വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 113: പൗലൊസ് റോമില്‍

കഥ 113: പൗലൊസ് റോമില്‍

പൗലൊസിനെ നോക്കൂ, അവന്‍റെ കൈകള്‍ ചങ്ങലയിട്ടു ബന്ധിച്ചിരിക്കുന്നതു കണ്ടോ? ഒരു റോമന്‍ പടയാളി അവനു കാവല്‍ നില്‍ക്കുന്നുമുണ്ട്. അവന്‍ റോമില്‍ തടവിലാക്കപ്പെട്ടിരിക്കുകയാണ്‌. റോമന്‍ കൈസരുടെ തീരുമാനം വരുന്നതുവരെ അവന്‍ അവിടെത്തന്നെ കഴിയണം. അവന്‍ തടവിലാണെങ്കിലും ആളുകള്‍ക്ക് അവനെ വന്നു കാണാന്‍ അനുവാദമുണ്ട്.

റോമിലെത്തി മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ വന്നു കാണാന്‍ പറഞ്ഞുകൊണ്ട് അവന്‍ ചില യഹൂദനേതാക്കന്മാരുടെ അടുക്കല്‍ ആളയയ്‌ക്കുന്നു. അതിന്‍റെ ഫലമായി റോമിലുള്ള ധാരാളം യഹൂദന്മാര്‍ അവനെ കാണാന്‍ വരുന്നു. യേശുവിനെക്കുറിച്ചും ദൈവരാജ്യത്തെക്കുറിച്ചും പൗലൊസ്‌ അവരോടു സംസാരിക്കുന്നു. ചിലര്‍ വിശ്വസിച്ച് ക്രിസ്‌ത്യാനികള്‍ ആയിത്തീരുന്നു, മറ്റു ചിലര്‍ വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ല.

പൗലൊസ് തടവില്‍

തനിക്കു കാവല്‍ നില്‍ക്കുന്ന പടയാളികളോടും പൗലൊസ്‌ പ്രസംഗിക്കുന്നു. അവിടെ തടവില്‍ കഴിഞ്ഞ രണ്ടു വര്‍ഷവും കഴിയുന്നത്ര ആളുകളോട്‌ അവന്‍ പ്രസംഗിക്കുന്നു. അതിന്‍റെ ഫലമായി കൈസരുടെ കുടുംബാംഗങ്ങള്‍പോലും ദൈവരാജ്യ സുവാര്‍ത്ത കേള്‍ക്കാന്‍ ഇടയാകുകയും അവരില്‍ ചിലര്‍ ക്രിസ്‌ത്യാനികള്‍ ആയിത്തീരുകയും ചെയ്യുന്നു.

എന്നാല്‍ ആ മേശയ്‌ക്കല്‍ ഇരുന്ന് എഴുതുന്ന ആളെ കണ്ടോ? അത്‌ ആരാണെന്ന് ഊഹിക്കാമോ? അതേ, അതു തിമൊഥെയൊസ്‌ ആണ്‌. ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിച്ചതിന്‌ അവനും തടവിലായിരുന്നു. ഇപ്പോള്‍ അവന്‍ വീണ്ടും സ്വതന്ത്രനായിരിക്കുകയാണ്‌. പൗലൊസിനെ സഹായിക്കാനാണ്‌ അവന്‍ ഇവിടെ വന്നിരിക്കുന്നത്‌. അവന്‍ എന്താണ്‌ എഴുതുന്നതെന്ന് അറിയാമോ? നമുക്കു നോക്കാം.

110-ɔօ കഥയില്‍ ഫിലിപ്പി, എഫെസൊസ്‌ എന്നീ പട്ടണങ്ങളെക്കുറിച്ചു പറഞ്ഞത്‌ ഓര്‍ക്കുന്നില്ലേ? ആ പട്ടണങ്ങളില്‍ ക്രിസ്‌തീയ സഭകള്‍ സ്ഥാപിക്കാന്‍ പൗലൊസ്‌ സഹായിച്ചു. ഇപ്പോള്‍ തടവില്‍ ആയിരിക്കെ ആ സഭകളിലുള്ള ക്രിസ്‌ത്യാനികള്‍ക്ക് അവന്‍ കത്തെഴുതുകയാണ്‌. ഈ കത്തുകള്‍ ബൈബിളിലുണ്ട്. അവ എഫെസ്യര്‍, ഫിലിപ്പിയര്‍ എന്നിങ്ങനെ അറിയപ്പെടുന്നു. ഫിലിപ്പിയിലുള്ള ക്രിസ്‌ത്യാനികള്‍ക്ക് എഴുതേണ്ടത്‌ എന്താണെന്ന് തിമൊഥെയൊസിനു പറഞ്ഞുകൊടുക്കുകയാണ്‌ പൗലൊസ്‌.

ഫിലിപ്പിയര്‍ പൗലൊസിനോടു വളരെ ദയ കാണിച്ചിരുന്നു. തടവിലായിരുന്ന പൗലൊസിന്‌ അവര്‍ ഒരു സമ്മാനം കൊടുത്തയച്ചിരുന്നു. പൗലൊസ്‌ അതിനു നന്ദി പറയുന്നു. എപ്പെഫ്രാദിത്തൊസ്‌ ആണ്‌ ആ സമ്മാനം അവന്‌ എത്തിച്ചു കൊടുത്തത്‌. പക്ഷേ അവിടെവെച്ച് അവന്‌ അസുഖം പിടിപെടുകയും അവന്‍ മരിക്കാറാകുകയും ചെയ്‌തു. ആരോഗ്യം വീണ്ടെടുത്ത അവന്‍ ഇപ്പോള്‍ തിരികെ പോകുകയാണ്‌. പൗലൊസിന്‍റെയും തിമൊഥെയൊസിന്‍റെയും കത്ത്‌ അവന്‍ ഫിലിപ്പിയിലേക്കു കൊണ്ടുപോകും.

തടവില്‍ ആയിരിക്കെ, പൗലൊസ്‌ രണ്ടു കത്തുകള്‍കൂടെ എഴുതുന്നു. ഒന്ന് കൊലൊസ്സ്യ പട്ടണത്തിലെ ക്രിസ്‌ത്യാനികള്‍ക്കുള്ളതാണ്‌. അത്‌ ഏതാണെന്ന് അറിയാമോ? കൊലൊസ്സ്യര്‍ എന്ന ബൈബിള്‍ പുസ്‌തകം. മറ്റേത്‌ കൊലൊസ്സ്യയില്‍ത്തന്നെ താമസിക്കുന്ന ഫിലേമോന്‍ എന്ന അടുത്ത കൂട്ടുകാരനുള്ള ഒരു കത്താണ്‌. ഫിലേമോന്‍റെ ദാസനായ ഒനേസിമൊസിനെക്കുറിച്ചാണ്‌ കത്ത്‌.

ഒനേസിമൊസ്‌ ഫിലേമോന്‍റെ അടുത്തുനിന്ന് റോമിലേക്ക് ഓടിപ്പോയി. പൗലൊസ്‌ അവിടെ തടവില്‍ ആയിരിക്കുന്ന വിവരം എങ്ങനെയോ അവന്‍റെ ചെവിയിലെത്തി. അവന്‍ പൗലൊസിനെ പോയി കാണുന്നു, പൗലൊസ്‌ അവനോടു പ്രസംഗിക്കുന്നു. താമസിയാതെ അവനും ഒരു ക്രിസ്‌ത്യാനി ആയിത്തീരുന്നു. ഇപ്പോള്‍ അവന്‌ ഫിലേമോന്‍റെ അടുക്കല്‍നിന്നു താന്‍ ഓടിപ്പോന്നതു ശരിയായില്ല എന്ന് തോന്നുന്നു. അതുകൊണ്ട് പൗലൊസ്‌ എന്താണു കത്തിലെഴുതുന്നതെന്നോ?

