വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 96: യേശു രോഗികളെ സുഖപ്പെടുത്തുന്നു

കഥ 96: യേശു രോഗികളെ സുഖപ്പെടുത്തുന്നു

യേശു ദേശത്തുടനീളം സഞ്ചരിക്കുന്നതിനിടയില്‍ രോഗികളെ സുഖപ്പെടുത്തുന്നു. ഈ അത്ഭുതങ്ങളെക്കുറിച്ചുള്ള വാര്‍ത്ത ചുറ്റുമുള്ള എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പരക്കുന്നു. അതുകൊണ്ട് ജനങ്ങള്‍ മുടന്തരെയും കണ്ണു കാണാത്തവരെയും ചെവി കേള്‍ക്കാത്തവരെയും മറ്റ്‌ അനേകം രോഗികളെയും അവന്‍റെ അടുക്കല്‍ കൊണ്ടുവരുന്നു. യേശു അവരെയെല്ലാം സുഖപ്പെടുത്തുന്നു.

യോഹന്നാന്‍ യേശുവിനെ സ്‌നാനപ്പെടുത്തിയിട്ട് ഇപ്പോള്‍ മൂന്നു വര്‍ഷത്തില്‍ അധികം കഴിഞ്ഞിരിക്കുന്നു. താന്‍ ഉടന്‍തന്നെ യെരൂശലേമിലേക്കു പോകുമെന്നും അവിടെവെച്ചു കൊല്ലപ്പെടുമെന്നും തുടര്‍ന്ന് മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെടുമെന്നും യേശു തന്‍റെ അപ്പൊസ്‌തലന്മാരോടു പറയുന്നു. അതിനിടയില്‍ യേശു രോഗികളെ സുഖപ്പെടുത്തുന്നതില്‍ തുടരുന്നു.

യേശു ഒരു സ്ത്രീയെ സുഖപ്പെടുത്തുന്നു

ഒരിക്കല്‍ യേശു ശബ്ബത്തില്‍ പഠിപ്പിക്കുകയാണ്‌. ശബ്ബത്ത്‌ യഹൂദന്മാര്‍ക്ക് സ്വസ്ഥതയുടെ ഒരു ദിവസമാണ്‌, അന്ന് അവര്‍ ജോലിയൊന്നും ചെയ്യാന്‍ പാടില്ല. ഇവിടെ കാണുന്ന ഈ സ്‌ത്രീക്കു തീരെ സുഖമില്ലായിരുന്നു. 18 വര്‍ഷം അവള്‍ കൂനിക്കൂടിയാണു നടന്നിരുന്നത്‌. അവള്‍ക്കു നിവര്‍ന്നുനില്‍ക്കാന്‍ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് യേശു അവളുടെമേല്‍ കൈകള്‍ വെക്കുന്നു. അപ്പോള്‍ അവള്‍ നിവര്‍ന്നുനില്‍ക്കുന്നു. അതേ, അവള്‍ സുഖംപ്രാപിച്ചു!

ഇതു മതനേതാക്കളെ കോപിപ്പിക്കുന്നു. ‘നമുക്കു വേല ചെയ്യാന്‍ ആറു ദിവസമുണ്ടല്ലോ. ആ ദിവസങ്ങളിലാണു സുഖംപ്രാപിക്കാന്‍ വരേണ്ടത്‌, അല്ലാതെ ശബ്ബത്തിലല്ല!’ എന്ന് അവരിലൊരാള്‍ ജനക്കൂട്ടത്തോടു വിളിച്ചുപറയുന്നു.

എന്നാല്‍ യേശു അവരോട്‌ ഇങ്ങനെ മറുപടി പറയുന്നു: ‘ദുഷ്ട മനുഷ്യരേ, ശബ്ബത്തു ദിവസം നിങ്ങള്‍ എല്ലാവരും നിങ്ങളുടെ കഴുതയെ അഴിച്ചുകൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നു. അപ്പോള്‍പ്പിന്നെ 18 വര്‍ഷമായി രോഗിയായിരിക്കുന്ന ഈ പാവം സ്‌ത്രീയെ ശബ്ബത്തില്‍ സുഖപ്പെടുത്തേണ്ടതല്ലയോ?’ യേശുവിന്‍റെ മറുപടി കേട്ട് ഈ ദുഷ്ട മനുഷ്യര്‍ നാണിച്ചുപോകുന്നു.

പിന്നീട്‌ യേശുവും അവന്‍റെ അപ്പൊസ്‌തലന്മാരും യെരൂശലേമിലേക്കു പോകുന്നു. അവര്‍ യെരീഹോ പട്ടണത്തിനു വെളിയിലേക്കു കടക്കുമ്പോള്‍ കണ്ണുകാണാത്ത രണ്ടു ഭിക്ഷക്കാര്‍ യേശു അടുത്തുകൂടെ പോകുന്നുണ്ടെന്നു മനസ്സിലാക്കുന്നു. അതുകൊണ്ട് അവര്‍, ‘യേശുവേ, ഞങ്ങളെ സഹായിക്കേണമേ!’ എന്നു വിളിച്ചുപറയുന്നു.

