വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 94: അവന്‍ കൊച്ചുകുട്ടികളെ സ്നേഹിക്കുന്നു

കഥ 94: അവന്‍ കൊച്ചുകുട്ടികളെ സ്നേഹിക്കുന്നു

യേശു ഇവിടെ ഈ കുട്ടിയെ ചേര്‍ത്തു പിടിച്ചിരിക്കുന്നതു കണ്ടോ? അതു കണ്ടാലറിയാം യേശുവിന്‌ കൊച്ചു കുട്ടികളെ വളരെ ഇഷ്ടമാണെന്ന്, അല്ലേ? അടുത്തു നോക്കിനില്‍ക്കുന്നത്‌ അവന്‍റെ അപ്പൊസ്‌തലന്മാരാണ്‌. യേശു അവരോട്‌ എന്താണു പറയുന്നത്‌? നമുക്കു നോക്കാം.

യേശുവും അവന്‍റെ അപ്പൊസ്‌തലന്മാരും ഒരു നീണ്ട യാത്ര കഴിഞ്ഞു മടങ്ങിവന്നതേയുള്ളൂ. വഴിയില്‍വെച്ച് അപ്പൊസ്‌തലന്മാരുടെ ഇടയില്‍ ഒരു തര്‍ക്കമുണ്ടായി. അതുകൊണ്ട് യാത്ര കഴിഞ്ഞപ്പോള്‍ യേശു അവരോടു ചോദിക്കുന്നു: ‘നിങ്ങള്‍ വഴിയില്‍വെച്ച് എന്തിനെക്കുറിച്ചാണു തര്‍ക്കിച്ചത്‌?’ വാസ്‌തവത്തില്‍, ആ തര്‍ക്കം എന്തിനെക്കുറിച്ച് ആയിരുന്നുവെന്ന് യേശുവിന്‌ അറിയാം. എന്നാല്‍ അപ്പൊസ്‌തലന്മാര്‍ അതു തന്നോടു പറയുമോ എന്നറിയാന്‍ വേണ്ടിയാണ്‌ അവന്‍ അങ്ങനെ ചോദിക്കുന്നത്‌.

യേശുവും ഒരു കൊച്ചുകുട്ടിയും

അപ്പൊസ്‌തലന്മാര്‍ ഉത്തരം പറയുന്നില്ല. കാരണം തങ്ങളില്‍ ആരാണ്‌ ഏറ്റവും വലിയവന്‍ എന്നതിനെക്കുറിച്ചാണ്‌ അവര്‍ തര്‍ക്കിച്ചുകൊണ്ടിരുന്നത്‌. ചില അപ്പൊസ്‌തലന്മാര്‍ മറ്റുള്ളവരെക്കാള്‍ വലിയവരായിരിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അതു ശരിയല്ല എന്ന് യേശു അവര്‍ക്ക് എങ്ങനെ പറഞ്ഞുകൊടുക്കും?

അവന്‍ ഒരു കൊച്ചു കുട്ടിയെ വിളിച്ച് അവരുടെ എല്ലാവരുടെയും മുമ്പില്‍ നിറുത്തുന്നു; എന്നിട്ട് അവന്‍ ശിഷ്യന്മാരോടു പറയുന്നു: ‘നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കിയേ പറ്റൂ, നിങ്ങള്‍ മാറ്റംവരുത്തി കൊച്ചുകുട്ടികളെപ്പോലെ ആകുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദൈവരാജ്യത്തില്‍ കടക്കാന്‍ പറ്റില്ല. ഈ കുട്ടിയെപ്പോലെ ആകുന്നവനായിരിക്കും ആ രാജ്യത്തിലെ ഏറ്റവും വലിയവന്‍.’ എന്തുകൊണ്ടായിരിക്കും യേശു അങ്ങനെ പറഞ്ഞത്‌?

തീരെ കൊച്ചുകുട്ടികള്‍ക്ക് മറ്റുള്ളവരെക്കാള്‍ വലിയവരോ പ്രധാനികളോ ആകണമെന്ന ആഗ്രഹം ഉണ്ടാകാറില്ല. അതുകൊണ്ട് അപ്പൊസ്‌തലന്മാര്‍ ഈ വിധത്തില്‍ കൊച്ചുകുട്ടികളെപ്പോലെ ആയിരിക്കാന്‍ പഠിക്കുകയും ആരാണു വലിയവന്‍ എന്നതിനെക്കുറിച്ചു വഴക്കിടാതിരിക്കയും വേണം.