ഒനേസിമൊസിനോടു ക്ഷമിക്കാന്‍ പൗലൊസ്‌ ഫിലേമോനോടു പറയുന്നു. ‘ഞാന്‍ അവനെ നിന്‍റെ അടുത്തേക്ക് തിരികെ അയയ്‌ക്കുകയാണ്‌,’ പൗലൊസ്‌ എഴുതുന്നു. ‘എന്നാല്‍ ഇപ്പോള്‍ അവന്‍ നിന്‍റെ ദാസന്‍ മാത്രമല്ല, നല്ല ഒരു ക്രിസ്‌തീയ സഹോദരന്‍ കൂടെയാണ്‌.’ ഒനേസിമൊസ്‌ കൊലൊസ്സ്യയിലേക്കു തിരിച്ചുപോകുമ്പോള്‍ കൊലൊസ്സ്യര്‍ക്കുള്ള കത്തും ഫിലേമോനുള്ള കത്തും കൂടെ കൊണ്ടുപോകുന്നു. തന്‍റെ ദാസന്‍ ക്രിസ്‌ത്യാനിയായിത്തീര്‍ന്നിരിക്കുന്നു എന്നു മനസ്സിലാക്കുമ്പോള്‍ ഫിലേമോന്‌ എത്ര സന്തോഷം തോന്നിക്കാണും, അല്ലേ?

പൗലൊസിന്‌ ഫിലിപ്പിയരെയും ഫിലേമോനെയും അറിയിക്കാന്‍ ചില നല്ല വാര്‍ത്തകളുണ്ട്. ‘ഞാന്‍ തിമൊഥെയൊസിനെ നിങ്ങളുടെ അടുത്തേക്ക് അയയ്‌ക്കുകയാണ്‌,’ പൗലൊസ്‌ ഫിലിപ്പിയരോടു പറയുന്നു. ‘എന്നാല്‍ താമസിയാതെ ഞാനും അങ്ങോട്ടു വരുന്നുണ്ട്.’ ഫിലേമോന്‌ അവന്‍ ഇങ്ങനെ എഴുതുന്നു, ‘എനിക്കു താമസിക്കാന്‍ ഒരു സ്ഥലം ഒരുക്കുക.’

പൗലൊസ്‌ മോചിതനായ ശേഷം അവന്‍ പലയിടത്തുള്ള സഹോദരീസഹോദരന്മാരെ പോയി കാണുന്നു. എന്നാല്‍ പിന്നീട്‌ അവന്‍ റോമില്‍ വീണ്ടും തടവിലാക്കപ്പെടുന്നു. ഇത്തവണ താന്‍ കൊല്ലപ്പെടുമെന്ന് അവനറിയാം. അതുകൊണ്ട് വേഗം വരാന്‍ ആവശ്യപ്പെട്ടുകൊണ്ട് അവന്‍ തിമൊഥെയൊസിന്‌ കത്തെഴുതുന്നു. ‘ഞാന്‍ ദൈവത്തോടു വിശ്വസ്‌തനായിരുന്നു, അവന്‍ എനിക്കു പ്രതിഫലം നല്‍കും,’ പൗലൊസ്‌ എഴുതുന്നു. അവന്‍ കൊല്ലപ്പെട്ട് ഏതാനും വര്‍ഷം കഴിഞ്ഞ് യെരൂശലേം വീണ്ടും നശിപ്പിക്കപ്പെടുന്നു, ഇത്തവണ റോമാക്കാരാല്‍.

ബൈബിളില്‍ ഇനിയും പുസ്‌തകങ്ങളുണ്ട്. അപ്പൊസ്‌തലനായ യോഹന്നാനെക്കൊണ്ട് ദൈവം ബൈബിളിന്‍റെ അവസാനത്തെ ചില പുസ്‌തകങ്ങള്‍ എഴുതിക്കുന്നു. അതിലൊന്നാണ്‌ വെളിപ്പാടു. വെളിപ്പാടില്‍ ഭാവിയെക്കുറിച്ചു പറഞ്ഞിരിക്കുന്നു. ഭാവിയില്‍ എന്താണു സംഭവിക്കാന്‍ പോകുന്നതെന്നു നമുക്കു നോക്കാം.

പ്രവൃത്തികള്‍ 28:16-31; ഫിലിപ്പിയര്‍ 1:13; 2:19-30; 4:18-23; എബ്രായര്‍ 13:23; ഫിലേമോന്‍ 1-25; കൊലൊസ്സ്യര്‍ 4:7-9; 2 തിമൊഥെയൊസ്‌ 4:7-9.ചോദ്യങ്ങള്‍

