വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 97: യേശു രാജാവെന്ന നിലയില്‍ വരുന്നു

കഥ 97: യേശു രാജാവെന്ന നിലയില്‍ വരുന്നു

കണ്ണു കാണാത്ത രണ്ടു ഭിക്ഷക്കാരെ സുഖപ്പെടുത്തി അല്‍പ്പം കഴിഞ്ഞ് യേശു യെരൂശലേമിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലേക്കു വരുന്നു. അവന്‍ ശിഷ്യന്മാരില്‍ രണ്ടു പേരോടു പറയുന്നു: ‘നിങ്ങള്‍ ഗ്രാമത്തിലേക്കു ചെല്ലുക, അവിടെ നിങ്ങള്‍ ഒരു കഴുതക്കുട്ടിയെ കാണും. അതിനെ അഴിച്ച് എന്‍റെ അടുക്കല്‍ കൊണ്ടുവരിക.’

കഴുതയെ തന്‍റെ അടുക്കല്‍ കൊണ്ടുവരുമ്പോള്‍ യേശു അതിന്‍റെ പുറത്ത്‌ കയറിയിരിക്കുന്നു. എന്നിട്ട് അല്‍പ്പം അകലെയുള്ള യെരൂശലേമിലേക്കു പോകുന്നു. അവന്‍ യെരൂശലേമിനോട്‌ അടുക്കുമ്പോള്‍ അവനെ എതിരേല്‍ക്കാന്‍ ഒരു വലിയ ജനക്കൂട്ടം വരുന്നു. അവരില്‍ മിക്കവരും തങ്ങളുടെ മേലങ്കികള്‍ ഊരി വഴിയില്‍ വിരിക്കുന്നു. മറ്റു ചിലര്‍ പനകളില്‍നിന്ന് ഓലകള്‍ വെട്ടി വഴിയില്‍ ഇട്ടിട്ട് ‘യഹോവയുടെ നാമത്തില്‍ വരുന്ന രാജാവിനെ ദൈവം അനുഗ്രഹിക്കട്ടെ!’ എന്നു വിളിച്ചുപറയുന്നു.

ആളുകള്‍ യേശുവിനെ വരവേല്‍ക്കുന്നു

പണ്ടൊക്കെ ഇസ്രായേലില്‍ പുതിയ രാജാക്കന്മാര്‍ ജനങ്ങള്‍ക്കു തങ്ങളെത്തന്നെ കാണിക്കാനായി കഴുതക്കുട്ടിയുടെ പുറത്തു കയറി യെരൂശലേമിലേക്ക് എഴുന്നെള്ളുമായിരുന്നു. ഇതാണ്‌ യേശു ചെയ്യുന്നത്‌. യേശുവിനെ രാജാവായി കിട്ടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഈ ജനങ്ങള്‍ പ്രകടമാക്കുന്നു. എന്നാല്‍ എല്ലാവരും അത്‌ ആഗ്രഹിക്കുന്നില്ല. യേശു ആലയത്തിലേക്കു ചെല്ലുമ്പോള്‍ സംഭവിക്കുന്നതില്‍നിന്ന് നമുക്ക് ഇതു കാണാന്‍ കഴിയും.

ആലയത്തില്‍വെച്ച് യേശു കണ്ണു കാണാത്തവരെയും മുടന്തരെയും സുഖപ്പെടുത്തുന്നു. കൊച്ചുകുട്ടികള്‍ ഇതു കാണുമ്പോള്‍ അവര്‍ യേശുവിനെ ഉച്ചത്തില്‍ സ്‌തുതിക്കുന്നു. എന്നാല്‍ ഇത്‌ പുരോഹിതന്മാരെ ദേഷ്യം പിടിപ്പിക്കുന്നു. അവര്‍ യേശുവിനോട്‌: ‘കുട്ടികള്‍ പറയുന്നതു നീ കേള്‍ക്കുന്നുണ്ടോ?’ എന്നു ചോദിക്കുന്നു.

‘ഉവ്വ്, ഞാന്‍ കേള്‍ക്കുന്നുണ്ട്’ എന്ന് യേശു ഉത്തരം പറയുന്നു. ‘“കൊച്ചുകുട്ടികളുടെ വായില്‍നിന്ന് ദൈവം സ്‌തുതി വരുത്തും” എന്നു പറയുന്നതു നിങ്ങള്‍ ബൈബിളില്‍ ഒരിക്കലും വായിച്ചിട്ടില്ലയോ?’ അതുകൊണ്ട് കുട്ടികള്‍ ദൈവത്തിന്‍റെ രാജാവിനെ സ്‌തുതിച്ചുകൊണ്ടിരിക്കുന്നു.

