നെഹമ്യ 6:1-19

6  ഞാൻ മതിൽ പുതുക്കിപ്പണിതെന്നും+ അതിന്‌ ഇപ്പോൾ വിടവു​കളൊ​ന്നു​മില്ലെ​ന്നും സൻബല്ല​ത്തി​നും തോബീയയ്‌ക്കും+ ഗേശെം എന്ന അറേബ്യക്കാരനും+ ബാക്കി ശത്രു​ക്കൾക്കും വിവരം കിട്ടി. (പക്ഷേ, അപ്പോ​ഴും കവാട​ങ്ങൾക്കു കതകുകൾ പിടി​പ്പി​ക്കുന്ന ജോലി ബാക്കി​യാ​യി​രു​ന്നു.)+  ഉടനെ സൻബല്ല​ത്തും ഗേശെ​മും എനിക്ക്‌ ഈ സന്ദേശം അയച്ചു: “നമുക്ക്‌ ഒരു സമയം പറഞ്ഞൊ​ത്ത്‌ ഓനൊ+ സമതല​ത്തി​ലെ ഗ്രാമ​ത്തിൽവെച്ച്‌ ഒന്നു കൂടി​ക്കാ​ണാം.” പക്ഷേ, എന്നെ ഉപദ്ര​വി​ക്കാ​നാ​യി​രു​ന്നു അവരുടെ പദ്ധതി.  അതുകൊണ്ട്‌, ഞാൻ അവരുടെ അടു​ത്തേക്കു ദൂതന്മാ​രെ അയച്ച്‌ ഇങ്ങനെ പറയിച്ചു: “ഞാൻ ഒരു വലിയ പണിയി​ലാണ്‌. എനിക്ക്‌ ഇപ്പോൾ വരാൻ സാധി​ക്കില്ല. നിങ്ങളെ കാണാൻ അങ്ങോട്ട്‌ വന്ന്‌ ഞാൻ എന്തിന്‌ ഈ പണി മുടക്കണം?”  നാലു പ്രാവ​ശ്യം അവർ അതേ സന്ദേശം അയച്ചു. അപ്പോഴെ​ല്ലാം എന്റെ മറുപടി അതുതന്നെ​യാ​യി​രു​ന്നു.  സൻബല്ലത്ത്‌ അഞ്ചാം പ്രാവ​ശ്യ​വും അതേ സന്ദേശ​വു​മാ​യി തന്റെ പരിചാ​ര​കനെ എന്റെ അടു​ത്തേക്ക്‌ അയച്ചു; തുറന്നി​രി​ക്കുന്ന ഒരു കത്തുമാ​യാണ്‌ അവനെ അയച്ചത്‌.  അതിൽ ഇങ്ങനെ എഴുതി​യി​രു​ന്നു: “നീയും ജൂതന്മാ​രും വിപ്ലവം+ നടത്താൻ പദ്ധതി​യി​ടു​ന്നുണ്ടെന്നു ജനതകൾക്കി​ട​യിൽ ഒരു ശ്രുതി​യുണ്ട്‌. ഗേശെമും+ അതുതന്നെ​യാ​ണു പറയു​ന്നത്‌. നീ മതിൽ പണിയു​ന്നത്‌ അതു​കൊ​ണ്ടാണെ​ന്നും നീ അവരുടെ രാജാ​വാ​കാൻപോ​കുന്നെ​ന്നും കേൾക്കു​ന്നു.  ‘യഹൂദ​യിൽ ഒരു രാജാ​വുണ്ട്‌!’ എന്നു നിന്നെ​ക്കു​റിച്ച്‌ യരുശലേ​മി​ലു​ട​നീ​ളം പ്രസി​ദ്ധ​മാ​ക്കാൻ നീ പ്രവാ​ച​ക​ന്മാ​രെ നിയമി​ച്ചി​ട്ടു​മുണ്ട്‌. വൈകാ​തെ ഈ വാർത്ത രാജാ​വി​ന്റെ ചെവി​യി​ലും എത്തും. അതു​കൊണ്ട്‌ വരൂ, നമുക്ക്‌ ഒരുമി​ച്ച്‌ ഇക്കാര്യം ചർച്ച ചെയ്യാം.”  പക്ഷേ, ഞാൻ അവന്‌ ഇങ്ങനെ മറുപടി അയച്ചു: “നീ ഈ പറയു​ന്നതൊ​ന്നും സംഭവി​ച്ചി​ട്ടില്ല. ഇതൊക്കെ നീ സങ്കല്‌പിച്ചുണ്ടാക്കുന്ന* കാര്യ​ങ്ങ​ളാണ്‌.”  വാസ്‌തവത്തിൽ, അവർ ഞങ്ങളെ പേടി​പ്പി​ക്കാൻ നോക്കു​ക​യാ​യി​രു​ന്നു. “പണി ചെയ്‌ത്‌ അവരുടെ കൈകൾ തളരും, അവർ പണി തീർക്കില്ല” എന്ന്‌ അവർ പറഞ്ഞു.+ അതു​കൊണ്ട്‌ ദൈവമേ, എന്റെ കരങ്ങൾക്കു കരുത്തേകേണമേ+ എന്നു ഞാൻ പ്രാർഥി​ക്കു​ന്നു. 