കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

സത്യം അത്‌ അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?

സത്യം അത്‌ അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?

എന്തു സത്യം? മനുഷ്യന്‍ ഇന്നോളം ചോദിച്ചിട്ടുള്ള അതിപ്രധാനമായ ചില കാര്യങ്ങള്‍ സംബന്ധിച്ച സത്യം. പിന്‍വരുന്നതുപോലുള്ള ചോദ്യങ്ങള്‍ ഒരുപക്ഷേ നിങ്ങളും ചോദിച്ചിട്ടുണ്ടായിരിക്കും:

  • ദൈവത്തിനു നമ്മെക്കുറിച്ചു ചിന്തയുണ്ടോ?
  • യുദ്ധവും കഷ്ടപ്പാടും അവസാനിക്കുമോ?
  • മരിക്കുമ്പോള്‍ എന്തു സംഭവിക്കുന്നു?
  • മരിച്ചവരെ സംബന്ധിച്ച് എന്തെങ്കിലും പ്രത്യാശയുണ്ടോ?
  • ദൈവം ഉത്തരം നല്‍കുംവിധം എങ്ങനെ പ്രാര്‍ഥിക്കാം?
  • സന്തുഷ്ടജീവിതം നയിക്കാന്‍ എങ്ങനെ കഴിയും?

ഇവയ്‌ക്കുള്ള ഉത്തരത്തിനായി നിങ്ങള്‍ എവിടേക്കു തിരിയും? ഉത്തരം നല്‍കുന്നതായി അവകാശപ്പെടുന്ന ആയിരക്കണക്കിനു ഗ്രന്ഥങ്ങള്‍ വായനശാലകളിലും മറ്റും ലഭ്യമാണെങ്കിലും ആശയപരമായി അവ മിക്കപ്പോഴും പരസ്‌പരവിരുദ്ധങ്ങളാണ്‌. ജനരഞ്‌ജകങ്ങളായ ചില പുസ്‌തകങ്ങള്‍പോലും പെട്ടെന്നുതന്നെ കാലഹരണപ്പെടുകയോ പുതുക്കപ്പെടുകയോ ചെയ്യുന്നു, അല്ലെങ്കില്‍ അവയ്‌ക്കു പകരം പുതിയവ പുറത്തിറങ്ങുന്നു.

എന്നാല്‍ ആശ്രയയോഗ്യമായ ഉത്തരങ്ങള്‍ അടങ്ങിയ ഒരു പുസ്‌തകമുണ്ട്. അതിലെ വിവരങ്ങളെല്ലാം സത്യമാണ്‌. ദൈവത്തോടു പ്രാര്‍ഥിക്കവെ യേശുക്രിസ്‌തു പറഞ്ഞു: “നിന്‍റെ വചനം സത്യം ആകുന്നു.” (യോഹന്നാന്‍ 17:17) വിശുദ്ധ ബൈബിള്‍ എന്നാണ്‌ ഇന്ന് ആ വചനം അറിയപ്പെടുന്നത്‌. മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ക്കു ബൈബിള്‍ നല്‍കുന്ന വ്യക്തവും സത്യസന്ധവുമായ ഉത്തരങ്ങളിലേക്കുള്ള ഒരു എത്തിനോട്ടമാണ്‌ പിന്‍വരുന്ന പേജുകളില്‍.

ദൈവത്തിനു നമ്മെക്കുറിച്ചു ചിന്തയുണ്ടോ?

ആള്‍ക്കൂട്ടത്തില്‍ ഒരാള്‍

ഈ ചോദ്യം പ്രസക്തമായിരിക്കുന്നതിന്‍റെ കാരണം: ക്രൂരതയും അനീതിയും കൊടികുത്തിവാഴുന്ന ഒരു ലോകത്തിലാണു നാം ജീവിക്കുന്നത്‌. ഇത്തരം കഷ്ടപ്പാടുകള്‍ ദൈവഹിതമാണെന്നാണ്‌ പല മതങ്ങളുടെയും അഭിപ്രായം.

ബൈബിള്‍ നല്‍കുന്ന ഉത്തരം: ദൈവം ഒരിക്കലും ദുഷ്ടതയ്‌ക്കു വഴിവെക്കുന്നില്ല. “ദൈവം ദുഷ്ടതയോ സര്‍വ്വശക്തന്‍ നീതികേടോ ഒരിക്കലും ചെയ്‌കയില്ല,” ഇയ്യോബ്‌ 34:10 പറയുന്നു. മനുഷ്യനെ സംബന്ധിച്ചു ദൈവത്തിനു സ്‌നേഹനിര്‍ഭരമായ ഒരുദ്ദേശ്യമുണ്ട്. അതുകൊണ്ടാണ്‌, “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,… നിന്‍റെ രാജ്യം വരേണമേ; നിന്‍റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്നു പ്രാര്‍ഥിക്കാന്‍ യേശു നമ്മെ പഠിപ്പിച്ചത്‌. (മത്തായി 6:9, 10) നമ്മെക്കുറിച്ച് അത്രമേല്‍ കരുതലുള്ളതിനാല്‍ തന്‍റെ ഉദ്ദേശ്യത്തിന്‍റെ സാക്ഷാത്‌കാരത്തിനായി ദൈവം വലിയ ഒരു ത്യാഗം ചെയ്‌തു.—യോഹന്നാന്‍ 3:16.

ഉല്‌പത്തി 1:26-28; യാക്കോബ്‌ 1:13; 1 പത്രൊസ്‌ 5:6, 7 എന്നിവയും കാണുക.

യുദ്ധവും കഷ്ടപ്പാടും അവസാനിക്കുമോ?

പട്ടാളക്കാര്‍

ഈ ചോദ്യം പ്രസക്തമായിരിക്കുന്നതിന്‍റെ കാരണം: എണ്ണമറ്റ ജീവിതങ്ങളാണ്‌ യുദ്ധങ്ങളില്‍ പൊലിയുന്നത്‌. അതുപോലെ നമുക്കെല്ലാം പലതരം കഷ്ടപ്പാടുകളും ഉണ്ടാകുന്നു.

ബൈബിള്‍ നല്‍കുന്ന ഉത്തരം: ഭൂവ്യാപകമായി താന്‍ സമാധാനം സ്ഥാപിക്കുന്ന ഒരു സമയത്തെക്കുറിച്ചു ദൈവം മുന്‍കൂട്ടിപ്പറയുന്നു. ദൈവരാജ്യം സ്വര്‍ഗത്തില്‍നിന്നു ഭൂമിയുടെമേല്‍ ഭരണംനടത്തുന്ന അന്നാളില്‍ ആരും “യുദ്ധം അഭ്യസിക്ക”യില്ല; പകരം അവര്‍ ‘തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീര്‍ക്കും.’ (യെശയ്യാവു 2:4) എല്ലാ അനീതിക്കും കഷ്ടപ്പാടിനും ദൈവം അറുതിവരുത്തും. ബൈബിള്‍ ഈ വാഗ്‌ദാനം നല്‍കുന്നു: “അവന്‍ അവരുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു [ഇന്നത്തെ അനീതികളും കഷ്ടപ്പാടുകളും ഉള്‍പ്പെടെയുള്ള പൂര്‍വകാര്യങ്ങള്‍] കഴിഞ്ഞുപോയി.”—വെളിപ്പാടു 21:4, 5.

സങ്കീര്‍ത്തനം 37:10, 11; 46:9; മീഖാ 4:1-4 എന്നിവയും കാണുക.

മരിക്കുമ്പോള്‍ എന്തു സംഭവിക്കുന്നു?

ശവക്കല്ലറ

ഈ ചോദ്യം പ്രസക്തമായിരിക്കുന്നതിന്‍റെ കാരണം: മനുഷ്യന്‍റെ ഉള്ളിലുള്ള എന്തോ ഒന്ന് മരണശേഷവും ജീവിക്കുന്നുവെന്ന് മിക്ക മതങ്ങളും പഠിപ്പിക്കുന്നു. മരിച്ചവര്‍ക്കു നമ്മെ ഉപദ്രവിക്കാന്‍ കഴിയുമെന്നും ദൈവം ദുഷ്ടന്മാരെ ഒരു തീനരകത്തില്‍ നിത്യമായി ദണ്ഡിപ്പിക്കുന്നുവെന്നുമൊക്കെ ചിലര്‍ വിശ്വസിക്കുന്നു.

ബൈബിള്‍ നല്‍കുന്ന ഉത്തരം: ഒരുവന്‍റെ സമ്പൂര്‍ണ അന്ത്യമാണു മരണം. ‘മരിച്ചവര്‍ ഒന്നും അറിയുന്നില്ല’ എന്ന് സഭാപ്രസംഗി 9:5 പറയുന്നു. മരിച്ചവര്‍ക്കു ബോധമോ വികാരങ്ങളോ സംവേദനമോ ഒന്നുമില്ലാത്തതിനാല്‍, ജീവിച്ചിരിക്കുന്നവരെ ഉപദ്രവിക്കാനോ സഹായിക്കാനോ അവര്‍ക്കാവില്ല.—സങ്കീര്‍ത്തനം 146:3, 4.

ഉല്‌പത്തി 3:19; സഭാപ്രസംഗി 9:6, 10 എന്നിവയും കാണുക.

മരിച്ചവരെ സംബന്ധിച്ച് എന്തെങ്കിലും പ്രത്യാശയുണ്ടോ?

പ്രിയപ്പെട്ട ഒരാളുടെ മരണത്തില്‍ വിലപിക്കുന്ന ഒരു കുട്ടി

ഈ ചോദ്യം പ്രസക്തമായിരിക്കുന്നതിന്‍റെ കാരണം: ജീവിച്ചിരിക്കാനും പ്രിയപ്പെട്ടവരുമൊത്തു ജീവിതം ആസ്വദിക്കാനും നാം ആഗ്രഹിക്കുന്നു. മരിച്ചുപോയ പ്രിയപ്പെട്ടവരെ വീണ്ടും കാണാനുള്ള നമ്മുടെ ആഗ്രഹം തികച്ചും സ്വാഭാവികമാണ്‌.

ബൈബിള്‍ നല്‍കുന്ന ഉത്തരം: മരിച്ചുപോയിട്ടുള്ള മിക്കവരും “പുനരുത്ഥാനം” പ്രാപിക്കുമെന്ന് അഥവാ വീണ്ടും ജീവനിലേക്കു വരുമെന്ന് യേശു ഉറപ്പുനല്‍കി. (യോഹന്നാന്‍ 5:28, 29) അവര്‍ക്ക് ദൈവത്തിന്‍റെ ആദിമോദ്ദേശ്യത്തിനു ചേര്‍ച്ചയില്‍, ഒരു പറുദീസയായി മാറുന്ന ഈ ഭൂമിയില്‍ ജീവിക്കാനാകും. (യെശയ്യാവു 65:21-25) അനുസരണമുള്ള മനുഷ്യര്‍ ആസ്വദിക്കാനിരിക്കുന്ന പരിപൂര്‍ണമായ ആരോഗ്യവും അനന്തജീവനും ആ ഭാവിജീവിതത്തിന്‍റെ അനുഗ്രഹങ്ങളാണ്‌. “നീതിമാന്മാര്‍ ഭൂമിയെ അവകാശമാക്കി എന്നേക്കും അതില്‍ വസിക്കും,” ബൈബിള്‍ പറയുന്നു.—സങ്കീര്‍ത്തനം 37:29.

ഇയ്യോബ്‌ 14:14, 15; ലൂക്കൊസ്‌ 7:11-17; പ്രവൃത്തികള്‍ 24:15 എന്നിവയും കാണുക.

ദൈവം ഉത്തരം നല്‍കുംവിധം എങ്ങനെ പ്രാര്‍ഥിക്കാം?

ഒരാള്‍ പ്രാര്‍ഥിക്കുന്നു

ഈ ചോദ്യം പ്രസക്തമായിരിക്കുന്നതിന്‍റെ കാരണം: മിക്ക മതങ്ങളുടെയും സവിശേഷതയാണ്‌ പ്രാര്‍ഥന. എന്നാല്‍ പ്രാര്‍ഥനകള്‍ക്ക് ഉത്തരം ലഭിക്കുന്നില്ലെന്ന് അനേകരും പരിതപിക്കുന്നു.

ബൈബിള്‍ നല്‍കുന്ന ഉത്തരം: “പ്രാര്‍ത്ഥിക്കയില്‍ നിങ്ങള്‍… ജല്‌പനം ചെയ്യരുത്‌,” യേശു പറഞ്ഞു. (മത്തായി 6:7) ഒരേ പ്രാര്‍ഥനതന്നെ വീണ്ടുംവീണ്ടും ഉരുവിടരുതെന്നാണ്‌ അവന്‍ അര്‍ഥമാക്കിയത്‌. ദൈവം അംഗീകരിക്കുന്ന വിധത്തില്‍ പ്രാര്‍ഥിച്ചാല്‍ മാത്രമേ അവന്‍ നമ്മുടെ പ്രാര്‍ഥന കേള്‍ക്കൂ. അതിനായി ദൈവേഷ്ടം എന്താണെന്നു മനസ്സിലാക്കി അതിനു ചേര്‍ച്ചയില്‍ പ്രാര്‍ഥിക്കണം. ദൈവത്തിന്‍റെ “ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാല്‍ അവന്‍ നമ്മുടെ അപേക്ഷ കേള്‍ക്കുന്നു” എന്ന് 1 യോഹന്നാന്‍ 5:14 പറയുന്നു.

സങ്കീര്‍ത്തനം 65:2; യോഹന്നാന്‍ 14:6; 16:23, 24; 1 യോഹന്നാന്‍ 3:22 എന്നിവയും കാണുക.

സന്തുഷ്ടജീവിതം നയിക്കാന്‍ എങ്ങനെ കഴിയും?

ബൈബിള്‍ വായിച്ച് സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു സ്ത്രീ

ഈ ചോദ്യം പ്രസക്തമായിരിക്കുന്നതിന്‍റെ കാരണം: പണവും പ്രശസ്‌തിയും സൗന്ദര്യവും തങ്ങളെ സന്തുഷ്ടരാക്കുമെന്ന് അനേകര്‍ കരുതുന്നു. അതുകൊണ്ടുതന്നെ അവര്‍ അവയ്‌ക്കുപിന്നാലെ പരക്കംപായുന്നു; എങ്കിലും സന്തുഷ്ടി കണ്ടെത്താന്‍ അവര്‍ക്കാകുന്നില്ല.

ബൈബിള്‍ നല്‍കുന്ന ഉത്തരം: “ദൈവത്തിന്‍റെ വചനം കേട്ടു പ്രമാണിക്കുന്നവര്‍ അത്രേ ഭാഗ്യവാന്മാര്‍” എന്നു പറഞ്ഞുകൊണ്ട് യേശു സന്തുഷ്ടിയുടെ രഹസ്യത്തിലേക്കു വിരല്‍ചൂണ്ടി. (ലൂക്കൊസ്‌ 11:28) യഥാര്‍ഥ സന്തുഷ്ടി കണ്ടെത്തുന്നതിന്‌ ദൈവത്തെയും നമ്മെ സംബന്ധിച്ചുള്ള അവന്‍റെ ഉദ്ദേശ്യത്തെയും കുറിച്ച് അറിയുകയെന്ന നമ്മുടെ ഏറ്റവും വലിയ ആവശ്യം നിവര്‍ത്തിച്ചേ മതിയാകൂ. ആ ആത്മീയ സത്യമുള്ളത്‌ ബൈബിളിലാണ്‌. പ്രധാനപ്പെട്ടതും അല്ലാത്തതുമായ കാര്യങ്ങള്‍ വ്യക്തമായി തിരിച്ചറിയാന്‍ അതു നമ്മെ സഹായിക്കും. തീരുമാനങ്ങളെയും പ്രവര്‍ത്തനങ്ങളെയും നയിക്കാന്‍ ബൈബിള്‍സത്യത്തെ അനുവദിക്കുന്നെങ്കില്‍ നമ്മുടെ ജീവിതം ധന്യമായിത്തീരും.

സദൃശവാക്യങ്ങള്‍ 3:5, 6, 13-18; 1 തിമൊഥെയൊസ്‌ 6:9, 10 എന്നിവയും കാണുക.

കേവലം ആറു ചോദ്യങ്ങള്‍ക്കു ബൈബിള്‍ നല്‍കുന്ന ഉത്തരങ്ങളാണ്‌ ചുരുക്കമായി നാം പരിചിന്തിച്ചത്‌. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? സത്യം അന്വേഷിക്കുന്ന ഒരാളാണു നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് ആ ആഗ്രഹം ഉണ്ടായിരിക്കും. ഉദാഹരണത്തിന്‌, ‘ദൈവത്തിനു നമ്മെക്കുറിച്ചു കരുതലുണ്ടെങ്കില്‍ ഇന്നോളം ദുഷ്ടതയും കഷ്ടപ്പാടും അരങ്ങുവാഴാന്‍ അവന്‍ അനുവദിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്? കുടുംബ ജീവിതം മെച്ചപ്പെടുത്താന്‍ എനിക്കെങ്ങനെ കഴിയും?’ തുടങ്ങിയ ചോദ്യങ്ങള്‍ നിങ്ങളുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടായിരിക്കും. ഇവയ്‌ക്കും മറ്റു നിരവധി ചോദ്യങ്ങള്‍ക്കുമുള്ള വിശദവും തൃപ്‌തികരവുമായ ഉത്തരങ്ങള്‍ ബൈബിള്‍ നല്‍കുന്നു.