 • റോമില്‍ ഒരു തടവുകാരനായിരുന്ന കാലത്ത്‌ പൗലൊസ്‌ ആരോടാണു പ്രസംഗിക്കുന്നത്‌?
 • ചിത്രത്തില്‍, മേശയ്‌ക്കരികില്‍ ഇരിക്കുന്ന സന്ദര്‍ശകന്‍ ആര്‌, അവന്‍ പൗലൊസിനുവേണ്ടി എന്തു ചെയ്യുകയാണ്‌?
 • എപ്പെഫ്രാദിത്തൊസ്‌ ആരാണ്‌, ഫിലിപ്പിയിലേക്കു മടങ്ങുമ്പോള്‍ അവന്‍ എന്താണു കൊണ്ടുപോകുന്നത്‌?
 • പൗലൊസ്‌, തന്‍റെ അടുത്ത കൂട്ടുകാരനായ ഫിലേമോന്‌ കത്ത്‌ എഴുതുന്നത്‌ എന്തിന്‌?
 • തടവില്‍നിന്നു മോചിതനാകുമ്പോള്‍ പൗലൊസ്‌ എന്തു ചെയ്യുന്നു, പിന്നീട്‌ അവന്‌ എന്തു സംഭവിക്കുന്നു?
 • ബൈബിളിലെ അവസാന പുസ്‌തകങ്ങള്‍ എഴുതാന്‍ യഹോവ ആരെ ഉപയോഗിക്കുന്നു, വെളിപ്പാടു പുസ്‌തകം എന്തിനെക്കുറിച്ചാണു വിവരിക്കുന്നത്‌?

കൂടുതലായ ചോദ്യങ്ങള്‍

 • പ്രവൃത്തികള്‍ 28:16-31; ഫിലിപ്പിയര്‍ 1:13 വായിക്കുക.

  തടവിലായിരുന്ന കാലത്ത്‌ പൗലൊസ്‌ സമയം ചെലവഴിച്ചത്‌ എങ്ങനെ, അവന്‍റെ അചഞ്ചലമായ വിശ്വാസത്തിന്‌ ക്രിസ്‌തീയ സഭയുടെമേല്‍ എന്തു പ്രഭാവം ഉണ്ടായിരുന്നു? (പ്രവൃ. 28:23, 30; ഫിലി. 1:14)

 • ഫിലിപ്പിയര്‍ 2:19-30 വായിക്കുക.

  തിമൊഥെയൊസിനെയും എപ്പെഫ്രാദിത്തൊസിനെയും കുറിച്ച് എന്തു വിലമതിപ്പിന്‍ വാക്കുകളാണ്‌ പൗലൊസ്‌ പറയുന്നത്‌, നമുക്ക് പൗലൊസിന്‍റെ മാതൃക അനുകരിക്കാന്‍ കഴിയുന്നത്‌ എങ്ങനെ? (ഫിലി. 2:20, 22, 25, 29, 30; 1 കൊരി. 16:18; 1 തെസ്സ. 5:12, 13)

 • ഫിലേമോന്‍ 1-25 വായിക്കുക.

  പൗലൊസ്‌, ഉചിതമായതു ചെയ്യാന്‍ എന്തിന്‍റെ അടിസ്ഥാനത്തിലാണ്‌ ഫിലേമോനെ ഉദ്‌ബോധിപ്പിക്കുന്നത്‌, ഇത്‌ ഇന്നത്തെ മൂപ്പന്മാര്‍ക്ക് ഒരു മാതൃകയായി വര്‍ത്തിക്കുന്നത്‌ എങ്ങനെ? (ഫിലേ. 9; 2 കൊരി. 8:8; ഗലാ. 5:13)

  ഫിലേമോന്‍ 13, 14-ലെ പൗലൊസിന്‍റെ വാക്കുകള്‍, സഭയിലെ മറ്റുള്ളവരുടെ മനഃസാക്ഷിയെ അവന്‍ ആദരിച്ചിരുന്നു എന്നു കാണിക്കുന്നത്‌ എങ്ങനെ? (1 കൊരി. 8:7, 13; 10:31-33)

 • 2 തിമൊഥെയൊസ്‌ 4:7-9 വായിക്കുക.

  അന്ത്യത്തോളം വിശ്വസ്‌തരായിരുന്നാല്‍ യഹോവ നമുക്കു പ്രതിഫലം തരുമെന്നുള്ള ഉറപ്പ് പൗലൊസിനെന്നപോലെ നമുക്കും ഉണ്ടായിരിക്കാന്‍ കഴിയുന്നത്‌ എങ്ങനെ? (മത്താ. 24:13; എബ്രാ. 6:10)