വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 110: തിമൊഥെയൊസ്--പൗലൊസിന്‍റെ പുതിയ സഹായി

കഥ 110: തിമൊഥെയൊസ്--പൗലൊസിന്‍റെ പുതിയ സഹായി

അപ്പൊസ്‌തലനായ പൗലൊസിന്‍റെ കൂടെയുള്ള ആ ചെറുപ്പക്കാരന്‍ തിമൊഥെയൊസ്‌ ആണ്‌. തന്‍റെ കുടുംബാംഗങ്ങളോടൊപ്പം ലുസ്‌ത്രയിലാണ്‌ അവന്‍ താമസിക്കുന്നത്‌. അവന്‍റെ അമ്മയുടെ പേര്‌ യൂനിക്ക എന്നും വല്യമ്മയുടെ പേര്‌ ലോവിസ്‌ എന്നുമാണ്‌.

പൗലൊസ്‌ ലുസ്‌ത്രയില്‍ വരുന്നത്‌ ഇതു മൂന്നാം തവണയാണ്‌. ഏകദേശം ഒരു വര്‍ഷം മുമ്പാണ്‌ പൗലൊസ്‌ ബര്‍ന്നബാസിനെയും കൂട്ടി ആദ്യത്തെ പ്രസംഗ പര്യടനത്തിന്‌ ഇവിടെ വന്നത്‌. ഇപ്പോള്‍ പൗലൊസ്‌ വീണ്ടും മടങ്ങിവന്നിരിക്കുകയാണ്‌, ഇത്തവണ കൂട്ടുകാരനായ ശീലാസാണ്‌ കൂടെയുള്ളത്‌.

തിമൊഥെയൊസും പൗലൊസും

പൗലൊസ്‌ തിമൊഥെയൊസിനോട്‌ എന്താണു പറയുന്നത്‌ എന്ന് ഊഹിക്കാമോ? ‘എന്‍റെയും ശീലാസിന്‍റെയും കൂടെ പോരാന്‍ നിനക്ക് ഇഷ്ടമാണോ?’ അവന്‍ ചോദിക്കുന്നു. ‘ദൂരദേശങ്ങളിലുള്ള ആളുകളോടു പ്രസംഗിക്കുന്നതിന്‌ നിന്‍റെ സഹായം ഉണ്ടെങ്കില്‍ നന്നായിരുന്നു.’

‘എനിക്കു വരാന്‍ ഇഷ്ടമാണ്‌,’ തിമൊഥെയൊസ്‌ പറയുന്നു. പെട്ടെന്നുതന്നെ അവന്‍ വീടുവിട്ട് പൗലൊസിന്‍റെയും ശീലാസിന്‍റെയും കൂടെ പോകുന്നു. എന്നാല്‍ അവരുടെ യാത്രയെക്കുറിച്ചു പഠിക്കുന്നതിനുമുമ്പ്, പൗലൊസ്‌ ഇത്രയും കാലം എന്തു ചെയ്യുകയായിരുന്നുവെന്നു നമുക്കു നോക്കാം. ദമസ്‌കൊസിലേക്കു പോകുന്ന വഴിക്ക് യേശു അവനു പ്രത്യക്ഷപ്പെട്ടിട്ട് 17 വര്‍ഷം കഴിഞ്ഞിരിക്കുന്നു.

പൗലൊസ്‌ ദമസ്‌കൊസിലേക്കു പോയത്‌ ക്രിസ്‌തുവിന്‍റെ ശിഷ്യന്മാരെ ഉപദ്രവിക്കാനായിരുന്നു എന്ന കാര്യം ഓര്‍ക്കുന്നുണ്ടല്ലോ, അല്ലേ? എന്നാല്‍ ഇപ്പോള്‍ അവന്‍തന്നെ ഒരു ശിഷ്യനായിത്തീര്‍ന്നിരിക്കുന്നു! യേശുവിനെക്കുറിച്ചുള്ള അവന്‍റെ പഠിപ്പിക്കലുകള്‍ ഇഷ്ടമല്ലാത്ത ചില ശത്രുക്കള്‍ അവനെ കൊല്ലാന്‍ ആലോചിക്കുന്നു. എന്നാല്‍ രക്ഷപ്പെടാന്‍ ശിഷ്യന്മാര്‍ പൗലൊസിനെ സഹായിക്കുന്നു. അവര്‍ അവനെ ഒരു കുട്ടയിലാക്കി പട്ടണമതിലിനു പുറത്ത്‌ എത്തിക്കുന്നു.

പിന്നീട്‌ പ്രസംഗവേല തുടരാന്‍ പൗലൊസ്‌ അന്ത്യൊക്ക്യയിലേക്കു പോകുന്നു. യേശുവിന്‍റെ ശിഷ്യന്മാര്‍ ക്രിസ്‌ത്യാനികള്‍ എന്ന് ആദ്യമായി വിളിക്കപ്പെട്ട സ്ഥലമാണ്‌ അത്‌. തുടര്‍ന്ന് പൗലൊസും ബര്‍ന്നബാസും വിദൂര സ്ഥലങ്ങളില്‍ സുവാര്‍ത്ത പ്രസംഗിക്കാന്‍ പോകുന്നു. അവര്‍ പോകുന്ന പട്ടണങ്ങളിലൊന്ന് ലുസ്‌ത്ര ആണ്‌, തിമൊഥെയൊസിന്‍റെ സ്വന്തം നാട്‌.

