വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 107: സ്തെഫാനൊസിനെ കല്ലെറിയുന്നു

കഥ 107: സ്തെഫാനൊസിനെ കല്ലെറിയുന്നു

മുട്ടുകുത്തിനില്‍ക്കുന്ന ഈ മനുഷ്യന്‍ സ്‌തെഫാനൊസാണ്‌. അവന്‍ യേശുവിന്‍റെ വിശ്വസ്‌ത ശിഷ്യന്മാരില്‍ ഒരാളാണ്‌. എന്നാല്‍ ഇപ്പോള്‍ അവന്‌ എന്താണു സംഭവിക്കുന്നതെന്നു നോക്കൂ! ഈ ആളുകള്‍ അവനു നേരെ വലിയ കല്ലുകള്‍ പെറുക്കി എറിയുകയാണ്‌. ഇത്ര ഭയങ്കരമായ ഒരു കാര്യം അവര്‍ സ്‌തെഫാനൊസിനോടു ചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌? അവര്‍ക്ക് അവനോട്‌ ഇത്ര ദേഷ്യം വരാന്‍ കാരണം എന്താണ്‌? നമുക്കു നോക്കാം.

ദൈവത്തിന്‍റെ സഹായത്താല്‍ സ്‌തെഫാനൊസ്‌ വലിയ വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌. അത്‌ ഈ ആളുകള്‍ക്കു തീരെ രസിക്കുന്നില്ല. അതുകൊണ്ട് അവന്‍ ആളുകളെ സത്യം പഠിപ്പിക്കുന്നതു സംബന്ധിച്ച് അവര്‍ അവനുമായി തര്‍ക്കിക്കുന്നു. എന്നാല്‍ ദൈവം അവനു വളരെ ജ്ഞാനം നല്‍കുന്നു, അങ്ങനെ ആ പുരുഷന്മാരുടെ പഠിപ്പിക്കലുകള്‍ തെറ്റാണെന്നു തെളിയിക്കാന്‍ സ്‌തെഫാനൊസിനു കഴിയുന്നു. ഇത്‌ അവരുടെ കോപം ആളിക്കത്താന്‍ ഇടയാക്കുന്നു. അവര്‍ അവനെ പിടികൂടുന്നു, അവനെക്കുറിച്ചു നുണകള്‍ പറയുന്നതിന്‌ ആളുകളെ വിളിച്ചുകൂട്ടുകയും ചെയ്യുന്നു.

സ്തെഫാനൊസിനെ കല്ലെറിയുന്നു

മഹാപുരോഹിതന്‍ സ്‌തെഫാനൊസിനോടു ചോദിക്കുന്നു: ‘ഇവര്‍ പറയുന്ന ഈ കാര്യങ്ങള്‍ സത്യമാണോ?’ ബൈബിളില്‍നിന്നു നല്ലൊരു പ്രസംഗംതന്നെ നടത്തിക്കൊണ്ടാണ്‌ സ്‌തെഫാനൊസ്‌ അതിന്‌ ഉത്തരം കൊടുക്കുന്നത്‌. ദുഷ്ടമനുഷ്യര്‍ യഹോവയുടെ മുന്‍കാല പ്രവാചകന്മാരെ വെറുത്തിരുന്നുവെന്ന് അവന്‍ പറയുന്നു. തുടര്‍ന്ന് അവന്‍ പറയുന്നു: ‘നിങ്ങളും അവരെപ്പോലെ തന്നെ. നിങ്ങള്‍ ദൈവത്തിന്‍റെ ദാസനായ യേശുവിനെ കൊന്നു; ദൈവത്തിന്‍റെ നിയമങ്ങള്‍ അനുസരിച്ചിട്ടുമില്ല.’

ഇത്‌ മതനേതാക്കന്മാരെ വല്ലാതെ ദേഷ്യം പിടിപ്പിക്കുന്നു! അവര്‍ പല്ലിറുമ്മുന്നു. അപ്പോള്‍ സ്‌തെഫാനൊസ്‌ തലയുയര്‍ത്തി നോക്കിക്കൊണ്ട് പറയുന്നു: ‘നോക്കൂ! യേശു സ്വര്‍ഗത്തില്‍ ദൈവത്തിന്‍റെ വലതു ഭാഗത്തു നില്‍ക്കുന്നതു ഞാന്‍ കാണുന്നു.’ അപ്പോള്‍ ആ മനുഷ്യര്‍ ചെവി പൊത്തിക്കൊണ്ട് അവനു നേരെ പാഞ്ഞടുക്കുന്നു. അവര്‍ അവനെ പിടികൂടി പട്ടണത്തിനു പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോകുന്നു.

അവിടെവെച്ച് അവര്‍ തങ്ങളുടെ മേലങ്കികള്‍ ഊരി ചെറുപ്പക്കാരനായ ശൗലിന്‍റെ പക്കല്‍ ഏല്‍പ്പിക്കുന്നു. ശൗല്‍ അവിടെ നില്‍ക്കുന്നതു കണ്ടോ? പുരുഷന്മാരില്‍ ചിലര്‍ സ്‌തെഫാനൊസിനു നേരെ കല്ലെറിയാന്‍ തുടങ്ങുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ കാണാന്‍ കഴിയുന്നതുപോലെ, സ്‌തെഫാനൊസ്‌ മുട്ടുകുത്തി ദൈവത്തോടു പ്രാര്‍ഥിക്കുന്നു: ‘യഹോവേ, ഈ ദുഷ്ടകാര്യത്തിന്‌ അവരെ ശിക്ഷിക്കരുതേ.’ അവരില്‍ ചിലര്‍ അങ്ങനെ ചെയ്യുന്നത്‌ മതനേതാക്കന്മാര്‍ പറഞ്ഞുകൊടുത്ത നുണകള്‍ വിശ്വസിച്ചതുകൊണ്ടാണെന്ന് അവനറിയാം. അതിനുശേഷം സ്‌തെഫാനൊസ്‌ മരിക്കുന്നു.

ആരെങ്കിലും മോശമായി പെരുമാറിയാല്‍ അവരോടു പകരംവീട്ടാന്‍ നിങ്ങള്‍ ശ്രമിക്കുമോ? അവരോടു പ്രതികാരം ചെയ്യാന്‍ ദൈവത്തോട്‌ അപേക്ഷിക്കുമോ? സ്‌തെഫാനൊസും യേശുവും ഒരിക്കലും അങ്ങനെ ചെയ്‌തില്ല. തങ്ങളോടു ക്രൂരത കാട്ടിയവരോടു പോലും അവര്‍ ദയ കാണിച്ചു. നമുക്കും അവരെപ്പോലെ ആയിരിക്കാന്‍ ശ്രമിക്കാം.

പ്രവൃത്തികള്‍ 6:8-15; 7:1-60.ചോദ്യങ്ങള്‍

 • സ്‌തെഫാനൊസ്‌ ആരാണ്‌, ദൈവം എന്തു ചെയ്യുന്നതിന്‌ അവനെ സഹായിച്ചുകൊണ്ടിരുന്നു?
 • മതനേതാക്കന്മാരെ വളരെ ദേഷ്യം പിടിപ്പിക്കുന്ന എന്താണ്‌ സ്‌തെഫാനൊസ്‌ പറഞ്ഞത്‌?
 • സ്‌തെഫാനൊസിനെ പട്ടണത്തിനു പുറത്തേക്ക് വലിച്ചിഴച്ച പുരുഷന്മാര്‍ അവനെ എന്തു ചെയ്യുന്നു?
 • ചിത്രത്തില്‍, മേലങ്കികള്‍ക്കടുത്തു നില്‍ക്കുന്ന ചെറുപ്പക്കാരന്‍ ആര്‌?
 • മരിക്കുന്നതിനു മുമ്പ് സ്‌തെഫാനൊസ്‌ യഹോവയോട്‌ എന്താണു പ്രാര്‍ഥിക്കുന്നത്‌?
 • ആരെങ്കിലും നമ്മോടു മോശമായി പെരുമാറിയാല്‍, സ്‌തെഫാനൊസിനെ അനുകരിച്ചുകൊണ്ടു നാം എന്തു ചെയ്യണം?

കൂടുതലായ ചോദ്യങ്ങള്‍

 • പ്രവൃത്തികള്‍ 6:8-15 വായിക്കുക.

  യഹോവയുടെ സാക്ഷികളുടെ പ്രസംഗ പ്രവര്‍ത്തനം നിറുത്താനുള്ള ശ്രമത്തില്‍ മതനേതാക്കള്‍ വഞ്ചനാത്മകമായ എന്തു മാര്‍ഗങ്ങളാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌? (പ്രവൃ. 6:9, 11, 13)

 • പ്രവൃത്തികള്‍ 7:1-60 വായിക്കുക.

  സന്‍ഹെദ്രിമിനു മുമ്പാകെ സുവാര്‍ത്തയ്‌ക്കുവേണ്ടി ഫലകരമായി പ്രതിവാദം നടത്താന്‍ സ്‌തെഫാനൊസിനെ സഹായിച്ചത്‌ എന്തായിരുന്നു, അവന്‍റെ ദൃഷ്ടാന്തത്തില്‍നിന്ന് നമുക്ക് എന്തു പഠിക്കാനാകും? (പ്രവൃ. 7:51-53; റോമ. 15:4; 2 തിമൊ. 3:14-17; 1 പത്രൊ. 3:15)

  നമ്മുടെ വേലയെ എതിര്‍ക്കുന്ന ആളുകളോട്‌ നാം എന്തു മനോഭാവം നട്ടുവളര്‍ത്തണം? (പ്രവൃ. 7:58-60; മത്താ. 5:44; ലൂക്കൊ. 23:33, 34)