കൊച്ചുകുട്ടികളെ തനിക്ക് എത്ര ഇഷ്ടമാണെന്ന് മറ്റു സമയങ്ങളിലും യേശു കാണിക്കുന്നു. ഏതാനും മാസങ്ങള്‍ കഴിഞ്ഞ് ചിലയാളുകള്‍ യേശുവിനെ കാണിക്കാനായി തങ്ങളുടെ കുട്ടികളെ കൊണ്ടുവരുന്നു. അപ്പൊസ്‌തലന്മാര്‍ അവരെ തടയാന്‍ നോക്കുന്നു. എന്നാല്‍ യേശു തന്‍റെ അപ്പൊസ്‌തലന്മാരോടു പറയുന്നു: ‘കുട്ടികള്‍ എന്‍റെ അടുക്കല്‍ വരട്ടെ; അവരെ തടുക്കരുത്‌; എന്തുകൊണ്ടെന്നാല്‍ ദൈവരാജ്യം അവരെപ്പോലെയുള്ളവര്‍ക്കുള്ളതാണല്ലോ.’ പിന്നെ യേശു ആ കുട്ടികളെ കൈയിലെടുക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. യേശു കൊച്ചുകുട്ടികളെ സ്‌നേഹിക്കുന്നുണ്ട് എന്നറിയുന്നത്‌ എത്ര നല്ലതാണ്‌, അല്ലേ?

മത്തായി 18:1-4; 19:13-15; മര്‍ക്കൊസ്‌ 9:33-37; 10:13-16.ചോദ്യങ്ങള്‍

 • നീണ്ട ഒരു യാത്ര കഴിഞ്ഞ് മടങ്ങിവരുന്ന വഴിക്ക് അപ്പൊസ്‌തലന്മാര്‍ എന്തിനെക്കുറിച്ചാണു തര്‍ക്കിക്കുന്നത്‌?
 • യേശു ഒരു കൊച്ചുകുട്ടിയെ വിളിച്ച് അപ്പൊസ്‌തലന്മാരുടെ നടുവില്‍ നിറുത്തുന്നത്‌ എന്തുകൊണ്ട്?
 • അപ്പൊസ്‌തലന്മാര്‍ ഏതു വിധത്തില്‍ കുട്ടികളെപ്പോലെ ആയിരിക്കാന്‍ പഠിക്കേണ്ടതുണ്ട്?
 • താന്‍ കുട്ടികളെ സ്‌നേഹിക്കുന്നുവെന്ന് ഏതാനും മാസങ്ങള്‍ക്കു ശേഷം യേശു പ്രകടമാക്കുന്നത്‌ എങ്ങനെ?

കൂടുതലായ ചോദ്യങ്ങള്‍

 • മത്തായി 18:1-4 വായിക്കുക.

  യേശു പഠിപ്പിക്കാനായി ദൃഷ്ടാന്തങ്ങള്‍ ഉപയോഗിച്ചത്‌ എന്തുകൊണ്ട്? (മത്താ. 13:34, 36; മര്‍ക്കൊ. 4:33, 34)

 • മത്തായി 19:13-15 വായിക്കുക.

  രാജ്യാനുഗ്രഹങ്ങളില്‍ പങ്കുപറ്റണമെങ്കില്‍ കൊച്ചുകുട്ടികളുടെ ഏതു ഗുണങ്ങള്‍ നാം അനുകരിക്കണം? (സങ്കീ. 25:9; 138:6; 1 കൊരി. 14:20)

 • മര്‍ക്കൊസ്‌ 9:33-37 വായിക്കുക.

  പ്രമുഖ സ്ഥാനങ്ങള്‍ ആഗ്രഹിക്കുന്നതു സംബന്ധിച്ച് യേശു തന്‍റെ ശിഷ്യന്മാരെ എന്തു പഠിപ്പിച്ചു? (മര്‍ക്കൊ. 9:35; മത്താ. 20:25, 26; ഗലാ. 6:3; ഫിലി. 2:5-8)

 • മര്‍ക്കൊസ്‌ 10:13-16 വായിക്കുക.

  യേശു എത്രമാത്രം സമീപിക്കാന്‍ കൊള്ളാവുന്നവനായിരുന്നു, ക്രിസ്‌തീയ മൂപ്പന്മാര്‍ക്ക് അവന്‍റെ മാതൃകയില്‍നിന്ന് എന്തു പഠിക്കാന്‍ കഴിയും? (മര്‍ക്കൊ. 6:30-34; ഫിലി. 2:1-4; 1 തിമൊ. 4:12)