ഏകദേശം ഒരു വര്‍ഷത്തിനുശേഷം പൗലൊസ്‌, രണ്ടാം പ്രസംഗ പര്യടനത്തിന്‍റെ ഭാഗമായി ഇപ്പോള്‍ ലുസ്‌ത്രയില്‍ വന്നിരിക്കുകയാണ്‌. തിമൊഥെയൊസ്‌ പൗലൊസിന്‍റെയും ശീലാസിന്‍റെയും ഒപ്പം ചേര്‍ന്നുകഴിഞ്ഞ് അവര്‍ എങ്ങോട്ടാണു പോകുന്നതെന്ന് അറിയാമോ? ഇവിടെ കൊടുത്തിട്ടുള്ള ഭൂപടം നോക്കൂ, നമുക്ക് പൗലൊസും കൂട്ടരും പോയ ചില സ്ഥലങ്ങളുടെ പേരുകള്‍ പഠിക്കാം.

ആദ്യം അവര്‍ പോകുന്നത്‌ അടുത്തുള്ള ഇക്കോന്യയിലേക്കാണ്‌, തുടര്‍ന്ന് അന്ത്യൊക്ക്യ എന്നുതന്നെ പേരുള്ള മറ്റൊരു പട്ടണത്തിലേക്കും. അവിടെനിന്ന് ത്രോവാസ്‌, ഫിലിപ്പി, തെസ്സലൊനീക്ക, ബെരോവ എന്നിവിടങ്ങളിലേക്കു പോകുന്നു. ഭൂപടത്തില്‍ അഥേന കണ്ടുപിടിക്കാന്‍ കഴിയുമോ എന്നു നോക്കൂ. പൗലൊസ്‌ അവിടെയും പ്രസംഗിക്കുന്നു. തുടര്‍ന്ന് ഒന്നര വര്‍ഷം പ്രസംഗവേലയ്‌ക്കായി അവര്‍ കൊരിന്തില്‍ ചെലവഴിക്കുന്നു. അവസാനം എഫെസൊസില്‍ കുറച്ചു കാലം തങ്ങുന്നു. പിന്നീട്‌ കപ്പലില്‍ അവര്‍ കൈസര്യയിലേക്കും അവിടെനിന്ന് പൗലൊസിന്‍റെ താമസസ്ഥലമായ അന്ത്യൊക്ക്യയിലേക്കും പോകുന്നു.

അങ്ങനെ “സുവാര്‍ത്ത” പ്രസംഗിക്കുന്നതിനും അനേകം ക്രിസ്‌തീയ സഭകള്‍ സ്ഥാപിക്കുന്നതിനും പൗലൊസിനെ സഹായിച്ചുകൊണ്ട് തിമൊഥെയൊസ്‌ പതിനായിരക്കണക്കിനു കിലോമീറ്റര്‍ അവനോടൊപ്പം സഞ്ചരിക്കുന്നു. വളര്‍ന്നുവലുതാകുമ്പോള്‍ തിമൊഥെയൊസിനെ പോലുള്ള വിശ്വസ്‌തനായ ഒരു ദൈവദാസന്‍ ആയിത്തീരാന്‍ ആഗ്രഹമില്ലേ?

പ്രവൃത്തികള്‍ 9:19-30; 11:19-26; 13 മുതല്‍ 17 വരെയുള്ള അധ്യായങ്ങള്‍; 18:1-22.

ഭൂപടം

1. റോം; 2. മെലിത്ത; 3. ബെരോവ; 4. തെസ്സലൊനീക്ക; 5. കൊരിന്ത്; 6. ഫിലിപ്പി; 7. അഥേന; 8. ക്രേത്ത; 9. ത്രോവാസ്‌; 10. എഫെസൊസ്‌; 11. മിലേത്തൊസ്‌; 12. കൊലൊസ്സ്യ; 13. അന്ത്യൊക്ക്യ; 14. ഇക്കോന്യ; 15. ലുസ്‌ത്ര; 16. കുപ്രൊസ്‌; 17. അന്ത്യൊക്ക്യ; 18. കൈസര്യ; 19. യോപ്പ; 20. ദമസ്‌കൊസ്‌; 21. യെരൂശലേം; 22. മഹാസമുദ്രം (മധ്യധരണ്യാഴി)ചോദ്യങ്ങള്‍

 • ചിത്രത്തില്‍ കാണുന്ന ചെറുപ്പക്കാരന്‍ ആരാണ്‌, അവന്‍ എവിടെയാണു താമസിക്കുന്നത്‌, അവന്‍റെ അമ്മയുടെയും വല്യമ്മയുടെയും പേര്‌ എന്ത്?
 • ദൂരദേശങ്ങളിലുള്ള ആളുകളോടു പ്രസംഗിക്കുന്ന വേലയില്‍ ശീലാസിനോടും തന്നോടുമൊപ്പം ചേരുന്നോ എന്ന് പൗലൊസ്‌ ചോദിച്ചപ്പോള്‍ തിമൊഥെയൊസ്‌ എന്താണു പറഞ്ഞത്‌?
 • യേശുവിന്‍റെ ശിഷ്യന്മാര്‍ ക്രിസ്‌ത്യാനികള്‍ എന്ന് ആദ്യമായി വിളിക്കപ്പെട്ടത്‌ എവിടെവെച്ച്?
 • അന്ത്യൊക്ക്യ വിട്ടതിനു ശേഷം പൗലൊസും ശീലാസും തിമൊഥെയൊസും സന്ദര്‍ശിക്കുന്ന പട്ടണങ്ങളില്‍ ചിലത്‌ ഏവ?
 • തിമൊഥെയൊസ്‌ പൗലൊസിനെ സഹായിക്കുന്നത്‌ എങ്ങനെ, ചെറുപ്രായത്തിലുള്ളവര്‍ ഇന്ന് സ്വയം ഏതു ചോദ്യം ചോദിക്കണം?

കൂടുതലായ ചോദ്യങ്ങള്‍

 • പ്രവൃത്തികള്‍ 9:19-30 വായിക്കുക.

  സുവാര്‍ത്ത പ്രസംഗത്തിന്‌ എതിര്‍പ്പു നേരിട്ടപ്പോള്‍ അപ്പൊസ്‌തലനായ പൗലൊസ്‌ വിവേചനയോടെ പ്രവര്‍ത്തിച്ചത്‌ എങ്ങനെ? (പ്രവൃ. 9:22-25, 29, 30; മത്താ. 10:16)

 • പ്രവൃത്തികള്‍ 11:19-26 വായിക്കുക.

  പ്രവൃത്തികള്‍ 11:19-21, 26-ലെ വിവരണം, യഹോവയുടെ ആത്മാവ്‌ പ്രസംഗവേലയ്‌ക്കു മാര്‍ഗനിര്‍ദേശം നല്‍കുകയും നയിക്കുകയും ചെയ്യുന്നു എന്ന് കാണിക്കുന്നത്‌ എങ്ങനെ?

 • പ്രവൃത്തികള്‍ 13:13-16, 42-52 വായിക്കുക.

  തങ്ങളെ നിരുത്സാഹപ്പെടുത്താന്‍ ശിഷ്യന്മാര്‍ എതിര്‍പ്പിനെ അനുവദിച്ചില്ല എന്ന് പ്രവൃത്തികള്‍ 13:51, 52 കാണിക്കുന്നത്‌ എങ്ങനെ? (മത്താ. 10:14; പ്രവൃ. 18:6; 1 പത്രൊ. 4:14)

 • പ്രവൃത്തികള്‍ 14:1-6, 19-28 വായിക്കുക.

  ‘തങ്ങള്‍ വിശ്വസിച്ച കര്‍ത്താവിങ്കല്‍ അവരെ ഭരമേല്‍പ്പിച്ചു’ എന്ന വാക്കുകള്‍, പുതിയവരെ സഹായിക്കുമ്പോള്‍ അനാവശ്യമായ എല്ലാ ഉത്‌കണ്‌ഠയില്‍നിന്നും നമ്മെ മോചിപ്പിക്കുന്നത്‌ എങ്ങനെ? (പ്രവൃ. 14:21-23; 20:32; യോഹ. 6:44)

 • പ്രവൃത്തികള്‍ 16:1-5 വായിക്കുക.

  പരിച്ഛേദനയ്‌ക്കു വിധേയനാകാനുള്ള തിമൊഥെയൊസിന്‍റെ മനസ്സൊരുക്കം, “സകലവും സുവിശേഷം നിമിത്തം” ചെയ്യുന്നതിന്‍റെ പ്രാധാന്യത്തിന്‌ ഊന്നല്‍ നല്‍കുന്നത്‌ എങ്ങനെ? (പ്രവൃ. 16:3; 1 കൊരി. 9:23; 1 തെസ്സ. 2:8)

 • പ്രവൃത്തികള്‍ 18:1-11, 18-22 വായിക്കുക.

  പ്രസംഗവേലയെ നയിക്കുന്നതില്‍ യേശു വ്യക്തിപരമായി ഉള്‍പ്പെട്ടിരിക്കുന്നതു സംബന്ധിച്ച് പ്രവൃത്തികള്‍ 18:9, 10 എന്താണു സൂചിപ്പിക്കുന്നത്‌, അത്‌ ഇന്നു നമുക്ക് എന്ത് ഉറപ്പാണു നല്‍കുന്നത്‌? (മത്താ. 28:20)

കൂടുതല്‍ അറിയാന്‍

മക്കളെ പഠിപ്പിക്കുക

തിമൊഥെയൊസ്‌ ആളുകളെ സഹായിക്കാൻ ആഗ്രഹിച്ചു

തിമൊഥെയൊസിന്‍റേതുപോലെ സന്തോഷം നിറഞ്ഞ, രസകരമായ ജീവിതം ലഭിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?