10  പിന്നെ, ഞാൻ മെഹേ​തബേ​ലി​ന്റെ മകനായ ദലായ​യു​ടെ മകൻ ശെമയ്യ​യു​ടെ വീട്ടി​ലേക്കു പോയി. ശെമയ്യ അവിടെ വീടി​നു​ള്ളിൽത്തന്നെ കഴിയു​ക​യാ​യി​രു​ന്നു. അയാൾ പറഞ്ഞു: “അവർ അങ്ങയെ കൊല്ലാൻ വരുന്നു​ണ്ട്‌. അതു​കൊണ്ട്‌, നമുക്ക്‌ ഒരു സമയം തീരു​മാ​നിച്ച്‌ സത്യദൈ​വ​ത്തി​ന്റെ ഭവനമായ ദേവാ​ല​യ​ത്തിൽ ചെന്ന്‌ വാതിൽ അടച്ച്‌ അതിന്‌ അകത്ത്‌ ഇരിക്കാം. അവർ ഇന്നു രാത്രി അങ്ങയെ കൊല്ലാൻ വരും.” 11  പക്ഷേ, ഞാൻ പറഞ്ഞു: “എന്നെ​പ്പോലൊ​രാൾ പേടിച്ച്‌ ഓടാ​നോ? എന്നെ​പ്പോലൊ​രു മനുഷ്യ​നു ദേവാ​ല​യ​ത്തി​നു​ള്ളിൽ കടന്നിട്ട്‌ ജീവ​നോ​ടി​രി​ക്കാ​നാ​കു​മോ?+ ഞാൻ അതു ചെയ്യില്ല!” 12  അതോടെ, ഇയാളെ ദൈവം അയച്ചി​ട്ടില്ലെ​ന്നും എനിക്ക്‌ എതിരെ പ്രവചി​ക്കാൻ തോബീ​യ​യും സൻബല്ലത്തും+ കൂലിക്കെ​ടു​ത്ത​താണെ​ന്നും എനിക്കു മനസ്സി​ലാ​യി. 13  പേടിപ്പിച്ച്‌ എന്നെ​ക്കൊണ്ട്‌ പാപം ചെയ്യി​ക്കാ​നാ​യി​രു​ന്നു അയാളെ കൂലിക്കെ​ടു​ത്തത്‌. അങ്ങനെ​യാ​കുമ്പോൾ, എന്റെ സത്‌പേ​രി​നു കളങ്കം ചാർത്തി എന്നെ അപമാ​നി​ക്കാൻ അവർക്ക്‌ ഒരു കാരണം കിട്ടു​മാ​യി​രു​ന്നു. 14  എന്റെ ദൈവമേ, തോബീയയെയും+ സൻബല്ല​ത്തിനെ​യും അവരുടെ ഈ പ്രവൃ​ത്തി​കളെ​യും ഓർക്കേ​ണമേ; നോവദ്യ എന്ന പ്രവാ​ചി​ക​യും എന്നെ നിരന്തരം പേടി​പ്പി​ക്കാൻ ശ്രമി​ച്ചുകൊ​ണ്ടി​രുന്ന ബാക്കി​യുള്ള പ്രവാ​ച​ക​ന്മാ​രും ചെയ്‌ത കാര്യങ്ങൾ മറന്നു​ക​ള​യു​ക​യും അരുതേ. 15  അങ്ങനെ, ഏലൂൽ* മാസം 25-ാം തീയതി മതിലി​ന്റെ പണി പൂർത്തി​യാ​യി; മൊത്തം 52 ദിവസമെ​ടു​ത്തു. 16  ഇതെല്ലാം കാണു​ക​യും കേൾക്കു​ക​യും ചെയ്‌ത ഞങ്ങളുടെ ശത്രു​ക്ക​ളും ചുറ്റു​മുള്ള ജനതക​ളും ആകെ നാണംകെ​ട്ടുപോ​യി.+ ഈ പണി പൂർത്തി​യാ​യതു ഞങ്ങളുടെ ദൈവ​ത്തി​ന്റെ സഹായ​ത്താ​ലാണെന്ന്‌ അവർക്കു മനസ്സി​ലാ​യി. 17  അക്കാലത്ത്‌, യഹൂദ​യി​ലെ പ്രധാനികൾ+ തോബീ​യ​യ്‌ക്കു ധാരാളം കത്തുകൾ അയയ്‌ക്കു​മാ​യി​രു​ന്നു; തോബീയ അവയ്‌ക്കെ​ല്ലാം മറുപ​ടി​യും അയയ്‌ക്കും. 18  യഹൂദയിൽ ധാരാളം പേർ അയാ​ളോ​ടു കൂറു പ്രഖ്യാ​പി​ച്ചി​രു​ന്നു. കാരണം, ആരഹിന്റെ+ മകനായ ശെഖന്യ​യു​ടെ മരുമ​ക​നാ​യി​രു​ന്നു അയാൾ. അയാളു​ടെ മകനായ യഹോ​ഹാ​നാ​നാ​കട്ടെ ബേരെ​ഖ്യ​യു​ടെ മകനായ മെശുല്ലാമിന്റെ+ മകളെ​യാ​ണു വിവാഹം കഴിച്ചി​രു​ന്നത്‌. 19  അവർ എപ്പോ​ഴും എന്റെ അടുത്ത്‌ വന്ന്‌ തോബീ​യയെ പുകഴ്‌ത്തി​പ്പ​റ​യു​ക​യും ഞാൻ പറയു​ന്നത്‌ അയാളെ അറിയി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. അപ്പോൾ, എന്നെ ഭീഷണിപ്പെ​ടു​ത്താൻ തോബീയ കത്തുകൾ അയയ്‌ക്കും.+

അടിക്കുറിപ്പുകള്‍

അക്ഷ. “ഹൃദയ​ത്തിൽ മനഞ്ഞു​ണ്ടാ​ക്കുന്ന.”
അനു. ബി15 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം