലെ​യാണ്‌.  നിങ്ങൾ ഇസ്രാ​യേൽഗൃ​ഹ​ത്തി​ന്റെ കൻമതി​ലു​കൾ പൊളി​ഞ്ഞു​കി​ട​ക്കു​ന്നി​ട​ത്തേക്കു ചെന്ന്‌ അവ പുനർനിർമിച്ചുകൊടുക്കുകയോ+ അങ്ങനെ യഹോ​വ​യു​ടെ ദിവസ​ത്തി​ലെ പോരാ​ട്ട​ത്തിൽ ഉറച്ചു​നിൽക്കാൻ ഇസ്രാ​യേ​ലി​നെ സഹായി​ക്കു​ക​യോ ഇല്ല.”+  “യഹോവ അയച്ചത​ല്ലെ​ങ്കി​ലും, ‘ഇത്‌ യഹോ​വ​യു​ടെ സന്ദേശ​മാണ്‌’ എന്നു പറയു​ന്നവർ കാണു​ന്നതു വ്യാജ​ദർശ​ന​ങ്ങ​ളും പ്രവചി​ക്കു​ന്നതു നുണക​ളും ആണ്‌. എന്നിട്ട്‌, അവരുടെ വാക്കുകൾ നിറ​വേ​റാൻ അവർ കാത്തി​രി​ക്കു​ക​യും ചെയ്യുന്നു.+  ഞാൻ ഒന്നും പറയാ​തി​രി​ക്കെ, ‘ഇത്‌ യഹോ​വ​യു​ടെ സന്ദേശ​മാണ്‌’ എന്നു പറഞ്ഞ്‌ നിങ്ങൾ ശരിക്കും നുണയല്ലേ പ്രവചി​ച്ചത്‌? നിങ്ങൾ കണ്ടതു വ്യാജ​ദർശ​ന​മല്ലേ?”’  “‘അതു​കൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “‘നിങ്ങൾ നുണ പറഞ്ഞതു​കൊ​ണ്ടും നിങ്ങളു​ടെ ദർശനങ്ങൾ വ്യാജ​മാ​യ​തു​കൊ​ണ്ടും ഞാൻ നിങ്ങൾക്കെ​തി​രാണ്‌’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”+  വ്യാജദർശനങ്ങൾ കാണു​ക​യും നുണ പ്രവചിക്കുകയും+ ചെയ്യുന്ന പ്രവാ​ച​ക​ന്മാർക്കെ​തി​രാണ്‌ എന്റെ കൈ. ഞാൻ കൂടി​യാ​ലോ​ചി​ക്കുന്ന എന്റെ ആളുക​ളു​ടെ സംഘത്തിൽ അവരു​ണ്ടാ​യി​രി​ക്കില്ല. ഇസ്രാ​യേൽഗൃ​ഹ​ത്തി​ന്റെ പേരു​വി​വ​ര​പ്പ​ട്ടി​ക​യിൽ അവരുടെ പേര്‌ എഴുതി​വെ​ക്കു​ക​യോ അവർ ഇസ്രാ​യേൽ ദേശ​ത്തേക്കു മടങ്ങി​വ​രു​ക​യോ ഇല്ല. അങ്ങനെ, ഞാൻ പരമാ​ധി​കാ​രി​യായ യഹോ​വ​യാ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും.+ 10  സമാധാനമില്ലാതിരിക്കെ, “സമാധാ​നം!” എന്നു പറഞ്ഞ്‌+ അവർ എന്റെ ജനത്തെ വഴി​തെ​റ്റി​ച്ച​താണ്‌ ഇതി​നൊ​ക്കെ കാരണം. ദുർബ​ല​മായ ഇടഭിത്തി പണിതി​ട്ട്‌ അവർ അതിനു വെള്ള പൂശുന്നു.’*+ 11  “വെള്ള പൂശു​ന്ന​വ​രോട്‌, അതു പൊളി​ഞ്ഞു​വീ​ഴു​മെന്നു പറയൂ! ഒരു പെരുമഴ പെയ്യും. വലിയ ആലിപ്പഴങ്ങൾ* വീഴും. ശക്തമായ കൊടു​ങ്കാ​റ്റു​കൾ അതിനെ തകർത്തു​ക​ള​യും.