വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 109: പത്രൊസ് കൊര്‍ന്നേല്യൊസിനെ സന്ദര്‍ശിക്കുന്നു

കഥ 109: പത്രൊസ് കൊര്‍ന്നേല്യൊസിനെ സന്ദര്‍ശിക്കുന്നു

അപ്പൊസ്‌തലനായ പത്രൊസാണ്‌ അവിടെ നില്‍ക്കുന്നത്‌; അവന്‍റെ പിന്നിലുള്ളത്‌ ചില കൂട്ടുകാരും. എന്നാല്‍ എന്തിനാണ്‌ പത്രൊസിന്‍റെ മുന്നില്‍ ആ മനുഷ്യന്‍ കുമ്പിടുന്നത്‌? അവന്‍ അങ്ങനെ ചെയ്യുന്നതു ശരിയാണോ? അവന്‍ ആരാണ്‌?

പത്രൊസ് കൊര്‍ന്നേല്യൊസിനെ കാണുന്നു

അത്‌ കൊര്‍ന്നേല്യൊസാണ്‌. അവന്‍ റോമാക്കാരുടെ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനാണ്‌. കൊര്‍ന്നേല്യൊസിന്‌ പത്രൊസിനെ അറിയില്ല. എന്നാല്‍ ഇപ്പോള്‍ പത്രൊസിനെ തന്‍റെ വീട്ടിലേക്കു ക്ഷണിക്കാന്‍ അവന്‍ പ്രേരിപ്പിക്കപ്പെട്ടിരിക്കുകയാണ്‌. അത്‌ എങ്ങനെ സംഭവിച്ചെന്നു നമുക്കു നോക്കാം.

യേശുവിന്‍റെ ആദ്യ അനുഗാമികള്‍ യഹൂദന്മാരായിരുന്നു. എന്നാല്‍ കൊര്‍ന്നേല്യൊസ്‌ യഹൂദനല്ല. പക്ഷേ അവന്‍ ദൈവത്തെ സ്‌നേഹിക്കുന്നു, ദൈവത്തോടു പ്രാര്‍ഥിക്കുന്നു, ആളുകളോടു വളരെ ദയ കാണിക്കുന്നു. ഒരു ദിവസം ഉച്ചകഴിഞ്ഞ് ഒരു ദൂതന്‍ അവനു പ്രത്യക്ഷനായി. ദൂതന്‍ പറയുന്നു, ‘ദൈവം നിന്നില്‍ സന്തുഷ്ടനാണ്‌. അവന്‍ നിന്‍റെ പ്രാര്‍ഥനകള്‍ക്ക് ഉത്തരം തരാന്‍ പോകുകയാണ്‌. യോപ്പയില്‍ കടല്‍ത്തീരത്തു താമസിക്കുന്ന ശിമോന്‍റെ വീട്ടില്‍ ഉള്ള പത്രൊസ്‌ എന്ന മനുഷ്യനെ ആളയച്ചു വിളിപ്പിക്കുക.’

അപ്പോള്‍ത്തന്നെ കൊര്‍ന്നേല്യൊസ്‌ പത്രൊസിനെ കൊണ്ടുവരാന്‍ ആളയയ്‌ക്കുന്നു. അടുത്ത ദിവസം, കൊര്‍ന്നേല്യൊസ്‌ അയച്ച ആളുകള്‍ യോപ്പയോട്‌ അടുക്കവേ, പത്രൊസ്‌ ശിമോന്‍റെ വീടിന്‍റെ മുകളില്‍ ഇരിക്കുകയാണ്‌. അപ്പോള്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു വലിയ തുണി ഇറങ്ങിവരുന്നതുപോലെ പത്രൊസ്‌ കാണുന്നു. ദൈവമാണ്‌ അവന്‌ അങ്ങനെ തോന്നാന്‍ ഇടയാക്കുന്നത്‌. ആ തുണിയില്‍ പലതരം മൃഗങ്ങളുണ്ട്. ന്യായപ്രമാണം അനുസരിച്ച് ഈ മൃഗങ്ങള്‍ അശുദ്ധമായതിനാല്‍ അവയെ ഭക്ഷിക്കാനാവില്ല. എന്നാല്‍ ഒരു ശബ്ദം കേള്‍ക്കുന്നു: ‘പത്രൊസേ, എഴുന്നേറ്റ്‌ കൊന്നു ഭക്ഷിക്കുക.’

