15. എന്താണ് “പുതിയ ഭൂമി”?
15 ബൈബിൾ നമുക്ക് ഇങ്ങനെ ഉറപ്പുനൽകുന്നു: “നാം അവന്റെ [ദൈവത്തിന്റെ] വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.” (2 പത്രൊസ് 3:13; യെശയ്യാവു 65:17) ചിലപ്പോഴൊക്കെ ബൈബിൾ “ഭൂമി”യെക്കുറിച്ചു പറയുമ്പോൾ അത് ഭൂമിയിലെ ജനങ്ങളെയാണ് അർഥമാക്കുന്നത്. (ഉല്പത്തി 11:1) അതുകൊണ്ട്, നീതി വസിക്കുന്ന “പുതിയ ഭൂമി,” ദൈവാംഗീകാരമുള്ള ഒരു മനുഷ്യസമൂഹമാണ്.
16. ദൈവം അംഗീകരിക്കുന്നവർക്ക് അവൻ നൽകുന്ന അമൂല്യ ദാനം എന്ത്, അതു ലഭിക്കാൻ നാം എന്തു ചെയ്യണം?
16 വരാനിരിക്കുന്ന ആ പുതിയ ലോകത്തിൽ, ദൈവാംഗീകാരമുള്ളവർക്കു ‘നിത്യജീവൻ’ എന്ന ദാനം ലഭിക്കുമെന്നു യേശു വാഗ്ദാനം ചെയ്യുകയുണ്ടായി. (മർക്കൊസ് 10:30) നിത്യജീവൻ നേടാൻ നാം എന്തു ചെയ്യണമെന്നാണ് യേശു പറഞ്ഞതെന്നു മനസ്സിലാക്കാൻ ദയവായി നിങ്ങളുടെ ബൈബിൾ തുറന്ന് യോഹന്നാൻ 3:16-ഉം 17:3-ഉം വായിക്കുക. ഇനി, ദൈവത്തിൽനിന്നുള്ള അത്ഭുതകരമായ ആ ദാനത്തിന് യോഗ്യരാകുന്നവർ വരാനിരിക്കുന്ന ഭൗമിക പറുദീസയിൽ ആസ്വദിക്കാൻ പോകുന്ന അനുഗ്രഹങ്ങളെക്കുറിച്ചു ബൈബിൾ എന്താണു പറയുന്നതെന്നു നോക്കാം.
17, 18. ഭൂമിയിൽ എല്ലായിടത്തും സമാധാനവും സുരക്ഷിതത്വവും ഉണ്ടായിരിക്കുമെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
17 ദുഷ്ടത, യുദ്ധം, കുറ്റകൃത്യം, അക്രമം എന്നിവ ഉണ്ടായിരിക്കുകയില്ല. “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല . . . സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” (സങ്കീർത്തനം 37:10, 11) ‘ദൈവം ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിറുത്തൽ ചെയ്യുമെന്നതിനാൽ’ ഭൂമിയിൽ സമാധാനമുണ്ടായിരിക്കും. (സങ്കീർത്തനം 46:9; യെശയ്യാവു 2:4) ‘നീതിമാന്മാർ തഴയ്ക്കും; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകും.’ എന്നേക്കും സമാധാനം കളിയാടുമെന്നാണ് ഇതിനർഥം!—സങ്കീർത്തനം 72:7.
18 യഹോവയുടെ ആരാധകർ സുരക്ഷിതരായി വസിക്കും. ദൈവത്തെ അനുസരിച്ചിടത്തോളം കാലം പുരാതന ഇസ്രായേല്യർ സുരക്ഷിതരായിരുന്നു. (ലേവ്യപുസ്തകം 25:18, 19) സമാനമായ സുരക്ഷിതത്വം പറുദീസയിൽ ആസ്വദിക്കാനാകുന്നത് എത്ര മഹത്തായ ഒരു അനുഭവമായിരിക്കും!—യെശയ്യാവു 32:18; മീഖാ 4:4.
19. ദൈവത്തിന്റെ പുതിയ ലോകത്തിൽ ഭക്ഷണം സമൃദ്ധമായിരിക്കുമെന്നു നമുക്കെങ്ങനെ അറിയാം?
19 ഭക്ഷ്യക്ഷാമം ഉണ്ടായിരിക്കുകയില്ല. “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും” എന്നു സങ്കീർത്തനക്കാരൻ പാടി. (സങ്കീർത്തനം 72:16) യഹോവയാം ദൈവം നീതിമാന്മാരെ അനുഗ്രഹിക്കും, ‘ഭൂമി അതിന്റെ അനുഭവം തരും.’—സങ്കീർത്തനം 67:6.