+ 12  ഭിത്തി വീഴു​മ്പോൾ നിങ്ങ​ളോട്‌, ‘വെള്ള പൂശി​യിട്ട്‌ ഇപ്പോൾ എന്തായി’ എന്നു ചോദി​ക്കും.+ 13  “അതു​കൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘എന്റെ ക്രോ​ധ​ത്തിൽ ഞാൻ ശക്തമായ കൊടു​ങ്കാ​റ്റു​കൾ അടിപ്പി​ക്കും. എന്റെ കോപ​ത്തിൽ പെരുമഴ പെയ്യി​ക്കും. രൗദ്ര​ഭാ​വം​പൂണ്ട്‌ ഞാൻ ആലിപ്പ​ഴങ്ങൾ വർഷിച്ച്‌ നാശം വിതയ്‌ക്കും. 14  നിങ്ങൾ വെള്ള പൂശിയ ഭിത്തി ഞാൻ പൊളി​ച്ചു​ക​ള​യും; അതു നിലം​പ​രി​ചാ​കും. അതിന്റെ അടിസ്ഥാ​നം തെളിഞ്ഞ്‌ കാണും. നഗരം വീഴു​മ്പോൾ നിങ്ങളും അതിനു​ള്ളിൽപ്പെട്ട്‌ നശിക്കും. അങ്ങനെ ഞാൻ യഹോ​വ​യാ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും.’ 15  “‘ഞാൻ എന്റെ ക്രോധം ചുവരി​ന്മേ​ലും അതിന്മേൽ വെള്ള പൂശി​യ​വ​രു​ടെ മേലും പൂർണ​മാ​യും അഴിച്ചു​വി​ട്ട​ശേഷം നിങ്ങ​ളോ​ടു പറയും: “ഇനി ആ ചുവരു​മില്ല, അതിനു വെള്ള പൂശു​ന്ന​വ​രു​മില്ല.+ 16  യരുശലേമിനോടു പ്രവചി​ക്കു​ക​യും സമാധാ​നം ഇല്ലാതി​രി​ക്കെ അവൾക്കു സമാധാനമുണ്ടാകുമെന്ന+ ദർശനങ്ങൾ കാണു​ക​യും ചെയ്യുന്ന ഇസ്രാ​യേ​ലി​ലെ പ്രവാ​ച​ക​ന്മാർ ഇല്ലാതാ​യി​രി​ക്കു​ന്നു”’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 17  “മനുഷ്യ​പു​ത്രാ, സ്വന്തമാ​യി പ്രവച​നങ്ങൾ കെട്ടി​ച്ച​മ​യ്‌ക്കുന്ന നിന്റെ ജനത്തിൻപു​ത്രി​മാർക്കു നേരെ മുഖം തിരിച്ച്‌ അവർക്കെ​തി​രെ പ്രവചി​ക്കൂ! 18  നീ അവരോ​ടു പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “ആളുക​ളു​ടെ ജീവൻ വേട്ടയാ​ടാൻവേണ്ടി ഏതു വലുപ്പ​ത്തി​ലുള്ള തലയ്‌ക്കും പാകമാ​കുന്ന മൂടു​പ​ടങ്ങൾ ഉണ്ടാക്കു​ക​യും കൈക​ളിൽ ഇടാൻ നാടകൾ* തുന്നി​ക്കൊ​ടു​ക്കു​ക​യും ചെയ്യുന്ന സ്‌ത്രീ​ക​ളു​ടെ കാര്യം കഷ്ടം! എന്റെ ജനത്തിന്റെ ജീവൻ വേട്ടയാ​ടി​യിട്ട്‌ സ്വന്തം ജീവൻ രക്ഷിക്കാ​മെ​ന്നാ​ണോ നിങ്ങളു​ടെ വിചാരം? 19  നിങ്ങളുടെ നുണകൾക്കു ചെവി ചായി​ക്കുന്ന എന്റെ ജനത്തോ​ടു നുണകൾ പറഞ്ഞ്‌, ജീവി​ച്ചി​രി​ക്കേ​ണ്ട​വരെ കൊല്ലു​ക​യും ജീവി​ച്ചി​രി​ക്കാൻ പാടി​ല്ലാ​ത്ത​വരെ ജീവ​നോ​ടെ വെക്കു​ക​യും ചെയ്‌തു​കൊണ്ട്‌ ഒരു പിടി ബാർളി​ക്കും ഏതാനും അപ്പക്കഷണങ്ങൾക്കും+ വേണ്ടി എന്റെ ജനത്തിന്‌ ഇടയിൽ നിങ്ങൾ എന്നെ അശുദ്ധ​നാ​ക്കു​ന്നോ?”’+ 20  “അതു​കൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘സ്‌ത്രീ​കളേ, പക്ഷിക​ളെ​യെ​ന്ന​പോ​ലെ ജനത്തെ വേട്ടയാ​ടാൻ നിങ്ങൾ ഉപയോ​ഗി​ക്കുന്ന നിങ്ങളു​ടെ നാടകൾക്കെ​തി​രാ​ണു ഞാൻ. അവ ഞാൻ നിങ്ങളു​ടെ കൈക​ളിൽനിന്ന്‌ പൊട്ടി​ച്ചു​ക​ള​യും. അങ്ങനെ, പക്ഷിക​ളെ​യെ​ന്ന​പോ​ലെ നിങ്ങൾ വേട്ടയാ​ടു​ന്ന​വരെ ഞാൻ സ്വത​ന്ത്ര​രാ​ക്കും. 21  ഞാൻ നിങ്ങളു​ടെ മൂടു​പ​ടങ്ങൾ കീറി​ക്ക​ളഞ്ഞ്‌ നിങ്ങളു​ടെ കൈയിൽനി​ന്ന്‌ എന്റെ ജനത്തെ രക്ഷിക്കും. പിന്നെ ഒരിക്ക​ലും നിങ്ങൾക്ക്‌ അവരെ വേട്ടയാ​ടി​പ്പി​ടി​ക്കാൻ കഴിയില്ല. ഞാൻ യഹോ​വ​യാ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും.+ 22  ഞാൻ ഒരു കഷ്ടവും* വരുത്താ​തി​രുന്ന നീതി​മാ​നോ​ടു നിങ്ങൾ നുണ പറഞ്ഞ്‌+ അവന്റെ മനസ്സി​ടി​ച്ചു​ക​ളഞ്ഞു. പക്ഷേ നിങ്ങൾ ദുഷ്ടന്റെ കൈകൾക്കു ശക്തി പകർന്നി​രി​ക്കു​ന്നു.+ അതു​കൊണ്ട്‌ അവൻ തന്റെ മോശ​മായ വഴി വിട്ടു​മാ​റു​ക​യോ അങ്ങനെ തന്റെ ജീവൻ രക്ഷിക്കു​ക​യോ ചെയ്യു​ന്നില്ല.+ 23  അതുകൊണ്ട്‌ സ്‌ത്രീ​കളേ, നിങ്ങൾ ഇനി ഒരിക്ക​ലും വ്യാജ​ദർശ​നങ്ങൾ കാണു​ക​യോ ഭാവിഫലപ്രവചനങ്ങൾ+ നടത്തു​ക​യോ ഇല്ല. ഞാൻ എന്റെ ജനത്തെ നിങ്ങളു​ടെ കൈയിൽനി​ന്ന്‌ രക്ഷിക്കും. അങ്ങനെ ഞാൻ യഹോ​വ​യാ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും.’”

അടിക്കുറിപ്പുകള്‍

അഥവാ “സ്വന്തം ഹൃദയ​ത്തി​ലു​ള്ളതു പ്രവചി​ക്കു​ന്ന​വ​രോ​ട്‌.”
അതായത്‌, ഉറപ്പി​ല്ലാത്ത ഭിത്തി പണിതി​ട്ട്‌ കാഴ്‌ച​യ്‌ക്ക്‌ ഉറപ്പു​ള്ള​താ​ണെന്നു തോന്നി​പ്പി​ക്കാൻ അതിനു വെള്ള പൂശുന്നു.
അക്ഷ. “ആലിപ്പ​ഴ​ങ്ങളേ, നിങ്ങൾ.”
അതായത്‌, കൈമു​ട്ടി​ലും കൈക്കു​ഴ​യി​ലും ധരിക്കുന്ന മാന്ത്രി​ക​നാട.
അഥവാ “വേദന​യും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം