വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 108: ദമസ്കൊസിലേക്കുള്ള വഴിയില്‍

കഥ 108: ദമസ്കൊസിലേക്കുള്ള വഴിയില്‍

നിലത്തു വീണുകിടക്കുന്ന ആ മനുഷ്യന്‍ ആരാണെന്ന് അറിയാമോ? അത്‌ ശൗല്‍ ആണ്‌. ശൗലിനെ ഓര്‍ക്കുന്നില്ലേ, സ്‌തെഫാനൊസിനെ കല്ലെറിഞ്ഞവരുടെ വസ്‌ത്രങ്ങള്‍ സൂക്ഷിച്ചുകൊണ്ടു നിന്ന മനുഷ്യനാണ്‌ അവന്‍. ആ വലിയ വെളിച്ചം നോക്കൂ! എന്താണ്‌ ഇവിടെ സംഭവിക്കുന്നത്‌?

സ്‌തെഫാനൊസ്‌ കൊല്ലപ്പെട്ടശേഷം യേശുവിന്‍റെ ശിഷ്യന്മാരെ വേട്ടയാടി ഉപദ്രവത്തിന്‌ ഏല്‍പ്പിക്കുന്നതില്‍ ശൗല്‍ നേതൃത്വം വഹിക്കുന്നു. അവന്‍ വീടുതോറും കയറിയിറങ്ങി അവരെ വലിച്ചിഴച്ച് തടവിലാക്കുന്നു. ശിഷ്യന്മാരില്‍ പലരും മറ്റു പട്ടണങ്ങളിലേക്ക് ഓടിപ്പോകുകയും അവിടങ്ങളില്‍ “സുവാര്‍ത്ത” പ്രസംഗിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. എന്നാല്‍ ശൗല്‍ യേശുവിന്‍റെ ശിഷ്യന്മാരെ തിരഞ്ഞ് മറ്റു പട്ടണങ്ങളിലും പോകുന്നു. ഇപ്പോള്‍ അവന്‍ ദമസ്‌കൊസിലേക്കു പോകുകയാണ്‌. എന്നാല്‍ യാത്രയ്‌ക്കിടയില്‍ അത്ഭുതകരമായ ഒരു കാര്യം സംഭവിക്കുന്നു.

പെട്ടെന്ന് ആകാശത്തുനിന്ന് ഒരു പ്രകാശം ശൗലിനു ചുറ്റും മിന്നുന്നു. ചിത്രത്തില്‍ നാം കാണുന്നതുപോലെ അവന്‍ നിലത്തു വീഴുന്നു. അപ്പോള്‍ ഇങ്ങനെ ഒരു ശബ്ദം കേള്‍ക്കുന്നു: ‘ശൗലേ, ശൗലേ! നീ എന്നെ ഉപദ്രവിക്കുന്നതെന്ത്?’ ശൗലിനോടൊപ്പം ഉണ്ടായിരുന്നവര്‍ പ്രകാശം കാണുകയും ശബ്ദം കേള്‍ക്കുകയും ചെയ്‌തെങ്കിലും പറഞ്ഞതെന്തെന്ന് അവര്‍ക്കു മനസ്സിലാകുന്നില്ല.

ഒരു പ്രകാശം ശൗലിനെ അന്ധനാക്കുന്നു

‘നീ ആരാണു കര്‍ത്താവേ?’ ശൗല്‍ ചോദിക്കുന്നു.

‘നീ ഉപദ്രവിക്കുന്ന യേശുവാണു ഞാന്‍,’ ശബ്ദം പറയുന്നു. യേശു എന്തുകൊണ്ടാണ്‌ അങ്ങനെ പറഞ്ഞത്‌? കാരണം, ശൗല്‍ തന്‍റെ ശിഷ്യന്മാരെ ഉപദ്രവിക്കുമ്പോള്‍ തന്നെ ഉപദ്രവിക്കുന്നതുപോലെയാണ്‌ അവനു തോന്നുന്നത്‌.

‘കര്‍ത്താവേ, ഞാന്‍ എന്താണു ചെയ്യേണ്ടത്‌?’ ശൗല്‍ ചോദിക്കുന്നു.

‘എഴുന്നേറ്റ്‌ ദമസ്‌കൊസിലേക്കു പോകുക,’ യേശു പറയുന്നു. ‘നീ എന്താണു ചെയ്യേണ്ടതെന്ന് അവിടെവെച്ച് നിന്നോടു പറയും.’ ശൗല്‍ എഴുന്നേറ്റ്‌ കണ്ണുതുറക്കുമ്പോള്‍ അവന്‌ ഒന്നും കാണാന്‍ കഴിയുന്നില്ല. അവന്‍റെ കാഴ്‌ചശക്തി പൊയ്‌പോയിരുന്നു! അതുകൊണ്ട് അവന്‍റെ കൂടെയുണ്ടായിരുന്ന പുരുഷന്മാര്‍ കൈക്കുപിടിച്ച് അവനെ ദമസ്‌കൊസിലേക്കു നടത്തുന്നു.