20. മുഴു ഭൂമിയും ഒരു പറുദീസയാകുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
20 മുഴു ഭൂമിയും ഒരു പറുദീസയായി മാറും. പാപികളായ മനുഷ്യർ താറുമാറാക്കിയ പ്രദേശങ്ങളിൽ മനോഹരമായ പുതിയ വീടുകളും പൂന്തോപ്പുകളും സ്ഥാനംപിടിക്കും. (യെശയ്യാവു 65:21-24; വെളിപ്പാടു 11:18) കാലം കടന്നുപോകുന്നതോടെ മനുഷ്യൻ കൂടുതൽ പ്രദേശങ്ങളിലേക്കു താമസം വ്യാപിപ്പിക്കും. അങ്ങനെ ഒടുവിൽ മുഴുഗോളവും ഏദെൻതോട്ടംപോലെ മനോഹരവും ഫലഭൂയിഷ്ഠവും ആയിത്തീരും. തന്റെ “തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും . . . തൃപ്തിവരുത്തു”ന്നതിൽ ദൈവം ഒരിക്കലും വീഴ്ചവരുത്തുകയില്ല.—സങ്കീർത്തനം 145:16.
21. മനുഷ്യരും മൃഗങ്ങളും സമാധാനത്തിലായിരിക്കുമെന്ന് എന്തു പ്രകടമാക്കുന്നു?
21 മനുഷ്യരും മൃഗങ്ങളും സമാധാനത്തിലായിരിക്കും. കാട്ടുമൃഗങ്ങളും വളർത്തുമൃഗങ്ങളും ഒരുമിച്ചു മേയും. ഇപ്പോൾ ഉപദ്രവകാരികളായിരിക്കുന്ന ജന്തുക്കളെ ഒരു കൊച്ചുകുട്ടിക്കുപോലും ഭയക്കേണ്ടിവരില്ല.—യെശയ്യാവു 11:6-9; 65:25.
22. രോഗങ്ങൾക്ക് എന്തു സംഭവിക്കും?
22 രോഗങ്ങൾ അപ്രത്യക്ഷമാകും. ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ ഭരണാധികാരിയെന്ന നിലയിൽ യേശു, താൻ ഭൂമിയിലായിരിക്കെ ചെയ്തതിനെക്കാൾ വിപുലമായ തോതിൽ രോഗശാന്തി നിർവഹിക്കും. (മത്തായി 9:35; മർക്കൊസ് 1:40-42; യോഹന്നാൻ 5:5-9) അപ്പോൾ, “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.”—യെശയ്യാവു 33:24; 35:5, 6.
23. പുനരുത്ഥാനം നമുക്കു സന്തോഷം കൈവരുത്തുന്നത് എന്തുകൊണ്ട്?
23 മരിച്ചുപോയ പ്രിയപ്പെട്ടവർ നിത്യജീവന്റെ പ്രതീക്ഷയോടെ വീണ്ടും ജീവനിലേക്കുവരും. മരണത്തിൽ നിദ്രപ്രാപിച്ചിരിക്കുന്ന, ദൈവത്തിന്റെ സ്മരണയിലുള്ള എല്ലാവരും ജീവനിലേക്കു തിരികെവരും. വാസ്തവത്തിൽ, “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.”—പ്രവൃത്തികൾ 24:15; യോഹന്നാൻ 5:28, 29.
24. ഭൂമിയിലെ പറുദീസയിൽ ജീവിക്കുന്നതിനെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു?
24 നമ്മുടെ മഹാസ്രഷ്ടാവായ യഹോവയാം ദൈവത്തെക്കുറിച്ചു പഠിക്കാനും അവനെ സേവിക്കാനും തീരുമാനിക്കുന്നവർക്ക് എത്ര അത്ഭുതകരമായ ഒരു ഭാവിയാണുള്ളത്! “നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും” എന്ന് തന്നോടൊപ്പം വധിക്കപ്പെട്ട ദുഷ്പ്രവൃത്തിക്കാരനോടു പറഞ്ഞപ്പോൾ യേശു വരാനിരിക്കുന്ന ഭൗമിക പറുദീസയിലേക്കു വിരൽചൂണ്ടുകയായിരുന്നു. (ലൂക്കൊസ് 23:43) ഈ അനുഗ്രഹങ്ങളെല്ലാം സാധ്യമായിത്തീരുന്നത് യേശുക്രിസ്തുവിലൂടെയാണ്. അതുകൊണ്ട്, നാം അവനെക്കുറിച്ചു കൂടുതൽ പഠിക്കേണ്ടത് അനിവാര്യമാണ്.