എന്നാല്‍ ഉത്തരത്തിനായി ബൈബിളിലേക്കു നോക്കാന്‍ അനേകര്‍ക്കും ഇന്നു മടിയാണ്‌. മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള വലിയ ഒരു ഗ്രന്ഥമായാണ്‌ പലപ്പോഴും അവര്‍ അതിനെ വീക്ഷിക്കുന്നത്‌. ബൈബിളില്‍നിന്ന് ഉത്തരങ്ങള്‍ കണ്ടെത്താന്‍ നിങ്ങള്‍ക്കു സഹായം ആവശ്യമുണ്ടോ? രണ്ടു വിധങ്ങളില്‍ നിങ്ങളെ സഹായിക്കാന്‍ യഹോവയുടെ സാക്ഷികള്‍ സന്നദ്ധരാണ്‌.

ബൈബിള്‍ യഥാര്‍ഥത്തില്‍ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകമാണ്‌ ഒരു സഹായം. സുപ്രധാന ചോദ്യങ്ങള്‍ക്കുള്ള ബൈബിളിന്‍റെ വ്യക്തമായ ഉത്തരങ്ങള്‍ പരിശോധിക്കാന്‍, തിരക്കുള്ളവരെപ്പോലും സഹായിക്കുകയെന്ന ലക്ഷ്യത്തിലാണ്‌ ഈ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്‌. സൗജന്യ ബൈബിളധ്യയനമാണ്‌ മറ്റൊരു മാര്‍ഗം. നിങ്ങളുടെ പ്രദേശത്തു താമസിക്കുന്ന, ബൈബിള്‍ പരിജ്ഞാനമുള്ള ഒരു വ്യക്തി ഓരോ ആഴ്‌ചയും നിങ്ങളുടെ വീട്ടിലോ അനുയോജ്യമായ മറ്റൊരു സ്ഥലത്തോ വന്ന് അല്‍പ്പസമയം നിങ്ങളുമൊത്ത്‌ ബൈബിള്‍ ചര്‍ച്ച നടത്തുന്നതായിരിക്കും. ലോകമെങ്ങുമുള്ള ദശലക്ഷങ്ങള്‍ ഈ ക്രമീകരണത്തില്‍നിന്നു പ്രയോജനം നേടിയിരിക്കുന്നു. ‘ഞാന്‍ സത്യം കണ്ടെത്തിയിരിക്കുന്നു!’ എന്ന് ഉദ്‌ഘോഷിക്കാന്‍ അവരില്‍ അനേകരും അതുവഴി പ്രേരിതരായിരിക്കുന്നു.

അന്ധവിശ്വാസം, ആശയക്കുഴപ്പം, അനാവശ്യമായ ഭീതി എന്നിവയില്‍നിന്നെല്ലാം ബൈബിള്‍സത്യം നമ്മെ മോചിപ്പിക്കുന്നു. ഇത്രയും അമൂല്യമായ മറ്റൊന്ന് നമുക്കു കണ്ടെത്താനാവില്ല. അതു നമുക്കു സന്തോഷവും പ്രത്യാശയും ലക്ഷ്യബോധവും നല്‍കുന്നു. “[നിങ്ങള്‍] സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും,” യേശു പറഞ്ഞു.—യോഹന്നാന്‍ 8:32.

1. ബൈബിള്‍ പഠിക്കുന്ന ഒരാള്‍; 2. ബൈബിള്‍ പഠിക്കുന്ന ഒരു സ്ത്രീ

കൂടുതല്‍ അറിയാന്‍

വീഡിയോ ക്ലിപ്പ്: ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്?

ജീവിതത്തിലെ സുപ്രധാനചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന്‌ ആളുകളെ ബൈബിൾ സഹായിക്കുന്നു. അവരിൽ ഒരാളാകാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?