വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 106: തടവറയില്‍നിന്നു മോചിപ്പിക്കപ്പെടുന്നു

കഥ 106: തടവറയില്‍നിന്നു മോചിപ്പിക്കപ്പെടുന്നു

തടവറയുടെ വാതില്‍ തുറന്നു പിടിച്ചിരിക്കുന്ന ദൂതനെ നോക്കൂ. അവന്‍ മോചിപ്പിക്കുന്ന ഈ പുരുഷന്മാര്‍ യേശുവിന്‍റെ അപ്പൊസ്‌തലന്മാരാണ്‌. അവര്‍ എങ്ങനെയാണ്‌ ഈ തടവറയില്‍ എത്തിപ്പെട്ടത്‌? നമുക്കു നോക്കാം.

ഒരു ദൈവദൂതന്‍ അപ്പൊസ്തലന്മാരെ മോചിപ്പിക്കുന്നു

യേശുവിന്‍റെ ശിഷ്യന്മാരുടെമേല്‍ പരിശുദ്ധാത്മാവു വന്നിട്ട് അധികമായിട്ടില്ല. ഇപ്പോള്‍ ഒരു കാര്യം സംഭവിക്കുന്നു. ഒരു ദിവസം ഉച്ചതിരിഞ്ഞ് പത്രൊസും യോഹന്നാനും യെരൂശലേമിലെ ആലയത്തിലേക്കു പോകുകയാണ്‌. അവിടെ വാതിലിനരികില്‍, ജന്മനാ കാലിനു സുഖമില്ലാതിരുന്ന ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. ആലയത്തിലേക്കു പോകുന്നവരോടു ഭിക്ഷ ചോദിക്കാനായി ആളുകള്‍ ദിവസവും അയാളെ അവിടെ കൊണ്ടുപോയി ഇരുത്തുക പതിവായിരുന്നു. പത്രൊസിനെയും യോഹന്നാനെയും കണ്ടപ്പോള്‍ അയാള്‍ അവരോടു ഭിക്ഷ ചോദിക്കുന്നു. അപ്പൊസ്‌തലന്മാര്‍ എന്താണു ചെയ്യുന്നത്‌?

അവര്‍ അവിടെനിന്ന് ആ ഭിക്ഷക്കാരനെ നോക്കുന്നു. ‘എന്‍റെ കൈയില്‍ പണമില്ല,’ പത്രൊസ്‌ പറയുന്നു, ‘എന്നാല്‍ എന്‍റെ കൈവശം ഉള്ളത്‌ ഞാന്‍ നിനക്കു തരാം. യേശുവിന്‍റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക!’ പത്രൊസ്‌ അയാളെ വലംകൈ പിടിച്ച് എഴുന്നേല്‍പ്പിക്കുന്നു. അയാള്‍ ചാടിയെഴുന്നേറ്റ്‌ നടന്നു തുടങ്ങുന്നു. ആളുകള്‍ ഇതു കണ്ട് അതിശയിക്കുന്നു. ഈ വലിയ അത്ഭുതം അവരെ വളരെ സന്തുഷ്ടരാക്കുന്നു.

‘യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ച ദൈവത്തിന്‍റെ ശക്തിയാലാണ്‌ ഞങ്ങള്‍ ഈ അത്ഭുതം ചെയ്‌തത്‌,’ പത്രൊസ്‌ പറയുന്നു. അവനും യോഹന്നാനും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ചില മതനേതാക്കന്മാര്‍ വരുന്നു. യേശു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്ന് പത്രൊസും യോഹന്നാനും ആളുകളോടു പറയുന്നതു കേള്‍ക്കുമ്പോള്‍ അവര്‍ക്കു ദേഷ്യം സഹിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് അവര്‍ അവരെ പിടികൂടി തടവറയില്‍ അടയ്‌ക്കുന്നു.

അടുത്ത ദിവസം മതനേതാക്കന്മാര്‍ ഒരു വലിയ യോഗം ചേരുന്നു. പത്രൊസിനെയും യോഹന്നാനെയും അവര്‍ സുഖപ്പെടുത്തിയ മനുഷ്യനെയും അവിടെ കൊണ്ടുവരുന്നു. ‘എന്തു ശക്തിയാലാണ്‌ നിങ്ങള്‍ ഈ അത്ഭുതം ചെയ്‌തത്‌?’ മതനേതാക്കന്മാര്‍ ചോദിക്കുന്നു.

യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ച ദൈവത്തിന്‍റെ ശക്തിയാലാണ്‌ എന്നു പത്രൊസ്‌ അവരോടു പറയുന്നു. പുരോഹിതന്മാര്‍ക്ക് എന്തു ചെയ്യണമെന്ന് അറിയില്ല, അത്ഭുതം നടന്നിട്ടില്ല എന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അതുകൊണ്ട് മേലാല്‍ യേശുവിനെക്കുറിച്ചു സംസാരിച്ചു പോകരുത്‌ എന്ന താക്കീതും നല്‍കി അവര്‍ അപ്പൊസ്‌തലന്മാരെ വിട്ടയയ്‌ക്കുന്നു.

ദിവസങ്ങള്‍ കടന്നുപോകവേ, അപ്പൊസ്‌തലന്മാര്‍ യേശുവിനെക്കുറിച്ചു പ്രസംഗിക്കുന്നതിലും രോഗികളെ സുഖപ്പെടുത്തുന്നതിലും തുടരുന്നു. ഈ അത്ഭുതങ്ങളെക്കുറിച്ചുള്ള വാര്‍ത്ത എങ്ങും പരക്കുന്നു. യെരൂശലേമിനു ചുറ്റുമുള്ള പട്ടണങ്ങളില്‍നിന്നുപോലും ആളുകള്‍ രോഗികളെ അപ്പൊസ്‌തലന്മാരുടെ അടുക്കല്‍ കൊണ്ടുവരുന്നു. ഇത്‌ മതനേതാക്കളെ അസൂയാലുക്കളാക്കുകയും അവര്‍ അപ്പൊസ്‌തലന്മാരെ പിടിച്ച് തടവറയില്‍ ആക്കുകയും ചെയ്യുന്നു. പക്ഷേ അവര്‍ക്ക് അവിടെ അധികകാലം കിടക്കേണ്ടി വരുന്നില്ല.

ഇവിടെ കാണാന്‍ കഴിയുന്നതുപോലെ രാത്രിയില്‍ ദൈവത്തിന്‍റെ ദൂതന്‍ വന്ന് അവര്‍ക്കു തടവറയുടെ വാതില്‍ തുറന്നു കൊടുക്കുന്നു. ദൂതന്‍ പറയുന്നു: ‘ആലയത്തിലേക്കു പോയി ആളുകളോടു സംസാരിക്കുന്നതില്‍ തുടരുക.’ അടുത്ത ദിവസം രാവിലെ, അപ്പൊസ്‌തലന്മാരെ കൊണ്ടുവരാന്‍ മതനേതാക്കള്‍ ആളുകളെ അയച്ചു. പക്ഷേ അവര്‍ പോയി നോക്കുമ്പോഴതാ, തടവറ ശൂന്യമായി കിടക്കുന്നു! പിന്നീട്‌ അപ്പൊസ്‌തലന്മാര്‍ ആലയത്തില്‍ നില്‍ക്കുന്നത്‌ അവര്‍ കാണുന്നു. അവര്‍ അവിടെ ആളുകളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. അപ്പോള്‍ ആ ആളുകള്‍ അപ്പൊസ്‌തലന്മാരെ പിടിച്ച് സന്‍ഹെദ്രിമിനു മുമ്പാകെ കൊണ്ടുവരുന്നു.

‘യേശുവിനെക്കുറിച്ചു സംസാരിക്കരുതെന്ന് ഞങ്ങള്‍ നിങ്ങള്‍ക്കു കര്‍ശനമായ താക്കീതു തന്നിരുന്നു,’ മതനേതാക്കന്മാര്‍ പറയുന്നു. ‘എന്നാല്‍ നിങ്ങള്‍ യെരൂശലേമിനെ നിങ്ങളുടെ പഠിപ്പിക്കലുകളാല്‍ നിറച്ചിരിക്കുന്നു.’ ഇതിന്‌ അപ്പൊസ്‌തലന്മാര്‍ ഉത്തരം പറയുന്നു: ‘ഞങ്ങള്‍ മനുഷ്യരെക്കാളധികമായി ദൈവത്തെയാണ്‌ അനുസരിക്കേണ്ടത്‌.’ അങ്ങനെ, അവര്‍ “സുവാര്‍ത്ത” പ്രസംഗിക്കുന്നതില്‍ തുടര്‍ന്നു. നമുക്ക് അനുകരിക്കാന്‍ പറ്റിയ എത്ര നല്ല മാതൃക, അല്ലേ?

