യശയ്യ 22:1-25

22  ദിവ്യ​ദർശ​ന​ത്തി​ന്റെ താഴ്‌വരയെക്കുറിച്ചുള്ള* പ്രഖ്യാ​പനം:+ എന്തിനാ​ണു നിങ്ങ​ളെ​ല്ലാം പുരമു​ക​ളിൽ കയറി​യി​രി​ക്കു​ന്നത്‌? എന്തുപറ്റി നിങ്ങൾക്കെ​ല്ലാം?   കോലാഹലം നിറഞ്ഞ നഗരമേ, മദിച്ചാർക്കുന്ന പട്ടണമേ,നീ ആകെ പ്രക്ഷു​ബ്ധ​മാ​യി​രു​ന്നു. നിന്നിൽ മരിച്ചു​വീ​ണവർ വെട്ടേറ്റല്ല വീണത്‌,അവർ മരി​ച്ചൊ​ടു​ങ്ങി​യതു യുദ്ധത്തി​ലു​മല്ല.+   നിന്റെ ഏകാധി​പ​തി​കൾ ഒരുമി​ച്ച്‌ ഓടി​പ്പോ​യി.+ വില്ല്‌ എടുക്കും​മു​മ്പേ അവർ തടവു​കാ​രാ​യി!+ അവർ ദൂരേക്ക്‌ ഓടി​പ്പോ​യെ​ങ്കി​ലും,കണ്ണിൽപ്പെ​ട്ട​വ​രെ​യെ​ല്ലാം ശത്രുക്കൾ പിടി​കൂ​ടി.   അതുകൊണ്ട്‌ ഞാൻ പറഞ്ഞു: “എന്നെ നോക്കാ​തെ കണ്ണു തിരിക്കൂ,ഞാൻ ഒന്നു പൊട്ടി​ക്ക​ര​യട്ടെ.+ എന്റെ ജനത്തിന്റെ പുത്രി* നശിച്ചു​പോ​യി​രി​ക്കു​ന്നു,+എന്നെ ആശ്വസി​പ്പി​ക്കാൻ നോ​ക്കേണ്ടാ.   പരമാധികാരിയും സൈന്യ​ങ്ങ​ളു​ടെ കർത്താ​വും ആയ യഹോവദിവ്യ​ദർശ​ന​ത്തി​ന്റെ താഴ്‌വ​ര​യിൽപരി​ഭ്രാ​ന്തി​യും തോൽവി​യും സംഭ്ര​മ​വും വരുത്തുന്ന ദിവസ​മ​ല്ലോ അത്‌.+ മതിലു​കൾ തകർക്ക​പ്പെ​ടു​ന്നു;+അവർ പർവതത്തെ നോക്കി നിലവി​ളി​ക്കു​ന്നു.   ഏലാം+ ആവനാഴി എടുത്ത്‌യോദ്ധാ​ക്ക​ളെ വഹിക്കുന്ന രഥങ്ങളും കുതിരകളും* ആയി നിൽക്കു​ന്നു;കീർ+ പരിച പുറ​ത്തെ​ടു​ക്കു​ന്നു.*   നിന്റെ ശ്രേഷ്‌ഠ​മായ താഴ്‌വ​ര​കൾയുദ്ധര​ഥ​ങ്ങൾകൊണ്ട്‌ നിറയും;കുതിരകൾ* കവാട​ത്തിൽ നിലയു​റ​പ്പി​ക്കും.   യഹൂദയുടെ മറ* നീക്കി​ക്ക​ള​യും. “അന്നു നിങ്ങൾ വനഗൃ​ഹ​ത്തി​ലെ ആയുധ​ശാ​ല​യി​ലേക്കു നോക്കും.+  നിങ്ങൾ ദാവീ​ദി​ന്റെ നഗരത്തിൽ+ അനേകം വിള്ളലു​കൾ കാണും. നിങ്ങൾ താഴത്തെ കുളത്തിൽ വെള്ളം ശേഖരി​ക്കും.+ 10  നിങ്ങൾ യരുശ​ലേ​മി​ലെ വീടുകൾ എണ്ണി​നോ​ക്കും; മതിൽ ബലപ്പെ​ടു​ത്താ​നാ​യി വീടുകൾ പൊളി​ച്ചെ​ടു​ക്കും. 