കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 102: യേശു ജീവിച്ചിരിക്കുന്നു

കഥ 102: യേശു ജീവിച്ചിരിക്കുന്നു

ഇവിടെ കാണുന്ന ഈ സ്‌ത്രീയും രണ്ടു പുരുഷന്മാരും ആരൊക്കെയാണ്‌? സ്‌ത്രീ യേശുവിന്‍റെ കൂട്ടുകാരില്‍ ഒരാളായ മഗ്‌ദലക്കാരത്തി മറിയയാണ്‌. വെള്ള വസ്‌ത്രം ധരിച്ച പുരുഷന്മാര്‍ ദൂതന്മാരും. മറിയ ഒരു ചെറിയ മുറിയിലേക്ക് എത്തിനോക്കുന്നതു കണ്ടോ? ആ മുറി, മരിച്ചുകഴിഞ്ഞ് യേശുവിന്‍റെ ശരീരംവെച്ച ഇടമാണ്‌. അതിനെ കല്ലറ എന്നാണു വിളിക്കുന്നത്‌. എന്നാല്‍ യേശുവിന്‍റെ ശരീരം അവിടെങ്ങും കാണാനില്ല! അത്‌ ആരെടുത്തു? നമുക്കു നോക്കാം.

മഗ്ദലക്കാരത്തി മറിയയോടു സംസാരിക്കുന്ന ദൈവദൂതന്മാര്‍

യേശു മരിച്ചു കഴിഞ്ഞ് പുരോഹിതന്മാര്‍ പീലാത്തൊസിനോട്‌ ഇങ്ങനെ പറയുന്നു: ‘യേശു ജീവനോടിരുന്നപ്പോള്‍ അവന്‍ മൂന്നു ദിവസം കഴിഞ്ഞ് ഉയിര്‍പ്പിക്കപ്പെടുമെന്നു പറഞ്ഞിരുന്നു. അതുകൊണ്ട് കല്ലറയ്‌ക്കല്‍ ആളുകളെ കാവല്‍ നിറുത്താന്‍ കല്‍പ്പിക്കുക. അപ്പോള്‍ അവന്‍റെ ശിഷ്യന്മാര്‍ക്ക് അവന്‍റെ ശരീരം മോഷ്ടിച്ചിട്ട് അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്നു പറയാന്‍ സാധിക്കയില്ല!’ കല്ലറയ്‌ക്കല്‍ പടയാളികളെ കാവല്‍ നിറുത്താന്‍ പീലാത്തൊസ്‌ പുരോഹിതന്മാരോടു പറയുന്നു.

എന്നാല്‍ യേശു മരിച്ചതിന്‍റെ മൂന്നാം ദിവസം അതിരാവിലെ യഹോവയുടെ ഒരു ദൂതന്‍ പെട്ടെന്നു വരുന്നു. അവന്‍ കല്ലറയുടെ വാതില്‍ക്കല്‍നിന്നു കല്ല് ഉരുട്ടിമാറ്റുന്നു. പടയാളികള്‍ പേടിച്ചു വിറച്ചിരിക്കുകയാണ്‌, പേടികൊണ്ട് അവര്‍ക്ക് അനങ്ങാന്‍പോലും കഴിയുന്നില്ല. അവസാനം അവര്‍ കല്ലറയിലേക്കു നോക്കുമ്പോള്‍ യേശുവിന്‍റെ ശരീരം അവിടെയില്ല! പടയാളികളില്‍ ചിലര്‍ പട്ടണത്തിലേക്കു ചെന്ന് പുരോഹിതന്മാരെ വിവരം അറിയിക്കുന്നു. ആ ദുഷ്ടപുരോഹിതന്മാര്‍ എന്താണു ചെയ്യുന്നതെന്നോ? അവര്‍ നുണപറയാന്‍ പടയാളികള്‍ക്കു കൈക്കൂലി കൊടുക്കുന്നു. ‘രാത്രിയില്‍ ഞങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അവന്‍റെ ശിഷ്യന്മാര്‍ വന്ന് ശരീരം മോഷ്ടിച്ചുകൊണ്ടുപോയി എന്നു പറയണം’ എന്ന് അവര്‍ പടയാളികളോടു പറയുന്നു.

അതിനിടെ യേശുവിനോട്‌ അടുപ്പമുണ്ടായിരുന്ന ചില സ്‌ത്രീകള്‍ കല്ലറയ്‌ക്കല്‍ വരുന്നു. അത്‌ ഒഴിഞ്ഞുകിടക്കുന്നതു കണ്ട് അവര്‍ അത്ഭുതപ്പെടുന്നു. പെട്ടെന്ന് അവരുടെ മുമ്പില്‍, വെട്ടിത്തിളങ്ങുന്ന വസ്‌ത്രമണിഞ്ഞ രണ്ടു ദൂതന്മാര്‍ പ്രത്യക്ഷപ്പെടുന്നു. ‘നിങ്ങള്‍ യേശുവിനെ ഇവിടെ നോക്കുന്നതെന്തിന്‌?’ അവര്‍ ചോദിക്കുന്നു. ‘അവന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. പെട്ടെന്നുപോയി അവന്‍റെ ശിഷ്യന്മാരോട്‌ ഇതു പറവിന്‍.’ ആ സ്‌ത്രീകള്‍ വേഗം ഓടിപ്പോകുന്നു. എന്നാല്‍ ഒരാള്‍ വഴിയില്‍വെച്ച് അവരെ നിറുത്തി അവരോടു സംസാരിക്കുന്നു. അത്‌ ആരാണെന്നല്ലേ? അത്‌ യേശുവാണ്‌! ‘പോയി എന്‍റെ ശിഷ്യന്മാരോട്‌ ഈ കാര്യം പറവിന്‍’ എന്ന് അവന്‍ പറയുന്നു.

സ്‌ത്രീകള്‍ ശിഷ്യന്മാരോട്‌, യേശു ജീവനോടിരിക്കുന്നെന്നും തങ്ങള്‍ അവനെ കണ്ടെന്നും പറയുമ്പോള്‍ അവര്‍ക്ക് അതു വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു. പത്രൊസും യോഹന്നാനും കാര്യങ്ങള്‍ നേരിട്ടു കണ്ടു മനസ്സിലാക്കാന്‍ കല്ലറയിങ്കലേക്ക് ഓടുന്നു; പക്ഷേ അവിടെ എത്തുമ്പോള്‍ കല്ലറ ഒഴിഞ്ഞുകിടക്കുന്നതാണ്‌ അവര്‍ കാണുന്നത്‌! അവര്‍ അവിടെനിന്നു പോകുമ്പോള്‍ മഗ്‌ദലക്കാരത്തി മറിയ അവിടെത്തന്നെ നില്‍ക്കുന്നു. അപ്പോഴാണ്‌ അവള്‍ ഉള്ളിലേക്കു നോക്കുകയും രണ്ടു ദൂതന്മാരെ കാണുകയും ചെയ്യുന്നത്‌.

യേശുവിന്‍റെ ശരീരത്തിന്‌ എന്തു സംഭവിച്ചു? അത്‌ അപ്രത്യക്ഷമാകാന്‍ ദൈവം ഇടയാക്കി. യേശു മരിച്ചപ്പോള്‍ ഉണ്ടായിരുന്ന ആ ജഡിക ശരീരത്തോടെയല്ല ദൈവം അവനെ ഉയിര്‍പ്പിച്ചത്‌. സ്വര്‍ഗത്തിലെ ദൂതന്മാര്‍ക്ക് ഉള്ളതുപോലുള്ള ഒരു പുതിയ ആത്മശരീരം ദൈവം അവനു നല്‍കി. എന്നാല്‍ യേശുവിന്‌ താന്‍ ജീവനോടിരിക്കുന്നു എന്ന് തന്‍റെ ശിഷ്യന്മാരെ അറിയിക്കുന്നതിന്‌ മനുഷ്യര്‍ക്കു കാണാന്‍ കഴിയുന്ന ശരീരം എടുക്കാന്‍ സാധിക്കും; അതേക്കുറിച്ചു നമുക്കു പഠിക്കാം.

മത്തായി 27:62-66; 28:1-15; ലൂക്കൊസ്‌ 24:1-12; യോഹന്നാന്‍ 20:1-12.



ചോദ്യങ്ങള്‍

  • ചിത്രത്തിലെ സ്‌ത്രീയും പുരുഷന്മാരും ആരൊക്കെയാണ്‌, അവര്‍ എവിടെയാണ്‌?
  • യേശുവിന്‍റെ കല്ലറയ്‌ക്കു കാവല്‍ നില്‍ക്കാന്‍ പടയാളികളെ അയയ്‌ക്കാന്‍ പീലാത്തൊസ്‌ പുരോഹിതന്മാരോടു പറഞ്ഞത്‌ എന്തുകൊണ്ട്?
  • യേശു മരിച്ചതിന്‍റെ മൂന്നാം ദിവസം അതിരാവിലെ ഒരു ദൂതന്‍ എന്താണു ചെയ്യുന്നത്‌, എന്നാല്‍ പുരോഹിതന്മാര്‍ എന്തു ചെയ്യുന്നു?
  • യേശുവിന്‍റെ കല്ലറ സന്ദര്‍ശിക്കുന്ന ചില സ്‌ത്രീകള്‍ ആശ്ചര്യഭരിതരാകുന്നത്‌ എന്തുകൊണ്ട്?
  • പത്രൊസും യോഹന്നാനും യേശുവിന്‍റെ കല്ലറയ്‌ക്കലേക്ക് ഓടുന്നത്‌ എന്തുകൊണ്ട്, അവര്‍ എന്തു കാണുന്നു?
  • യേശുവിന്‍റെ ശരീരത്തിന്‌ എന്തു സംഭവിച്ചു, എന്നാല്‍ താന്‍ ജീവിച്ചിരിക്കുന്നു എന്നു ശിഷ്യന്മാരെ ബോധ്യപ്പെടുത്താന്‍ അവന്‍ എന്തു ചെയ്യുന്നു?

കൂടുതലായ ചോദ്യങ്ങള്‍

  • മത്തായി 27:62-66; 28:1-15 വായിക്കുക.

    യേശുവിന്‍റെ പുനരുത്ഥാന സമയത്ത്‌ മഹാപുരോഹിതന്മാരും പരീശന്മാരും പ്രായമേറിയ പുരുഷന്മാരും പരിശുദ്ധാത്മാവിന്‌ എതിരെ പാപം ചെയ്‌തത്‌ എങ്ങനെ? (മത്താ. 12:24, 31, 32; 28:11-15)

  • ലൂക്കൊസ്‌ 24:1-12 വായിക്കുക.

    യേശുവിന്‍റെ പുനരുത്ഥാനം സംബന്ധിച്ച വിവരണം, സ്‌ത്രീകളെ വിശ്വാസയോഗ്യരായ സാക്ഷികളായി യഹോവ വീക്ഷിക്കുന്നു എന്നു കാണിക്കുന്നത്‌ എങ്ങനെ? (ലൂക്കൊ. 24:4, 9, 10; മത്താ. 28:1-7)

  • യോഹന്നാന്‍ 20:1-12 വായിക്കുക.

    ബൈബിളിലെ ഒരു പ്രവചനനിവൃത്തി നമുക്കു പൂര്‍ണമായി മനസ്സിലാകുന്നില്ലെങ്കില്‍, നാം ക്ഷമ പ്രകടമാക്കേണ്ടതുണ്ട് എന്നു കാണാന്‍ യോഹന്നാന്‍ 20:8, 9 സഹായിക്കുന്നത്‌ എങ്ങനെ? (സദൃ. 4:18; മത്താ. 17:22, 23; ലൂക്കൊ. 24:5-8; യോഹ. 16:12)

കൂടുതല്‍ അറിയാന്‍

പുനരുത്ഥാശേഷം യേശുവിനുണ്ടായിരുന്നത്‌ ജഡശരീമാണോ ആത്മശരീമാണോ?

യേശു “ആത്മാവിൽ ജീവിപ്പിക്കപ്പെടുയും ചെയ്‌തു” എന്ന് ബൈബിൾ പറയുന്നു, അങ്ങനെയെങ്കിൽ പുനരുത്ഥാത്തിനു ശേഷം ശിഷ്യന്മാർക്ക് എങ്ങനെയാണ്‌ യേശുവിനെ കാണാനും തൊടാനും കഴിഞ്ഞത്‌?