ഇപ്പോള്‍ യേശു ദമസ്‌കൊസിലുള്ള തന്‍റെ ശിഷ്യന്മാരില്‍ ഒരാളോടു പറയുന്നു: ‘അനന്യാസേ, നീ എഴുന്നേറ്റ്‌ നേര്‍വീഥി എന്ന തെരുവിലേക്കു ചെല്ലുക. യൂദായുടെ വീട്ടില്‍ച്ചെന്ന് ശൗല്‍ എന്ന മനുഷ്യനെ അന്വേഷിക്കുക. എന്‍റെ ഒരു പ്രത്യേക ദാസനായിരിക്കാന്‍ ഞാന്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നു.’

അനന്യാസ്‌ അങ്ങനെ ചെയ്യുന്നു. ശൗലിനെ കണ്ടുമുട്ടുമ്പോള്‍ അവന്‍ അവന്‍റെമേല്‍ കൈവെച്ച് ഇങ്ങനെ പറയുന്നു: ‘നീ വീണ്ടും കാണേണ്ടതിനും പരിശുദ്ധാത്മാവിനാല്‍ നിറയേണ്ടതിനും കര്‍ത്താവ്‌ എന്നെ അയച്ചിരിക്കുന്നു.’ പെട്ടെന്ന് ചെതുമ്പല്‍പോലെ എന്തോ ഒന്ന് ശൗലിന്‍റെ കണ്ണില്‍നിന്നു പൊഴിഞ്ഞുവീഴുന്നു, അവനു കാഴ്‌ചശക്തി തിരിച്ചുകിട്ടുന്നു.

പല രാജ്യങ്ങളിലുള്ള ആളുകളോടു പ്രസംഗിക്കാനായി വളരെ വലിയ ഒരു വിധത്തില്‍ ദൈവം ശൗലിനെ ഉപയോഗിക്കുന്നു. പിന്നീട്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എന്നു വിളിക്കപ്പെട്ട അവനെക്കുറിച്ചു നാം കുറെയധികം പഠിക്കുന്നതായിരിക്കും. എന്നാല്‍ അതിനുമുമ്പ് ദൈവം പത്രൊസിനെ എന്തു ചെയ്യാന്‍ അയയ്‌ക്കുന്നുവെന്ന് നമുക്കു നോക്കാം.

പ്രവൃത്തികള്‍ 8:1-4; 9:1-20; 22:6-16; 26:8-20.ചോദ്യങ്ങള്‍

 • സ്‌തെഫാനൊസ്‌ കൊല്ലപ്പെട്ടതിനു ശേഷം ശൗല്‍ എന്താണു ചെയ്യുന്നത്‌?
 • ശൗല്‍ ദമസ്‌കൊസിലേക്കു യാത്ര ചെയ്യുമ്പോള്‍ അത്ഭുതകരമായ എന്തു കാര്യം സംഭവിക്കുന്നു?
 • എന്തു ചെയ്യാനാണ്‌ യേശു ശൗലിനോടു പറയുന്നത്‌?
 • യേശു അനന്യാസിന്‌ എന്തു നിര്‍ദേശങ്ങള്‍ നല്‍കുന്നു, ശൗലിന്‌ കാഴ്‌ച തിരിച്ചുകിട്ടുന്നത്‌ എങ്ങനെ?
 • ശൗല്‍ പിന്നീട്‌ ഏതു പേരില്‍ അറിയപ്പെടാന്‍ തുടങ്ങുന്നു, അവന്‍ ഏതു വിധത്തില്‍ ഉപയോഗിക്കപ്പെടുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • പ്രവൃത്തികള്‍ 8:1-4 വായിക്കുക.

  പുതുതായി രൂപംകൊണ്ട ക്രിസ്‌തീയ സഭയ്‌ക്കെതിരെ ആഞ്ഞടിച്ച പീഡന തരംഗം ക്രിസ്‌തീയ വിശ്വാസത്തിന്‍റെ വ്യാപനത്തിനു വഴിതെളിച്ചത്‌ എങ്ങനെ, സമാനമായ എന്തു സംഗതിയാണ്‌ ആധുനിക കാലത്ത്‌ സംഭവിച്ചിട്ടുള്ളത്‌? (പ്രവൃ. 8:4; യെശ. 54:17)

 • പ്രവൃത്തികള്‍ 9:1-20 വായിക്കുക.

  ശൗലിനെ ഏല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന ദൗത്യത്തില്‍ ഏതു മൂന്നു കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്‌ യേശു വെളിപ്പെടുത്തിയത്‌? (പ്രവൃ. 9:15; 13:5; 26:1; 27:24; റോമ. 11:13)

 • പ്രവൃത്തികള്‍ 22:6-16 വായിക്കുക.

  നമുക്ക് അനന്യാസിനെപ്പോലെ ആയിരിക്കാന്‍ കഴിയുന്നത്‌ എങ്ങനെ, അതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്? (പ്രവൃ. 22:12; 1 തിമൊ. 3:7; 1 പത്രൊ. 1:14-16; 2:12)

 • പ്രവൃത്തികള്‍ 26:8-20 വായിക്കുക.

  ക്രിസ്‌ത്യാനിത്വത്തിലേക്കുള്ള ശൗലിന്‍റെ പരിവര്‍ത്തനം, ഇന്ന് അവിശ്വാസികളായ ഇണകളുള്ളവര്‍ക്കു പ്രോത്സാഹനം പകരുന്നത്‌ എങ്ങനെ? (പ്രവൃ. 26:11; 1  തിമൊ. 1:14-16; 2 തിമൊ. 4:2; 1 പത്രൊ. 3:1-3)