യേശു ആ ഭിക്ഷക്കാരെ വിളിച്ച് അവരോട്‌ ഇങ്ങനെ ചോദിക്കുന്നു: ‘ഞാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്യണമെന്നാണു നിങ്ങള്‍ ആഗ്രഹിക്കുന്നത്‌?’ അവര്‍ ഇങ്ങനെ പറയുന്നു: ‘കര്‍ത്താവേ, ഞങ്ങളുടെ കണ്ണു തുറന്നുതരേണമേ.’ യേശു അവരുടെ കണ്ണുകളില്‍ തൊടുന്നു, ഉടന്‍തന്നെ അവര്‍ക്കു കാണാന്‍ കഴിയുന്നു! യേശു ഈ വലിയ അത്ഭുതങ്ങളെല്ലാം ചെയ്യുന്നതിന്‍റെ കാരണം എന്താണെന്ന് അറിയാമോ? ജനങ്ങളോടുള്ള സ്‌നേഹവും അവര്‍ തന്നില്‍ വിശ്വസിക്കണമെന്ന ആഗ്രഹവുമാണ്‌ അവനെ അതിനു പ്രേരിപ്പിക്കുന്നത്‌. അതുകൊണ്ട് അവന്‍ രാജാവായി ഭരിക്കുമ്പോള്‍ ഭൂമിയില്‍ രോഗികളായി ആരും ഉണ്ടായിരിക്കുകയില്ല എന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാന്‍ കഴിയും.

മത്തായി 15:30, 31; ലൂക്കൊസ്‌ 13:10-17; മത്തായി 20:29-34.ചോദ്യങ്ങള്‍

 • ദേശത്തുടനീളം സഞ്ചരിക്കുന്നതിനിടയില്‍ യേശു എന്തു ചെയ്യുന്നു?
 • സ്‌നാപനമേറ്റ്‌ ഏതാണ്ട് മൂന്നു വര്‍ഷത്തിനു ശേഷം യേശു തന്‍റെ അപ്പൊസ്‌തലന്മാരോട്‌ എന്തു പറയുന്നു?
 • ഈ ചിത്രത്തില്‍ കാണുന്ന ആളുകള്‍ ആരാണ്‌, യേശു ഈ സ്‌ത്രീക്കുവേണ്ടി എന്താണു ചെയ്യുന്നത്‌?
 • മതനേതാക്കന്മാരുടെ എതിര്‍പ്പുകളോടുള്ള യേശുവിന്‍റെ പ്രതികരണം അവര്‍ നാണിച്ചു പോകാന്‍ ഇടയാക്കുന്നത്‌ എന്തുകൊണ്ട്?
 • യേശുവും അപ്പൊസ്‌തലന്മാരും യെരീഹോ പട്ടണത്തിന്‌ അടുത്ത്‌ ആയിരിക്കുമ്പോള്‍ കണ്ണുകാണാത്ത രണ്ടു ഭിക്ഷക്കാര്‍ക്കുവേണ്ടി യേശു എന്തു ചെയ്യുന്നു?
 • യേശു അത്ഭുതങ്ങള്‍ ചെയ്യുന്നത്‌ എന്തുകൊണ്ട്?

കൂടുതലായ ചോദ്യങ്ങള്‍

 • മത്തായി 15:30, 31 വായിക്കുക.

  യഹോവയുടെ ശക്തിയുടെ എന്ത് അത്ഭുതകരമായ പ്രകടനമാണ്‌ യേശുവിലൂടെ നമുക്കു കാണാന്‍ സാധിക്കുന്നത്‌, പുതിയ ലോകത്തിലേക്കായി യഹോവ വാഗ്‌ദാനം ചെയ്‌തിട്ടുള്ള കാര്യങ്ങള്‍ സംബന്ധിച്ച നമ്മുടെ അറിവിനെ അത്‌ എങ്ങനെ ബാധിക്കണം? (സങ്കീ. 37:29; യെശ. 33:24)

 • ലൂക്കൊസ്‌ 13:10-17 വായിക്കുക.

  യേശു തന്‍റെ ഏറ്റവും വലിയ അത്ഭുതങ്ങളില്‍ ചിലത്‌ ശബ്ബത്തിലാണ്‌ ചെയ്‌തത്‌ എന്ന വസ്‌തുത തന്‍റെ സഹസ്രാബ്ദ വാഴ്‌ചക്കാലത്ത്‌ അവന്‍ മനുഷ്യവര്‍ഗത്തിനു കൈവരുത്താന്‍ പോകുന്ന ആശ്വാസത്തെക്കുറിച്ചു വെളിപ്പെടുത്തുന്നത്‌ എങ്ങനെ? (ലൂക്കൊ. 13:10-13; സങ്കീ. 46:9; മത്താ. 12:8; കൊലൊ. 2:16, 17; വെളി. 21:1-5എ)

 • മത്തായി 20:29-34 വായിക്കുക.

  യേശു ഒരിക്കലും ആളുകളെ സഹായിക്കാന്‍ കഴിയാത്തത്ര തിരക്കുള്ളവന്‍ ആയിരുന്നില്ല എന്ന് ഈ വിവരണം കാണിക്കുന്നത്‌ എങ്ങനെ, നമുക്ക് ഇതില്‍നിന്ന് എന്തു പഠിക്കാന്‍ കഴിയും? (ആവ. 15:7; യാക്കോ. 2:15, 16; 1 യോഹ. 3:17)