നാം ആ കുട്ടികളെപ്പോലെ ആയിരിക്കാന്‍ ആഗ്രഹിക്കുന്നു, ഇല്ലേ? ചില ആളുകള്‍ ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കുന്നതില്‍നിന്നു നമ്മെ തടയാന്‍ ശ്രമിച്ചേക്കാം. എങ്കിലും യേശു ആളുകള്‍ക്കുവേണ്ടി ചെയ്യാനിരിക്കുന്ന അത്ഭുത കാര്യങ്ങളെക്കുറിച്ചു നാം മറ്റുള്ളവരോടു പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ തുടരും.

യേശു ഭൂമിയിലായിരുന്നപ്പോള്‍ അവന്‍ രാജാവായി ഭരിക്കാനുള്ള സമയം ആയിട്ടില്ലായിരുന്നു. ഈ സമയം എപ്പോള്‍ വരും? യേശുവിന്‍റെ ശിഷ്യന്മാര്‍ അത്‌ അറിയാന്‍ ആഗ്രഹിക്കുന്നു. അതിനെക്കുറിച്ചാണ്‌ നാം അടുത്തതായി വായിക്കാന്‍ പോകുന്നത്‌.

മത്തായി 21:1-17; യോഹന്നാന്‍ 12:12-16.ചോദ്യങ്ങള്‍

 • യേശു യെരൂശലേമിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലേക്കു വരുമ്പോള്‍ അവന്‍ തന്‍റെ ശിഷ്യന്മാരോട്‌ എന്തു ചെയ്യാന്‍ പറയുന്നു?
 • യേശു യെരൂശലേമിനോട്‌ അടുക്കുമ്പോള്‍ എന്തു സംഭവിക്കുന്നതായാണു ചിത്രത്തില്‍ കാണുന്നത്‌?
 • യേശു കണ്ണുകാണാത്തവരെയും മുടന്തരെയും സുഖപ്പെടുത്തുന്നതു കാണുമ്പോള്‍ കൊച്ചുകുട്ടികള്‍ എന്തു ചെയ്യുന്നു?
 • ദേഷ്യപ്പെട്ടു നില്‍ക്കുന്ന പുരോഹിതന്മാരോട്‌ യേശു എന്തു പറയുന്നു?
 • യേശുവിനെ സ്‌തുതിക്കുന്ന കുട്ടികളെപ്പോലെ ആയിരിക്കാന്‍ നമുക്ക് എങ്ങനെ കഴിയും?
 • ശിഷ്യന്മാര്‍ എന്ത് അറിയാന്‍ ആഗ്രഹിക്കുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • മത്തായി 21:1-17 വായിക്കുക.

  രാജാവെന്ന നിലയിലുള്ള യേശുവിന്‍റെ യെരൂശലേമിലേക്കുള്ള പ്രവേശനം റോമാക്കാലത്തെ ജയശ്രീലാളിതരായി മുന്നേറുന്ന ജനറല്‍മാരുടേതില്‍നിന്നു തികച്ചും വ്യത്യസ്‌തമായിരുന്നത്‌ എങ്ങനെ? (മത്താ. 21:4, 5; സെഖ. 9:9; ഫിലി. 2:5-8; കൊലൊ. 2:15)

  യേശു ആലയത്തിലേക്കു ചെന്നപ്പോള്‍ 118-ാം സങ്കീര്‍ത്തനത്തില്‍നിന്ന് ഉദ്ധരിച്ച ഇസ്രായേല്യ ബാലന്മാരില്‍നിന്നു കുട്ടികള്‍ക്ക് എന്തു പാഠം പഠിക്കാന്‍ കഴിയും? (മത്താ. 21:9, 15; സങ്കീ. 118:25, 26; 2 തിമൊ. 3:14; 2 പത്രൊ. 3:18)

 • യോഹന്നാന്‍ 12:12-16 വായിക്കുക.

  യേശുവിനെ വാഴ്‌ത്തിപ്പാടിയ ആളുകള്‍ കുരുത്തോലകള്‍ കയ്യില്‍ പിടിച്ചുകൊണ്ടു നിന്നത്‌ എന്തിനെ പ്രതീകപ്പെടുത്തുന്നു? (യോഹ. 12:13; ഫിലി. 2:10; വെളി. 7:9, 10)