വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കഥ 112: ഒരു ദ്വീപിനടുത്തുവെച്ച് കപ്പല്‍ തകരുന്നു

കഥ 112: ഒരു ദ്വീപിനടുത്തുവെച്ച് കപ്പല്‍ തകരുന്നു

നോക്കൂ! ആ കപ്പല്‍ അപകടത്തില്‍പ്പെട്ടിരിക്കുകയാണ്‌! അത്‌ തകരുകയാണല്ലോ! വെള്ളത്തിലേക്ക് എടുത്തുചാടിയ ആളുകളെ കണ്ടോ? ചിലര്‍ നീന്തി കരപറ്റിയിരിക്കുന്നു. ആ നടന്നുവരുന്നത്‌ പൗലൊസ്‌ അല്ലേ? അവന്‌ എന്താണു സംഭവിക്കുന്നതെന്ന് നമുക്കു നോക്കാം.

രക്ഷപ്പെട്ടുവരുന്നവര്‍

രണ്ടു വര്‍ഷം പൗലൊസ്‌ കൈസര്യയില്‍ തടവുകാരനായിരുന്നു എന്നത്‌ ഓര്‍ക്കുക. പിന്നീട്‌ അവനെയും മറ്റു ചില തടവുകാരെയും ഒരു കപ്പലില്‍ കയറ്റി റോമിലേക്കു കൊണ്ടുപോകുന്നു. അവര്‍ ക്രേത്ത ദ്വീപിനടുത്തുകൂടി കടന്നുപോകുമ്പോള്‍ കപ്പല്‍ ഭയങ്കരമായ ഒരു കൊടുങ്കാറ്റില്‍പ്പെടുന്നു. കപ്പല്‍ ജോലിക്കാര്‍ക്ക് ശരിയായ ദിശയില്‍ കപ്പല്‍ കൊണ്ടുപോകാന്‍ കഴിയുന്നില്ല, അതു കാറ്റത്ത്‌ ആടി ഉലയുകയാണ്‌. പകല്‍ സൂര്യനെയോ രാത്രിയില്‍ നക്ഷത്രങ്ങളെയോ കാണാന്‍ അവര്‍ക്കു സാധിക്കുന്നില്ല. ഇങ്ങനെ കുറെ ദിവസം കഴിയുമ്പോള്‍ കപ്പലിലുള്ളവര്‍ക്ക് തങ്ങള്‍ രക്ഷപ്പെടുമെന്ന സകല പ്രതീക്ഷയും നശിക്കുന്നു.

അപ്പോള്‍ പൗലൊസ്‌ എഴുന്നേറ്റു നിന്നുകൊണ്ട് ഇങ്ങനെ പറയുന്നു: ‘നിങ്ങളില്‍ ആരും മരിക്കുകയില്ല. കപ്പല്‍ മാത്രമേ നശിക്കുകയുള്ളൂ. എന്തുകൊണ്ടെന്നാല്‍ കഴിഞ്ഞ രാത്രിയില്‍ ഒരു ദൂതന്‍ പ്രത്യക്ഷപ്പെട്ട് എന്നോട്‌ ഇങ്ങനെ പറഞ്ഞു: “പൗലൊസേ, പേടിക്കേണ്ട! നീ റോമന്‍ ഭരണാധികാരിയായ കൈസരുടെ മുമ്പാകെ നില്‍ക്കേണ്ടതാകുന്നു. നിന്നോടൊപ്പം യാത്ര ചെയ്യുന്ന എല്ലാവരെയും ദൈവം രക്ഷിക്കും.”’

കൊടുങ്കാറ്റ്‌ തുടങ്ങിയതിന്‍റെ 14-ാം ദിവസം പാതിരാത്രി ആയപ്പോഴേക്കും വെള്ളത്തിന്‍റെ ആഴം കുറഞ്ഞുവരുന്നത്‌ കപ്പല്‍ ജോലിക്കാര്‍ ശ്രദ്ധിക്കുന്നു. ഇരുട്ടത്ത്‌ പാറക്കെട്ടിലോ മറ്റോ ഇടിച്ചു തകര്‍ന്നേക്കുമെന്നു കരുതി അവര്‍ കപ്പല്‍ നിറുത്തിയിടുന്നു. അടുത്ത ദിവസം രാവിലെ അവര്‍ ഒരു ഉള്‍ക്കടല്‍ കാണുന്നു. അതിന്‍റെ തീരത്തേക്ക് കപ്പല്‍ അടുപ്പിക്കാന്‍ അവര്‍ തീരുമാനിക്കുന്നു.

അവര്‍ തീരത്തോട്‌ അടുക്കുമ്പോള്‍ കപ്പല്‍ ഒരു മണല്‍ത്തിട്ടയില്‍ത്തട്ടി അവിടെ ഉറയ്‌ക്കുന്നു. തിരമാലകള്‍ അതിന്മേല്‍ ആഞ്ഞടിക്കുകയാണ്‌. കപ്പല്‍ തകരുന്നു. പടയാളികളുടെ തലവന്‍ വിളിച്ചുപറയുന്നു: ‘നിങ്ങളില്‍ നീന്തല്‍ അറിയാവുന്നവരെല്ലാം ആദ്യം കടലിലേക്കു ചാടി നീന്തി കരപറ്റുക. ബാക്കിയുള്ളവര്‍ പിന്നാലെ ചാടി കപ്പലില്‍നിന്നു പൊളിഞ്ഞുവീണ പലകക്കഷണങ്ങളിലോ മറ്റോ പിടിച്ചു കിടക്കുക.’ അവര്‍ അപ്രകാരം ചെയ്യുന്നു. അങ്ങനെ കപ്പലില്‍ ഉണ്ടായിരുന്ന 276 പേരും ദൂതന്‍ ഉറപ്പു നല്‍കിയതുപോലെ കുഴപ്പമൊന്നും കൂടാതെ തീരത്ത്‌ എത്തുന്നു.

ആ ദ്വീപിന്‍റെ പേര്‌ മെലിത്ത എന്നാണ്‌. അവിടത്തെ ആളുകള്‍ വളരെ ദയയുള്ളവരാണ്‌. തകര്‍ന്ന കപ്പലില്‍ ഉണ്ടായിരുന്നവരെ അവര്‍ സഹായിക്കുന്നു. കാലാവസ്ഥ ശാന്തമായപ്പോള്‍ പൗലൊസിനെ മറ്റൊരു കപ്പലില്‍ കയറ്റി റോമിലേക്കു കൊണ്ടുപോകുന്നു.

പ്രവൃത്തികള്‍ 27:1-44; 28:1-14.ചോദ്യങ്ങള്‍

 • പൗലൊസ്‌ സഞ്ചരിക്കുന്ന കപ്പല്‍ ക്രേത്ത ദ്വീപിനടുത്തുകൂടി കടന്നുപോകുമ്പോള്‍ എന്തു സംഭവിക്കുന്നു?
 • കപ്പലിലുള്ളവരോട്‌ പൗലൊസ്‌ എന്താണു പറയുന്നത്‌?
 • കപ്പല്‍ തകരാന്‍ ഇടയായത്‌ എങ്ങനെ?
 • പടയാളികളുടെ തലവന്‍ എന്തൊക്കെ നിര്‍ദേശങ്ങളാണു നല്‍കിയത്‌, എത്ര പേര്‍ സുരക്ഷിതരായി കരയിലെത്തി?
 • അവര്‍ എത്തിയ ദ്വീപിന്‍റെ പേരെന്ത്, കാലാവസ്ഥ മെച്ചപ്പെടുമ്പോള്‍ പൗലൊസിന്‌ എന്തു സംഭവിക്കുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • പ്രവൃത്തികള്‍ 27:1-44 വായിക്കുക.

  റോമിലേക്കുള്ള പൗലൊസിന്‍റെ കപ്പല്‍യാത്രയുടെ വിവരണം വായിക്കുമ്പോള്‍ ബൈബിളിന്‍റെ കൃത്യതയിലുള്ള നമ്മുടെ ഉറപ്പ് ബലപ്പെടുന്നത്‌ എങ്ങനെ? (പ്രവൃ. 27:16-19, 27-32; ലൂക്കൊ. 1:3, 4; 2 തിമൊ. 3:16, 17)

 • പ്രവൃത്തികള്‍ 28:1-14 വായിക്കുക.

  പുറജാതികളായ മെലിത്ത നിവാസികള്‍ അപ്പൊസ്‌തലനായ പൗലൊസിനോടും കപ്പല്‍ച്ചേതത്തില്‍പ്പെട്ട മറ്റുള്ളവരോടും “അസാധാരണദയ” കാണിക്കാന്‍ പ്രേരിതരായെങ്കില്‍, ക്രിസ്‌ത്യാനികള്‍ എന്തു ചെയ്യാന്‍ പ്രേരിതരാകേണ്ടതാണ്‌, പ്രത്യേകിച്ച് ഏതു വിധത്തില്‍? (പ്രവൃ. 28:1, 2; എബ്രാ. 13:1, 2; 1 പത്രൊ. 4:9)