വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 111: ഉറങ്ങിപ്പോയ ഒരു ബാലന്‍

കഥ 111: ഉറങ്ങിപ്പോയ ഒരു ബാലന്‍

നോക്കൂ! എന്താണിവിടെ സംഭവിക്കുന്നത്‌? താഴെ കിടക്കുന്ന ആ കുട്ടിക്ക് ഗുരുതരമായ പരിക്കു വല്ലതും പറ്റിയിട്ടുണ്ടോ? വീടിനു വെളിയിലേക്കു വരുന്നവരില്‍ ഒരാള്‍ പൗലൊസാണ്‌. അവന്‍റെകൂടെ തിമൊഥെയൊസും ഉണ്ട്. ആ കുട്ടി ജനാലയിലൂടെ പുറത്തേക്കു വീണതാണോ?

പൗലൊസ് യൂത്തിക്കൊസിനെ ഉയിര്‍പ്പിക്കാന്‍ വരുന്നു

അതേ, അതുതന്നെയാണു സംഭവിച്ചത്‌. പൗലൊസ്‌ ഇവിടെ, ത്രോവാസിലുള്ള ശിഷ്യന്മാരോടു പ്രസംഗിക്കുകയായിരുന്നു. അടുത്ത ദിവസംതന്നെ അവന്‍ തിരിച്ചുപോകുകയാണ്‌, ത്രോവാസിലുള്ളവരെ ഇനി പെട്ടെന്നൊന്നും കാണാന്‍ സാധിക്കില്ലെന്ന് അവനറിയാം. അതുകൊണ്ട് പാതിരാത്രിവരെ അവന്‍ സംസാരിച്ചുകൊണ്ടിരുന്നു.

യൂത്തിക്കൊസ്‌ എന്ന ഈ ബാലന്‍ ജനാലയ്‌ക്കരികില്‍ ഇരിക്കുകയായിരുന്നു. അവിടെ ഇരുന്ന് ഉറങ്ങിപ്പോയ അവന്‍, മൂന്നാം നിലയില്‍നിന്നു താഴെ വീണു! അതുകൊണ്ടാണ്‌ ഈ ആളുകളെല്ലാം ഇത്ര ദുഃഖിതരായി കാണപ്പെടുന്നത്‌. അവര്‍ വന്ന് അവനെ താങ്ങിയെടുക്കുമ്പോള്‍ പേടിച്ചതുതന്നെ സംഭവിച്ചിരിക്കുന്നു, അവന്‍ മരിച്ചുപോയിരിക്കുന്നു!

കുട്ടി മരിച്ചെന്നു കണ്ട പൗലൊസ്‌ അവന്‍റെമേല്‍ കിടന്ന് അവനെ കെട്ടിപ്പിടിക്കുന്നു. തുടര്‍ന്ന് അവന്‍, ‘വിഷമിക്കേണ്ട, അവനു കുഴപ്പമൊന്നുമില്ല’ എന്നു പറയുന്നു. എന്തൊരത്ഭുതം! പൗലൊസ്‌ അവനെ ജീവനിലേക്കു തിരികെ കൊണ്ടുവന്നിരിക്കുന്നു! ജനക്കൂട്ടത്തിന്‍റെ സന്തോഷത്തിന്‌ അതിരില്ല!

അവര്‍ വീണ്ടും മുകളിലേക്കു പോയി ഭക്ഷണം കഴിക്കുന്നു. നേരം വെളുക്കുന്നതുവരെ പൗലൊസ്‌ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഏതായാലും അതുകഴിഞ്ഞ് യൂത്തിക്കൊസ്‌ ഉറങ്ങിയിട്ടുണ്ടാവില്ലെന്ന് തീര്‍ച്ച! പൗലൊസും തിമൊഥെയൊസും അവരോടുകൂടെ സഞ്ചരിക്കുന്നവരും കപ്പലില്‍ കയറുന്നു. അവര്‍ എവിടേക്കാണു പോകുന്നതെന്ന് അറിയാമോ?

സുവാര്‍ത്ത പ്രസംഗിക്കുന്നതിനുള്ള മൂന്നാമത്തെ യാത്രയിലായിരുന്നു പൗലൊസ്‌. അതു പൂര്‍ത്തിയാക്കിയിട്ട് അവന്‍ ഇപ്പോള്‍ വീട്ടിലേക്കു മടങ്ങുകയാണ്‌. ഈ യാത്രയില്‍ അവന്‍ എഫെസൊസ്‌ പട്ടണത്തില്‍ത്തന്നെ മൂന്നു വര്‍ഷം പാര്‍ത്തിരുന്നു. അതുകൊണ്ട് ഇത്‌ രണ്ടാമത്തെ യാത്രയെക്കാള്‍ നീണ്ട ഒന്നായിരുന്നു.

