വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 95: യേശു പഠിപ്പിക്കുന്ന വിധം

കഥ 95: യേശു പഠിപ്പിക്കുന്ന വിധം

ഒരിക്കല്‍ യേശു ഒരു മനുഷ്യനോട്‌ അവന്‍റെ അയല്‍ക്കാരനെ സ്‌നേഹിക്കണമെന്നു പറയുന്നു. ആ മനുഷ്യന്‍ യേശുവിനോട്‌, ‘എന്‍റെ അയല്‍ക്കാരന്‍ ആരാണ്‌?’ എന്നു ചോദിക്കുന്നു. ഈ മനുഷ്യന്‍ എന്താണു ചിന്തിക്കുന്നതെന്ന് യേശുവിനറിയാം. തന്‍റെ സ്വന്തം വര്‍ഗത്തിലും മതത്തിലുംപെട്ടവര്‍ മാത്രമാണ്‌ തന്‍റെ അയല്‍ക്കാര്‍ എന്നാണ്‌ ആ മനുഷ്യന്‍ വിചാരിക്കുന്നത്‌. അതുകൊണ്ട് യേശു അവനോട്‌ എന്തു പറയുന്നുവെന്ന് നമുക്കു കാണാം.

ചിലപ്പോള്‍ യേശു ഒരു കഥയിലൂടെ ആളുകളെ പഠിപ്പിക്കാറുണ്ട്. ഇവിടെയും അതാണ്‌ അവന്‍ ചെയ്യുന്നത്‌. അവന്‍ ഒരു യഹൂദനെയും ശമര്യക്കാരനെയും കുറിച്ചുള്ള കഥ പറയുന്നു. മിക്ക യഹൂദര്‍ക്കും ശമര്യക്കാരെ ഇഷ്ടമല്ല എന്ന കാര്യം നാം മുമ്പു മനസ്സിലാക്കിയല്ലോ. യേശു പറയുന്ന കഥ ഇതാണ്‌:

ഒരിക്കല്‍ ഒരു യഹൂദന്‍ ഒരു മലമ്പാതയിലൂടെ യെരീഹോയിലേക്കു പോകുകയായിരുന്നു. എന്നാല്‍ കൊള്ളക്കാര്‍ അവന്‍റെമേല്‍ ചാടിവീണു. അവര്‍ അവന്‍റെ പണമെല്ലാം തട്ടിപ്പറിക്കുകയും അവനെ അടിച്ച് വല്ലാതെ പരിക്കേല്‍പ്പിക്കുകയും ചെയ്‌തു.

പിന്നീട്‌ ഒരു യഹൂദ പുരോഹിതന്‍ ആ വഴി വന്നു. അടികൊണ്ട് മരിക്കാറായി കിടക്കുന്ന ആ മനുഷ്യനെ അയാള്‍ കണ്ടു. അപ്പോള്‍ ആ പുരോഹിതന്‍ എന്താണു ചെയ്‌തതെന്നോ? അയാള്‍ റോഡിന്‍റെ മറ്റേ വശത്തേക്കു മാറി നടന്നുപോയി. പിന്നെ വളരെ മതഭക്തനായ മറ്റൊരാള്‍ വന്നു. അയാള്‍ ഒരു ലേവ്യനായിരുന്നു. അയാള്‍ അവിടെ നിന്നോ? ഇല്ല, അടികൊണ്ടു കിടക്കുന്ന ആ മനുഷ്യനെ സഹായിക്കാന്‍ അയാളും നിന്നില്ല. ആ പുരോഹിതനും ലേവ്യനും കുറെ അകലെയായി നടന്നു പോകുന്നത്‌ ഈ ചിത്രത്തില്‍ കണ്ടോ?

എന്നാല്‍ അടികൊണ്ടു കിടക്കുന്ന ആ മനുഷ്യന്‍റെ അടുക്കല്‍ ഒരാളുണ്ടല്ലോ, അത്‌ ആരാണ്‌? അയാള്‍ ഒരു ശമര്യക്കാരനാണ്‌. അയാള്‍ യഹൂദനെ സഹായിക്കുകയാണ്‌. അയാള്‍ അവന്‍റെ മുറിവുകളില്‍ മരുന്നു വെച്ചുകെട്ടുന്നു. പിന്നെ അയാള്‍ ആ യഹൂദനെ, സുഖം പ്രാപിക്കുന്നതുവരെ താമസിക്കാനാകുന്ന ഒരു സ്ഥലത്ത്‌ കൊണ്ടുപോയാക്കുന്നു.

