വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കഥ 105: യെരൂശലേമില്‍ കാത്തിരിക്കുന്നു

കഥ 105: യെരൂശലേമില്‍ കാത്തിരിക്കുന്നു

ഇവര്‍ യേശുവിന്‍റെ ശിഷ്യന്മാരാണ്‌. അവന്‍ പറഞ്ഞതനുസരിച്ച് അവര്‍ യെരൂശലേമില്‍ത്തന്നെ കഴിയുകയാണ്‌. അവരെല്ലാം കാത്തിരിക്കെ, വീട്ടിനുള്ളില്‍ ഉച്ചത്തിലുള്ള ഒരു ശബ്ദം കേള്‍ക്കുന്നു. ശക്തിയായി കാറ്റടിക്കുമ്പോള്‍ ഉണ്ടാകുന്നതുപോലുള്ള ഒരു ശബ്ദമാണ്‌ അത്‌. പെട്ടെന്നതാ, ശിഷ്യന്മാരുടെ ഓരോരുത്തരുടെയും തലയ്‌ക്കു മുകളില്‍ തീനാളങ്ങള്‍ പ്രത്യക്ഷപ്പെടുന്നു! ഈ ചിത്രത്തില്‍ അതു കാണാന്‍ കഴിയുന്നില്ലേ? എന്താണ്‌ ഇതിന്‍റെയെല്ലാം അര്‍ഥം?

ഒന്നാം നൂറ്റാണ്ടിലെ ശിഷ്യന്മാരുടെമേല്‍ പരിശുദ്ധാത്മാവ് പകരപ്പെടുന്നു

അതൊരു അത്ഭുതമാണ്‌! ഇപ്പോള്‍ പിതാവിനോടൊപ്പം സ്വര്‍ഗത്തില്‍ ആയിരിക്കുന്ന യേശു തന്‍റെ ശിഷ്യന്മാരുടെമേല്‍ ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ പകരുകയാണ്‌. ആത്മാവ്‌ അവരുടെമേല്‍ വരുമ്പോള്‍ അവര്‍ എന്തു ചെയ്യുന്നെന്നോ? അവരെല്ലാം വ്യത്യസ്‌ത ഭാഷകളില്‍ സംസാരിച്ചു തുടങ്ങുന്നു.

യെരൂശലേമില്‍ ഉണ്ടായിരുന്ന പല ആളുകളും വലിയ കാറ്റിന്‍റേതുപോലുള്ള ആ ശബ്ദം കേള്‍ക്കുന്നു, എന്താണു സംഭവിക്കുന്നത്‌ എന്നു കാണാന്‍ അവര്‍ അങ്ങോട്ടു വരുന്നു. ആ ആളുകളില്‍ ചിലര്‍ യെരൂശലേമിലെ പെന്തെക്കൊസ്‌തു പെരുന്നാളില്‍ പങ്കെടുക്കാന്‍ മറ്റു രാജ്യങ്ങളില്‍നിന്നു വന്നിട്ടുള്ളവരാണ്‌. എത്ര വലിയ ഒരു അത്ഭുതമാണ്‌ അവര്‍ അവിടെ കാണുന്നത്‌! ദൈവം ചെയ്‌തിരിക്കുന്ന അത്ഭുതകരമായ കാര്യങ്ങളെക്കുറിച്ച് തങ്ങളുടെ ഓരോരുത്തരുടെയും ഭാഷയില്‍ ശിഷ്യന്മാര്‍ സംസാരിക്കുന്നത്‌ അവര്‍ കേള്‍ക്കുന്നു.

‘ഇവരെല്ലാം ഗലീലക്കാരാണല്ലോ, പിന്നെ പല രാജ്യക്കാരായ നമ്മുടെ ഓരോരുത്തരുടെയും ഭാഷയില്‍ സംസാരിക്കാന്‍ ഇവര്‍ക്ക് എങ്ങനെ കഴിയുന്നു?’ എന്ന് അവര്‍ പരസ്‌പരം ചോദിക്കുന്നു.

അപ്പോള്‍ പത്രൊസ്‌ എഴുന്നേറ്റുനിന്ന് എല്ലാവരും കേള്‍ക്കെ കാര്യങ്ങള്‍ വിശദീകരിക്കുന്നു. യഹൂദന്മാര്‍ യേശുവിനെ കൊലപ്പെടുത്തിയതിനെക്കുറിച്ചും മരിച്ചവരുടെ ഇടയില്‍നിന്ന് ദൈവം അവനെ ഉയിര്‍പ്പിച്ചതിനെക്കുറിച്ചും അവന്‍ അവരോടു പറയുന്നു. ‘യേശു ഇപ്പോള്‍ സ്വര്‍ഗത്തില്‍ പിതാവിന്‍റെ വലതു ഭാഗത്ത്‌ ഉണ്ട്,’ അവന്‍ പറയുന്നു. ‘വാഗ്‌ദാനംചെയ്‌തതുപോലെ അവന്‍ പരിശുദ്ധാത്മാവിനെ നല്‍കിയിരിക്കുന്നു. അതുകൊണ്ടാണ്‌ നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഈ അത്ഭുതങ്ങള്‍ സംഭവിക്കുന്നത്‌.’

പത്രൊസ്‌ ഈ കാര്യങ്ങളെക്കുറിച്ചു പറയുമ്പോള്‍ യേശുവിനോടു ചെയ്‌ത കാര്യങ്ങള്‍ സംബന്ധിച്ച് ആളുകളില്‍ പലര്‍ക്കും വിഷമം തോന്നുന്നു. ‘ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്‌?’ അവര്‍ ചോദിക്കുന്നു. പത്രൊസ്‌ അവരോടു പറയുന്നു: ‘നിങ്ങള്‍ നിങ്ങളുടെ വഴികള്‍ക്കു മാറ്റം വരുത്തി സ്‌നാപനമേല്‍ക്കുക.’ ആ ഒരൊറ്റ ദിവസം ഏകദേശം 3,000 പേര്‍ സ്‌നാപനമേറ്റ്‌ യേശുവിന്‍റെ അനുഗാമികളായിത്തീരുന്നു.

പ്രവൃത്തികള്‍ 2:1-47.ചോദ്യങ്ങള്‍

 • ചിത്രത്തില്‍ കാണുന്നതുപോലെ, യെരൂശലേമില്‍ കാത്തിരിക്കുന്ന യേശുവിന്‍റെ ശിഷ്യന്മാര്‍ക്ക് എന്തു സംഭവിക്കുന്നു?
 • യെരൂശലേം സന്ദര്‍ശിക്കാനെത്തിയവര്‍ എന്ത് അത്ഭുതമാണു ദര്‍ശിച്ചത്‌?
 • പത്രൊസ്‌ ആളുകള്‍ക്ക് എന്താണു വിശദീകരിച്ചു കൊടുത്തത്‌?
 • പത്രൊസിന്‍റെ വാക്കുകള്‍ കേട്ടതിനുശേഷം ആളുകള്‍ക്ക് എന്തു തോന്നുന്നു, അവരോട്‌ എന്തു ചെയ്യാനാണ്‌ അവന്‍ പറയുന്നത്‌?
 • പൊ.യു. 33-ലെ പെന്തെക്കൊസ്‌തു ദിവസം എത്ര ആളുകള്‍ സ്‌നാപനമേറ്റു?

കൂടുതലായ ചോദ്യങ്ങള്‍

 • പ്രവൃത്തികള്‍ 2:1-47 വായിക്കുക.

  മുഴു യഹൂദ ജനതയും യേശുവിന്‍റെ മരണത്തിന്‌ ഉത്തരവാദികളാണെന്ന് പ്രവൃത്തികള്‍ 2:23, 36-ലെ പത്രൊസിന്‍റെ വാക്കുകള്‍ പ്രകടമാക്കുന്നത്‌ എങ്ങനെ? (1 തെസ്സ. 2:14, 15)

  തിരുവെഴുത്തുകളില്‍നിന്നു ന്യായവാദം ചെയ്യുന്ന കാര്യത്തില്‍ പത്രൊസ്‌ ഒരു നല്ല മാതൃക വെച്ചത്‌ ഏതു വിധത്തില്‍? (പ്രവൃ. 2:16, 17, 29, 31, 36, 39; കൊലൊ. 4:6)

  പത്രൊസിനു കൊടുക്കുമെന്ന് യേശു വാഗ്‌ദാനം ചെയ്‌ത ‘സ്വര്‍ഗ രാജ്യത്തിന്‍റെ താക്കോലുകളില്‍’ ആദ്യത്തേത്‌ പത്രൊസ്‌ ഉപയോഗിച്ചത്‌ ഏതു വിധത്തില്‍? (പ്രവൃ. 2:14, 22-24, 37, 38; മത്താ. 16:19)