വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 116: നമുക്ക് എന്നേക്കും ജീവിക്കാന്‍ കഴിയുന്ന വിധം

കഥ 116: നമുക്ക് എന്നേക്കും ജീവിക്കാന്‍ കഴിയുന്ന വിധം

ആ കൊച്ചു പെണ്‍കുട്ടിയും കൂട്ടുകാരും എന്താണു വായിച്ചുകൊണ്ടിരിക്കുന്നത്‌ എന്നു പറയാമോ? ശരിയാണ്‌, ഈ പുസ്‌തകം തന്നെയാണ്‌ അവരും വായിക്കുന്നത്‌—എന്‍റെ ബൈബിള്‍ കഥാപുസ്‌തകം. വായിക്കുന്ന കഥയും ഇതുതന്നെ—“നമുക്ക് എന്നേക്കും ജീവിക്കാന്‍ കഴിയുന്ന വിധം.”

ബൈബിള്‍ക്കഥകള്‍ വായിക്കുന്ന ഒരു ആണ്‍കുട്ടി

അവര്‍ എന്തൊക്കെയാണു പഠിക്കുന്നത്‌? ഒന്നാമത്‌, എന്നേക്കും ജീവിക്കണമെങ്കില്‍ നാം യഹോവയെയും അവന്‍റെ പുത്രനായ യേശുവിനെയും കുറിച്ച് അറിയേണ്ടതുണ്ട്. ബൈബിള്‍ ഇങ്ങനെ പറയുന്നു: ‘ഏകസത്യദൈവത്തെയും അവന്‍ അയച്ചിരിക്കുന്ന പുത്രനായ യേശുക്രിസ്‌തുവിനെയും കുറിച്ചു പഠിക്കുക. ഇതാണു നിത്യജീവനിലേക്കുള്ള വഴി.’

എങ്ങനെയാണ്‌ യഹോവയെയും അവന്‍റെ പുത്രനായ യേശുവിനെയും കുറിച്ച് നമുക്കു പഠിക്കാന്‍ കഴിയുന്നത്‌? ഒരു മാര്‍ഗം എന്‍റെ ബൈബിള്‍ കഥാപുസ്‌തകം തുടക്കംമുതല്‍ ഒടുക്കംവരെ വായിക്കുക എന്നതാണ്‌. അതില്‍ യഹോവയെയും യേശുവിനെയും കുറിച്ചുള്ള ധാരാളം കാര്യങ്ങള്‍ ഉണ്ട്, ഇല്ലേ? മാത്രമല്ല, അവര്‍ ചെയ്‌തിരിക്കുന്നതും ചെയ്യാന്‍ പോകുന്നതുമായ നിരവധി കാര്യങ്ങളെപ്പറ്റിയും അതില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ പുസ്‌തകം മാത്രം വായിച്ചാല്‍ പോരാ.

ബൈബിള്‍

വേറൊരു പുസ്‌തകം തറയില്‍ വെച്ചിരിക്കുന്നതു കണ്ടോ? അതു ബൈബിളാണ്‌. ഈ പുസ്‌തകത്തിലെ ഓരോ കഥയും ഏതു ബൈബിള്‍ ഭാഗത്തുനിന്നാണോ എടുത്തിട്ടുള്ളത്‌, ആ ഭാഗം വായിച്ചുകേള്‍പ്പിക്കാന്‍ ആരോടെങ്കിലും പറയുക. ശരിയായ വിധത്തില്‍ യഹോവയെ സേവിക്കാനും നിത്യജീവന്‍ നേടാനും ആവശ്യമായ എല്ലാ വിവരങ്ങളും ബൈബിള്‍ നമുക്കു നല്‍കുന്നു. അതുകൊണ്ട് മുടങ്ങാതെ നമ്മള്‍ ബൈബിള്‍ പഠിക്കേണ്ടതുണ്ട്.

എന്നാല്‍ യഹോവയാം ദൈവത്തെയും യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള അറിവു നേടിയാല്‍ മാത്രം പോരാ. നമുക്ക് അവരെക്കുറിച്ച് ധാരാളം അറിവ്‌ ഉണ്ടായിരുന്നാലും നിത്യജീവന്‍ കിട്ടാതെ പോയേക്കാം. കൂടുതലായി എന്താണു വേണ്ടതെന്ന് അറിയാമോ?

പഠിക്കുന്ന കാര്യങ്ങള്‍ക്കൊത്ത്‌ നമ്മള്‍ ജീവിക്കുകയും വേണം. ഈസ്‌കര്യോത്താ യൂദായെ ഓര്‍ക്കുന്നുണ്ടോ? യേശു തിരഞ്ഞെടുത്ത 12 അപ്പൊസ്‌തലന്മാരില്‍ ഒരാളായിരുന്നു അവന്‍. യഹോവയെയും യേശുവിനെയും കുറിച്ച് ധാരാളം കാര്യങ്ങള്‍ അവന്‌ അറിയാമായിരുന്നു. എന്നാല്‍ അവന്‌ എന്താണു സംഭവിച്ചത്‌? കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ അവന്‍ സ്വന്തം കാര്യം മാത്രം ചിന്തിക്കാന്‍ തുടങ്ങി. 30 വെള്ളിക്കാശിന്‌ അവന്‍ യേശുവിനെ ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുത്തു. അതുകൊണ്ട് യൂദായ്‌ക്ക് നിത്യജീവന്‍ കിട്ടില്ല.

69-ɔമത്തെ കഥയില്‍ നാം ഗേഹസിയെക്കുറിച്ചു പഠിച്ചത്‌ ഓര്‍ക്കുന്നുണ്ടോ? തന്‍റേതല്ലാത്ത വസ്‌ത്രവും പണവും അവന്‍ ആഗ്രഹിച്ചു. അവ കിട്ടുന്നതിനുവേണ്ടി അവന്‍ നുണ പറഞ്ഞു. യഹോവ അവനെ ശിക്ഷിച്ചു. യഹോവയുടെ കല്‍പ്പനകള്‍ അനുസരിച്ചില്ലെങ്കില്‍ അവന്‍ നമ്മെയും ശിക്ഷിക്കും.

എന്നാല്‍ യഹോവയെ എക്കാലവും വിശ്വസ്‌തതയോടെ സേവിച്ച ധാരാളം നല്ല ആളുകളും ഉണ്ട്. അവരെപ്പോലെ ആകാനാണ്‌ നാമും ആഗ്രഹിക്കുന്നത്‌, അല്ലേ? നമുക്ക് അനുകരിക്കാന്‍ പറ്റിയ നല്ല ഒരു മാതൃകയാണ്‌ കൊച്ചു ശമൂവേലിന്‍റേത്‌. 55-ɔօ കഥയില്‍ നാം പഠിച്ചത്‌ ഓര്‍ക്കുക, സമാഗമന കൂടാരത്തിങ്കല്‍ യഹോവയെ സേവിക്കാന്‍ തുടങ്ങുമ്പോള്‍ അവനു നാലോ അഞ്ചോ വയസ്സേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് എത്ര ചെറിയ കുട്ടികള്‍ക്കും യഹോവയെ സേവിക്കാന്‍ കഴിയുമെന്ന് അതു കാണിച്ചു തരുന്നു.

തീര്‍ച്ചയായും നാമെല്ലാം അനുകരിക്കാന്‍ ആഗ്രഹിക്കുന്ന ആള്‍ യേശുക്രിസ്‌തുവാണ്‌. ഒരു കുട്ടിയായിരുന്നപ്പോള്‍ത്തന്നെ തന്‍റെ സ്വര്‍ഗീയ പിതാവിനെക്കുറിച്ചു സംസാരിച്ചുകൊണ്ട് അവന്‍ ആലയത്തില്‍ ഇരുന്നതിനെക്കുറിച്ച് 87-ɔമത്തെ കഥയില്‍ നമ്മള്‍ കണ്ടതാണല്ലോ. നമുക്കും അവനെപ്പോലെ ആയിരിക്കാം. നമ്മുടെ മഹാ ദൈവമായ യഹോവയെയും അവന്‍റെ പുത്രനായ യേശുവിനെയും കുറിച്ച് കഴിയുന്നത്ര ആളുകളോടു നമുക്കു പറയാം. ഈ കാര്യങ്ങള്‍ ചെയ്യുന്നെങ്കില്‍ ഭൂമിയില്‍ ദൈവം കൊണ്ടുവരാന്‍ പോകുന്ന പുതിയ പറുദീസയില്‍ എന്നേക്കും ജീവിക്കാന്‍ നമുക്കു കഴിയും.

യോഹന്നാന്‍ 17:3; സങ്കീര്‍ത്തനം 145:1-21.ചോദ്യങ്ങള്‍

 • എന്നേക്കും ജീവിക്കാന്‍ കഴിയണമെങ്കില്‍ നാം എന്ത് അറിഞ്ഞിരിക്കേണ്ടതുണ്ട്?
 • ചിത്രത്തില്‍ കാണിച്ചിരിക്കുന്ന കൊച്ചു പെണ്‍കുട്ടിയെയും കൂട്ടുകാരെയും പോലെ നമുക്കും യഹോവയെയും യേശുക്രിസ്‌തുവിനെയും കുറിച്ചു പഠിക്കാന്‍ എങ്ങനെ കഴിയും?
 • ചിത്രത്തില്‍ മറ്റ്‌ ഏതു പുസ്‌തകവുംകൂടെ കാണാം, നാം അതു പതിവായി വായിക്കേണ്ടത്‌ എന്തുകൊണ്ട്?
 • യഹോവയെയും യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള അറിവിനു പുറമേ, നിത്യജീവന്‍ ലഭിക്കുന്നതിന്‌ മറ്റെന്തുകൂടെ ആവശ്യമാണ്‌?
 • 69-ɔമത്തെ കഥയില്‍നിന്നു നാം എന്തു പാഠം പഠിക്കുന്നു?
 • 55-ɔօ കഥയില്‍, കൊച്ചു ശമൂവേലിന്‍റെ നല്ല ദൃഷ്ടാന്തം എന്താണു കാണിച്ചുതരുന്നത്‌?
 • യേശുക്രിസ്‌തുവിന്‍റെ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാനാകും, നാം അങ്ങനെ ചെയ്യുമ്പോള്‍, ഭാവിയില്‍ എന്തു ചെയ്യാന്‍ നാം പ്രാപ്‌തരായിത്തീരും?

കൂടുതലായ ചോദ്യങ്ങള്‍

 • യോഹന്നാന്‍ 17:3 വായിക്കുക.

  യഹോവയാം ദൈവത്തെയും യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള അറിവു സമ്പാദിക്കുക എന്നത്‌ കേവലം വസ്‌തുതകള്‍ മനഃപാഠമാക്കുന്നതില്‍ അധികമാണ്‌ എന്നു തിരുവെഴുത്തുകള്‍ കാണിക്കുന്നത്‌ എങ്ങനെ? (മത്താ. 7:21; യാക്കോ. 2:18-20; 1 യോഹ. 2:17)

 • സങ്കീര്‍ത്തനം 145:1-21 വായിക്കുക.

  യഹോവയെ സ്‌തുതിക്കുന്നതിന്‌ നമുക്കുള്ള നിരവധി കാരണങ്ങളില്‍ ചിലത്‌ ഏവ? (സങ്കീ. 145:8-11; വെളി. 4:11)

  യഹോവ എല്ലാവര്‍ക്കും നല്ലവന്‍” ആയിരിക്കുന്നത്‌ ഏതുവിധത്തില്‍, അതു നമ്മെ അവനോടു കൂടുതല്‍ അടുപ്പിക്കേണ്ടത്‌ എങ്ങനെ? (സങ്കീ. 145:9; മത്താ. 5:43-45)

  യഹോവയെ നാം വളരെ സ്‌നേഹിക്കുന്നെങ്കില്‍, എന്തു ചെയ്യാന്‍ നാം പ്രേരിതരായിത്തീരും? (സങ്കീ. 119:171, 172, 175; 145:11, 12, 21)