നല്ല ശമര്യക്കാരന്‍

ഈ കഥ പറഞ്ഞുതീര്‍ത്തിട്ട് തന്നോടു ചോദ്യം ചോദിച്ച ആളിനോട്‌ യേശു ഇങ്ങനെ ചോദിക്കുന്നു: ‘അടികൊണ്ട ആ മനുഷ്യനോട്‌ ഒരു അയല്‍ക്കാരനെപ്പോലെ പെരുമാറിയത്‌ ഈ മൂന്നു പേരില്‍ ആരാണെന്നാണ്‌ നീ വിചാരിക്കുന്നത്‌? പുരോഹിതനോ, ലേവ്യനോ, ശമര്യക്കാരനോ?’

ആ മനുഷ്യന്‍ ഇങ്ങനെ ഉത്തരം പറയുന്നു: ‘ശമര്യക്കാരന്‍. അടികൊണ്ട മനുഷ്യനോട്‌ അയാള്‍ ദയ കാണിച്ചു.’

യേശു പറയുന്നു: ‘നീ പറഞ്ഞതു ശരിയാണ്‌. അതുകൊണ്ട് നീയും പോയി അയാള്‍ ചെയ്‌തതുപോലെ മറ്റുള്ളവരോടു ചെയ്യുക.’

യേശു എത്ര രസകരമായിട്ടാണു പഠിപ്പിക്കുന്നത്‌ അല്ലേ? ബൈബിളില്‍ യേശു പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ പ്രധാനപ്പെട്ട എത്രയെത്ര കാര്യങ്ങളാണു നമുക്കു പഠിക്കാന്‍ കഴിയുക!

ലൂക്കൊസ്‌ 10:25-37.ചോദ്യങ്ങള്‍

 • ഒരു മനുഷ്യന്‍ യേശുവിനോട്‌ എന്തു ചോദ്യം ചോദിക്കുന്നു, എന്തുകൊണ്ട്?
 • ചിലപ്പോള്‍ യേശു എന്ത് ഉപയോഗിച്ച് ആളുകളെ പഠിപ്പിക്കുന്നു, യഹൂദരെയും ശമര്യരെയും കുറിച്ച് എന്തു സംഗതി നാം ഇതിനോടകം മനസ്സിലാക്കി കഴിഞ്ഞു?
 • യേശു പറയുന്ന കഥയില്‍, യെരീഹോവിലേക്കുള്ള വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു യഹൂദന്‌ എന്തു സംഭവിക്കുന്നു?
 • ഒരു യഹൂദ പുരോഹിതനും ലേവ്യനും ആ വഴി വരുമ്പോള്‍ എന്തു സംഭവിക്കുന്നു?
 • പരിക്കേറ്റു കിടക്കുന്ന യഹൂദനെ സഹായിക്കുന്നതായി ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്‌ ആരെയാണ്‌?
 • കഥ പറഞ്ഞുതീര്‍ത്ത ശേഷം യേശു ഏതു ചോദ്യം ചോദിക്കുന്നു, ആ മനുഷ്യന്‍ എന്ത് ഉത്തരം പറയുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • ലൂക്കൊസ്‌ 10:25-37 വായിക്കുക.

  നേരിട്ട് ഉത്തരം നല്‍കുന്നതിനു പകരം, ഒരു കാര്യത്തെക്കുറിച്ച് ന്യായവാദം ചെയ്യാന്‍ ന്യായപ്രമാണത്തില്‍ വിദഗ്‌ധനായ ഒരാളെ യേശു സഹായിച്ചത്‌ എങ്ങനെ? (ലൂക്കൊ. 10:26; മത്താ. 16:13-16)

  തന്‍റെ ശ്രോതാക്കളുടെ മുന്‍വിധിയെ ഇല്ലാതാക്കാന്‍ യേശു ദൃഷ്ടാന്തങ്ങള്‍ ഉപയോഗിച്ചത്‌ എങ്ങനെ? (ലൂക്കൊ. 10:36, 37; 18:9-14; തീത്തൊ. 1:9)