‘ഇല്ല!’ പത്രൊസ്‌ മറുപടി പറയുന്നു. ‘ഞാന്‍ ഒരിക്കലും അശുദ്ധമായതു തിന്നിട്ടില്ല.’ എന്നാല്‍ ശബ്ദം പത്രൊസിനോടു പറയുന്നു: ‘ദൈവം ശുദ്ധം എന്നു പറയുന്നതിനെ അശുദ്ധം എന്നു വിളിക്കുന്നതു നിറുത്തുക.’ മൂന്നു പ്രാവശ്യം ഇതു സംഭവിക്കുന്നു. ഇതിന്‍റെയെല്ലാം അര്‍ഥമെന്താണ്‌ എന്നു പത്രൊസ്‌ ചിന്തിച്ചുകൊണ്ടിരിക്കെ, കൊര്‍ന്നേല്യൊസ്‌ അയച്ച ആളുകള്‍ ആ വീട്ടിലെത്തി പത്രൊസിനെ അന്വേഷിക്കുന്നു.

പത്രൊസ്‌ താഴേക്കു ചെല്ലുന്നു. അവന്‍ പറയുന്നു: ‘നിങ്ങള്‍ അന്വേഷിക്കുന്ന മനുഷ്യന്‍ ഞാനാണ്‌. നിങ്ങള്‍ വന്ന കാര്യം എന്താണെന്നു പറയൂ.’ പത്രൊസിനെ വീട്ടിലേക്കു ക്ഷണിക്കാന്‍ ദൂതന്‍ കൊര്‍ന്നേല്യൊസിനോടു പറഞ്ഞ കാര്യം അവര്‍ വിശദീകരിക്കുമ്പോള്‍ അവരോടൊപ്പം പോകാന്‍ അവന്‍ സമ്മതിക്കുന്നു. അടുത്ത ദിവസം പത്രൊസും മറ്റു ചില ശിഷ്യന്മാരും കൊര്‍ന്നേല്യൊസിനെ കാണാന്‍ കൈസര്യയിലേക്കു പുറപ്പെടുന്നു.

കൊര്‍ന്നേല്യൊസ്‌ തന്‍റെ ബന്ധുക്കളെയും അടുത്ത കൂട്ടുകാരെയും വിളിച്ചുകൂട്ടിയിട്ടുണ്ട്. പത്രൊസ്‌ എത്തിച്ചേരുമ്പോള്‍, ചിത്രത്തില്‍ കാണുന്നതുപോലെ കൊര്‍ന്നേല്യൊസ്‌ അവന്‍റെ കാല്‍ക്കല്‍ വീഴുന്നു. എന്നാല്‍ പത്രൊസ്‌ പറയുന്നു: ‘എഴുന്നേല്‌ക്കൂ, ഞാന്‍ വെറുമൊരു മനുഷ്യനാണ്‌.’ ഒരു മനുഷ്യന്‍റെ മുമ്പാകെ കുമ്പിടുകയോ ആരാധിക്കുകയോ ചെയ്യുന്നതു ശരിയല്ലെന്ന് ബൈബിള്‍ കാണിച്ചുതരുന്നു. നാം യഹോവയെ മാത്രമേ ആരാധിക്കാവൂ.

പത്രൊസ്‌ അവിടെ കൂടിയിരുന്നവരോടു സംസാരിക്കുന്നു. ‘ദൈവത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും അവന്‍ സ്വീകരിക്കുന്നു എന്നു ഞാന്‍ മനസ്സിലാക്കുന്നു,’ പത്രൊസ്‌ പറയുന്നു. അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൈവം തന്‍റെ പരിശുദ്ധാത്മാവിനെ അയയ്‌ക്കുകയും അവിടെ കൂടിയിരുന്നവര്‍ വ്യത്യസ്‌ത ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ദൈവപ്രീതി തങ്ങള്‍ക്കു മാത്രമേ ഉള്ളൂ എന്നു വിചാരിച്ചിരുന്ന, പത്രൊസിന്‍റെ കൂടെയുണ്ടായിരുന്ന യഹൂദ ശിഷ്യന്മാര്‍ ഇതു കണ്ട് അത്ഭുതപ്പെടുന്നു. ദൈവം ഏതെങ്കിലും വര്‍ഗത്തെ മറ്റൊന്നിനെക്കാള്‍ നല്ലതോ പ്രധാനപ്പെട്ടതോ ആയി കാണുന്നില്ല എന്ന് ഈ സംഭവം അവരെ പഠിപ്പിക്കുന്നു. നാമെല്ലാം ഓര്‍ത്തിരിക്കേണ്ട ഒരു കാര്യമല്ലേ അത്‌?

പ്രവൃത്തികള്‍ 10:1-48; 11:1-18; വെളിപ്പാടു 19:10.ചോദ്യങ്ങള്‍

 • കുമ്പിടുന്നതായി ചിത്രത്തില്‍ കാണിച്ചിരിക്കുന്ന മനുഷ്യന്‍ ആര്‌?
 • ഒരു ദൂതന്‍ കൊര്‍ന്നേല്യൊസിനോട്‌ എന്താണു പറയുന്നത്‌?
 • യോപ്പയില്‍ ശിമോന്‍റെ വീടിന്‍റെ മട്ടുപ്പാവില്‍ ആയിരുന്ന പത്രൊസിന്‌ ദൈവം എന്താണു കാണിച്ചു കൊടുത്തത്‌?
 • തന്നെ കുമ്പിടുകയോ ആരാധിക്കുകയോ ചെയ്യരുതെന്ന് പത്രൊസ്‌ കൊര്‍ന്നേല്യൊസിനോടു പറയുന്നത്‌ എന്തുകൊണ്ട്?
 • പത്രൊസിനൊപ്പം ഉണ്ടായിരുന്ന യഹൂദരായ ശിഷ്യന്മാര്‍ അത്ഭുതപ്പെട്ടു പോയതിനു കാരണമെന്ത്?
 • പത്രൊസ്‌ കൊര്‍ന്നേല്യൊസിനെ സന്ദര്‍ശിച്ച സംഭവത്തില്‍നിന്ന് നാം ഏതു സുപ്രധാന പാഠം ഉള്‍ക്കൊള്ളണം?

കൂടുതലായ ചോദ്യങ്ങള്‍

 • പ്രവൃത്തികള്‍ 10:1-48 വായിക്കുക.

  പ്രവൃത്തികള്‍ 10:42-ലെ പത്രൊസിന്‍റെ വാക്കുകള്‍, രാജ്യസുവാര്‍ത്ത പ്രസംഗവേല സംബന്ധിച്ച് എന്താണു കാണിക്കുന്നത്‌? (മത്താ. 28:19; മര്‍ക്കൊ. 13:10; പ്രവൃ. 1:8)

 • പ്രവൃത്തികള്‍ 11:1-18 വായിക്കുക.

  ജനതകളെ സംബന്ധിച്ച ദൈവത്തിന്‍റെ നിര്‍ദേശം വ്യക്തമായപ്പോള്‍ പത്രൊസ്‌ എന്തു മനോഭാവമാണു പ്രകടമാക്കിയത്‌, അവന്‍റെ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാം? (പ്രവൃ. 11:17, 18; 2 കൊരി. 10:5; എഫെ. 5:17)