പ്രവൃത്തികള്‍ 3 മുതല്‍ 5 വരെയുള്ള അധ്യായങ്ങള്‍.ചോദ്യങ്ങള്‍

 • ഒരു ദിവസം ഉച്ചകഴിഞ്ഞ് പത്രൊസും യോഹന്നാനും ആലയത്തിലേക്കു പോകുമ്പോള്‍ എന്തു സംഭവിക്കുന്നു?
 • കാലിനു സുഖമില്ലാതിരുന്ന ഒരു മനുഷ്യനോട്‌ പത്രൊസ്‌ എന്താണു പറയുന്നത്‌, പണത്തെക്കാള്‍ വിലപിടിപ്പുള്ള എന്താണു പത്രൊസ്‌ അയാള്‍ക്കു നല്‍കുന്നത്‌?
 • മതനേതാക്കന്മാര്‍ കോപിക്കുന്നതിന്‍റെ കാരണമെന്ത്, അവര്‍ പത്രൊസിനെയും യോഹന്നാനെയും എന്തു ചെയ്യുന്നു?
 • പത്രൊസ്‌ മതനേതാക്കന്മാരോട്‌ എന്തു പറയുന്നു, അപ്പൊസ്‌തലന്മാര്‍ക്ക് എന്തു മുന്നറിയിപ്പു ലഭിക്കുന്നു?
 • മതനേതാക്കന്മാര്‍ അസൂയപ്പെടാന്‍ കാരണമെന്ത്, എന്നാല്‍ അപ്പൊസ്‌തലന്മാരെ രണ്ടാം പ്രാവശ്യം തടവിലാക്കുമ്പോള്‍ എന്തു സംഭവിക്കുന്നു?
 • അപ്പൊസ്‌തലന്മാരെ സന്‍ഹെദ്രിമിനു മുമ്പാകെ കൊണ്ടുവരുമ്പോള്‍ അവര്‍ എങ്ങനെ ഉത്തരം പറയുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • പ്രവൃത്തികള്‍ 3:1-10 വായിക്കുക.

  ഇന്ന് നമുക്ക് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള ശക്തിയില്ലെങ്കിലും പ്രവൃത്തികള്‍ 3:6-ല്‍ രേഖപ്പെടുത്തിയിരിക്കുന്ന പത്രൊസിന്‍റെ വാക്കുകള്‍ രാജ്യസന്ദേശത്തിന്‍റെ മൂല്യം വിലമതിക്കാന്‍ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ? (യോഹ. 17:3; 2 കൊരി. 5:18-20; ഫിലി. 3:8)

 • പ്രവൃത്തികള്‍ 4:1-31 വായിക്കുക.

  ശുശ്രൂഷയില്‍ എതിര്‍പ്പു നേരിടേണ്ടി വരുമ്പോള്‍ നാം ഏതു വിധത്തിലാണ്‌ ഒന്നാം നൂറ്റാണ്ടിലെ നമ്മുടെ ക്രിസ്‌തീയ സഹോദരങ്ങളെ അനുകരിക്കേണ്ടത്‌? (പ്രവൃ. 4:29, 31; എഫെ. 6:18-20; 1 തെസ്സ. 2:2)

 • പ്രവൃത്തികള്‍ 5:17-42 വായിക്കുക.

  മുന്‍കാലത്തും ഇക്കാലത്തുമുള്ള സാക്ഷികളല്ലാത്ത ചിലര്‍, പ്രസംഗവേല സംബന്ധിച്ച് ന്യായയുക്തത പ്രകടമാക്കിയിട്ടുള്ളത്‌ എങ്ങനെ? (പ്രവൃ. 5:34-39)