വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 103: പൂട്ടിയിട്ടിരിക്കുന്ന ഒരു മുറിയിലേക്ക്

കഥ 103: പൂട്ടിയിട്ടിരിക്കുന്ന ഒരു മുറിയിലേക്ക്

യേശുവിന്‍റെ ശരീരം വെച്ചിരുന്ന കല്ലറ വിട്ട് പത്രൊസും യോഹന്നാനും പോയിക്കഴിയുമ്പോള്‍ മറിയ മാത്രം ബാക്കിയാകുന്നു. അവള്‍ കരയാന്‍ തുടങ്ങുന്നു. കഴിഞ്ഞ ചിത്രത്തില്‍ നമ്മള്‍ കണ്ടതുപോലെ അവള്‍ കുനിഞ്ഞ് കല്ലറയിലേക്കു നോക്കുന്നു. അവിടെ അവള്‍ രണ്ടു ദൂതന്മാരെ കാണുന്നു! അവര്‍ അവളോട്‌ ‘നീ എന്തിനാണു കരയുന്നത്‌?’ എന്നു ചോദിക്കുന്നു.

മറിയ ഇങ്ങനെ ഉത്തരം പറയുന്നു: ‘അവര്‍ എന്‍റെ കര്‍ത്താവിനെ എടുത്തുകൊണ്ടു പോയി; അവര്‍ അവനെ എവിടെ വെച്ചു എന്ന് എനിക്ക് അറിയില്ല.’ ഇതു പറഞ്ഞിട്ട് മറിയ തിരിഞ്ഞു നോക്കുമ്പോള്‍ ഒരു മനുഷ്യനെ കാണുന്നു. അവന്‍ അവളോട്‌ ‘നീ ആരെയാണ്‌ അന്വേഷിക്കുന്നത്‌?’ എന്നു ചോദിക്കുന്നു.

ആ മനുഷ്യന്‍ തോട്ടക്കാരനാണെന്നും അവന്‍ യേശുവിന്‍റെ ശരീരം എടുത്തിരിക്കാമെന്നും മറിയ വിചാരിക്കുന്നു. അതുകൊണ്ട് അവള്‍ പറയുന്നു: ‘നീ അവനെ എടുത്തുകൊണ്ടുപോയെങ്കില്‍ അവനെ എവിടെ വെച്ചു എന്ന് എന്നോടു പറയുക.’ എന്നാല്‍ യഥാര്‍ഥത്തില്‍ ഈ മനുഷ്യന്‍ യേശുവാണ്‌. മറിയയ്‌ക്കു തിരിച്ചറിയാന്‍ കഴിയാത്ത ഒരു ശരീരമാണ്‌ അവന്‍ എടുത്തിരിക്കുന്നത്‌. എന്നാല്‍ അവന്‍ അവളെ പേര്‍ചൊല്ലി വിളിക്കുമ്പോള്‍ അത്‌ യേശുവാണെന്നു മറിയയ്‌ക്കു മനസ്സിലാകുന്നു. അവള്‍ ഓടിപ്പോയി, ‘ഞാന്‍ കര്‍ത്താവിനെ കണ്ടു!’ എന്ന് ശിഷ്യന്മാരോടു പറയുന്നു.

അന്നുതന്നെ കുറെ കഴിഞ്ഞ് രണ്ടു ശിഷ്യന്മാര്‍ എമ്മാവുസ്സ് എന്ന ഗ്രാമത്തിലേക്കു നടന്നുപോകുമ്പോള്‍ ഒരു മനുഷ്യന്‍ അവരോടൊപ്പം കൂടുന്നു. യേശു കൊല്ലപ്പെട്ടതില്‍ ശിഷ്യന്മാര്‍ വളരെ സങ്കടപ്പെട്ടിരിക്കുകയാണ്‌. എന്നാല്‍ അവര്‍ നടന്നു പോകുന്ന വഴിക്ക് ആ മനുഷ്യന്‍ അവര്‍ക്കു ബൈബിളില്‍നിന്നു ധാരാളം കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുന്നു. ഇത്‌ അവര്‍ക്ക് ആശ്വാസം നല്‍കുന്നു. ഒടുവില്‍ അവര്‍ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ അത്‌ യേശുവാണെന്ന് ശിഷ്യന്മാര്‍ തിരിച്ചറിയുന്നു. പെട്ടെന്ന് യേശു അപ്രത്യക്ഷനാകുന്നു. ഉടനെ ആ ശിഷ്യന്മാര്‍ രണ്ടു പേരും വന്ന ദൂരമത്രയും തിരിച്ചുനടന്ന് യെരൂശലേമിലെത്തി സംഭവിച്ച കാര്യം അപ്പൊസ്‌തലന്മാരെ അറിയിക്കുന്നു.

അതിനിടയില്‍ യേശു പത്രൊസിനും പ്രത്യക്ഷനാകുന്നു. ഇതേക്കുറിച്ചു കേട്ട് മറ്റ്‌ അപ്പൊസ്‌തലന്മാര്‍ ആവേശം നിറഞ്ഞ് ഇരിക്കുമ്പോഴാണ്‌ ആ രണ്ടു ശിഷ്യന്മാര്‍ യെരൂശലേമില്‍ എത്തുന്നത്‌. യേശു വഴിയില്‍വെച്ച് തങ്ങള്‍ക്കു പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് അവര്‍ പറയുന്നു. അവര്‍ ഇതു പറഞ്ഞുകൊണ്ടിരിക്കെ അത്ഭുതകരമായ ഒരു കാര്യം സംഭവിക്കുന്നു. അത്‌ എന്താണ്‌?

ചിത്രത്തിലേക്കു നോക്കൂ. വാതില്‍ അടച്ചിരിക്കുകയാണെങ്കിലും യേശു മുറിയില്‍ പ്രത്യക്ഷപ്പെടുന്നു. ശിഷ്യന്മാര്‍ക്ക് എത്ര സന്തോഷമാകുന്നു! ആവേശകരമായ ഒരു ദിവസം തന്നെ, അല്ലേ? ഇതുവരെ യേശു ശിഷ്യന്മാര്‍ക്ക് എത്ര തവണ പ്രത്യക്ഷപ്പെട്ടു എന്നൊന്ന് എണ്ണിപ്പറയാമോ? അഞ്ചു തവണ, അല്ലേ?

യേശു ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷനാകുന്നു

യേശു പ്രത്യക്ഷപ്പെടുമ്പോള്‍ അപ്പൊസ്‌തലനായ തോമാസ്‌ അവിടെ ഉണ്ടായിരുന്നില്ല. ശിഷ്യന്മാര്‍ അവനോട്‌, ‘ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു!’ എന്നു പറയുന്നു. എന്നാല്‍ നേരിട്ടു കാണാതെ താന്‍ വിശ്വസിക്കുകയില്ല എന്നാണ്‌ തോമാസിന്‍റെ മറുപടി. എട്ടു ദിവസത്തിനുശേഷം ശിഷ്യന്മാര്‍ വീണ്ടും അടച്ചിട്ട മുറിയില്‍ ആണ്‌. ഇത്തവണ തോമാസും അവരോടൊപ്പം ഉണ്ട്. പെട്ടെന്നതാ, യേശു മുറിയില്‍ നില്‍ക്കുന്നു! ഇപ്പോള്‍ തോമാസ്‌ വിശ്വസിക്കുന്നു.

യോഹന്നാന്‍ 20:11-29; ലൂക്കൊസ്‌ 24:13-43.ചോദ്യങ്ങള്‍

 • തോട്ടക്കാരന്‍ എന്നു താന്‍ വിചാരിച്ച ഒരു മനുഷ്യനോട്‌ മറിയ എന്താണു പറയുന്നത്‌, എന്നാല്‍ അത്‌ യേശു ആണെന്ന് അവള്‍ക്ക് എങ്ങനെ മനസ്സിലായി?
 • എമ്മാവുസ്സിലേക്കു യാത്ര ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍ രണ്ടു ശിഷ്യന്മാര്‍ക്ക് എന്താണു സംഭവിക്കുന്നത്‌?
 • രണ്ടു ശിഷ്യന്മാര്‍, തങ്ങള്‍ യേശുവിനെ കണ്ടു എന്ന് അപ്പൊസ്‌തലന്മാരോടു പറയുമ്പോള്‍ എന്തു വിസ്‌മയകരമായ കാര്യം സംഭവിക്കുന്നു?
 • യേശു തന്‍റെ ശിഷ്യന്മാര്‍ക്ക് എത്ര പ്രാവശ്യം പ്രത്യക്ഷപ്പെട്ടു?
 • മറ്റു ശിഷ്യന്മാര്‍ കര്‍ത്താവിനെ കണ്ടു എന്നു കേള്‍ക്കുമ്പോള്‍ തോമാസ്‌ എന്തു പറയുന്നു, എന്നാല്‍ എട്ടു ദിവസത്തിനു ശേഷം എന്തു സംഭവിക്കുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • യോഹന്നാന്‍ 20:11-29 വായിക്കുക.

  യോഹന്നാന്‍ 20:23-ല്‍ യേശു, പാപങ്ങള്‍ മോചിക്കാന്‍ മനുഷ്യര്‍ക്ക് അധികാരമുണ്ടന്നു പറയുകയായിരുന്നോ? വിശദീകരിക്കുക. (സങ്കീ. 49:2, 7, 8; യെശ. 55:7; 1 തിമൊ. 2:5, 6; 1 യോഹ. 2:1, 2)

 • ലൂക്കൊസ്‌ 24:13-43 വായിക്കുക.

  ബൈബിള്‍ സത്യം സ്വീകരിക്കത്തക്കവണ്ണം നമുക്കു നമ്മുടെ ഹൃദയത്തെ ഒരുക്കാന്‍ കഴിയുന്നത്‌ എങ്ങനെ? (ലൂക്കൊ. 24:32, 33; എസ്രാ 7:10, NW; മത്താ. 5:3, NW; പ്രവൃ. 16:14; എബ്രാ. 5:11-14)