വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 104: യേശു സ്വര്‍ഗത്തിലേക്കു തിരികെ പോകുന്നു

കഥ 104: യേശു സ്വര്‍ഗത്തിലേക്കു തിരികെ പോകുന്നു

ദിവസങ്ങള്‍ കടന്നുപോകവേ, യേശു പല തവണ ശിഷ്യന്മാര്‍ക്കു പ്രത്യക്ഷനാകുന്നു. ഒരിക്കല്‍ ഏകദേശം 500 ശിഷ്യന്മാര്‍ അവനെ കാണുന്നു. ആ സമയത്ത്‌ അവന്‍ അവരോട്‌ എന്തിനെക്കുറിച്ചാണു സംസാരിച്ചതെന്നോ? ദൈവരാജ്യത്തെക്കുറിച്ച്. ആ രാജ്യത്തെക്കുറിച്ച് ആളുകളെ പഠിപ്പിക്കാനാണ്‌ ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചത്‌. മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടതിനു ശേഷവും അവന്‍ ആ വേല ചെയ്‌തുകൊണ്ടിരിക്കുന്നു.

യേശു സ്വര്‍ഗത്തിലേക്കു തിരികെ പോകുന്നു

ദൈവരാജ്യം എന്താണെന്ന് ഓര്‍ക്കുന്നുണ്ടോ? അതേ, ദൈവം സ്വര്‍ഗത്തില്‍ സ്ഥാപിച്ച ശരിക്കുമുള്ള ഒരു ഗവണ്‍മെന്‍റാണ്‌ അത്‌. അതിന്‍റെ രാജാവായിരിക്കാന്‍ ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്‌ യേശുവിനെയാണ്‌. യേശു എത്ര നല്ല രാജാവായിരിക്കും, അല്ലേ? വിശന്നിരുന്നവര്‍ക്കു ഭക്ഷണം നല്‍കുകയും രോഗികളെ സുഖപ്പെടുത്തുകയും എന്തിന്‌, മരിച്ചവരെ ഉയിര്‍പ്പിക്കുകയും പോലും ചെയ്‌തുകൊണ്ട് അവന്‍ അതു തെളിയിച്ചതിനെക്കുറിച്ചു നമ്മള്‍ പഠിച്ചല്ലോ.

യേശു സ്വര്‍ഗത്തില്‍ ആയിരം വര്‍ഷം ഭരിക്കുമ്പോള്‍ ഭൂമിയുടെ അവസ്ഥ എന്തായിരിക്കും? മുഴുഭൂമിയും സുന്ദരമായ ഒരു പറുദീസ ആയിത്തീരും. യുദ്ധം, കുറ്റകൃത്യം, രോഗങ്ങള്‍, എന്തിന്‌ മരണം പോലും എന്നേക്കുമായി പൊയ്‌പോയിരിക്കും. ഇതു സത്യമാണെന്നു നമുക്കറിയാം. എന്തുകൊണ്ടെന്നാല്‍ ദൈവം ഭൂമിയെ സൃഷ്ടിച്ചത്‌ ആളുകള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ഒരു പറുദീസ ആയിരിക്കാനാണ്‌. അതുകൊണ്ടാണ്‌ തുടക്കത്തില്‍ അവന്‍ ഏദെന്‍ തോട്ടം ഉണ്ടാക്കിയത്‌. ദൈവത്തിന്‍റെ ആ ആഗ്രഹം സാധിക്കുന്നു എന്ന് യേശു ഉറപ്പുവരുത്തും.

ഇപ്പോള്‍ യേശുവിനു സ്വര്‍ഗത്തിലേക്കു തിരികെ പോകാനുള്ള സമയം വന്നെത്തിയിരിക്കുകയാണ്‌. 40 ദിവസമായി യേശു ഇടയ്‌ക്കിടെ തന്‍റെ ശിഷ്യന്മാര്‍ക്കു തന്നെത്തന്നെ കാണിച്ചു കൊടുത്തുകൊണ്ടാണ്‌ ഇരുന്നിട്ടുള്ളത്‌. അതുകൊണ്ട് അവന്‍ ജീവിച്ചിരിക്കുന്നു എന്ന് അവര്‍ക്ക് ഉറപ്പുണ്ട്. എന്നാല്‍ പോകുന്നതിനു മുമ്പ് യേശു ശിഷ്യന്മാരോടു പറയുന്നു: ‘പരിശുദ്ധാത്മാവു ലഭിക്കുന്നതുവരെ നിങ്ങള്‍ യെരൂശലേമില്‍ത്തന്നെ കഴിയുക.’ കാറ്റ്‌ ഒരു ശക്തിയാണെന്ന് അറിയാമല്ലോ? അതുപോലുള്ള ഒരു ശക്തിയാണ്‌ പരിശുദ്ധാത്മാവ്‌, കാര്യങ്ങള്‍ ചെയ്യാനായി ദൈവം ഉപയോഗിക്കുന്ന അവന്‍റെ ശക്തി. ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നതിന്‌ പരിശുദ്ധാത്മാവ്‌ യേശുവിന്‍റെ ശിഷ്യന്മാരെ സഹായിക്കും. ഒടുവില്‍ യേശു പറയുന്നു: ‘നിങ്ങള്‍ ഭൂമിയുടെ ഏറ്റവും ദൂരെയുള്ള സ്ഥലങ്ങള്‍ വരെ പോയി എന്നെക്കുറിച്ചു പ്രസംഗിക്കണം.’

യേശു ഇതു പറഞ്ഞു കഴിയുമ്പോള്‍ അത്ഭുതകരമായ ഒരു കാര്യം സംഭവിക്കുന്നു. ഇവിടെ കാണാന്‍ കഴിയുന്നതുപോലെ അവന്‍ ആകാശത്തിലേക്ക് പൊങ്ങിപ്പോകാന്‍ തുടങ്ങുന്നു. പിന്നെ, ഒരു മേഘം അവനെ കാഴ്‌ചയില്‍നിന്നു മറയ്‌ക്കുന്നു. അതുകഴിഞ്ഞ് ശിഷ്യന്മാര്‍ അവനെ കാണുന്നില്ല. യേശു സ്വര്‍ഗത്തിലേക്കു പോകുകയും അവിടെ ആയിരുന്നുകൊണ്ട് ഭൂമിയിലുള്ള തന്‍റെ ശിഷ്യന്മാരുടെമേല്‍ ഭരണം തുടങ്ങുകയും ചെയ്‌തു.

ആകാശത്തേക്കു നോക്കിനില്‍ക്കുന്ന ശിഷ്യന്മാര്‍

1 കൊരിന്ത്യര്‍ 15:3-8; വെളിപ്പാടു 21:3-5; പ്രവൃത്തികള്‍ 1:1-11.ചോദ്യങ്ങള്‍

 • ഒരു അവസരത്തില്‍ എത്രത്തോളം ശിഷ്യന്മാര്‍ യേശുവിനെ കാണുന്നു, അവരോട്‌ അവന്‍ എന്താണു സംസാരിക്കുന്നത്‌?
 • എന്താണു ദൈവരാജ്യം, ആയിരം വര്‍ഷം യേശു രാജാവായി ഭരിക്കുമ്പോള്‍ ഭൂമിയിലെ ജീവിതം എങ്ങനെയുള്ളത്‌ ആയിത്തീരും?
 • യേശു എത്ര ദിവസം ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു, എന്നാല്‍ അവന്‍ എന്തു ചെയ്യാനുള്ള സമയം വന്നെത്തിയിരുന്നു?
 • ശിഷ്യന്മാരെ വിട്ടു പോകുന്നതിനു തൊട്ടുമുമ്പ് യേശു അവരോട്‌ എന്താണു പറയുന്നത്‌?
 • ചിത്രത്തില്‍ എന്താണു കാണുന്നത്‌, യേശു കാഴ്‌ചയില്‍നിന്നു മറയുന്നത്‌ എങ്ങനെ?

കൂടുതലായ ചോദ്യങ്ങള്‍

 • 1 കൊരിന്ത്യര്‍ 15:3-8 വായിക്കുക.

  യേശുവിന്‍റെ പുനരുത്ഥാനത്തെക്കുറിച്ച് അപ്പൊസ്‌തലനായ പൗലൊസിന്‌ വളരെ ഉറപ്പോടെ പറയാന്‍ കഴിഞ്ഞത്‌ എന്തുകൊണ്ട്, ഇന്നു ക്രിസ്‌ത്യാനികള്‍ക്ക് ഏതു കാര്യങ്ങളെക്കുറിച്ച് ഉറപ്പോടെ പറയാന്‍ കഴിയും? (1 കൊരി. 15:4, 7, 8; യെശ. 2:2, 3; മത്താ. 24:14; 2 തിമൊ. 3:1-5)

 • പ്രവൃത്തികള്‍ 1:1-11 വായിക്കുക.

  പ്രസംഗവേല, പ്രവൃത്തികള്‍ 1:8-ല്‍ മുന്‍കൂട്ടി പറയപ്പെട്ടതുപോലെ എത്രത്തോളം വ്യാപിച്ചു? (പ്രവൃ. 6:7; 9:31; 11:19-21; കൊലൊ. 1:23)