11  പഴയ കുളത്തി​ലെ വെള്ളം ശേഖരി​ക്കാൻ നിങ്ങൾ മതിലു​കൾക്കി​ട​യിൽ ഒരു ജലസം​ഭ​രണി പണിയും. എന്നാൽ നിങ്ങൾ അതിന്റെ നിർമാ​താ​വായ മഹാ​ദൈ​വ​ത്തി​ലേക്കു നോക്കില്ല; പണ്ടുപണ്ടേ അത്‌ ഉണ്ടാക്കി​യ​വനെ നിങ്ങൾ കാണില്ല. 12  വിലപിക്കാനും കരയാ​നും,+വിലാ​പ​വ​സ്‌ത്രം ധരിക്കാ​നും തല വടിക്കാ​നും,അന്നാളിൽ പരമാ​ധി​കാ​രി​യും സൈന്യ​ങ്ങ​ളു​ടെ കർത്താ​വും ആയ യഹോവ ആവശ്യ​പ്പെ​ടും. 13  എന്നാൽ നിങ്ങൾ ആഘോ​ഷി​ച്ചു​ല്ല​സി​ക്കു​ന്നു;കന്നുകാ​ലി​ക​ളെ​യും ആടുക​ളെ​യും അറുക്കു​ന്നു;മാംസം ഭക്ഷിക്കു​ന്നു, വീഞ്ഞു കുടി​ക്കു​ന്നു.+ ‘നമുക്കു തിന്നു​കു​ടിച്ച്‌ ഉല്ലസി​ക്കാം; നാളെ നമ്മൾ മരിക്കു​മ​ല്ലോ’+ എന്നു പറയുന്നു.” 14  അപ്പോൾ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ എന്റെ കാതിൽ ഈ സന്ദേശം അറിയി​ച്ചു: “‘ജനമേ, നിങ്ങൾ മരി​ച്ചൊ​ടു​ങ്ങു​ന്ന​തു​വരെ നിങ്ങളു​ടെ ഈ തെറ്റിനു പരിഹാ​രം ചെയ്യാ​നാ​കില്ല’+ എന്നു പരമാ​ധി​കാ​രി​യും സൈന്യ​ങ്ങ​ളു​ടെ കർത്താ​വും ആയ യഹോവ പറയുന്നു.” 15  പരമാധികാരിയും സൈന്യ​ങ്ങ​ളു​ടെ കർത്താ​വും ആയ യഹോവ കല്‌പി​ക്കു​ന്നു: “നീ ആ കാര്യ​സ്ഥന്റെ അടുത്ത്‌ ചെന്ന്‌, അതായത്‌ ഭവനത്തിന്റെ* ചുമത​ല​ക്കാ​ര​നായ ശെബ്‌നെയുടെ+ അടുത്ത്‌ ചെന്ന്‌, ഇങ്ങനെ പറയുക: 16  ‘നീ എന്തിനാ​ണ്‌ ഇവിടെ നിനക്കു​വേണ്ടി ഒരു കല്ലറ വെട്ടി​യു​ണ്ടാ​ക്കി​യി​രി​ക്കു​ന്നത്‌? നിനക്ക്‌ എന്താണ്‌ ഇവിടെ കാര്യം? നിന്റെ ആരാണ്‌ ഇവി​ടെ​യു​ള്ളത്‌?’ ശെബ്‌നെ ഉയർന്ന ഒരു സ്ഥലത്ത്‌ തനിക്കു​വേണ്ടി ഒരു കല്ലറ വെട്ടി​യു​ണ്ടാ​ക്കു​ന്നു; പാറയിൽ ഒരു വിശ്രമസ്ഥലം* വെട്ടി​യൊ​രു​ക്കു​ന്നു. 17  ‘യഹോവ നിന്നെ ശക്തിയാ​യി താഴേക്കു വലി​ച്ചെ​റി​യും. എടോ, ദൈവം നിന്നെ ബലം പ്രയോ​ഗിച്ച്‌ പിടി​കൂ​ടും. 18  നിന്നെ ചുരു​ട്ടി​ക്കൂ​ട്ടി, വിശാ​ല​മായ ഒരു ദേശ​ത്തേക്കു പന്തു​പോ​ലെ എറിയും. അവി​ടെ​വെച്ച്‌ നീ മരിക്കും; നിന്റെ പ്രൗഢി​യുള്ള രഥങ്ങൾ നിന്റെ യജമാ​നന്റെ ഭവനത്തി​ന്‌ അപമാ​ന​മാ​യി അവിടെ കിടക്കും. 