ത്രോവാസില്‍നിന്നു പുറപ്പെട്ട കപ്പല്‍ മിലേത്തൊസില്‍ കുറച്ചു സമയം തങ്ങുന്നു. എഫെസൊസ്‌ ഏതാനും കിലോമീറ്റര്‍ മാത്രം അകലെയായതിനാല്‍ സഭയിലെ മൂപ്പന്മാരോട്‌ അവിടേക്കു വരാന്‍ പറഞ്ഞ് പൗലൊസ്‌ ആളയയ്‌ക്കുന്നു. അവരെ കണ്ട് അവസാനമായി ഒന്ന് സംസാരിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു. കപ്പല്‍ വിടാനുള്ള സമയമായപ്പോള്‍ അവര്‍ക്കെല്ലാം എത്ര സങ്കടമാണെന്നോ!

അവസാനം കപ്പല്‍ കൈസര്യയില്‍ തിരിച്ചെത്തുന്നു. അവിടെ അവന്‍ ശിഷ്യനായ ഫിലിപ്പൊസിന്‍റെ വീട്ടില്‍ താമസിക്കെ, യെരൂശലേമിലേക്കു ചെല്ലുമ്പോള്‍ അവന്‍ തടവിലാക്കപ്പെടുമെന്ന് പ്രവാചകനായ അഗബൊസ്‌ പൗലൊസിനു മുന്നറിയിപ്പു നല്‍കുന്നു. അതു തന്നെയാണു സംഭവിക്കുന്നതും. കൈസര്യയില്‍ രണ്ടു വര്‍ഷം തടവില്‍ കഴിഞ്ഞതിനു ശേഷം റോമന്‍ ചക്രവര്‍ത്തിയായ കൈസരുടെ മുമ്പാകെ വിചാരണ ചെയ്യപ്പെടേണ്ടതിന്‌ അവനെ റോമിലേക്ക് അയയ്‌ക്കുന്നു. റോമിലേക്കുള്ള യാത്രയില്‍ എന്താണു സംഭവിക്കുന്നതെന്നു നമുക്കു നോക്കാം.

പ്രവൃത്തികള്‍ 19 മുതല്‍ 26 വരെയുള്ള അധ്യായങ്ങള്‍.ചോദ്യങ്ങള്‍

 • ചിത്രത്തില്‍, നിലത്തു കിടക്കുന്ന ബാലന്‍ ആരാണ്‌, അവന്‌ എന്താണു സംഭവിച്ചത്‌?
 • ബാലന്‍ മരിച്ചു എന്നു കണ്ടപ്പോള്‍ പൗലൊസ്‌ എന്തു ചെയ്യുന്നു?
 • പൗലൊസും തിമൊഥെയൊസും അവരോടൊപ്പം യാത്രചെയ്യുന്നവരും എങ്ങോട്ടു പോകുന്നു, കപ്പല്‍ മിലേത്തൊസില്‍ നിറുത്തുമ്പോള്‍ എന്തു സംഭവിക്കുന്നു?
 • അഗബൊസ്‌ പ്രവാചകന്‍ പൗലൊസിന്‌ എന്തു മുന്നറിയിപ്പു നല്‍കുന്നു, പ്രവാചകന്‍റെ വാക്കുകള്‍ അക്ഷരംപ്രതി നിറവേറുന്നത്‌ എങ്ങനെ?

കൂടുതലായ ചോദ്യങ്ങള്‍

 • പ്രവൃത്തികള്‍ 20:7-38 വായിക്കുക.

  പ്രവൃത്തികള്‍ 20:26, 27-ലെ പൗലൊസിന്‍റെ വാക്കുകളോടുള്ള ചേര്‍ച്ചയില്‍, ആരുടെയും രക്തം സംബന്ധിച്ച് ‘കുറ്റക്കാരാകാതെയിരിക്കാന്‍’ നമുക്ക് എങ്ങനെ കഴിയും? (യെഹെ. 33:8; പ്രവൃ. 18:6, 7)

  മൂപ്പന്മാര്‍, പഠിപ്പിക്കുമ്പോള്‍ “വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്ന”വര്‍ ആയിരിക്കേണ്ടത്‌ എന്തുകൊണ്ട്? (പ്രവൃ. 20:17, 29, 30; തീത്തൊ. 1:7-9; 2 തിമൊ. 1:13)

 • പ്രവൃത്തികള്‍ 26:24-32 വായിക്കുക.

  യേശുവില്‍നിന്നു ലഭിച്ച പ്രസംഗ നിയമനം നിറവേറ്റുന്നതിന്‌ പൗലൊസ്‌ തന്‍റെ റോമന്‍ പൗരത്വം ഉപയോഗിച്ചത്‌ എങ്ങനെ? (പ്രവൃ. 9:15; 16:37, 38; 25:11, 12; 26:32; ലൂക്കൊ. 21:12, 13)