രണ്ടു ദിവസം കഴിഞ്ഞു, ഇപ്പോള്‍ വ്യാഴാഴ്‌ച രാത്രിയാണ്‌. യേശുവും അവന്‍റെ 12 അപ്പൊസ്‌തലന്മാരും പെസഹാഭക്ഷണം കഴിക്കാനായി ഈ വലിയ മാളികമുറിയില്‍ കൂടിവന്നിരിക്കുകയാണ്‌. അവിടെനിന്ന് ഇറങ്ങിപ്പോകുന്നയാള്‍ യൂദാ ഈസ്‌കര്യോത്താ ആണ്‌. യേശുവിനെ എങ്ങനെ പിടിക്കാമെന്ന് പുരോഹിതന്മാരോടു പറയാന്‍ പോകുകയാണ്‌ അവന്‍.

കര്‍ത്താവിന്‍റെ അത്താഴം

തലേദിവസം യൂദാ അവരുടെ അടുക്കല്‍ ചെന്ന്, ‘യേശുവിനെ പിടിക്കാന്‍ സഹായിച്ചാല്‍ നിങ്ങള്‍ എനിക്ക് എന്തു തരും?’ എന്നു ചോദിച്ചിരുന്നു. ‘മുപ്പതു വെള്ളിനാണയങ്ങള്‍’ എന്ന് അവര്‍ പറഞ്ഞു. അതുകൊണ്ട് യൂദാ ഇപ്പോള്‍ യേശുവിനെ ഈ ആളുകള്‍ക്കു കാണിച്ചുകൊടുക്കാനായി അവരുടെ അടുത്തേക്കു പോകുകയാണ്‌. എത്ര വലിയ ദുഷ്ടത, അല്ലേ?

പെസഹാഭക്ഷണം കഴിഞ്ഞു. എന്നാല്‍ യേശു ഇപ്പോള്‍ തന്‍റെ അപ്പൊസ്‌തലന്മാരോടൊപ്പം മറ്റൊരു പ്രത്യേക ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്നു. അവന്‍ അവര്‍ക്ക് ഒരു അപ്പം വെച്ചുനീട്ടിക്കൊണ്ടു പറയുന്നു: ‘ഇതു ഭക്ഷിപ്പിന്‍, എന്തുകൊണ്ടെന്നാല്‍ ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടാനിരിക്കുന്ന എന്‍റെ ശരീരത്തെ അര്‍ഥമാക്കുന്നു.’ പിന്നെ അവന്‍ അവര്‍ക്ക് ഒരു ഗ്ലാസ്‌ വീഞ്ഞ് വെച്ചുനീട്ടിക്കൊണ്ട് പറയുന്നു: ‘ഇതു കുടിപ്പിന്‍, എന്തുകൊണ്ടെന്നാല്‍ ഇത്‌ നിങ്ങള്‍ക്കുവേണ്ടി ചൊരിയപ്പെടാനിരിക്കുന്ന എന്‍റെ രക്തത്തെ അര്‍ഥമാക്കുന്നു.’ ബൈബിള്‍ ഇതിനെ ‘കര്‍ത്താവിന്‍റെ സന്ധ്യാഭക്ഷണം’ അല്ലെങ്കില്‍ ‘കര്‍ത്താവിന്‍റെ അത്താഴം’ എന്നു വിളിക്കുന്നു.

ദൈവത്തിന്‍റെ ദൂതന്‍ ഈജിപ്‌തുകാരുടെ വീടുകളിലെ ആദ്യജാതരെയെല്ലാം കൊന്നുകളഞ്ഞപ്പോള്‍ തങ്ങളുടെ വീടുകളെ ‘ഒഴിഞ്ഞുകടന്നു പോയതിന്‍റെ’ ഓര്‍മയ്‌ക്കായിട്ടാണ്‌ ഇസ്രായേല്യര്‍ പെസഹാ ഭക്ഷിച്ചിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ തന്‍റെ അനുഗാമികള്‍ തന്നെക്കുറിച്ച്, താന്‍ അവര്‍ക്കുവേണ്ടി ജീവന്‍ നല്‍കിയതിനെക്കുറിച്ച് ഓര്‍മിക്കണമെന്ന് യേശു ആഗ്രഹിക്കുന്നു. അതുകൊണ്ടാണ്‌ ‘കര്‍ത്താവിന്‍റെ സന്ധ്യാഭക്ഷണം’ ഓരോ വര്‍ഷവും ആഘോഷിക്കണമെന്ന് അവന്‍ അവരോടു പറയുന്നത്‌.

ഭക്ഷണശേഷം യേശു തന്‍റെ അപ്പൊസ്‌തലന്മാരോട്‌ ധൈര്യവും വിശ്വാസത്തില്‍ ഉറപ്പും ഉള്ളവരായിരിക്കാന്‍ പറയുന്നു. അവസാനം അവര്‍ ദൈവത്തിനു ഗീതങ്ങള്‍ പാടിയശേഷം പോകുന്നു. നേരം വളരെ വൈകിയിരിക്കുന്നു, സാധ്യതയനുസരിച്ച് പാതിരാത്രി കഴിഞ്ഞിട്ടുണ്ട്. അവര്‍ എവിടേക്കാണു പോകുന്നതെന്നു നമുക്കു നോക്കാം.

മത്തായി 26:14-30; ലൂക്കൊസ്‌ 22:1-39; യോഹന്നാന്‍ 13 മുതല്‍ 17 വരെയുള്ള അധ്യായങ്ങള്‍; 1 കൊരിന്ത്യര്‍ 11:20.ചോദ്യങ്ങള്‍

 • ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നതുപോലെ, യേശുവും 12 അപ്പൊസ്‌തലന്മാരും ഒരു വലിയ മാളികമുറിയില്‍ ആയിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?
 • അവിടെനിന്ന് ഇറങ്ങിപ്പോകുന്ന ആള്‍ ആരാണ്‌, അവന്‍ എന്തു ചെയ്യാന്‍ പോകുകയാണ്‌?
 • പെസഹാ ഭക്ഷണം കഴിഞ്ഞ് യേശു എന്ത് പ്രത്യേക ഭക്ഷണം ആരംഭിക്കുന്നു?
 • പെസഹാ ഇസ്രായേല്യരെ ഏതു സംഭവത്തെക്കുറിച്ചാണ്‌ ഓര്‍മിപ്പിച്ചത്‌, ഈ പ്രത്യേക ഭക്ഷണം യേശുവിന്‍റെ അനുഗാമികളെ എന്തിനെക്കുറിച്ചാണ്‌ ഓര്‍മിപ്പിക്കുന്നത്‌?
 • കര്‍ത്താവിന്‍റെ സന്ധ്യാഭക്ഷണത്തിനു ശേഷം യേശു തന്‍റെ അനുഗാമികളോട്‌ എന്തു പറയുന്നു, അവര്‍ എന്തു ചെയ്യുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • മത്തായി 26:14-30 വായിക്കുക.

  യേശുവിനെ യൂദാ ഒറ്റിക്കൊടുത്തതു മനഃപൂര്‍വമായിരുന്നു എന്ന് മത്തായി 26:15 കാണിക്കുന്നത്‌ എങ്ങനെ?

  യേശുവിന്‍റെ ചൊരിയപ്പെട്ട രക്തം ഏതു രണ്ട് ഉദ്ദേശ്യം സാധിക്കുന്നു? (മത്താ. 26:27, 28; യിരെ. 31:31-33; എഫെ. 1:7; എബ്രാ. 9:19, 20)

 • ലൂക്കൊസ്‌ 22:1-39 വായിക്കുക.

  ഏത്‌ അര്‍ഥത്തിലാണ്‌ യൂദായില്‍ സാത്താന്‍ കടന്നത്‌? (ലൂക്കൊ. 22:3; യോഹ. 13:2; പ്രവൃ. 1:24, 25)

 • യോഹന്നാന്‍ 13:1-20 വായിക്കുക.

  യോഹന്നാന്‍ 13:2-ലെ വിവരണം അനുസരിച്ച്, യൂദായെ അവന്‍റെ പ്രവൃത്തിക്ക് കുറ്റപ്പെടുത്താന്‍ കഴിയുമോ, ദൈവദാസന്മാര്‍ക്ക് ഇതില്‍നിന്ന് എന്തു പാഠമാണു പഠിക്കാന്‍ കഴിയുന്നത്‌? (ഉല്‌പ. 4:7; 2 കൊരി. 2:11; ഗലാ. 6:1; യാക്കോ. 1:13, 14)

  ശക്തമായ എന്തു പാഠമാണ്‌ സ്വന്തം മാതൃകയിലൂടെ യേശു പഠിപ്പിച്ചത്‌? (യോഹ. 13:15; മത്താ. 23:11; 1 പത്രൊ. 2:21)

 • യോഹന്നാന്‍ 17:1-26 വായിക്കുക.

  തന്‍റെ അനുഗാമികള്‍ ‘ഒന്നാകേണം’ എന്ന് യേശു പ്രാര്‍ഥിച്ചത്‌ ഏത്‌ അര്‍ഥത്തിലാണ്‌? (യോഹ. 17:11, 21-23; റോമ. 13:8; 14:19; കൊലൊ. 3:14)