19  ഞാൻ നിന്നെ നിന്റെ സ്ഥാനത്തു​നിന്ന്‌ നീക്കും; നിനക്കു നിന്റെ പദവി നഷ്ടമാ​കും. 20  “‘അന്നു ഞാൻ എന്റെ ദാസനായ ഹിൽക്കി​യ​യു​ടെ മകൻ എല്യാക്കീമിനെ+ വിളി​ച്ചു​വ​രു​ത്തും. 21  ഞാൻ നിന്റെ വസ്‌ത്രം അവനെ ധരിപ്പി​ക്കും. അഴിഞ്ഞു​പോ​കാത്ത വിധം നിന്റെ നടു​ക്കെട്ട്‌ ഞാൻ അവനു കെട്ടി​ക്കൊ​ടു​ക്കും;+ നിനക്കുള്ള അധികാരം* അവനെ ഏൽപ്പി​ക്കും. അവൻ യരുശ​ലേം​നി​വാ​സി​കൾക്കും യഹൂദാ​ഗൃ​ഹ​ത്തി​നും പിതാ​വാ​യി​രി​ക്കും. 22  ദാവീദുഗൃഹത്തിന്റെ താക്കോൽ+ ഞാൻ അവന്റെ തോളിൽ വെക്കും. അവൻ തുറന്നത്‌ ആരും അടയ്‌ക്കില്ല; അവൻ അടച്ചത്‌ ആരും തുറക്കില്ല. 23  ഉറപ്പുള്ള ഒരിടത്ത്‌ ഒരു മരയാ​ണി​യാ​യി ഞാൻ അവനെ തറയ്‌ക്കും. അവൻ സ്വന്തം പിതാ​വി​ന്റെ ഭവനത്തി​നു മഹത്ത്വ​മാർന്ന ഒരു സിംഹാ​സ​ന​മാ​യി​ത്തീ​രും. 24  അവന്റെ പിതാ​വി​ന്റെ ഭവനത്തി​ന്റെ മഹത്ത്വ​മെ​ല്ലാം,* അതായത്‌ പിന്മു​റ​ക്കാ​രെ​യും സന്തതി​ക​ളെ​യും,* അവർ അവനിൽ തൂക്കി​യി​ടും; എല്ലാ ചെറിയ പാത്ര​ങ്ങ​ളും കുഴി​യൻപാ​ത്ര​ങ്ങ​ളും വലിയ ഭരണി​ക​ളും അവർ അവനിൽ തൂക്കും.’ 25  “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നു: ‘ഉറപ്പുള്ള സ്ഥലത്ത്‌ തറച്ചി​രുന്ന മരയാണി അന്നു നീക്കി​ക്ക​ള​യും.+ അതു മുറിച്ച്‌ താഴെ​യി​ടും; അതിൽ തൂക്കി​യി​രുന്ന വസ്‌തു​ക്ക​ളെ​ല്ലാം നിലത്ത്‌ വീണ്‌ തകർന്നു​പോ​കും. യഹോ​വ​യാണ്‌ ഇതു പറഞ്ഞി​രി​ക്കു​ന്നത്‌.’”

അടിക്കുറിപ്പുകള്‍

തെളിവനുസരിച്ച്‌ യരുശ​ലേം.
കാവ്യഭാഷയിൽ വ്യക്തി​ത്വം കല്‌പി​ച്ചി​രി​ക്കു​ന്നു. ഒരുപക്ഷേ, സഹതാ​പ​മോ കാരു​ണ്യ​മോ കാണി​ക്കാ​നാ​യി​രി​ക്കാം.
അഥവാ “കുതി​ര​ക്കാ​രും.”
അഥവാ “ഒരുക്കു​ന്നു.”
അഥവാ “കുതി​ര​ക്കാർ.”
അഥവാ “സംരക്ഷണം.”
അഥവാ “കൊട്ടാ​ര​ത്തി​ന്റെ.”
അക്ഷ. “താമസ​സ്ഥലം.”
അഥവാ “നിന്റെ ഭരണ​പ്ര​ദേശം.”
അക്ഷ. “ഭാര​മെ​ല്ലാം.”
അഥവാ “ശാഖക​ളെ​യും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം