വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കഥ 98: ഒലീവ് മലയില്‍

കഥ 98: ഒലീവ് മലയില്‍

ഒലീവ് മലയില്‍ ഇരിക്കുന്ന യേശുവിനെയാണ്‌ നാം ഇവിടെ കാണുന്നത്‌. അവന്‍റെ കൂടെയുള്ള നാലു പുരുഷന്മാര്‍ അവന്‍റെ അപ്പൊസ്‌തലന്മാരാണ്‌. അവരില്‍ രണ്ടു പേര്‍ സഹോദരന്മാരായ അന്ത്രെയാസും പത്രൊസും ആണ്‌. മറ്റേ രണ്ടു പേരാകട്ടെ സഹോദരന്മാരായ യാക്കോബും യോഹന്നാനും. അവിടെ അകലെയായി കാണുന്നത്‌ യെരൂശലേമിലെ ദേവാലയമാണ്‌.

യേശു കഴുതക്കുട്ടിയുടെ പുറത്തു കയറി യെരൂശലേമിലേക്കു സവാരി ചെയ്‌തിട്ട് രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു. ഇതു ചൊവ്വാഴ്‌ചയാണ്‌. കുറെ സമയം മുമ്പ് യേശു ആലയത്തിലായിരുന്നു. അവിടെവെച്ച് പുരോഹിതന്മാര്‍ യേശുവിനെ പിടികൂടി കൊല്ലാന്‍ ശ്രമിച്ചു. എന്നാല്‍ ജനങ്ങള്‍ യേശുവിനെ ഇഷ്ടപ്പെടുന്നതുകൊണ്ട് ഇതു ചെയ്യാന്‍ അവര്‍ക്കു പേടിയായിരുന്നു.

യേശുവും അപ്പൊസ്തലന്മാരും

‘പാമ്പുകളേ, പാമ്പുകളുടെ സന്തതികളേ!’ എന്ന് യേശു ആ മതനേതാക്കന്മാരെ വിളിച്ചു. അവര്‍ ചെയ്‌തിട്ടുള്ള സകല ദുഷ്ടതയ്‌ക്കുമുള്ള ശിക്ഷ ദൈവം അവര്‍ക്കു നല്‍കുമെന്ന് അവന്‍ പറഞ്ഞു. അതു കഴിഞ്ഞ് യേശു ഒലീവ്‌ മലയില്‍ വന്നു; അപ്പോള്‍ ഈ നാല്‌ അപ്പൊസ്‌തലന്മാര്‍ വന്ന് അവനോടു ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. അവര്‍ യേശുവിനോടു ചോദിക്കുന്നത്‌ എന്താണെന്ന് അറിയാമോ?

ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചാണ്‌ അപ്പൊസ്‌തലന്മാര്‍ ചോദിക്കുന്നത്‌. യേശു ഭൂമിയിലെ സകല ദുഷ്ടതയ്‌ക്കും അവസാനം വരുത്തുമെന്ന് അവര്‍ക്കറിയാം. എന്നാല്‍ ഇത്‌ എപ്പോള്‍ സംഭവിക്കുമെന്ന് അറിയാന്‍ അവര്‍ ആഗ്രഹിക്കുന്നു. യേശു രാജാവായി വരുന്നത്‌ എപ്പോഴായിരിക്കും?

താന്‍ രാജാവായി വരുമ്പോള്‍ ഭൂമിയിലുള്ള തന്‍റെ അനുഗാമികള്‍ക്ക് തന്നെ കാണാന്‍ കഴിയില്ലെന്ന് യേശുവിന്‌ അറിയാം. ഇതിന്‍റെ കാരണം അവന്‍ സ്വര്‍ഗത്തില്‍ ആയിരിക്കുമെന്നുള്ളതാണ്‌. അവര്‍ക്ക് അവനെ അവിടെ കാണാന്‍ സാധ്യമല്ല. അതുകൊണ്ട് താന്‍ സ്വര്‍ഗത്തില്‍ രാജാവായി ഭരിക്കുമ്പോള്‍ ഭൂമിയില്‍ സംഭവിക്കാന്‍ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് യേശു തന്‍റെ അപ്പൊസ്‌തലന്മാരോടു പറയുന്നു. ഈ കാര്യങ്ങളില്‍ ചിലത്‌ ഏവയാണ്‌?

വലിയ യുദ്ധങ്ങള്‍ നടക്കുമെന്നും രോഗവും പട്ടിണിയും കുറ്റകൃത്യവും പെരുകുമെന്നും വലിയ ഭൂകമ്പങ്ങള്‍ ഉണ്ടാകുമെന്നും യേശു പറയുന്നു. ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാര്‍ത്ത ഭൂമിയിലെങ്ങും പ്രസംഗിക്കപ്പെടുമെന്നും യേശു പറയുന്നു. ഈ സംഗതികള്‍ നമ്മുടെ കാലത്തു സംഭവിക്കുന്നതു നമുക്കു കാണാനാകുന്നില്ലേ? തീര്‍ച്ചയായും! അതുകൊണ്ട് യേശു ഇപ്പോള്‍ സ്വര്‍ഗത്തില്‍ ഭരിച്ചുകൊണ്ടിരിക്കുകയാണെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാന്‍ കഴിയും. പെട്ടെന്നുതന്നെ അവന്‍ ഭൂമിയിലെ സകല ദുഷ്ടതയ്‌ക്കും അവസാനം വരുത്തും.

മത്തായി 21:46; 23:1-39; 24:1-14; മര്‍ക്കൊസ്‌ 13:3-10.ചോദ്യങ്ങള്‍

 • ഈ ചിത്രത്തില്‍ യേശു ഏതാണ്‌, ആരാണ്‌ അവന്‍റെ കൂടെയുള്ളത്‌?
 • ആലയത്തില്‍വെച്ച് പുരോഹിതന്മാര്‍ യേശുവിനെ എന്തു ചെയ്യാന്‍ ശ്രമിച്ചു, അവന്‍ അവരോട്‌ എന്തു പറഞ്ഞു?
 • അപ്പൊസ്‌തലന്മാര്‍ യേശുവിനോട്‌ എന്താണു ചോദിക്കുന്നത്‌?
 • യേശു സ്വര്‍ഗത്തില്‍ രാജാവായി ഭരിക്കുമ്പോള്‍ ഭൂമിയില്‍ സംഭവിക്കാന്‍ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് യേശു തന്‍റെ അപ്പൊസ്‌തലന്മാരോടു പറയുന്നത്‌ എന്തുകൊണ്ട്?
 • താന്‍ ഭൂമിയിലെ സകല ദുഷ്ടതയ്‌ക്കും അവസാനം വരുത്തുന്നതിനു മുമ്പ് എന്തു സംഭവിക്കുമെന്നാണ്‌ യേശു പറയുന്നത്‌?

കൂടുതലായ ചോദ്യങ്ങള്‍

 • മത്തായി 23:1-39 വായിക്കുക.

  ലൗകിക സ്ഥാനപ്പേരുകള്‍ ഉപയോഗിക്കുന്നത്‌ ഉചിതമായിരുന്നേക്കാം എന്ന് തിരുവെഴുത്തുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും ക്രിസ്‌തീയ സഭയില്‍ മുഖസ്‌തുതിപരമായ സ്ഥാനപ്പേരുകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് മത്തായി 23:8-11-ലെ യേശുവിന്‍റെ വാക്കുകള്‍ എന്തു സൂചിപ്പിക്കുന്നു? (പ്രവൃ. 26:25; റോമ. 13:7; 1 പത്രൊ. 2:13, 14)

  ആളുകള്‍ ക്രിസ്‌ത്യാനികള്‍ ആയിത്തീരുന്നതു തടയാന്‍ പരീശന്മാര്‍ എന്തു മാര്‍ഗമാണ്‌ ഉപയോഗിച്ചത്‌, ആധുനിക കാലത്തെ മതനേതാക്കന്മാര്‍ സമാനമായ തന്ത്രങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്‌ എങ്ങനെ? (മത്താ. 23:13; ലൂക്കൊ. 11:52; യോഹ. 9:22; 12:42; 1 തെസ്സ. 2:16)

 • മത്തായി 24:1-14 വായിക്കുക.

  മത്തായി 24:13-ല്‍ സഹിഷ്‌ണുതയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരിക്കുന്നത്‌ എങ്ങനെ?

  മത്തായി 24:13-ലെ ‘അവസാനം’ എന്ന പദം എന്ത് അര്‍ഥമാക്കുന്നു? (മത്താ. 16:27; റോമ. 14:10-12; 2 കൊരി. 5:10)

 • മര്‍ക്കൊസ്‌ 13:3-10 വായിക്കുക.

  മര്‍ക്കൊസ്‌ 13:10-ലെ ഏതു പ്രയോഗമാണ്‌ സുവാര്‍ത്താ പ്രസംഗത്തിന്‍റെ അടിയന്തിരതയെ സൂചിപ്പിക്കുന്നത്‌, യേശുവിന്‍റെ വാക്കുകള്‍ നമ്മെ എങ്ങനെ ബാധിക്കണം? (റോമ. 13:11, 12; 1 കൊരി. 7:29-31; 2 തിമൊ. 4:2)